ADVERTISEMENT

തഗ് അടിയുടെ രണ്ട് പോക്കറ്റ് ഡൈനമിറ്റുകളാണ് ദാ, മുന്നിൽ. മഴവിൽ മനോരമയുടെ ‘ഒരു ചിരി ഇരുചിരി ബംപർ ചിരിയുടെ ഫ്ലോറിൽ നിറഞ്ഞാടുന്ന രണ്ടു മണിമുത്തുകൾ. കോട്ടയംകാരായ എവിനും കെവിനും. പ്ലസ് വൺ അർധവാർഷിക പരീക്ഷയുടെ തിരക്കു കഴിഞ്ഞു നേരെ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണു രണ്ടുപേരും.

‘ഡേയ്, ഇത് ഇന്റർവ്യൂ ആണു കേട്ടോ. നീ കുറച്ച് ഡീസന്റായി മറുപടി പറയണം’ ഇരട്ടകളിൽ എട്ടു മിനിറ്റിന് ചേട്ടനായ കെവിൻ ഗൗരവത്തിൽ എവിനോട് സ്വരം താഴ്ത്തി പറഞ്ഞു.

ADVERTISEMENT

‘അതിനു ഞാൻ മാത്രം ഡീസന്റ് ആയാൽ ഇതു നന്നാകുമോ? നീ കൂടി ആകേണ്ടേ. അതു നടക്കുന്ന കാര്യമാണോ?’ എവിന്റെ ഉറക്കെയുള്ള മറുപടിയിൽ തമ്മിലുള്ള ചർച്ച ചുറ്റും നിന്നവരെല്ലാം കേട്ടു. ഇന്റർവ്യൂ ഒന്നും വേണ്ട, പരസ്പരം വിശേഷങ്ങൾ പറഞ്ഞു സംസാരിച്ചാൽ മതിയെന്നു പറഞ്ഞപ്പോൾ രണ്ടു മുഖത്തും ഒരേ ചിരി.

എവിൻ: ഇതിപ്പോൾ മുഴുവൻ പഠിച്ചിട്ടു ചെന്നപ്പോൾ ഇക്കൊല്ലം പരീക്ഷയില്ലെന്നു പറഞ്ഞതു പോലെ ആയല്ലോ.

ADVERTISEMENT

കെവിൻ: അങ്ങനെ മൊത്തം ജോലിയും നമുക്കുതന്നെ കിട്ടി. ചോദ്യവും നമ്മൾ, ഉത്തരവും നമ്മൾ. കുടുംബക്കാര്യത്തിൽ നിന്നു തുടങ്ങിയേക്കാം.

എവിൻ: ഞങ്ങളുടെ അപ്പന്റേത് നല്ല മാസ് പേരാണ്, ജീ ജോർജ്. പക്ഷേ, ഞങ്ങളത് ജീയപ്പൻ എന്നാക്കി. പറ്റാവുന്നിടത്തെല്ലാം പപ്പയുടെ പേര് ചോദിക്കുമ്പോൾ ജീയപ്പൻ എന്നു പറയും. സംവിധായകൻ ജയരാജിന്റെ അസോഷ്യേറ്റായിരുന്നു പപ്പ. കോട്ടയം ടൗണിൽ തന്നെയാണ് ഞങ്ങളുടെ വീട്. ജീയപ്പന്റെയും നീനാമ്മയുടെയും ജീവിതത്തിലേക്ക് ലേറ്റസ്റ്റായി വന്ന രണ്ടു മണിമുത്തുകളാണു ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നു വേണമെങ്കിലും വിളിക്കാം.

ADVERTISEMENT

കെവിൻ: അപ്പൻ ഇതൊക്കെ വായിക്കുമേ, തങ്കകുടം ചിലപ്പോൾ തങ്കചെരുവമാകും.

എവിൻ: ചേച്ചിമാരായ കാവ്യയും അഖിലയും ഉണ്ടായിട്ടും ഒരാൺകുഞ്ഞിനെ കൂടി തരണേയെന്നു പപ്പയും അമ്മയും കർത്താവിനോടു പ്രാർഥിച്ചു. ഇത്തിരി വൈകിയെങ്കിലും ഡബിൾ ധമാക്ക നൽകി ദൈവം അവരെ അനുഗ്രഹിച്ചു. കൃത്യമായി പറഞ്ഞാൽ മൂത്ത ചേച്ചി കാവ്യ പിറന്നു കൃത്യം 17 വർഷം കഴിഞ്ഞാണു ‍ഞങ്ങളുടെ വരവ്. രണ്ടാമത്തെ ചേച്ചി അഖിലയുമായി 13 വയസ്സിന്റെ വ്യത്യാസം.

കെവിൻ: പപ്പയുടെ കലാവാസനയും ഇഷ്ടങ്ങളും കണ്ടാണു ഞങ്ങൾ വളർന്നത്. സൈജു കുറുപ്പിനെ നായകനാക്കി ജൂബിലി എന്നൊരു സിനി മ പപ്പ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നെയും പ ല മോഹങ്ങളുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. സ ലിംകുമാർ ചേട്ടന്റെ ഡയലോഗ് പോലെ ‘വിധി യുടെ വിളയാട്ടം.’

എവിൻ: അതിനിപ്പോ എന്താടാ... ജൂബിലി സിനിമയ്ക്കു ശേഷം അപ്പന്റെ ക്രെഡിറ്റിൽ രണ്ടു സൂപ്പര്‍ ഹിറ്റുകൾ കൂടി ഉണ്ടായതു നീ മറന്നു പോയോ?

എവിൻ: അതേതാ... ഞാനറിയാത്ത ഹിറ്റ്?

കെവിൻ: ഞാനും നീയും. വേറാര്...

എവിൻ: ഉവ്വ്... ഉവ്വേ... ജനിച്ചപാടേ... കട്ടിലിൽ സ്വസ്ഥമായി കിടന്നിരുന്ന അപ്പന് തറയിലേക്ക് പ്രമോഷൻ കൊടുത്ത കക്ഷിയാ ഈ പറയുന്നേ.

കെവിൻ: നിലത്തിറക്കി എന്നത് നീയൊരു കുറവായി കാണേണ്ട. മഹാൻമാരൊക്കെ നിലത്തു പായ വിരിച്ചാടാ കിടന്നിട്ടുള്ളത്. വീട്ടിലെ അംഗസംഖ്യ കൂടിയപ്പോൾ കുടും ബസമേതം നിലത്തു പായ വിരിച്ച് ഞങ്ങൾ സന്തോഷത്തോടെ കിടന്നു എന്നല്ലേ പറയേണ്ടത്. പിന്നെ, ചേച്ചിമാർ കല്യാണമൊക്കെ കഴിഞ്ഞു പോയപ്പോൾ പപ്പയ്ക്കും അ മ്മയ്ക്കും കമ്പനി കൊടുത്തതു നമ്മളല്ലേ?

evin-and-kevin-214

ഒന്നെടുത്താൽ ഒന്ന് ഫ്രീ

എവിൻ: ഇരട്ടകൾ ആണെന്നു തിരിച്ചറിയാനുള്ള ബുദ്ധിയൊന്നും അന്നില്ല. പക്ഷേ, ദൈവം ഒട്ടിച്ചു ചേർത്തുവച്ച ബൈ വൺ ഗെറ്റ് വൺ പാക്കേജ് ആണു ഞങ്ങളെന്ന് എൽകെജി മുതലേ തിരിച്ചറിഞ്ഞതാണ്.

പരസ്പരമുള്ള പാരവയ്പും കുസൃതിയും അന്നു മുതലേ തുടങ്ങിയെന്ന് സാരം. ഒരു സംഭവം പറയാം, ബോർഡിൽ ഉത്തരമെഴുതാൻ ടീച്ചർ വിളിച്ചത് എന്നെയാണ്. ഞാ ൻ പോയി വിജയശ്രീലാളിതനായി തിരികെ വരുമ്പോൾ കെവിനിരുന്ന് പരുങ്ങുന്നു. വന്ന അതേ സ്പീഡിൽ അവനു പകരം എന്നെ തിരിച്ചുവിട്ട് ലവൻ നൈസായി ഡെസ്കിനടിയിലേക്കു ‍ചാഞ്ഞു.

കെവിൻ: പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന് പറഞ്ഞ പോലെ ആ ഡ്യൂപ്പ് പരിപാടി ഒരുപാടു കാലം നിന്നില്ല. മൂന്നാലു തവണ ആയപ്പോൾ ടീച്ചർ കയ്യോടെ പൊക്കി. അതിൽ പിന്നെ, എവിന്റെ യൂണിഫോമിൽ പേരിന്റെ ആ ദ്യാക്ഷരമായ ‘എ’യും കെവിന്റെ ഷർട്ടിൽ ‘കെ’യും തുന്നിപ്പിടിപ്പിടിക്കാൻ ടീച്ചറുടെ വക ഓർഡറെത്തി.

എവിൻ: ബംപർ ചിരിയുടെ ഫ്ലോറിൽ നിങ്ങൾ കാണുന്ന ഈ ഒത്തൊരുമയില്ലേ അതിന്റെ മുഴുവൻ ക്രെഡിറ്റും ഞങ്ങളുടെ അമ്മയ്ക്കുള്ളതാ കേട്ടോ. ജനിച്ചനാൾ മുതൽ എല്ലാ കൊസ്രാക്കൊള്ളി പരിപാടികൾക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. പപ്പടം മുതൽ ചോക്‌ലെറ്റ് വരെ പങ്കുവച്ചേ കഴിക്കൂ.

കെവിൻ: അതു സ്നേഹം കൊണ്ടെന്നുമല്ല കേട്ടോ... ഒരു സാധനം കിട്ടിയാൽ ഞാൻ മെല്ലെ ആസ്വദിച്ചേ കഴിക്കാറുള്ളൂ. ഇവനാണെങ്കിൽ ഒറ്റയടിക്കു കഴിക്കും. എന്നിട്ട് ഞാൻ ബാക്കി വച്ചിരിക്കുന്ന സാധനം നൈസായി അകത്താക്കും. ഇതാകുമ്പോ അമ്മ വന്ന് സ്കെയിലു കൊണ്ട് അളന്നപോലെ കൃത്യമായി ഭാഗിക്കും. അതു കഴിച്ചോണം. അതിൽ പിന്നെ അടിയുണ്ടാകില്ലല്ലോ?

എവിൻ: ഞാൻ ഒരു സ്നേഹമതിൽ പണിയാൻ നോക്കുമ്പോൾ നീ താഴേന്ന് അതു പൊളിക്കുവാണോ? പക്ഷേ, ഇ നി പറയുന്നത് മുഴുവൻ സത്യമാണു കേട്ടോ. അമ്മ ഞങ്ങളുടെ കട്ട കമ്പനിയാണ്. ഞങ്ങൾ ഫ്രണ്ട്സിനെ പോലെയാ. ഒരിക്കൽ ഞങ്ങൾ രണ്ടു പേരെയും പിടിച്ചു നിർത്തി അമ്മ ചോദിച്ചു. പ്ലസ് വൺ ഒക്കെ ആയില്ലേ. നിങ്ങൾക്ക് പെൺപിള്ളേർ ആരേലും ഗിഫ്റ്റ് വല്ലതും തരുന്നുണ്ടോടാ. അതിന് കെവിൻ പറഞ്ഞ മറുപടി കേൾക്കണോ?

evin-kevin-245

കെവിൻ: ഞാനെന്തു പറയാനാ... ഇനി അഥവാ ഏതെങ്കിലും പെൺകുട്ടി പ്രൊപ്പോസലുമായി വന്നാൽ അമ്മയോടു ചോദിച്ചിട്ടു നാളെ പറയാമെന്നു മറുപടി നൽകും. എന്റെ അമ്മ അറിയാതെ എനിക്കൊരു സീക്രട്ടും ഇല്ല.

എവിൻ: ഗിഫ്റ്റിന്റെ കാര്യമാണ് അമ്മ ചോദിച്ചത്. പ്രപ്പോസലിന്റെ കാര്യമാണ് ഇവന്റെ മറുപടി. അതോടെ ഞങ്ങൾ രണ്ടും ‘നല്ല കുട്ടി’കളാണെന്നു അമ്മയ്ക്കു മനസ്സിലായി.

കെവിൻ: അതിനു മനസ്സ് നന്നാകണമെടാ. എന്റെ സത്യസന്ധതയിൽ അമ്മ അഭിമാനിച്ചിട്ടുണ്ടാകും.

കുടുംബത്തിലെ അമ്മാച്ചൻമാർ

കെവിൻ: ജീവിതത്തിൽ ഞങ്ങൾ അമ്മാച്ചൻമാരുടെ റോ ളിലാണ് ഇപ്പോൾ. മൂത്ത ചേച്ചി കാവ്യയുടെ മകളായ മറിയം അന്ന ജോമിയുടെയും ഇളയ ചേച്ചി അഖിലയുടെ മക ൾ സാറ എലിസ ജെറിന്റേയും കലിപ്പ് അമ്മാച്ചൻമാരാകാനുള്ള ട്രെയിനിങ്ങിലാണു ഞങ്ങൾ. മറിയത്തിന് നാലു വയസ്സായി. സാറയ്ക്ക് ഒരു വയസ്സാകുന്നതേയുള്ളൂ.

എവിൻ: കൂട്ടത്തിൽ കുറുമ്പി മറിയാമ്മയാണ്. വല്യമ്മാച്ചോ... കൊച്ചമ്മാച്ചോ എന്നു വിളിക്കുന്നതിനു പകരം ഞ ങ്ങളുടെ ചെല്ലപ്പേരായ എടാ അച്ചുവേ... അപ്പുവേ... എന്ന് വല്യമ്മച്ചിമാർ വിളിക്കുന്നതു പോലെ നീട്ടിവിളിക്കും.

കാര്യം കാണാൻ അവൾ നൈസായി പ്ലേറ്റ് മാറ്റും. അമ്മാശ്ശോ... എന്നു നീട്ടി വിളിക്കും. ചേച്ചിമാരോടു ഞങ്ങൾ കാണിച്ച കുരുത്തക്കേടുകൾ അവരുടെ മക്കളുടെ രൂപത്തില്‍ തിരികെ കിട്ടുമെന്നു പറയാറില്ലേ. അതാണു ഞങ്ങൾക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

കെവിൻ: അതിനെയാണാടാ ഈ ലോകത്ത് ‘അമ്മാവന്റെ ഭാഗ്യം’ എന്നു വിളിക്കുന്നത്. ചേച്ചിമാർ ശരിക്കും ഞങ്ങൾക്ക് അമ്മമാർ തന്നെയായിരുന്നു. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ ‘കാവി... എന്റെ അമ്മയാ...’ എന്ന് ഞങ്ങൾ കൊഞ്ചിപ്പറയുമായിരുന്നത്രേ.

എവിൻ: കല്യാണം കഴിഞ്ഞ് കാവ്യ ചേച്ചി ചേർത്തലയിലേക്കും അഖില ചേച്ചി ഒളശയിലേക്കും താമസം മാറി.

കല്യാണശേഷം ഭർത്താവിന്റെ വീട്ടിലേക്കു പോകും മുൻപൊരു യാത്ര പറച്ചിലുണ്ടായിരുന്നു രണ്ടുപേർക്കും. ഇന്നും ഓർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്. പപ്പയോടും അമ്മയോടും യാത്ര പറഞ്ഞ് ഒടുവിൽ ഞങ്ങളുടെ മുഖത്തേക്കു നോക്കിയപ്പോൾ ഞങ്ങൾക്കു പിടിച്ചു നിൽക്കാനായില്ല. ഒന്നും പുറത്തു കാണിച്ചില്ലന്നേയുള്ളൂ. എന്നിട്ടും കണ്ണീരൊളിപ്പിക്കാൻ ഞങ്ങൾ പെട്ടപാട്. ജാഡ വിടരുതല്ലോ. കരഞ്ഞാൽ അതുപോയില്ലേ. കാവ്യയുടെ ഭർത്താവ് ജോമി. അഖില ചേച്ചിയും ഭർത്താവ് ജെറിനും ഇപ്പോൾ യുകെയിൽ ആണ്.

പപ്പയുടെ വിശ്വാസം

എവിൻ: ഞങ്ങൾ കലാകാരന്മാരാകുമെന്ന കോൺഫിഡ ൻസ് പപ്പയ്ക്ക് എവിടെ നിന്നോ കിട്ടിയിരുന്നു. ‘കട്ടുറുമ്പ്’ എന്ന ചാനൽ പ്രോഗ്രാമിന്റെ ഒാഡിഷനു കൊണ്ടുപോകാൻ അതായിരുന്നു പ്രചോദനം. ലുലുമാൾ കാണിക്കാം എന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണു പപ്പ ഞങ്ങളെ ഓഡിഷനു കൊണ്ടുപോകുന്നത്. ഞങ്ങൾക്കന്ന് ഒൻപത് വയസ്സ്. വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. പക്ഷേ, ആ പ്രോഗ്രാമിലൂടെ ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

കെവിൻ: എല്ലാത്തിന്റേയും തുടക്കം അവിടെ നിന്നായിരുന്നു. ഇവന്മാർ വീണാലും നാലു കാലിലേ വീഴുള്ളൂ എന്ന വെളിപാട് ഉണ്ടായപ്പോൾ വർഷങ്ങൾക്കിപ്പുറം ബംപർ ചിരിയിലേക്കും ടിക്കറ്റ് കിട്ടി. ഇതിനിടയിൽ ഈ പഹയൻ എന്റെ ചെലവിൽ സ്റ്റാറായ ഒരു കഥ കൂടിയുണ്ട്. ദുൽഖർ സൽമാൻ നിർമിച്ച് ഗ്രിഗറി ചേട്ടൻ നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി. പക്ഷേ, പോയത് എവിൻ.

എവിൻ: അതു നീ മടി പിടിച്ചിരുന്നോണ്ടല്ലേടാ... എന്തായാലും ഞാന്‍ അന്നു പോയി നാലാള് അറിഞ്ഞതു കൊണ്ടല്ലേ ബംപർ ചിരി പോലെ വലിയ വേദിയിലേക്ക് അവസരം കിട്ടിയത്. അതിനു മുൻപ്  മഴവിൽ മനോരമയുടെ തന്നെ ഉടൻ പണത്തിലേക്കും അവസരം കിട്ടിയിരുന്നു.

ബംപർ ചിരിയുടെ ഐശ്വര്യങ്ങൾ

കെവിൻ: ഞങ്ങളെ മക്കളെ പോലെ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്യുന്ന ഒരുകൂട്ടം പേരുടെ ഇടമാണു മഴവിൽ മനോരമയുടെ ബംപർ ചിരിയുടെ ഫ്ലോർ. ആദ്യ സ്കിറ്റ് മുതൽ ഇപ്പോൾ ബംപറടിച്ച് മില്യൻ കാഴ്‍ചക്കാരുമായി മുന്നേറുന്ന ജോഡീശ്വരൻ വരെയുള്ള യാത്ര ഒരു സ്വപ്നം പോലെയാണ്.

പൊക്കിപ്പറഞ്ഞാൽ ഇവന്മാർ കൈവിട്ടു പോകും എ   ന്നു കരുതി. തെറ്റുകുറ്റങ്ങൾ കൃത്യമായി പറയുന്നൊരു മാലാഖയും ഞങ്ങൾക്കുണ്ട്, മഞ്ജു പിള്ള.

കെവിനും എവിനും കുടുംബസമേതം
കെവിനും എവിനും കുടുംബസമേതം

പ്രോഗ്രാമിന്റെ പേരിൽ പഠിത്തത്തിൽ ഉഴപ്പിയാലും മ ഞ്ജു ചേച്ചിയുടെ വക നല്ല വഴക്കു കേൾക്കും. പത്താം ക്ലാസ് പരീക്ഷയുടെ സമയത്ത്. ‘ടാ... ചെക്കൻമാരേ... ഞങ്ങളേയും മനോരമയേയും നാണം കെടുത്തല്ലേ...’ എന്നു പ റഞ്ഞിരുന്നു. ഭാഗ്യം നാണംകെട്ടില്ല. പത്താം ക്ലാസ്സിൽ 9 എ പ്ലസ്സും ഒരു എയും നേടി ഞങ്ങൾ മഴവിൽ മനോരമയുടെ മാനം കാത്തു.

ഷോയുടെ സംവിധായകൻ രഞ്ജിത് കീഴാറ്റൂർ, ഞങ്ങളെ മിടുക്കന്മാരാക്കി തട്ടേൽ കയറ്റുന്ന ഗ്രൂമർ വിഷ്ണു ഗോപാൽ എന്നിവർ നൽകുന്ന പിന്തുണയും മറക്കില്ല.


എവിൻ: പരീക്ഷയുടെ സമയത്തു തരികിട സാബു ചേട്ടനോട് ‘ചേട്ടോയ്... പരീക്ഷയാണ്. ഞങ്ങൾക്കു വേണ്ടി പ്രാ ർഥിക്കണേ എന്നു പറഞ്ഞപ്പോഴും കേട്ടു തഗ് മറുപടി. പ്രാ ർഥനയ്ക്കു ചെലവില്ലല്ലോ, അതു ഞാൻ ചെയ്യാം. പക്ഷേ,  പഠിച്ചാലേ മാർക്ക് കിട്ടൂ.’


കെവിൻ: ലഭിക്കുന്ന നല്ല വാക്കുകൾക്കു  കോട്ടയം എംഡി സെമിനാരി സ്കൂളിലെ ടീച്ചർമാർക്കും കൂട്ടുകാർക്കും കൂ ടി നന്ദി പറയണം.
ഷൂട്ടുള്ള ദിവസങ്ങളിൽ വൈകുന്നേരമാകുമ്പോൾ നോട്ട്സ് കൂട്ടുകാർ വാട്സാപ്പിൽ അയച്ചു തരും. അതു പകർത്തിയെഴുതി പഠിച്ച ശേഷമേ ആ ദിവസത്തിന് പായ്ക്ക് അപ് പറയൂ.

‌പണ്ടായിരുന്നെങ്കിൽ ആരാകണം എന്നു ചോദിച്ചാൽ പള്ളീലച്ചനാകണം എന്നു കണ്ണും പൂട്ടി പറയുമായിരുന്നു. അരമനയിൽ നിന്നു കഴിച്ചിട്ടുള്ള രുചിയുള്ള ഫൂഡാണ് അതിനു പ്രചോദനം. പിന്നെയാണ് അതിനു ദൈവവിളി വേണമെന്നൊക്കെ മനസ്സിലാകുന്നത്.


ഇപ്പോൾ സ്വപ്നം ഒന്നേയുള്ളൂ. സിനിമയിൽ പേരെടുക്കണം. പപ്പ പൂർത്തിയാക്കാതെ വച്ചിരിക്കുന്ന ആഗ്രഹമാണത്.   

എവിൻ: ഇതിനെല്ലാം ഞങ്ങൾക്കു ധൈര്യം അമ്മയാണ്. വെള്ളവും വളവും നൽകി ഞങ്ങളെ ഇത്ര വരെ എത്തിച്ച അമ്മയ്ക്ക് ബംപറടിച്ച കാശു കൊണ്ട് ഒരു സ്വർണമാല വാങ്ങിക്കൊടുത്തു. കൂടുതൽ സൗഭാഗ്യങ്ങൾ ലഭിച്ചാൽ തക്കതായ വിഹിതം നൽകുമെന്നു പറഞ്ഞിട്ടുമുണ്ട്.

അമ്മച്ചി ഒന്നു ചോദിച്ചാൽ ദൈവം രണ്ടു കൊടുക്കുമെന്നു ഉറപ്പാണ്. പക്ഷേ, അധികം ലേറ്റാവാതെ അനുഗ്രഹിക്കണേ എന്നാണു ദൈവത്തോടുള്ള ഞങ്ങളുടെ വലിയ പ്രാർഥന.

English Summary:

What is the success story of Evin and Kevin. The Thug Adi experts, are the focus of this interview. These twin actors from Kottayam are making waves on Mazhavil Manorama's 'Oru Chiri Iru Chiri Bumper Chiri'.

ADVERTISEMENT