മലയാളികൾ തിരഞ്ഞ അഴകിന്റെ റാണി ഇതാ. മലയാളത്തനിമയും അഴകും സമന്വയിക്കുന്ന സുന്ദരിമാരെ തേടി വനിത മാഗസിനും മെഡിമിക്സും നടത്തിയ ‘മലയാളി മങ്ക 2025’ മത്സരത്തിൽ ജേതാവായി തിരുവനന്തപുരം സ്വദേശി മനസ്വിനി എസ്, അടിമാലി സ്വദേശിയായ മേബിൾ മാത്യുവാണ് രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനം ആൻസി എസ് ജോർജ് (തിരുവനന്തപുരം) നേടി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിച്ച വോട്ടുകളുടെയും ഇന്റേണൽ ജൂറിയുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 പേരുടെ ഫോട്ടോ വനിതയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതിന്റെയും ഇന്റേണൽ ജൂറിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം സ്ഥാനം നേടിയ മനസ്വിനിക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാരിയായ മേബിൾ മാത്യുവിന് 20,000 രൂപയും ലഭിക്കും. മൂന്നാം സ്ഥാനക്കാരിയായ ആൻസി എസ് ജോർജിന് 10,000 രൂപയാണ് സമ്മാനം.

സ്നേഹ ഉത്തമൻ (കോഴിക്കോട്), വൈഷ്ണവി സാബു (എറണാകുളം), എം.എസ് മാളവിക (തിരുവനന്തപുരം), ഐശ്വര്യ അനില (പാലക്കാട്), ശ്രീലക്ഷ്മി കെ.എസ് (പത്തനംതിട്ട), റാണി വർഗീസ് (തൃശൂർ), ലക്ഷ്മി അർജുൻ (ആലുവ) എന്നിവരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു മത്സരാർഥികൾ. ഫൈനൽ റൗണ്ടിലെത്തിയവരെ കാത്തിരിക്കുന്നത് മെഡിമിക്സ് നൽകുന്ന ഗിഫ്റ്റ് ഹാംപറാണ്.

18നും 35 നും ഇടയ്ക്കു പ്രായമുള്ള വനിതകൾക്കു വേണ്ടിയായിരുന്നു മെഡിമിക്സും വനിത മാഗസിനും മത്സരം നടത്തിയത്. മലയാളിത്തനിമയുള്ള പരമ്പരാഗത കേരള സ്റ്റൈല്‍ വസ്ത്രങ്ങളണിഞ്ഞ 900ൽ അധികം പേരാണ് മത്സരത്തിലേക്ക് ഫോട്ടോ അയച്ചത്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.