ADVERTISEMENT

അവർ അവളെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്താൻ നോക്കി, മാനത്തിനും അന്തസ്സിനും വില പറയാൻ നോക്കി, ദാമ്പത്യം തകർത്തു, സ്വന്തം ആളുകളെ അവൾക്കെതിരെ തിരിച്ചു, ‘നീ വെറും പെണ്ണാണ്’ എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു... പക്ഷേ, അവളോ... അവൾ ആളിക്കത്തി. ആ തീച്ചുടിൽ പലതും ഉടച്ചു വാർത്തവൾ മുന്നേറിക്കൊണ്ടിരുന്നു. അവളാണ് ചിത്ര! നിലവിൽ ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റായ നിലംമ്പൂരിലെ ട്രൈബൽ  ആക്റ്റിവിസ്റ്റും പാരാലീഗൽ പ്രവർത്തകയുമായ ചിത്രയെ കുറിച്ച് 2022ൽ ‘വനിത’യിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം...  

മലപ്പുറം അപ്പൻകാപ്പ് കോളനിയിലെ ആദിവാസി സമൂഹത്തിലെ കാട്ടുനായിക്കർ എന്ന സമുദായത്തിലാണ് ചിത്ര ജനിച്ചത്. ട്രൈബൽ സ്കൂളിൽ നിന്നും, കാത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും പത്ത് വരെ പഠനം. തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പതിനാറാം വയസ്സിൽ കല്യാണം, പതിനെട്ടാം വയസ്സിനുള്ളിൽ പ്രസവം. ചിത്ര പിന്നീട് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായി, ട്രൈബൽ പ്രമോട്ടറായി. വര്‍ഷങ്ങൾ കഴിഞ്ഞ് പ്ലസ്ടു പഠിച്ചു, മലയാളത്തിൽ ബിദുദമെടുത്തു . ആദിവാസികളുടെ പാരാപ്ലീഡറായി കുറച്ച് നാള്‍... നിലവിൽ ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റാണ്.

ADVERTISEMENT

2017 ൽ മൂകനും ബധിരനുമായൊരു ആദിവാസിയുവാവിന് തൊഴിലുടമയിൽ നിന്ന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയ നിയമ പോരാട്ടം വിജയിച്ചു, ധാരാളം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പഠനം സാധ്യമാക്കി, ആദിവാസികൾക്ക് ഭൂമി കിട്ടാനുള്ള പോരാട്ടങ്ങൾ തുടരുന്നു... ‘‘ഈ കാണുന്ന വിളക്കുകാലിൽ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’’ എന്നു പറഞ്ഞ ഡോ.ബി. ആർ. അംബേദ്കറുടെ പിൻതലമുറയായി നിന്ന് ചിത്ര യുദ്ധം തുടരുന്നു...

പഠനമാണ് എനിക്ക് വഴിതെളിച്ചത്

ADVERTISEMENT

‘‘വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റമുണ്ടാകൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാടിന്റെ ഉള്ളിൽ താമസിക്കുന്നൊരു വിഭാഗത്തിലാണ് ജനിച്ചത്. അക്കാലത്ത് ഞാൻ മാത്രമാണ് പഠിക്കാൻ വേണ്ടി പുറത്ത് വന്നിരുന്നതും. എഴുത്തും വായനയും തന്ന വെളിച്ചത്തിലാണ് ഞങ്ങളുടെ ഊരിൽ നടക്കുന്ന ചൂഷണങ്ങൾ ചൂഷണങ്ങളാണ് എന്ന തിരിച്ചറിവ് പോലും വന്നത്... പ്രതികരിക്കണം എന്നും തോന്നിയതും. പോലീസുകാരുൾപ്പടെയുള്ളവർ ഞങ്ങളുടെ സ്ത്രീകളെ പല തരത്തിൽ ഉപദ്രവിക്കുന്നൊരു കെട്ട കാലം ഞങ്ങൾക്കുണ്ടായിരുന്നു... പത്ത് പാസായ ആളെന്ന നിലയ്ക്ക് ടീച്ചറായും ട്രൈബൽ പ്രമോട്ടറായും പ്രവർത്തനം തുടങ്ങി. ഇതിനൊന്നും യാതൊരുവിധത്തിലുമുള്ള സപ്പോർട്ടും വീട്ടുകാരിൽ നിന്നോ ഊരിൽ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ കാര്യം അവർക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല. രണ്ടാമത്തെ കാര്യം പുറം ലോകത്തോടുള്ള ഭയം. മൂന്ന് പണമില്ല. ഇതൊക്കെയാണെങ്കിലും പഠിപ്പിനെ ആരും എതിർത്തിട്ടുമില്ല. എന്റെ ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ പഠിച്ചത്.

പതിനാറാം വയസ്സിലായിരുന്നു കല്യാണം. രണ്ട് കുട്ടികളുണ്ട്.. പിന്നീട് ആ ബന്ധം പിരിഞ്ഞു. ഗർഭിണിയായിരുക്കുന്ന സമയത്ത് പഠിപ്പിക്കാൻ കാട് കയറി പോകുമ്പോ ഒക്കെ ഭർത്താവ് കൂടെയുണ്ടായിരുന്നു. സമൂഹത്തിൽ ഞാൻ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ ഭാഗമായിട്ട് എന്നെ ഒതുക്കാനും മാനസികമായി തകർക്കാനും വേണ്ടി കുറേയാളുകൾ ചേർന്ന് പുള്ളിയെ മദ്യത്തിനടിമയാക്കുകയും പിന്നീട് കുറേ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതൊക്കെ എനിക്ക് മാത്രമുണ്ടാകുന്ന അനുഭവമല്ല. ആദിവാസി സമൂഹത്തിൽ ആരാണോ ശബ്ദമുയർത്തുന്നത് അവരെ ഇല്ലായ്മ ചെയ്യാനായി ശത്രുക്കൾ ആദ്യം കുടുബം തകർക്കാനാണ് നോക്കുന്നത്. കുടുംബം തകർന്നാൽ ഇതിൽ നിന്നും പിൻമാറിപോകുമെന്നാണ് ഇത്തരക്കാരുടെ വിചാരം.ഞാൻ പിൻമാറാൻ തയ്യാറല്ലായിരുന്നു. ടീച്ചറായി തന്നെ തുടർന്നു. ആ സമയത്ത് പൊലീസിന്റെയും ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെയുമൊക്കെ പിന്തുണ കിട്ടി.

ADVERTISEMENT

മഹിളാ സമിതിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഡൽഹിയിൽ പോയി. ടിക്കറ്റ് എടുക്കാനൊക്കെ പോയപ്പോ, പരിപാടികളിൽ പങ്കടുത്തപ്പോഴാണ് ഇനിയും പഠിക്കണമെന്ന് തോന്നുന്നത്.ീ.. അങ്ങനെ നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ സമീക്ഷ എന്ന പദ്ധതിയിൽ ചേർന്ന് പഠിച്ച് പരീക്ഷയെഴുതി. അതു കഴിഞ്ഞ് ഡിഗ്രി എടുക്കണം എന്നായി. അതും എടുത്തു.

അരോപണങ്ങളിൽ തളരാതെ

നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ മുന്നോട്ട് പോകുമ്പോൾ... പ്രത്യേകിച്ചും ഒറ്റയ്ക്കൊരു സ്ത്രീ... അത് ഏറ്റവും അലോസരപ്പെടുത്തുന്നത് പുരുഷന്മാരെയാണ്. ഒരു നല്ല വസ്ത്രം ധരിക്കുമ്പോൾ, രാത്രി യാത്ര ചെയ്യുമ്പോഴോൾ, എന്തിനേറെ പറയുന്നു ഞങ്ങളെ പോലെയുള്ളവർ ഒരു കാറിൽ കയറിയാൽ പോലും സമൂഹത്തിന്റെ ഒരു ‘പ്രത്യേക നോട്ടമുണ്ട്!’ നോക്കട്ടേ എന്ന് ഞാനും ഓർക്കും.

പ്രതികരിച്ചാൽ അപ്പോൾ നമുക്കെതിരെ ആരോപണങ്ങളും ഉണ്ടാക്കും. പൊതു ഇടത്തിലെ മാന്യർ പലരും രാത്രി ഫോണിൽ വിളിച്ച് മോശം രീതിയിൽ സംസാരിക്കും. ആദിവാസി സ്ത്രീക്ക് എന്താ അഭിമാനമില്ലേ? ‍ഞങ്ങൾക്ക് വേറെ പണിയില്ലാത്തതു കൊണ്ടല്ല സ്വന്തം ജീവനു വരെ വരെ ഭീക്ഷണി വന്നിട്ടും പോരാടുന്നത്... സമൂഹത്തിൽ ഒരു മാറ്റം വരണമെന്നാഗ്രഹിക്കുന്നതു കൊണ്ടു തന്നെയാണ്.

ch02

അതിർത്തി കയ്യേറുന്ന പല വിഷയങ്ങൾ വരും, വനം വകുപ്പ് തന്നെ ഞങ്ങൾക്കുള്ള ഭൂമി തട്ടിയെടുക്കുന്ന അവസ്ഥകൾ വന്നിട്ടുണ്ട്. രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി കൃത്യമായി കൊടുക്കാത്ത സംഭവങ്ങൾ ഉണ്ട് അതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ആദിവാസിക്ക് ഇത്രയൊക്കെ മതി’ എന്നൊരു തെറ്റായ പൊതുബോധത്തിൽ നിന്ന്! അതൊക്കെയാണ് മാറേണ്ടത്. മൂന്ന് സെന്റ് ഭൂമി ആദിവാസിക്കുണ്ടെങ്കിൽ അതിലൊരു പങ്കിൽ പൊതു കോൺക്രീറ്റ് റോഡ് ഉണ്ടാക്കണം എന്നു വാശിപിടിക്കുന്ന അധികാരികളുണ്ട്. ഒരേക്കർ ഭൂമിയുള്ള മറ്റുള്ളവർ ഒരു തുണ്ട് ഭൂമി വിട്ടുകൊടുക്കില്ല. ‘പറ്റില്ല’ എന്നു പറഞ്ഞാൽ അത് ആദിവാസിയുടെ അവകാശമെന്നല്ല മറിച്ച് അഹങ്കാരമായിട്ടാണ് സമൂഹം കാണുന്നത്.

ഞങ്ങൾ ശബ്ദമുയർത്തിയാൽ ഉടൻ വരുന്നതാണീ ‘മാവോയിസ്റ്റ്’ ആരോപണം. കുടുബം തകർക്കാൻ നോക്കിയിട്ടും പിൻമാറാതായപ്പോൾ കണ്ടുപിടിച്ച പുതിയ തന്ത്രം. അയ്യപ്പനും കോശിയും സിനിമയിലൊക്കെ അതു നിങ്ങളും കണ്ടിട്ടുണ്ടാകും. എന്റെയാളുകൾക്കിടയില്‍ പോലും എന്നെ കുറിച്ച് സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് പ്രചരങ്ങൾ. മറ്റുള്ളവർക്ക് ഇല്ലാത്ത എന്ത് ബോധിപ്പിക്കലാണ് ഞങ്ങൾക്ക് പ്രത്യേകമായി വേണ്ടത്?

പ്രതികരിക്കാൻ പോലും അറിയാത്തൊരു സമൂഹത്തെയാണ് ഇത്രമാത്രം ചൂഷണം ചെയ്യുന്നത്. ഭക്ഷണത്തിനു വേണ്ടി പോലും സ്വന്തം ശരീരം വിൽക്കേണ്ടി വന്ന പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്... ഓർക്കണം ബാല്യത്തിൽ ഞങ്ങൾ കണ്ടുവളർന്നതെന്തൊക്കെയാണെന്ന്...! എന്റെ കൺമുന്നിൽ കണ്ടതൊന്നും ഇനിയൊരു തലമുറയ്ക്കും കാണേണ്ടി വരരുതെന്നും എനിക്ക് വാശിയുണ്ട്. എനിക്കൊരുപാടൊന്നും ചെയ്യാൻ പറ്റില്ല, പക്ഷേ, എന്റെ ശബ്ദം കൊണ്ട് ഓരാളെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റിയാൽ അതു മതി.

ഒരു പെണ്ണിനെ ഗർഭിണിയാക്കിയ ഒരുത്തനെ അഞ്ചു വർഷത്തെ പോരാട്ടം കൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കാൻ സാധിച്ചു. അതു പോലെ ഒരു പെണ്ണിനെ കയറിപ്പിടിക്കാൻ ശ്രമിച്ചവനെയും. ഈ കേസുകൾക്കൊക്കെ വേണ്ടി ഇറങ്ങിയപ്പോൾ ഒത്തുതീർപ്പിനായി പ്രതികളും പൊലീസും അടക്കം ലക്ഷങ്ങൾ വാഗ്ധാനം ചെയ്തിരുന്നു. വഴങ്ങാതായപ്പോൾ ഒത്തുതീപ്പ് വധഭീക്ഷണിയായി. ഞാൻ തീയിൽ തന്നെ വേരൂന്നി വളർന്ന മരമാണ്. അതാണ് അവർ മറന്നത്...

ഇനിയും ശബ്ദിക്കും ഉറക്കെ തന്നെ

നീതി വേദി എന്നൊരു എൻജിയോയിൽ പ്രവർത്തിച്ചിരുന്നു. വക്കിലന്മാർ അടക്കം അതിൽ അംഗങ്ങളാണ്. കേരള ആദിവാസി ഐക്യവേദി എന്ന വനാവകാശ നിയമത്തിനു വേണ്ടി രൂപീകരിച്ചൊരു കൂട്ടായ്മയുണ്ട് അതിന്റെ സംസ്ഥാന പ്രസിഡന്റാണ് ഞാൻ. ഹ്യൂമൻ റൈറ്റ്സ് വിമിൻസ് ഫോറത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. 2022 ജനുവരിയിൽ ഡൽഹിയിൽ നടന്ന ആൾ ഇന്ത്യ യൂണിയൻ ഓഫ് ഫോറസ്റ്റ് വർക്കേഴ്സ് പ്യൂപ്പിൾ മീറ്റിങ്ങൽ അഖിലേന്ത്യേ വൈസ് പ്രസിഡന്റായി.

പാരാലീഗൽ വർക്കറായിരുക്കുമ്പോഴാണ് 2017ൽ ആ കേസ് വരുന്നത്... ഇരുപത്തിയെട്ട് വർഷമായിട്ട് ആദിവാസി പണിയർ വിഭാഗത്തിൽ പെട്ടൊരു യുവാവ് ഒരു കുടുബത്തിൽ വേലയ്ക്ക് നിന്നിരുന്നു. അവിടുത്തെ മുപ്പതോളം കന്നുകാലികളെ നോക്കുക, മൂന്ന് വീടുകളിലേക്കുള്ള വിറക് കൊത്തിക്കൊടുക്കുക ഒക്കെയാണ് പണി. അയാൾക്ക് സംസാര ശേഷിയില്ല, ചെവിയും കേൾക്കില്ല. ഒരാംഗ്യഭാഷ പോലും അയാൾക്ക് മര്യാദയ്ക്ക് അറിയില്ല താനും. അയാൾ ആ കുടുംബം പറയുന്ന രീതിയിൽ മാത്രം പ്രവർത്തിച്ചു പോന്നു. ഞാൻ ആദ്യം കാണുന്ന സമയത്ത് കീറിയ തോർത്തും കീറിയ ട്രൗസറും ആണ് വേഷം. ഉറക്കം ആലയിൽ കീറച്ചാക്കിനു മുകളിൽ കന്നുകാലികൾക്കൊപ്പം! ഈ അവസ്ഥ കണ്ടിട്ട് പുള്ളിക്കാരന്റെ പെങ്ങന്മാരോട് പരാതി കൊടുക്കാൻ പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഭീക്ഷണിയുണ്ടെന്നും ഞങ്ങൾ ഇതിൽ നിന്നും ഒഴിവാകുകയാണെന്നും അവര്‍ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ഞാൻ അയാളുടെ പരാതിക്കാരിയാകുന്നത്.

ch03

ഒരു നാടു മുഴുവന്‍ ആ സമയത്ത് എനിക്കെതിരായി. അവർ അയാളോട് ഞാൻ അയാളെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ പോകുന്നു ‘ചിത്രയെ നീ അടിക്കണം’ എന്നു വരെ പറഞ്ഞു വച്ചു, ആ പാവം അതു കേട്ട് എന്നെ ഉപദ്രവിക്കാനും വന്നു. അങ്ങനെ മാസങ്ങളോളമുള്ള പോരാട്ടത്തിനു ശേഷം ലേബർ ഓഫീസിൽ നിന്നു വന്ന് അന്വേഷിച്ചിട്ട് ഇയാൾക്ക് മാസം 8000 രൂപ കൊടുക്കാൻ തീർപ്പായി. അരിയറായിട്ട് ഏഴു ലക്ഷം കൊടുക്കണം എന്നും വിധിച്ചു. ആളുകൾക്ക് അപ്പോഴാണ് എനിക്കിത്രയൊക്കെ ചെയ്യാൻ പറ്റും എന്ന് മനസ്സിലായി തുടങ്ങിയത്. അയാൾക്ക് വീട് വച്ചു കൊടുക്കാനും യാതൊരു രേഖകളും ഇല്ലാതിരുന്നയാൾക്ക് സ്വന്തമായി രേഖകൾ ഉണ്ടാക്കാനും പൊട്ടാടി എന്നൊരു വിളിപ്പേര് മാത്രമുണ്ടിയിരുന്ന അയാൾക്ക് വെള്ളൻ എന്നൊരു പേരും കൊടുക്കാൻ പറ്റി. ഈ ജീവിതം കൊണ്ട് ഞാൻ ചെയ്ത ഏറ്റവും വലിയൊരു കാര്യമാണത്.

അതിനു ശേഷം പല അംഗീകാരങ്ങളും കിട്ടി.ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരിക്കുന്നത് സ്ത്രീകളാണ്. പട്ടികവർഗ സേവ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്, മൂന്ന് വർഷമായി. ഞങ്ങളുടെ കുട്ടികൾക്ക് വരുമാനമാണ് ആവശ്യം. അവർക്ക് ഒരു പിഎസിസി എഴുതാനോ ജോലി വാങ്ങാനോ ഒക്കെ സാമ്പത്തികം വേണം. തൊഴിലതിഷ്ടിത കോഴ്സുകൾ പഠിപ്പിക്കണം, പഠിച്ച കുട്ടികൾക്ക് ജോലി ചെയ്യാനുള്ള സൗകര്യവും കൊടുക്കണം... അതാണ് ഇനിയുള്ള സ്വപ്നം.

ഗവൺമെന്റ് ആദിവാസികളുടെ ഉന്നമനത്തിനായി പല പ്രവർത്തനങ്ങളും പ്രഖ്യാപിക്കുന്നെങ്കിലും അതൊന്നും അതിന്റേതായ പൂർണതയിൽ നടപ്പിലാകുന്നില്ല. ചിലപ്പോൾ തെങ്ങ് കയറാൻ ഉപകരണങ്ങൾ വിതരണം ചെയ്യും അതെങ്ങനെ പ്രവർത്തിപ്പിക്കണം അപകടം വന്നാൽ എന്ത് ചെയ്യണം എന്നൊന്നും കൃത്യമായി പറയില്ല. പല സ്ത്രീകളും പണിസ്ഥലങ്ങളിൽ മാനസിക-ശാരീരിക പീ‍‍ഡനങ്ങൾക്ക് വിധേയരാകുന്നു. ഇതിനൊക്കെ മാറ്റം വരണം.

കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. 2021ൽ തുടങ്ങിയ അറാക്കപ്പ് ഭൂസമരത്തിന് ഞാനും ആദിവാസി ഐക്യവേദിഭാരവാഹികളായ ബിനു പുത്തൻപുരയ്ക്കലും പ്രകാശ് പി.കെയുമാണ് പിന്തുണ നൽകിയതും അവർക്കായി സർക്കാരിനോട് സംസാരിച്ചതും.

സ്ത്രീകൾ എല്ലാവരും പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. പഠനം പാതി വഴിയിൽ നിർത്തേണ്ട കാര്യമല്ല. ഞാൻ പഠിക്കാൻ പോകുന്നത് കണ്ടിട്ട് അഞ്ച് സ്ത്രീകൾ കൂടി പഠിക്കാൻ പോയിരുന്നു... അവർക്കൊപ്പം ക്വോറ്റേഴ്സിൽ താമസിക്കുമ്പോൾ അവരെനിക്ക് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. അവർ പത്തും പ്ലസ്ടുവും എഴുതി... അതു കാണുമ്പോൾ അഭിമാനമുണ്ട്. ശ്രീധന്യ കളക്ട്ടർ ആയപ്പോൾ പോലും ആ കുട്ടിയുടെ കഴിവിനേക്കാൾ മറ്റുള്ളവർ ജാതി വിഭാഗം എന്നതിന്റെയൊക്കെ പേരാണ് വലുതായി കാട്ടിയത്. ഞങ്ങൾക്കിടയിൽ നിന്നൊരാൾ വരുന്നത് വലിയ നേട്ടം തന്നെയെങ്കിലും ഞാൻ ആദിവാസി എന്നു പറയുന്നതിൽ അഭിമാനിക്കുന്ന ആളാണ് എങ്കിലും അതിനൊക്കെയപ്പുറം നമുക്ക് ആ വ്യക്തിയുടെ കഴിവിനെയും പരിശ്രമങ്ങളേയും പ്രശംസിക്കാൻ പറ്റണം. അത്തരം മാറ്റങ്ങളാണ് വരേണ്ടത്.

കരുത്തുള്ള ആളുകൾ ഞങ്ങൾക്കിടയിൽ നിന്നുണ്ടായി വരട്ടേ... അധികാരസ്ഥാനങ്ങളിലേക്ക് തീയിൽ നിന്ന് കുരുത്തവർ എത്തുമ്പോൾ അതിന്റേതായ മാറ്റങ്ങൾ സമൂഹത്തിൽ മുഴുവനും വരുമെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു...

English Summary:

Chithra, a tribal activist from Nilambur, overcame societal challenges to become a leader. She fights for the rights of Adivasis, advocating for their education, land, and social justice.

ADVERTISEMENT