ADVERTISEMENT

‘ബ്രെസ്റ്റ് റിമൂവ് ചെയ്യണം, അതല്ലാതെ മറ്റൊരു ഓപ്ഷനില്ല.’!!!

ബയോപ്സി റിപ്പോർട്ട് മറിച്ചു നോക്കി ഡോക്ടർ മുഖത്തു പോലും നോക്കാതെ പറയുമ്പോൾ ജോസ്ന മരവിച്ചിരിക്കുകയായിരുന്നു. സ്ഥലകാല ബോധമില്ലാത്ത മരവിപ്പ്. ആർത്തലച്ചു കരയണമെന്നുണ്ട്, സാധിക്കുന്നില്ല. ആ റിസൾട്ട് അവളെ അത്രയേറെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നു പപ്പ കൊച്ചുകുട്ടികളെ പോലെ വാവിട്ടു കരയുകയായിരുന്നു.

ADVERTISEMENT

മകൾക്ക് 23 വയസ് മാത്രമേ ആയിട്ടുള്ളൂ. ഈ ചെറിയ പ്രായത്തിൽ അവളുടെ ബ്രെസ്റ്റ് റിമൂവ് ചെയ്യുന്നത് ജോസിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. മകളുടെ ഭാവി ഒരു ചോദ്യചിഹ്നം പോലെ ആയാളുടെ മുന്നിൽ തെളിഞ്ഞുവന്നു. ജീവിതം തുലാസിലാക്കിയ ആ കാൻസർ റിപ്പോർട്ടുകൾക്ക് മരണശീട്ടെന്നു കൂടി പലരും അർഥം കൽപ്പിച്ചു. സഹപാതമുള്ള കണ്ണുകൾ, എല്ലാം തീർന്നില്ലേ എന്ന ഭാവമുള്ള നോട്ടങ്ങൾ, എല്ലാത്തിനും മേലെ കാൻസറെന്നാൽ മരണമാണെന്നുള്ള പ്രഖ്യാപനങ്ങൾ.

ആശുപത്രി വരാന്തയുടെ പടികയറിയിറങ്ങിയ നാളുകൾക്കിടിൽ എപ്പോഴോ ജോസ്ന ഒന്നു തീരുമാനിച്ചുറപ്പിച്ചു. മരിക്കുന്നതു വരെ എന്റെ ദേഹത്ത് സർജിക്കൽ ബ്ലേഡ് വയ്ക്കാൻ അനുവദിക്കില്ല. ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലെങ്കിൽ മരണമാണ് സംഭവിക്കുന്നതെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്ന തീരുമാനം. ‘മരിക്കുന്നതു വരെ ഞാന്‍ ഞാനായിരിക്കും’ എന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ADVERTISEMENT

ഉപദേശങ്ങളും മുന്നറിയിപ്പുകളും വകവയ്ക്കാതെ, അവളെടുത്ത ആ തീരുമാനം മരണശീട്ടുമായി വന്ന കാൻസറിനെ തുരത്തിയോ? എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആത്മവിശ്വാസം തുളുമ്പുന്ന ചിത്രങ്ങളിലുണ്ട് . കാൻസറിനെ കരളുറപ്പു കൊണ്ട് നേരിട്ട പോരാട്ടകഥ അവൾ തന്നെ പറയുന്നു,‘വനിത ഓൺലൈനോട്’

ജീവനോടെ മരിച്ചവൾ

വരുന്ന നവംബറിൽ എനിക്ക് 34 വയസാകും. പക്ഷേ എന്റെ കാൻസറുമായുള്ള യുദ്ധത്തിന്റെ കഥ 23 വയസിലേ തുടങ്ങിയതാണ്.  ജീവിതത്തിലെ വലിയ വെല്ലുവിളി എന്നെ തേടിയെത്തുമ്പോൾ കാൻസറിന്റെ വേദനകളെ കുറിച്ചോ അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചോ എനിക്കറിയില്ല.   

ADVERTISEMENT

മാറിടത്തിലൊരു മുഴ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതായിരുന്നു സകല വേദനകളുടെയും വേര്. ദിവസങ്ങൾ കഴിഞ്ഞിട്ടും അത് അവിടെത്തന്നെയുണ്ട്. അന്ന് ശരീരം പ്രകടിപ്പിച്ച ആ അസാധാരണ മാറ്റം കാര്യമാക്കിയതേയില്ല. ദിവസങ്ങൾ കടന്നു പോയി. ശരീരത്തിലെ ആ തടിപ്പും മരവിപ്പും അങ്ങനെ തന്നെ നിൽക്കുന്നു. അങ്ങനെയാണ് വിഷയം ആദ്യമായി പപ്പയോട് പറഞ്ഞത്. വിളിച്ചു പറയുമ്പോള്‍ പപ്പ ആശ്വസിപ്പിക്കുകയായിരുന്നു. ശരീരം വല്ലയിടത്തും തട്ടിയതാകും എന്ന് പറഞ്ഞപ്പോൾ തെല്ലൊരാശ്വാസമായി. മമ്മയ്ക്കും ഇതു പോലൊരു പ്രശ്നം വന്നിട്ടുണ്ടെന്നും ആശുപത്രിയിൽ പരിശോധിച്ചപ്പോൾ എന്തോ ഷുഗർ പ്രശ്നമാണെന്ന് കണ്ടെത്തിയെന്നു കൂടി പറഞ്ഞപ്പോൾ ടെൻഷൻ പമ്പ കടന്നു.

josna-9

പക്ഷേ എന്റെ കാര്യത്തിൽ ‘ദൈവത്തിന്റെ റിസൾട്ട്’ മറ്റൊന്നാകുന്ന ലക്ഷണമായിരുന്നു. ദിവസം കഴിയുന്തോറും ആ തടിപ്പ് വളരുന്നു. ഇക്കുറി പപ്പയു സംഗതി സീരിയസായി എടുത്തു. നാട്ടിലെത്തി ആശുപത്രിയുടെ പടികൾ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, എന്നെ തളച്ചിടാന്‍ പോകുന്ന രോഗത്തിന്റെ തുടക്കമാണ് അതെന്ന്. ബയോപ്സി റിസള്‍ട്ടിനായി കാത്തിരുന്ന ഞങ്ങൾക്കു മുന്നിൽ ഇടിത്തീ പോലെയാണ് ഡോക്ടറുടെ അറിയിപ്പെത്തിയത്. ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്! ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലത്രേ... 23 വയസിന്റെ ലോകപരിചയം മാത്രമുള്ള പെണ്ണിനോട്. കരിയറിനെ കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്ത പെണ്ണിനോട്. ജീവിതത്തിന്റെ നല്ലകാലത്ത് പറയുകയാണ്, മാറിടം എടുത്തു കളയണമെന്ന്. അന്ന് ആശുപത്രിയുടെ ഇടനാഴിയിൽ വച്ച് ജോസ്ന മരിച്ചു പോയി, ജീവനോടെ.

അറുത്തു മുറിക്കില്ല ദേഹം

പല ആശുപത്രികൾ കയറിയിറങ്ങി. പലരോടും അഭിപ്രായം ചോദിച്ചു. എല്ലാവരും പറഞ്ഞത് റിസ്ക് എടുക്കേണ്ട... ബ്രെസ്റ്റ് റിമൂവ് ചെയ്തേക്കൂ എന്നാണ്. പക്ഷേ ഞാൻ ഒരുക്കമല്ലായിരുന്നു. ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ ട്രീറ്റ്മെന്റ് എടുക്കുന്നതിന്റെ സാധ്യതകള്‍ തേടി പിന്നെയും ഒരുപാട് അലഞ്ഞു. പലരും കൈമലർത്തി. തെല്ലും കൂസലില്ലാതെ അതങ്ങ് കളഞ്ഞേക്ക് എന്ന് വിധിയെഴുതി. പക്ഷേ എനിക്കത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അങ്ങനെയിരിക്കേയാണ് ഞങ്ങളുടെ കുടുംബ ഡോക്ടർ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ സാധ്യതയെ കുറിച്ചു പറഞ്ഞത്. കാൻസർ കോശങ്ങളെ വലിച്ചെടുത്ത് ഫാറ്റ് റീഫിൽ ചെയ്യുന്നതായിരുന്നു രീതി. അതൊരു വെളിച്ചമായിരുന്നു. ശരീരത്തെ മുറിക്കാതെയും ജീവിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന വെളിച്ചം.

കീമോ ആയിരുന്നു രണ്ടാമത്തെ വെല്ലുവിളി. ശരീരത്തെ പച്ചയ്ക്ക് കരിച്ചു കളയുന്ന പരീക്ഷണത്തിന് നിൽക്കാൻ എനിക്കു മനസില്ലായിരുന്നു. കീമോ ചെയ്താൽ കാൻസര്‍ വേരുകൾ വീണ്ടും വരില്ല എന്നതിന് എന്തുറപ്പ് എന്നു ചോദിച്ചപ്പോൾ പലരും കൈമലർത്തി. കീമോ ചെയ്തില്ലെങ്കിൽ മരിക്കും മോളേ എന്ന് പറഞ്ഞവരോട്, ‘മരിക്കുവാണേൽ മരിച്ചു പോകട്ടേ... പക്ഷേ അതു വരെ മുഖത്ത് ജീവനില്ലാതെ, മരിച്ചു ജീവിക്കാന്‍ വയ്യ’ എന്നാണ് ഞാൻ മറുപടി കൊടുത്തത്. ജോസ്ന ജീവിച്ചിരിക്കുന്ന ഡെഡ്ബോഡിയാകില്ല എന്ന് കട്ടായം പറഞ്ഞു. എനിക്കറിയാം, കീമോ എടുത്ത് വേദന തിന്ന് മുന്നോട്ടു പോകുന്ന ഒരുപാടു പേരുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ കീമോ ചെയ്താൽ പിന്നെ ജോലിക്ക് പോകലൊക്കെ ബുദ്ധിമുട്ടാകും. കൃത്യമായ ട്രീറ്റ്മെന്റും മെഡിസിനും ചെക്കപ്പും എടുത്ത് മുൻകരുതലുമായി ഞാൻ നാലു വർഷത്തോളം മുന്നോട്ടു പോയി. കാൻസറിനെ ഒരു പരിധി വരെ പിടിച്ചു കെട്ടുകയും ചെയ്തു. പക്ഷേ എന്റെ ഇരുപത്തിയെട്ടാം വയസിൽ അവനൊരു രണ്ടാം വരവു വന്നു. മസിൽസുമായി ചേർന്നു നിൽക്കുന്ന ശരീരത്തിന്റെ പുറംഭാഗത്തെ  ആ തടിപ്പ് പിടിച്ചു നോക്കിയിട്ട്, കൊഴുപ്പാണെന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. പക്ഷേ അത് കാൻസറിന്റെ സെക്കന്റ് എന്‍ട്രി ആയിരുന്നു. പേശികളിലും എല്ലിലുമായിരുന്നു ഇക്കുറി കാൻസർ ബാധിച്ചത്.

josna-10

വില്ലൻ വീണ്ടും വരുന്നു

പരിശോധനയിൽ ആ തടിപ്പ് കാൻസറിന്റെ നാലാം സ്റ്റേജ് ആയിരുന്നു. ഇക്കുറി എന്റെ ആത്മവിശ്വാസം പാളി. കീമോ തന്നെയായി ശരണം. എന്റെ തീരുമാനവും ആത്മവിശ്വാസവും ചോർന്നു പോകയാണോ എന്ന് ഒരുനിമിഷം ചിന്തിച്ചു. പക്ഷേ ഞാൻ തോറ്റുകൊടുത്തില്ല. മനസു കൊണ്ടു തയ്യാറെടുത്തു. ഇത്രയും പോരാടിയ എനിക്ക് ഈ പ്രതിസന്ധിയേയും തരണം ചെയ്യാനാകുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. കീമോ പൊള്ളിക്കും മുന്നേ എന്റെ മനോഹരമായ മുടികൾ ഞാൻ മുറിച്ചു മാറ്റി. അതിന്നും ‍ഞാൻ ദാനം ചെയ്യാനായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. പേടിപ്പിച്ചതൊന്നും എനിക്ക് സംഭവിച്ചില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. ബാക്കിയുണ്ടായിരുന്ന മുടി കീമോ രശ്മികൾ നിർദാക്ഷിണ്യം അങ്ങെടുത്തു. പക്ഷേ ഞാൻ കുലുങ്ങാതെ നിന്നു. തുടർ ചികിത്സകൾ ജോലിക്ക് ബുദ്ധിമുട്ടാകും എന്നതു കൊണ്ട് താത്കാലികമായി ബംഗളൂരുവിലെ ജോലിയോട് ഗുഡ്ബൈ പറഞ്ഞു. പക്ഷേ ഞാന്‍ ഹാപ്പിയാണ്.

josna-13

കഴിഞ്ഞു പോയ ആറ് കീമോകൾക്കിടയിൽ ഞാൻ യാത്ര ചെയ്തു, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിച്ചു. എല്ലാം ഞാനായി തന്നെ ഉണ്ടാക്കിയെടുത്ത മനസാന്നിദ്ധ്യത്തിന്റെ ബലത്തിൽ. കാൻസർ എനിക്കു മുന്നിൽ വച്ച കടമ്പകളെ ഒന്നൊന്നായി നേരിട്ടു വിജയിച്ചപ്പള്‍ ടാർഗറ്റഡ് തെറപ്പിക്ക് വിധേയയായി. കീമോ ശരീരത്തിലെ മുഴുവൻ ശരീരത്തിലേക്കും കടന്നു ചെല്ലുമ്പോൾ ടാർഗറ്റഡ് തെറപ്പി കാൻസർ സെല്ലുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അതും ഫലം കണ്ടു. അവസാനിക്കുമെന്ന് കരുതിയിരുന്ന ജീവിതം മെല്ലെ മെല്ലെ തിരികെ വന്നു. പഴയ പുഞ്ചിരിയും സ്വപ്നങ്ങളും പിന്നെയും ജീവിതത്തിലേക്കെത്തി. എനിക്കു വേണ്ടി കരഞ്ഞവരേ... സങ്കടപ്പെട്ടവരേ... ഇതാ പുതിയ ജോസ്ന. ഇതെന്റെ രണ്ടാം ജന്മം.

ഈ പറഞ്ഞതെല്ലാം 2016ല്‍ സംഭവിച്ച കാര്യങ്ങളാണ്. കാൻസറിനെതിരായ പോരാട്ടം തുടരുമ്പോഴും മറുവശത്ത് വെല്ലുവിളികളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എല്ലാം അവസാനിച്ചു എന്നുകരുതിയ നിമിഷങ്ങളിൽ മൂന്നു തവണ കാൻസർ തലപൊക്കി. അതായത് 2016നു ശേഷം മൂന്നു തവണ അവസ്ഥ ഗുരുതരമായി. ചികിത്സയുടെ ഭാഗമായി ഓവറി ഡീ ആക്റ്റിവേറ്റ് ചെയ്തു. ഇനിയെനിക്ക് ഒരമമയാകാൻ കഴിയില്ല എന്നതാണ് വലിയ വേദന.
. വിവാഹ ജീവിതം എന്ന സ്വപ്നം ഇപ്പോഴും തുലാസിലാണെന്ന് സാരം. അസ്ഥി നുറുങ്ങുന്ന വേദനയിൽ ഓരോ ആറു മാസത്തിലും ചെക്കപ്പുണ്ട്. ചെക്കപ്പും മരുന്നും എന്നെ തളർത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ട്രീറ്റ്മെന്റിൽ നിന്് എനിക്കൊരു മോചനം ഉണ്ടാകില്ല. മരുന്നുകളുടെ സൈഡ് ഇഫക്റ്റ് പരീക്ഷണങ്ങൾ വേറെ.

പക്ഷേ എന്തു സംഭവിക്കുമ്പോഴും എന്റെ സ്വപ്നങ്ങൾ വിട്ടു കൊടുത്തിട്ടില്ല. ഡാൻസും മോഡലിങ്ങും ആങ്കറിങ്ങും ജിം പരിശീലവുമൊക്കെയായി ജീവിതത്തിലെ ഓരോ മൊമന്റും ഞാൻ ആസ്വദിക്കുന്നു. ഡയറ്റിന്റെ കാര്യത്തിലും വിട്ടു വീഴ്ചയില്ല. അങ്ങനെ തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ. നിലവിൽ ബംഗളൂരുവിലുള്ള ട്രസ്റ്റ് കെമിസ്റ്റ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്.

josna-4

നമ്മളെ വരിഞ്ഞു മുറുക്കാൻ കാൻസറിനാകില്ല എന്ന പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവയ്ക്കുന്ന മെഡലിങ് ചിത്രങ്ങൾ പറയാതെ പറയുന്നത്. കീമോയുമായി മല്ലിടുമ്പോഴും വലിയൊരു അവസരം കൂടി തേടിയെത്തി. മിസ് കേരള 2022 വേദി ശരിക്കും ഒരു സ്വപ്ന നിമിഷമായിുന്നു. അന്ന് കാൻസർ പോരാളികളുടെ ശബ്ദവും രൂപവുമായി ഞാൻ ആ വേദിയിലെത്തി. മിസ് അയൺ മെയ്ഡൻ എന്ന ടൈറ്റിലും തേടിയെത്തി. നിലവിൽ മോട്ടിവേഷനൽ സ്പീക്കറായും കാൻസർ പോരാളികളുടെ പ്രതിനിധിയായും പല വേദികളിലും ഞാൻ സാന്നിദ്ധ്യമറിയിക്കാറുണ്ട്.  

കീമോ ചെയ്താൽ ജീവിതമേ അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുന്നവരോട് എനിക്ക് ചിലത് പറയണമായിരുന്നു. അതാണ് ‍ഞാൻ  സോഷ്യൽ മീഡിയയി‍ൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും. വിതത്തിന്റെ ക്രോസ് റോഡിൽ കാൻസറിനെ കണ്ടുമുട്ടി ദിക്കറിയാതെ പകച്ചു നിൽക്കുന്നവരോടാണ് എന്റെയീ ചിത്രങ്ങൾ സംസാരിക്കുന്നത്. മരണശീട്ടു നൽകിയ കാൻസറിനെ കീഴ്പ്പെടുത്തി ജോസ്ന ഇതാ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.

കോട്ടയം പാലായാണ് എന്റെ നാട്. പപ്പ ജോസിയും അമ്മ ബിൻസിയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. ബിസിനസാണ് പപ്പയ്ക്ക്. രണ്ട് കുഞ്ഞനിയൻമാരുടെ ചേച്ചി റോളും ഈ ജീവിതത്തെ മനോഹരമാക്കുന്നുണ്ട്.

English Summary:

Cancer survivor Josna shares her inspiring story of battling breast cancer and refusing a mastectomy. Josna's determination and positive attitude helped her overcome numerous challenges and become a motivational speaker. Josna, a cancer survivor, offers an inspirational and empowering testament to patient choice in healthcare, recounting her journey of fighting breast cancer and making the courageous decision to reject the recommended mastectomy, successfully pursuing alternative or localized treatment and challenging standard surgical protocol.

ADVERTISEMENT