ADVERTISEMENT

സമുദ്രനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിൽ, അസ്ഥികളിലേക്കു തുളച്ചു കയറുന്ന ത ണുപ്പിനെ ഏഴ് അടുക്കു വസ്ത്രങ്ങളുമായി എതിരിട്ട് സ്ലീപ്പിങ് ബാഗിലേക്കു കയറി. വെൺനിലാവിനെ തോൽപ്പിക്കുന്ന മഞ്ഞ് പുതച്ച എവറസ്റ്റ് കൊടുമുടി ഒരു വശത്ത്, കാലങ്ങളായി കൊണ്ടു നടന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം മറുവശത്ത്. പറക്കാൻ വെമ്പിയ മനസ്സിലേക്കു മഞ്ഞിൻ കണങ്ങൾ പോലെ ചിന്തകൾ പൊഴിഞ്ഞുവീണു. ഇനി തിരികെ പോകാൻ പറ്റുമോ? കുട്ടികളെ വീണ്ടും കാണാൻ പറ്റുമോ?

എങ്കിലും ലോകത്ത് ഏറ്റവും ഉയരമുള്ള കൊടുമുടി കണ്ടല്ലോ, എവറസ്റ്റ് ബേസ് ക്യാംപ് അഥവാ ഇബിസി വരെ എത്തിയല്ലോ. തല പെരുത്തു തുടങ്ങി. എടുത്താൽ പൊങ്ങാത്ത ഭാരം എടുത്തുയർത്തുന്നതുപോലെ ആയാസത്തോടെയാണു ശ്വാസമെടുക്കുന്നത്. ഈ ജന്മത്തിൽ ഇബിസി ട്രെക്ക് എന്ന സ്വപ്നം സാ ക്ഷാത്കരിച്ചു. ഇനി അക്യൂട്ട് മൗണ്ടൻ സി ൻഡ്രം (എഎംഎസ്) വന്നാലും ഒരു വിഷമവുമില്ലാതെ നേരിടാം...’ തിരുവല്ല സ്വദേശി സീന മജ്നു തന്റെ സോളോ ഇബിസി ട്രെക്കിലെ വൈകാരികമായ നിമിഷങ്ങൾ ഓർത്തെടുത്തു.

‘‘11 ദിവസം നീണ്ട യാത്ര കാഠ്മണ്ഡുവിൽ നിന്നാണു തുടങ്ങിയത്. നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിന്ന് ലുക്‌ലയിലേക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനസഞ്ചാരം, കൊടുമുടികൾക്കിടയിലൂടെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കൊച്ചുവിമാനത്തിൽ. ലുക്‌ലയിൽ നിന്നു നടക്കാൻ തുടങ്ങി, ആദ്യ ദിവസം ഫക്ദിങ്ങിലേക്ക് ട്രെക്കിങ്. രണ്ടാം ദിവസം നാംചെ ബസാർ വരെ. മനോഹരമായ പൈൻ മരക്കാടുകളും കുട ചൂടിയപോലെ ചുവപ്പു പൂക്കൾ നിറഞ്ഞ റോഡോഡെൻഡ്രോൺ വൃക്ഷങ്ങളും നിറഞ്ഞ ഗ്രാമീണ നടപ്പാതകളിലൂടെ നടന്നു.

ചുറ്റും തലയുയർത്തി നിൽക്കുന്ന മലനിരകൾ, വഴിക്കു സമാന്തരമായി ഗ്ലേഷിയറിൽ നിന്നു മഞ്ഞുരുകിയ ജലവുമായി കളകളാരവത്തോടെ ഒഴുകുന്ന രൂപ്കോശി നദി, കൃഷിയും വിറകുവെട്ടുമായി കഴിയുന്ന ഗ്രാമീണർ. ട്രെക്കേഴ്സിനെ കാണുമ്പോൾ തിളങ്ങുന്ന മുഖവുമായി ഓടിവന്ന് മിഠായിക്കായി കൈനീട്ടുന്ന കുട്ടികൾ...

seena-majnu-5
സീന മജ്നു എറവസ്റ്റ് ബേസ് ക്യാംപിൽ

എവറസ്റ്റ് കാഴ്ചയുമായി ഹോട്ടൽ

മൂന്നാം ദിവസമാണ് എവറസ്റ്റ് ആദ്യമായി കാണുന്നത്. അക്ലൈമറ്റൈസേഷൻ മലകയറ്റത്തിൽ 13000 അടി ഉയരത്തിലുള്ള ഹോട്ടൽ എവറസ്റ്റ് വ്യൂവിൽ ആയിരുന്നു, സ്വപ്നസമാനമായ കാഴ്ച. പിന്നീടുള്ള ദിവസങ്ങളിൽ ഡിബോചേ, ഡിങ്ബോചെ, ലോബുചെ... ട്രെക്കിങ് തുടർന്നു. ഒപ്പം ഉയരം കൂടി, തണുപ്പും വന്നു. ജാക്കറ്റ് ഒഴിവാക്കാ‌ൻ പറ്റാതായി. വഴിയിൽ പലേടത്തും എവറസ്റ്റ് വ്യൂ പോയിന്റുകൾ. ആറാം ദിവസം ലോബുചെയിൽ വീണ്ടുമൊരു അക്ലൈമറ്റൈസേഷൻ 11 ദിവസമാണു ബേസ് ക്യാംപ് ട്രെക്ക്.17598 അടി ഉയരത്തിലെ എവറസ്റ്റ് ബേസ് ക്യാംപിൽ എത്തണം. ഡിങ്ബോചെയിൽ നാഗാർജുന സാഗർ കൊടുമുടി കയറി, ഉയർന്ന സ്ഥലത്തെ അന്തരീക്ഷവും മർദവുമൊക്കെ പരിചയിച്ച ശേഷമാണു സമ്മിറ്റ് എന്നു പറയാവുന്ന ഇബിസിയിലേക്കു തിരിക്കുന്നത്.

ഡിങ്ബോചെയിൽ നിന്നു നന്നേ പുലർച്ചെ പുറപ്പെട്ട് 11 മണിയോടെ ഗോരക്‌ഷെപ്പിൽ എത്തി. തലേരാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ എല്ലായിടത്തും മഞ്ഞുമൂടിയിരുന്നു.

അന്തിമലക്ഷ്യത്തിലെത്തുമ്പോഴേക്കു കാലാവസ്ഥ ഏ റെ അനുകൂലമായി, ദൂരെ നിന്നുതന്നെ ഇബിസി ക്യാംപ് കാണാം. വൻപാറക്കെട്ടിനു സമീപം മഞ്ഞ നിറമുള്ള ടെന്റ് ക്യാംപിങ്ങുകൾ കുറേയുണ്ട്.

വളരെക്കുറച്ചു സമയമേ ഇബിസിയിൽ നിൽക്കാനാകൂ. അതിനുള്ളിൽ കാഴ്ചകളെല്ലാം കണ്ട് ഞാൻ ബാക്പാക്കിൽ നിന്ന് ആ പൊതി എടുത്തു. നാട്ടിൽ നിന്നുകൊണ്ടുപോയ അരയാലിൻ തൈ... അതു ബേസ് ക്യാംപിനു സമീപം കുഴിച്ചു വച്ചു. ഇനി ഒരിക്കൽ വരാൻ അവസരമുണ്ടായാല്‍ അന്നു വള‍ർന്നു പന്തലിച്ച വടവൃക്ഷത്തെ കാണാൻ ഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർഥനയോടെ.

കാലാപഥറിലെ കാറ്റ്

‘‘യാത്രയിലുടനീളം ശീതക്കാറ്റ് കൂടെയുണ്ടാകും. എത്ര സ്വെറ്റർ ഇട്ടാലും തണുപ്പ് അസ്ഥികളെ തൊടും പോലെ തോന്നും. അത് എറ്റവും കുടുതൽ അനുഭവപ്പെട്ടത് ഗോരക്‌ഷെപ്പിനു സമീപം കാലാപഥറിലെത്തിയപ്പോഴാണ്.

കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ(അക്ലൈമറ്റൈസേഷൻ) എറവസ്റ്റ് ആരോഹകരെ സഹായിക്കുന്നതാണു കാലാപഥറിലേക്കുള്ള കയറ്റം. അതിന്റെ മുകളിൽ എത്തുമ്പോഴുള്ള കാറ്റാണ്, കാറ്റ് എന്നു പറഞ്ഞാൽ പോര, അതിശൈത്യം പുതച്ച കൊടുങ്കാറ്റ് എ ന്നു തന്നെ പറയണം. ഒൻപതാം ദിനമാണ് കാലാപഥറിലേക്ക് കയറിത്തുടങ്ങിയത്. ഇനി യാത്രയ്ക്ക് അവസരം കിട്ടിയാൽ അതു ബേസ് ക്യാപ് കൊണ്ടു നിർത്തരുത്.

എവറസ്റ്റിന്റെ നെറുകയിൽ തൊടണം. അപ്പോൾ അ തൊരു മോഹമായി മനസ്സിൽ വിരിഞ്ഞു.’’

വനിത 2024 ജൂണിൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary:

Everest Base Camp Trek is a dream for many adventure enthusiasts. Starting from Kathmandu and reaching the EBC, experiencing the breathtaking views and challenging weather conditions is an unforgettable journey.

ADVERTISEMENT