ADVERTISEMENT

ഒറ്റയ്ക്ക് പോകാനോ...!!

അച്ഛനെ കൂടെ കൂട്ടിക്കോ. അല്ലെങ്കിൽ കൂട്ടുകാരികളോടൊപ്പം

ADVERTISEMENT

പൊയ്ക്കോ. ഇടയ്ക്കിടെ വിളിച്ച് എവിടെയാണെന്നു പറയണേ...

കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികളെ ചുറ്റിപ്പറ്റി നിൽക്കുന്ന ഇത്തരം നിബന്ധനകൾക്ക് മാറ്റമില്ല. അപ്പോഴാണു നമ്മുടെ നാട്ടിൽ നിന്നൊരു മിടു ക്കി പുറത്തൊരു ബാഗും തൂക്കി ഇഷ്ടമുള്ള രാജ്യങ്ങളിലേക്കൊക്കെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഒറ്റപ്പാലംകാരി അരുണിമ. ഇങ്ങനെ ഇറങ്ങിത്തിരിച്ചൊരു പെൺകുട്ടിയോടു നമ്മുടെ സമൂഹം പുലർത്തുന്ന മനസ്ഥിതി കാണാൻ ബാക്ക് പാക്കർ അരുണിമ എന്ന് യുട്യൂബ് ചാനലിനടിയിലെ കമന്റുകൾ തിരഞ്ഞാൽ മതി. ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന് ആരും പാടിപ്പോകുന്ന മട്ടിലാണു കമന്റുകൾ.

ADVERTISEMENT

ഒറ്റയ്ക്കു യാത്ര ചെയ്യുന്നു, കിട്ടിയ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കുന്നു, ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു, അപരിചിതരായ പുരുഷ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുന്നു, ഇതെല്ലാം കേരളത്തിലെ സദാചാര പൊലീസുകാരെ ചൊടിപ്പിക്കുന്നു.

ഇതു കണ്ടു വെറി പൂണ്ടു വിമർശന കമന്റുകൾ, അപഹാസ വിഡിയോകൾ, മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ തുടങ്ങി അരുണിമയ്ക്കെതിരേ ഉയരുന്ന ആയുധങ്ങൾ അ നവധിയാണ്. അവയെ ചിറകിൽ പറ്റിയ വെള്ളത്തുള്ളികളെയെന്നതു പോലെ കുടഞ്ഞെറിഞ്ഞ് ആ പക്ഷി പറന്നുയരുകയാണ്. നാടായ നാടുകൾ ചുറ്റി, കാണായ കാഴ്ചകൾ കാണാൻ...

ADVERTISEMENT

ഒറ്റയ്ക്കൊരു നാൾ

യാത്ര ചെയ്യുന്ന കാര്യത്തിൽ എന്നെയാരും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. അച്ഛൻ മോഹൻദാസ് നന്നായി യാത്ര ചെയ്യുന്നയാളാണ്. അച്ഛനൊപ്പം ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അടങ്ങിയൊതുങ്ങിയിരിക്കാൻ അന്നേ എനിക്കു പ്രയാസമായിരുന്നു.

അമ്മ വാസന്തി സ്ട്രോക്ക് ബാധിതയായിരുന്നു. എനിക്ക് 18 വയസ്സായപ്പോൾ മരിച്ചു. അച്ഛൻ, ഇളയമ്മ ധനലക്ഷ്മി, ചേട്ടൻ വിമൽ ദേവ്, ചേട്ടന്റെ വൈഫ് അയാന എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഡിസ്ട്രിക്റ്റ് മലേറിയ ഓഫിസറായിരുന്നു. വിരമിച്ചശേഷം സ്വന്തമായി പുസ്തകശാലയുണ്ട്. ഇളയമ്മ ബ്യൂട്ടി പാർലർ നടത്തുന്നു. ചേട്ടനും ഭാര്യയും ഓസ്ട്രേലിയയിലാണ്.

ബികോം വിത് അയാട്ട പഠിക്കുന്ന സമയത്താണ് ആദ്യ യാത്ര. ഗോവയിലേക്ക്. ട്രെയിൻ മാർഗം തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൂബ്ലി വഴി പോയി തിരിച്ചു ഞാൻ പഠിക്കുന്ന ഇടമായ എറണാകുളത്തേക്ക് എത്തി, എന്റെ പതിനെട്ടാം വയസ്സിൽ.

ആ പ്രായം മുതൽ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഞാനാണെടുക്കുന്നത്. യാത്ര ചെയ്യാൻ പോകുന്നു എന്നു വീട്ടിൽ പറഞ്ഞു. ആരും എതിർത്തില്ല. ഓരോ സ്ഥലങ്ങളിൽ എത്തുമ്പോൾ ഞാൻ വിവരമറിയിക്കും. വണ്ടികൾ കൈകാണിച്ചു നിർത്തി ലിഫ്റ്റ് ചോദിച്ചു പോകുന്ന ഹിച്ച് ഹൈക്കിങ് രീതിയാണു പിന്തുടരുന്നത്.

എന്നെ വളർത്തിയത് അച്ഛമ്മയാണ്. അച്ഛമ്മയ്ക്ക് വലിയ പേടിയായിരുന്നു. ഇടയ്ക്കിടയ്ക്കു വിളിക്കുകയും യാത്ര ചെയ്യുന്ന രാജ്യത്തു മലയാളികൾക്കൊപ്പമാകുമ്പോൾ അവരോട് സംസാരിക്കുകയും ചെയ്യുമായിരുന്നു അച്ഛമ്മ. ഒരു വർഷം മുൻപായിരുന്നു അച്ഛമ്മയുടെ വേർപാട്.

അച്ഛമ്മയും എന്റെ തീരുമാനങ്ങൾക്ക് തടസ്സം പറഞ്ഞിരുന്നില്ല. ആരു തടസ്സം പറഞ്ഞാലും കേൾക്കുകയും ചെയ്യില്ല. ഇത്തരം ഇടപെടലുകൾ ഒഴിവാക്കാൻ ബന്ധുക്കളോടോ നാട്ടുകാരോടോ ബന്ധം വയ്ക്കുന്നില്ല.

കമന്റ് ബോക്സിൽ ധാരാളം പേർ വിമർശിക്കുകയും ഉപദേശിക്കുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യും. അതും കാര്യമായി എടുക്കാറില്ല.

ആ കഷ്ടപ്പാട് എനിക്കിഷ്ടം

പ്ലസ് ടു മുതൽ പല ജോലികൾ പാർട്ട് ടൈമായി ചെയ്തു. ബികോം ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് ഏവിയേഷൻ ഡിപ്ലോമയ്ക്ക് ബെംഗളൂരുവിൽ ചേർന്നു. കൂടെ പാർട്ട് ടൈം ജോലിയും. ഇത്തരത്തിൽ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുമായാണ് 21–ാമത്തെ വയസ്സ് മുതൽ മുഴുവൻ സമയ സഞ്ചാരിയായത്.

ഇപ്പോൾ വയസ്സ് 25. യാത്ര ചെയ്യുന്നത് 29–ാമത്തെ രാജ്യത്ത്. മുസംബിക്കിൽ. പ്രധാന വരുമാനം യുട്യൂബ് ട്രാവൽ വ്ലോഗ്. വലിയ വരുമാനമൊന്നും ലഭിക്കുന്നില്ല. ലഭിക്കുന്ന പണം വളരെ മിതമായി ചെലവഴിച്ചു കഷ്ടപ്പെട്ടാണു യാത്ര ചെയ്യുന്നത്. ആ കഷ്ടപ്പാട് എനിക്കിഷ്ടമാണ്. അതിനാൽ സന്തോഷമുണ്ട്.ചെറുതും വലുതുമായി രണ്ടു ബാക്ക് പാക്ക്, സ്ലീപ്പിങ് ബെഡ്, ടെന്റ്, മൊബൈൽ ഫോൺ, ചാർജർ, യൂണിവേഴ്സൽ അഡാപ്റ്റർ, രണ്ട് പവർ ബാങ്കുകൾ, വേസ്റ്റ് പൗച്ച് എന്നിവയാണ് യാത്രാ സാമഗ്രികൾ.

arunima-98

സ്പോർട്സ് സ്റ്റോറിൽ നിന്നു വാങ്ങുന്ന ഗുണനിലവാരമുള്ള സെറ്റ് ട്രാവൽ വെയർ കൂടാതെ ഭാരം തീരെയില്ലാത്ത വില കുറഞ്ഞ വസ്ത്രങ്ങളാണ് ഉപയോഗിക്കുക. ആഫ്രിക്ക പോലുള്ള ദരിദ്ര രാജ്യങ്ങളിൽ ഉപയോഗിച്ച വ സ്ത്രങ്ങളുടെ വിൽപനയുണ്ട്. അവ വാങ്ങും. ഒരു മാസത്തോളമൊക്കെ ഉപയോഗിച്ച ശേഷം തീരെ പാവപ്പെട്ടവർക്കു സൗജന്യമായി നൽകും.

സ്ത്രീയായതിനാൽ ലഗേജ് കൂടും എന്നൊരു ധാരണയുണ്ടു പലർക്കും. പുരുഷനിൽ നിന്ന് അധികമായി സ്ത്രീക്കു വേണ്ടതു രണ്ടു സാധനം മാത്രം. ബ്രായും മെൻസ്ട്രൽ കപ്പും. അവ ഒരു വലുപ്പ വ്യത്യാസവും ബാക്ക് പാക്കിന് വ രുത്തുന്നില്ല.

ആഭരണമായി ഒരു കമ്മലിടും. താമസവും ഉറക്കവും ഓ രോ രാജ്യത്തെയും സാധാരണക്കാരുടെ വീടുകളിലാണ്. അവർ തരുന്ന ഭക്ഷണം കഴിക്കും. അത്യാവശ്യം മസാലപ്പൊടികളും ചെറിയ സ്റ്റൗവും കരുതിയിട്ടുണ്ട്. മീനൊക്കെ കിട്ടിയാൽ സ്വയം പാകം ചെയ്തു കഴിക്കും.

കേരളം വിട്ടാൽ നഷ്ടപ്പെടുന്ന ഒരേയൊരു കാര്യം മലയാളി ഭക്ഷണമാണ്. മലയാളികളുടെ അടുത്തെത്തിപ്പെട്ടാൽ കേരള ഭക്ഷണം ലഭിക്കും. ലഭിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല.

മലയാളികളെ കാണുന്നതു സന്തോഷമാണ്. പക്ഷേ, ചിലപ്പോഴെങ്കിലും അതു വേണ്ടിയിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നതോടെ മലയാളികളുടെ പിന്തിരിപ്പൻ ചിന്തകൾ സാധാരണ ഗതിയിൽ കുറയാറുണ്ട്. പക്ഷേ, ചിലർക്ക് ഒരു മാറ്റവുമില്ല.

മുസംബിക്കിന് മുൻപു യാത്ര ചെയ്ത സിംബാബ്‌വേ ആണ് ഏറ്റവും ഇഷ്ടപ്പെടാത്ത രാജ്യം. അതിന്റെ ഒരു കാരണം വിലക്കൂടുതൽ ആണെങ്കിൽ മറ്റൊന്നു പിന്തിരിപ്പൻ മലയാളികളാണ്. ഇതുവരെ കണ്ടതിൽ ഏറ്റവും ആസ്വദിച്ചത് വിക്ടോറിയ േഫാൾസ് ആണ്.

arunima-56

ഭയപ്പെടുത്തിയ ജലപാതമേ നന്ദി...

സാംബിയയിലും സിംബാബ്‌വേയിലുമായി വിഭജിച്ചു കിടക്കുന്ന വെള്ളച്ചാട്ടമാണ് വിക്ടോറിയ ഫോൾസ്. വെള്ളച്ചാട്ടത്തിന്റെ തുഞ്ചത്തു പോയി ഇരിക്കുകയോ കിടക്കുകയോ ചെയ്യാനാകും. ജീവിതത്തിൽ ഞാനേറ്റവും ഭയക്കുന്നത് ജലത്തെയാണ്. ആ എനിക്ക്, വെള്ളച്ചാട്ടത്തിന്റെ മാറിലിരിക്കാൻ അവസരം ഒരുക്കി വിക്ടോറിയ ഫോൾസ്. ആ അനുഭവം മറക്കാനാകില്ല. പ്രിയ ജലപാതമേ നന്ദി...

ഏറ്റവും സുന്ദരമായ ഓർമകൾ നൽകിയ രാജ്യം ഇത്യോപ്യയാണ്. സുന്ദരമായ ഭൂപ്രകൃതി, രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത ജൈവ ഭക്ഷണം, നല്ല മനുഷ്യർ, ഇന്ത്യയിലേതു പോലെ വ്യത്യസ്ത സംസ്കാരങ്ങളുടെ മേളനം.

ഏറ്റവും ഭയപ്പെട്ടു യാത്ര ചെയ്ത രാജ്യം അംഗോളയാണ്. അക്രമവും പിടിച്ചുപറിയും തികച്ചും സാധാരണം. സിറ്റിയിലൂടെ യാത്ര ചെയ്യുന്നതിനിടയ്ക്കു വെടിയൊച്ചകൾ കേട്ടിരുന്നു. അവിടുത്തെ മലയാളികളുടെ പോലും കൈകളിലും കാലുകളിലും ബുള്ളറ്റ് കയറിയ പാടുകൾ കണ്ടു നടുങ്ങി. വീടുകളിൽ കൊള്ളയടി സർവസാധാരണമാണ്.

അംഗോളയിൽ ഒരു പോർചുഗീസ് പൗരന്റെ ബൈക്കിൽ ലിഫ്റ്റ് അടിക്കുന്ന സമയം അയാൾ പിന്നിലേക്കു കയ്യിട്ട് സ്വകാര്യ ഭാഗത്ത് സ്പർശിച്ചു. ഞാനുടൻ വിഡിയോ ഓൺ ആക്കി. വണ്ടി നിർത്തിച്ചു. ചുറ്റും കാടാണ്, ഓഫ് റോഡ്, സഹായിക്കാൻ ഒരു മനുഷ്യജീവിയുമില്ല. വണ്ടിയിൽ കെട്ടി വച്ചിരുന്ന ബാഗ് ധൃതിയിൽ അഴിച്ചെടുത്ത ശേഷം ഉച്ചത്തിൽ പോകാൻ പറഞ്ഞു. അതുകേട്ട് അയാൾ തിരികെപ്പോയി. ഒരു വിധത്തിലാണു ഞാൻ വാഹനങ്ങളുള്ള വഴിയിലെത്തിയത്.

സ്വയസുരക്ഷയ്ക്ക് പെപ്പർ സ്പ്രേ

സ്വയസുരക്ഷയ്ക്ക് പെപ്പർ സ്പ്രേ, ഷോക്ക് അടിപ്പിക്കുന്ന ടീസർ, പോക്കറ്റ് നൈഫ് എന്നിവ കരുതും. പറയാൻ വിഷമമുണ്ട്. ഏറ്റവും കൂടുതൽ പെപ്പർ സ്പ്രേ ഉപയോഗിക്കേണ്ടി വന്നത് അപകടകരമായ അംഗോള യാത്രയിലല്ല, മറിച്ച് ഇന്ത്യയിലാണ്.

ലിഫ്റ്റ് ചോദിച്ചു കയറിയ വണ്ടിയിൽ നിന്നു ചാടിയിറങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ യാത്ര ചെയ്യുന്നതു ഭയമാണ്. ഇവിടെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ഇതൊക്കെ അനുഭവിക്കണം എന്ന മട്ടാണ്.

വിദേശ സ്ത്രീ സോളോ യാത്രക്കാരുടെ ഇന്ത്യ യാത്രാനുഭവങ്ങൾ കേട്ടു നാണംകെട്ടു തലകുനിഞ്ഞിട്ടുണ്ട്. നാലു കൊല്ലമായി കേരളത്തിൽ രാത്രി യാത്ര ചെയ്യാറേയില്ല. ഇവിടെ രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ സെക്സ് വർക്കേഴ്സ് ആണെന്ന മട്ടാണല്ലോ.

arunima-5
നമീബിയയിൽ അർധ നഗ്നരായി ജീവിക്കുന്ന ഹിംബ ട്രൈബിനൊപ്പം

വസ്ത്രധാരണം, ലൈംഗികത എന്നിവ ഒരാളുടെ വ്യക്തിപരമായ കാര്യമാണ് അതിൽ ഇടപെടേണ്ടതില്ല എന്ന് ഇവിടുള്ളവർ ഇനിയും മനസ്സിലാക്കിയിട്ടില്ല.

വസ്ത്രധാരണത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടയാളാണ് ഞാൻ. ഓരോ രാജ്യത്തെ രീതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള വസ്ത്രങ്ങളാണു ഞാനണിയാറുള്ളത്. മറ്റുള്ളവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കാറില്ല. ഞാനാരെയും അനാവശ്യമായി ശ്രദ്ധിക്കാറുമില്ല.

നമീബിയയിൽ അർധനഗ്നരായി ജീവിക്കുന്ന ഹിംബ ട്രൈബിനൊപ്പം ഞാനും അതുപോലെ ജീവിച്ചു. നമുക്കുചിന്തിക്കാൻ സാധിക്കാത്തൊരു ജീവിതമാണ് അവരുടേത്. അതിന്റെ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തീർച്ചയായും മലയാളികൾ വിമർശിക്കും എന്നെനിക്കറിയാമായിരുന്നു. വിമർശനത്തോളം തന്നെ നല്ല വാക്കുകളും ആ വിഡിയോക്കു കിട്ടി.

അത്യാവശ്യങ്ങൾക്കോ, പാസ്പോർട്ട് ശരിയാക്കുന്നതിനോ, ആഘോഷ അവസരങ്ങളിലോ മാത്രമേ വീട്ടിൽ വരാറുള്ളൂ. കാരണം കേരളത്തിൽ കഴിയാൻ താൽപര്യപ്പെടുന്നില്ല. ജീവിതപങ്കാളി വേണമെന്നുണ്ട്. എന്റെ താൽപര്യങ്ങളെ മാനിക്കുന്ന, പുരുഷൻ വലുത്, പെണ്ണ് ചെറുത് എന്ന മനോഭാവം ഇല്ലാത്ത വ്യക്തിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കും.

പക്ഷേ, അടുത്ത അഞ്ചു വർഷത്തേക്ക് അക്കാര്യം ചിന്തിക്കുന്നേയില്ല. അഞ്ചു വർഷം എന്റെ ആശയങ്ങളിൽ മാറ്റം വരുത്തിയേക്കാം. വിവാഹം എന്നതിനെക്കാളൊക്കെ എനിക്കു പ്രധാനം ലോകത്തുള്ള എല്ലാ രാജ്യങ്ങളും കാണുക എന്ന എന്റെ ലക്ഷ്യമാണ്.

English Summary:

Solo traveler Arunima from Kerala defies societal norms by traveling the world alone. Focusing on solo travel experiences, she shares her adventures and challenges, inspiring women to embrace independent exploration.

ADVERTISEMENT