‘ചുറ്റും മാംസവും മുടിയും കരിയുന്ന ഗന്ധം, മുഖവും കയ്യും വെന്തുരുകിയ നിലയിൽ അവനെ ഞങ്ങൾക്ക് കിട്ടി’: നടുക്കും ഓർമ Remembering the Tragedy Nileshwaram Fire Accident
Mail This Article
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഒരാണ്ട് തികഞ്ഞിരിക്കുന്നു. 2024 ഒക്ടോബർ 28ന് അർദ്ധരാത്രിയിൽ നടന്ന അപകടത്തിൽ ആറു പേരാണ് പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ചത്. രാത്രിയിൽ മൂവാളംകുഴി ചാമുണ്ടിയുടെ വെള്ളാട്ടത്തിനിടയിൽ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് നിന്ന് വെടി പൊട്ടിക്കുമ്പോൾ തീനാളം പടക്കം സൂക്ഷിച്ച ക്ഷേത്രത്തിലെ മുറിയിലേക്ക് എത്തുകയും പിന്നീട് ഒരു തീഗോളമായി മാറുകയും ചെയ്തു.
ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന ഹൃദയംതൊടുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രീലാൽ ചായോത്ത്. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ശ്രീലാലിന്റെ കുറിപ്പ്. സന്തോഷത്തോടെ നാട്ടിലെ ഉത്സവത്തിന് ഒന്നിച്ച് പോയവരുടെ വെന്ത് മരിച്ച ശരീരങ്ങളുമായി തിരികെ പോരേണ്ടിവരുന്ന അവസ്ഥ നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്ന ആമുഖത്തോടെയാണ് ശ്രീലാലിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ:
സന്തോഷത്തോടെ നാട്ടിലെ ഉത്സവത്തിന് ഒന്നിച്ച് പോയവരുടെ വെന്തുമരിച്ച ശരീരങ്ങളുമായി തിരികെ പോരേണ്ടിവരുന്ന അവസ്ഥ നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ....
മനുഷ്യരുടെ പച്ച മാംസം വെന്തുരുകി ഉറഞ്ഞു പോയ ആ രാത്രിക്ക് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആ രാത്രി തന്നു പോയ ട്രോമയും പ്രിയപ്പെട്ട മനുഷ്യന്മാരുടെ വേർപാടും ബാക്കിയായ മനുഷ്യർ അനുഭവിച്ചു പോരുന്ന നരകയാതനകളും ഇന്നും നിലക്കാതെ തുടരുന്നു. പത്താം ഉദയം ഇന്നാട്ടിലെ തെയ്യപ്രേമികളിൽ എന്നും ആവേശമായിരുന്നു. തെയ്യക്കാലത്തിന്റെ തുടക്കമെന്നോണം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ ഉത്സവത്തിലാണ് ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കൗതുകമുള്ളതും, കൂടെ അഗ്രസീവായതുമായ തെയ്യം അരങ്ങിൽ വരുന്നത്.പതിവ് പോലെ നാട്ടിലെ ചെങ്ങായിമാർ എല്ലാം കൂടെ തെയ്യത്തിന് പോകുന്നു പിന്നെ അവിടെ നടന്നത് നമ്മളിൽ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്നു.
ഈ പറയുന്ന കാവും അമ്പലവും അത്രയൊന്നും പ്രസിദ്ധമല്ലെങ്കിൽ പോലും തെയ്യകാലത്തിലെ ആദ്യത്തെ തെയ്യം ആയതുകൊണ്ട് അവിടെ ഒരുപാട് മനുഷ്യർ ഒത്തുകൂടുമായിരുന്നു. പെട്ടെന്നാണ് ആ മനുഷ്യർ കൂടിനിന്ന സ്ഥലത്തുനിന്നും ഉഗ്ര ശബ്ദത്തോടെയുള്ള ഒരു അഗ്നിഗോളം ഉയർന്നുപൊങ്ങിയത്. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുമ്പ് അവിടമാകെ മാംസവും മുടിയും കരിയുന്ന ഗന്ധം നിറഞ്ഞിരുന്നു. മുടി നാരുകൾ കരിഞ്ഞതല്ലാതെ എന്റെ ജീവന് മറ്റ് അപായം ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും ആ തീ ആളിക്കത്തുന്നതു കണ്ട് ജീവനും കൊണ്ട് പുറത്ത് ഇറങ്ങുവാൻ ശ്രമിച്ചപ്പോൾ നിലത്ത് വീണു പോയി.വീണ് കിടക്കുന്ന ഞാനടക്കമുള്ള ആളുകളുടെ മുകളിൽ കൂടെ ജീവനും കൊണ്ട് ഒരുപാട് ആളുകൾ ഓടുകയാണ്.
ഒടുവിൽ എങ്ങനെയൊക്കെയോ ശ്വാസം നിലച്ചു പോയആ നിമിഷത്തിൽ നിന്നും പുറത്തുകടന്ന് ആദ്യം നോക്കിയത് കൂടെ വന്ന സുഹൃത്തുകളെയാണ്. ആദ്യം കണ്ടത് ആദർശിനെയാണ് പരുക്കുകൾ ഒന്നുമില്ലാതെ അവൻ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു കാരണം അവന്റെ കൂടെയായിരുന്നു ബാക്കിയുള്ളവരും. മുഖവും ദേഹവും നഷ്‌ടപ്പെട്ട ഒരുപാട് ആളുകൾ ജീവനുവേണ്ടി കൈ നീട്ടുമ്പോൾ അത് ആരെന്ന് പോലും മനസ്സിലാക്കുവാൻ ഞങ്ങൾ ഏറെ കഷ്‌ടപ്പെടുന്നുണ്ടായിരുന്നു.( ഈ ദുരന്തത്തിൽ ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ സന്ദീപേട്ടനും അതിൽ ഉണ്ടായിരുന്നു എന്നത് പോലും പിന്നെയാണ് ഞങ്ങൾ മനസ്സിലാക്കിയത്).
കൂടെ പോയ ബാക്കിയെല്ലാവരെയും കണ്ടുവെങ്കിലും കുട്ടൂസനെയും അപ്പുവിനെയും കണ്ടെത്തുവാൻ അപ്പോഴും നമുക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കുട്ടൂസനെ ഞങ്ങൾക്ക് കിട്ടി മുഖവും കൈയും വെന്ത് ഉരുകിയ നിലയിലായിരുന്നു അവൻ. അവനെയും എടുത്ത് നീലേശ്വരത്തെ ബാലകൃഷ്ണൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും അവിടെ കണ്ട കാഴ്ച ഭയവും വേദനയും നിറയ്ക്കുന്നതായിരുന്നു.
ദേഹമാസകലം വെന്തുപോയ കുഞ്ഞുങ്ങൾ അടക്കം ഒരുപാട് മനുഷ്യർ ജീവനുവേണ്ടി ആശുപത്രിയിൽ നമ്മൾ എത്തുന്നതിനുമുമ്പേ നിറഞ്ഞിരുന്നു. അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ നമ്മൾ അവനെയും കൊണ്ട് തൊട്ടടുത്ത തേജസ്വിനി ആശുപത്രിയിലേക്ക് ഓടി. അവിടെയും വ്യത്യസ്‌തമായിരുന്നില്ല സ്ഥിതി. അവിടെനിന്നും അപ്പുവിനെയും വെന്തുരുകിയരൂപത്തിൽ ഞങ്ങൾക്ക് ലഭിച്ചു.
രണ്ടുപേരെയും കൊണ്ട് ആംബുലൻസ് നേരെ പോയത് ജില്ലാ ആശുപത്രിയിലേക്ക് ആയിരുന്നു. നാട്ടിലെ പിള്ളേരും അപകടത്തിൽ പെട്ടിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞ നാട്ടുകാരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഓടിയെത്തി. അവിടെനിന്നും കണ്ണൂർ മിംസ് ആശുപത്രിയിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. പിന്നെയുള്ള ദിനങ്ങൾ വേദനയുടേതായിരുന്നു. ഉറങ്ങുവാൻ പോലും സമ്മതിക്കാത്ത തരത്തിൽ വേദന അവിടെയുള്ള എല്ലാവരെയും വിഴുങ്ങിയിരുന്നു. ഈ അപകടത്തിൽ പരിക്കുപറ്റിയ ആളുകൾക്ക് വേണ്ടി ആശുപത്രിയിൽ ഒരു വാർഡ് തന്നെ പ്രത്യേകം സജ്ജമാക്കിയിരുന്നു. നിലവിളികളും കരച്ചിലുകളും മായാത്ത ദിനങ്ങൾ ആയിരുന്നു പിന്നീട് അവിടെ. 150 ലധികം മനുഷ്യർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ആറുമനുഷ്യ ജീവനുകൾ നഷ്‌ടപ്പെടുകയും ചെയ്‌ത ഒരു മഹാ ദുരന്തത്തിനായിരുന്നു ഞാൻ നേരിൽ സാക്ഷിയായതും, ഒരു അഞ്ച് സ്റ്റെപ്പ് മാറി തിന്നത് കൊണ്ട് മാത്രം ഇന്നും ജീവനോടെ ഇരിക്കുന്നതും. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ഈ ദുരന്തത്തിൻ്റെ ബാക്കി പത്രങ്ങൾ ആയിട്ടുണ്ട്. ഒരു ഉത്സവം എങ്ങനെ നടത്തരുത് എന്നതിൻറെ ഉത്തമ ഉദാഹരണം ആയിരുന്നു ഈ അമ്പല കമ്മിറ്റിക്കാർ കാണിച്ച് തന്നത്, പകരം നൽകേണ്ടി വന്നതോ ഒരുപാട് ജീവനുകളും അതിലുമേറെ ആളുകളുടെ കണ്ണുനീരും. ഇന്നും അതിന്റെ വേദനയിൽ നരക ജീവിതം നയിക്കുന്ന മനുഷ്യരെ ചേർത്ത് പിടിക്കാൻ ആരുമില്ലാതെ പോവുന്നത് അതിലേറെ വേദനിപ്പിക്കുന്നു.....