ADVERTISEMENT

‘ആദ്യം എനിക്ക് ആ ഫീൽ കിട്ടണം എന്നാലാണ് ഞാനെന്റെ പാട്ടുകൾ പുറത്തൊരാളെ കേൾപ്പിക്കുന്നത്. ആദ്യ ഗാനം മുതൽ പിന്നീട് ഇങ്ങോടുള്ളതെല്ലാം അങ്ങനെയാണ് ചെയ്തിട്ടുള്ളത്.’’ പറയുന്നത് സുരേഷ് പീറ്റേഴ്സാണ്. സംഗീത സംവിധായകൻ, ഗായകൻ, ഡ്രമ്മർ തുടങ്ങി പല പേരുകളിൽ നമ്മളെ അതിശയിപ്പിച്ച സുരേഷ്  ‘അറിയാത അറിയാതെ’ എന്ന പാട്ടിന്റെ കഥ പറയുന്നു... 24 വർഷങ്ങൾക്ക് ശേഷവും കേൾക്കുന്നവർക്കുള്ളിൽ ഒരു മിന്നിൽ പായിക്കാൻ കെൽപ്പുള്ള ആ ഗാനമുണ്ടായ വഴി...  

രാവണപ്രഭു ചെയ്യുന്ന സമയത്ത് സംവിധായകൻ രഞ്ജിത്തിനോട് ഞാൻ നിർബന്ധമായി വേണമെന്ന് പറഞ്ഞൊരു കാര്യം എനിക്ക് ഈ പാട്ടുകൾ ‘ലൈവായി’ തന്നെ ചെയ്യണം എന്നതായിരുന്നു. അതിൽ കംപ്യൂട്ടറൊന്നും ഉപയോഗിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ആ ഒരു പാട്ട് മാത്രം ചെയ്തെടുക്കാൻ മൂന്നര മാസമെടുത്തു. പല തവണകളായി റീടൂ ചെയ്താണ് ആ പാട്ടൊരുക്കിയത്. രാജ്യത്തെ ഏറ്റവും മികച്ച സംഗീതഞ്ജരാണ് പാട്ടിലുടനീളം ഒരുമിച്ചു പ്രവർത്തിച്ചത്.

പാട്ടിന്റെ റെക്കോർഡിങ്ങ് സമയത്ത് ചിത്ര ചേച്ചിയുടെ കാല് ഫ്രാക്ചറായിട്ടിരിക്കുകയാരുന്നു. പക്ഷേ, എനിക്ക് ചേച്ചിയുടെ സ്വരം തന്നെ വേണമായിരുന്നു. അങ്ങനെ പാട്ട് ചേച്ചിയുടെ വീട്ടിലെ തന്നെ സ്റ്റുഡിലാണ് റെക്കോർഡ് ചെയ്തത്. പിന്നീട് അത് ജയചന്ദ്രൻ സാറിനെ കേൾപ്പിച്ചു. സാറിന് ആ ട്രാക്ക് വളരെ ഇഷ്ടമായി, പാട്ട് പഠിച്ചെടുക്കാൻ പത്ത് ദിവസം വേണമെന്ന് പറഞ്ഞ് സാർ ആ പാട്ടിന്റെ പല സാധ്യതകളും പഠിച്ചിട്ടാണ് തിരികെയെത്തി പാടിയത്. ജയചന്ദ്രൻ സാർ പാടിയതും ആ പാട്ടിന്റെ തലം തന്നെ മാറി. സാർ ഒരു പ്രഹേളികയാണ്. ആ ശബ്ദത്തിന് അത്രയും മാന്ത്രികതയുണ്ട്.

ഇത് മുപ്പത് വർഷത്തോളം ജീവിക്കാനുള്ള പാട്ട്

ആ പാട്ടിലെ വീണയുടേയും പുല്ലാങ്കുഴലിന്റേയും പോർഷനുകളായിരുന്നു വായിച്ച് ഫലിപ്പിക്കാൻ ഏറെ പാടുപെട്ടത്. അതിൽ ഞാനാണ് ഡ്രമ്മ്സ് വായിച്ചത്. ആതേ പോലെ ബേസ് ഗിറ്റാറിന്റെ സ്വരം മുന്നിൽ വന്നു. ഒരു സമയത്ത് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ‘ഇതു മതിയെഡോ’ ഇപ്പോ തന്നെ കേൾക്കാൻ നല്ല രസമുണ്ട് എന്നു വരെ പറഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ഞാൻ പറഞ്ഞത് ‘എനിക്കീ സമയം തന്നാൽ ഇനിയൊരു മുപ്പത് വർഷത്തോളം ജീവിക്കാൻ പോകുന്നൊരു പാട്ടായിരിക്കും ഇത്’ എന്ന് മാത്രമാണ്. ആ സമയം എനിക്കവർ തന്നു. ചില പ്രോജക്റ്റുകൾ നമ്മൾ പൈസയ്ക്കു വേണ്ടി മാത്രമല്ല ചെയ്യുന്നത്. അതിനു പിന്നിൽ നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞൊരു ഇഷ്ടത്തിന്റെ പൂർത്തികരണം കൂടിയുണ്ട്. അതാണ് നിങ്ങൾ മറ്റുള്ളവർക്കും നിങ്ങൾക്ക് സ്വന്തമായും നൽകുന്ന ഏറ്റവും മൂല്യവത്തായ സമ്മാനം.

മധു വിശ്വനാഥനാണ് അറിയാതെ അടക്കമുള്ള എന്റെ പാട്ടുകൾ ചെയ്ത സൗണ്ട് എൻജിനീർ. അദ്ദേഹത്തിന്റെ പ്രതിഭയാണ് എന്റെ പാട്ടുകളെ ഒരു പടി കൂടി മുകളിലെത്തിക്കുന്നത്. ഒരു പാട്ടിന്റെ ക്രെഡിറ്റ് എന്റേതു മാത്രമല്ല, എന്റെ പേരിൽ പാട്ടുകൾ വന്നാലും ഒരുപാടുപേരുടെ ടാലന്റ് ഓരോ പാട്ടിനു പിന്നിലുമുണ്ട്.

സുരേഷ് പീറ്റേഴ്സുമായുള്ള അഭിമുഖം മുഴുവനായി കാണാം

ADVERTISEMENT