പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ– അപകട ഇൻഷുറൻസ്: കേരളപ്പിറവി ദിനത്തിൽ നോർക്ക റൂട്ട്സിന്റെ സമ്മാനം Norka Care: Health and Accident Insurance scheme for NRI
Mail This Article
കേരളപ്പിറവി ദിനത്തിൽ പ്രവാസികൾക്ക് മനം നിറയ്ക്കുന്ന സമ്മാനം നൽകാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള രാജ്യത്തെ ആദ്യ ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നവംബർ ഒന്നിന് നിലവിൽ വരുമ്പോൾ കേരളീയരായ പ്രവാസികൾക്ക് ജീവനും ജീവിതത്തിനും ലഭിക്കുന്ന സുശക്തമായ പിന്തുണയാകും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് ‘നോർക്ക കെയർ’.
വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കുള്ളിലും ജോലി ചെയ്യുന്ന പ്രവാസി കേരളീയർക്കും കുടുംബത്തിനുമായുള്ള പ്രവാസി ആരോഗ്യ -അപകട പരിരക്ഷാ ഇന്‍ഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം 2025 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ആരോഗ്യ – അപകട ഇൻഷുറൻസ്
‘‘ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 16,000 ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി. ഭാവിയില്‍ ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം.
പ്രവാസി കേരളീയർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരു വർഷത്തേക്ക് നൽകുന്ന പദ്ധതി പ്രവാസി മലയാളിക്ക് നാട് നൽകുന്ന സുശക്തമായ പിന്തുണയാണ്. നിങ്ങൾ പ്രവാസത്തിലായിരിക്കുമ്പോൾ ഇന്ത്യയിൽ എവിടെയും കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ലഭിക്കും. ’’ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷണൻ പറയുന്നു.
‘‘ മറ്റു ഇൻഷുറൻസുകളിൽ നിന്നും വിഭിന്നമായി 18–70 വരെ പ്രായപരിധിയിലുള്ളവർക്ക് മെഡിക്കൽ പരിശോധന കൂടാതെ തന്നെ അംഗങ്ങളാകാം എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. നിലവിലെ രോഗങ്ങൾക്കും പരിരക്ഷ ഉണ്ടാകും.
വ്യക്തികൾക്ക് 8.101 രൂപയും നാലംഗ കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സുവരെയുള്ള രണ്ടു മക്കൾ എന്നിവർക്ക്) 13,411 രൂപയുമാണ് പ്രീമിയം തുക. മുന്നാമത്തേത് മുതൽ കുട്ടികൾക്ക് 4130 രൂപ പ്രീമിയം തുക വരും. ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.’’ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു.
ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ്
നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഇപ്പോൾ മുന്നേറുകയാണ്. 2025 സെപ്റ്റംബര്‍ 22 മുതല്‍ തുടങ്ങിയ ഡ്രൈവ് ഒക്ടോബര്‍ 22 വരെയാണ്. ഇതിലൂടെ ഒരു വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ നേടാം. ഇതിനായുള്ള പ്രത്യേക ആപ്പ് സെപ്റ്റംബർ 22 ന് സജ്ജമാകും. വിദേശത്ത് പ്രവാസി കേരളീയർ ജോലി ചെയ്യുന്ന കമ്പനികൾ, നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകൾ എന്നിവ വഴിയും രജിസ്ട്രേഷനുണ്ടാകും.
അംഗീകാരമില്ലാത്ത പ്രവാസി സംഘടനകൾക്ക് മാസ് എൻറോൾമെന്റിനായി നിബന്ധനകൾക്ക് വിധേയമായി താത്ക്കാലിക ഐഡി നമ്പർ നൽകും. പദ്ധതിയെക്കുറിച്ചറിയാൻ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിൻ ബന്ധപ്പെടാവുന്നതാണ്. പോളിസിയുടെ ഭാഗമായ ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനും സൗകര്യമുണ്ടാകും.
പ്രവാസി കേരളീയ കാര്യ വകുപ്പ്
പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ Department of Non Resident Keralites Affairs ( NORKA) കേരളത്തിന് പുറത്ത് പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സ്ഥാപനമാണ്. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും നാട്ടിൽ തിരിച്ചെത്തുന്നവർക്ക് പനരധിവസിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും പ്രചോദനം നൽകുകയാണ് നോർക്കയുടെ പ്രധാന ലക്ഷ്യം. വദേശത്തും കേരളത്തിന് പുറത്തും ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. നോർക്ക വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനമാണ് നോർക്ക റൂട്ട്സ് .
‘നോർക്ക കെയർ’ അറിയേണ്ടത്
Q1: ആർക്കൊക്കെ നോർക്ക കെയറിൽ എൻറോൾ ചെയ്യാനാകുക ?
നോർക്ക കെയർ- വിദേശത്തും കേരളത്തിന് പുറത്തു ഇന്ത്യയ്ക്കുള്ളിലും ജോലി ചെയ്യുന്ന പ്രവാസി കേരളീയർക്കും കുടുംബത്തിനുമായുള്ള പ്രവാസി ആരോഗ്യ -അപകട പരിരക്ഷ ഇന്‍ഷുറൻസ് പദ്ധതിയാണ് ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള പ്രവാസി കേരളീയർക്കെല്ലാം (NRKs) നോർക്ക കെയറിൽ എൻറോൾ ചെയ്യാൻ സാധിക്കും.. 18–70 വയസ്സു വരെയുള്ള ആർക്കും മെഡിക്കൽ പരിശോധനകൾ കൂടാതെ തന്നെ എൻറോൾ ചെയ്യാം.
Q2: എന്തൊക്കെ രേഖയാണ് വേണ്ടത് ?
NORKA ID കാർഡ്, NRK ID കാർഡ് അല്ലെങ്കിൽ STUDENT ID കാർഡ് ആണ് എൻറോൾ ചെയ്യുന്നതിനായി വേണ്ടത്. NORKA ID കാർഡ്,NORKA ഇൻഷുറൻസ് കാർഡ്, STUDENT ID കാർഡ് എന്നിവ ആവശ്യമാണ് അവ നിശ്ചിത തുക അടച്ചു സ്വന്തമാക്കാനാകും ( 3 വർഷം സാധുവാണ്)
Q3: ഈ പദ്ധതിയുടെ പ്രയാജനം എന്തെല്ലാമാണ് ?
കുറഞ്ഞ പ്രീമിയം തുക മാത്രം അടച്ചു കൊണ്ട് പ്രവാസികൾക്കും കുടുംബത്തിനും കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി പതിനേഴായിരത്തിലധികം ആശുപത്രികളിൽ കാഷ് ലെസ് ചികിത്സാ സൗകര്യം നേടാമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. എളുപ്പത്തിൽ എൻറോൾ ചെയ്യാനുള്ള സൗകര്യം,നോർക്ക റൂട്ട്സിന്റെ വിശ്വാസ്യതയുള്ള പിന്തുണ എന്നിവയും പ്രധാനമാണ്.
Q4: എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?
നോർക്ക കെയറിനായുള്ള ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ നോർക്ക ഐഡി കാർഡ് നമ്പർ അല്ലെങ്കിൽ എൻആർകെ ഐഡി കാർഡ് നമ്പർ അല്ലെങ്കിൽ സ്റ്റുഡന്റ് കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.വിവരങ്ങൾ സമർപ്പിക്കുക, പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാവുക .
Q5: കൂടുതൽ വിവരങ്ങൾ എങ്ങനെ ലഭിക്കും ?
നോർക്ക ( NORKA ) ഹെൽപ് ലൈനിൽ കോൾ ചെയ്യുക അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് വഴിയും പദ്ധതിയുടെ ഭാഗമാകാം. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. പദ്ധതിയെക്കുറിച്ചറിയാൻ നോർക്ക കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടുക :
1800 20022 501 | 1800 2022 502
www. norkaroots.kerala.gov.in
www. nifl.norkaroots.org
വിവരങ്ങൾ നൽകിയത്:
അജിത് കോളശ്ശേരി
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
നോര്‍ക്ക റൂട്ട്സ്
എന്നും പ്രവാസികൾക്കൊപ്പം
കൂടുതൽ വിവരങ്ങൾക്ക്:
NORKA ROOTS Head Office NORKA Center, NORKA ROOTS,
Near Government Guest House Thycaud,
Thiruvananthapuram 695 014
Phone: 0471 2770500, Tollfree (India) : 1800 425 3939,
International (missed call): 0091 8802 012345
Mail: mail@norkaroots.org, mail@norkaroots.net