‘നടത്തം കുറഞ്ഞു, മൊബൈല്‍ ഫോണുമായി കുത്തിയിരിപ്പ്’: സ്വന്തം ഹൃദയം സ്വന്തം ഉത്തരവാദിത്തം: ഓർമിപ്പിച്ച് സെമിനാർ Why heart health is more important in Post Covid era
Mail This Article
സ്വന്തം ഹൃദയത്തിന്റെ പരിചരണവും സംരക്ഷണവും സ്വന്തം ഉത്തരവാദിത്തമാണെന്ന് ഓര്‍മപ്പെടുത്തി വീണ്ടുമൊരു ലോക ഹൃദയദിനം കടന്നു പോയി. ഹൃദ്രോഗത്തിന്റെ കാരണങ്ങളും ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളും മുന്‍കരുതലുകളും ഒരിക്കല്‍ക്കൂടി ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍, മനുഷ്യഹൃദയത്തെ എങ്ങനെയാണു രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയെന്നറിയാന് ഒരുകൂട്ടം മലയാളികള്‍ മഞ്ചേരിയിലെ സെഞ്ചുറി കണ്വന്ഷന് സെന്ററില്‍ ഒത്തുചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ആനുകാലിക പ്രസിദ്ധീകരണമായ വനിതയും കോഴിക്കോട് മേയ്ത്ര ആശുപത്രിയും സംയുക്തമായാണു വേദി ഒരുക്കിയത്. മേയ്ത്ര ആശുപത്രിയിലെ ഡോക്ടറും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോമി വടശ്ശേരില്‍ ജോസ് അവതരിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് പ്രായോഗിക പരിശീലനമായി മാറി.
കഥ പറയുന്ന രീതിയിലാണ് ഡോ. ജോമി ഹൃദയത്തിന്റെ പ്രവര്‍ത്തന പാഠങ്ങള്‍ അവതരിപ്പിച്ചത്. 'ഗര്‍ഭാവസ്ഥയില്‍ ആരംഭിച്ച് അവസാന നിമിഷം വരെ നിലയ്ക്കാതെ പ്രവര്‍ത്തിക്കുന്ന അദ്ഭുദമാണ് ഹൃദയം' ഡോ. ജോമിയുടെ വാക്കുകളില്‍ നിന്ന് ആളുകള്‍ക്ക് തിരിച്ചറിവുണ്ടായി.
യുവാക്കളിലെ ഹൃദ്രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് അടുത്തിടെ ഒരു ചര്‍ച്ച നടത്തിയിരുന്നു. പുതുതലമുറയുടെ ഉദാസീനമായ ജീവിതശൈലി ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന് ഈ ചര്‍ച്ചയില്‍ അഭിപ്രായ സമന്വയമുണ്ടായി. ജീവിത സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ നടത്തം ഇല്ലാതായി. മൊബൈല്‍ ഫോണുമായി എത്രനേരം ഇരുന്നാലും യാതൊരു വിരസതയുമില്ല. ഫ്രഞ്ച് ഫൈസും പോപ് കോണും അരികിലുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട. ഇതിന്റെ ഫലമായി ഇത്തിരിപ്പോന്ന ഹൃദയത്തിലേക്കുള്ള ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇതെല്ലാം ചെറുപ്പക്കാരില്‍ ഹൃദ്രോഗത്തിനു വഴിയൊരുക്കുന്നു - ഡോ. ജോമി പറഞ്ഞു തുടങ്ങി.
എല്ലാവരും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തിരക്കിലാണ്. ഇതിനിടെ നെഞ്ചിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് വേദന തോന്നിയാല്‍ 'ഹാര്‍ട്ട് അറ്റാക്ക് ' സംഭവിക്കുമോ എന്നു ഭയപ്പെടുന്നു. നെഞ്ചിന്റെ ഏതെങ്കിലുമൊരു പ്രത്യേക പോയിന്റില്‍ വിരല്‍കൊണ്ടു ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്നതും സൂചികൊണ്ടു കുത്തുന്നതു പോലെ തോന്നുന്നതും ശ്വാസം നീട്ടിവലിക്കുമ്പോള്‍ കൂടുന്നതും നടക്കുമ്പോഴും കയറ്റം കയറുമ്പോഴും അനുഭവപ്പെടാത്തതുമായ വേദന, സാധാരണ ഗതിയില്‍ ഹൃദയത്തിന്റെ വേദനയാകാന്‍ സാധ്യത കുറവാണ്.
നെഞ്ചില്‍ പരക്കെ അനുഭവപ്പെടുന്ന അസ്വസ്ഥത, ഒരുപക്ഷേ കഴുത്തിലേക്കോ താടിയെല്ലിലേക്കോ അല്ലെങ്കില്‍ കൈകളിലേക്കോ, വയറ്റില്‍ പൊക്കിളിനു മുകള്ഭാഗം വരെയോ പരന്നരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലായിരിക്കാം ഹൃദ്രോഗത്തിന്റെ വേദന പ്രകടമാവുക. ചിലര്‍ക്ക് കയറ്റം കയറുമ്പോള്‍ മാത്രമാണ് നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെടുക. വിശ്രമിക്കുമ്പോള്‍ ഈ അസ്വസ്ഥതയ്ക്ക് കുറവുണ്ടാകും.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ കൊഴുപ്പ് (പ്ലാക്ക്) അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ആന്‍ജിയോഗ്രാം പരിശോധനയിലൂടെ തിരിച്ചറിയാനാകും. അമിതമായ തോതില്‍ കൊഴുപ്പുണ്ടെങ്കില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു ബ്ലോക്ക് നീക്കം ചെയ്ത ശേഷം സ്റ്റെന്‍ഡ് സ്ഥാപിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവര്ക്കു മാത്രമല്ല മികച്ച കായികാധ്വാനം ചെയ്ത് ആരോഗ്യം പരിപാലിക്കുന്നവരുടേയും ഹൃദയത്തിന്റെ മസിലിന് ക്ഷീണം സംഭവിക്കാറുണ്ട്. 'കാര്‍ഡിയോ മയോപതി' എന്നാണ് ഇതിനു പറയാറുള്ളത്. ഇത്തരം പ്രശ്നങ്ങളുമായി എത്തുന്നവര്‍ക്ക് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. മരുന്നിലൂടെ രോഗലക്ഷണങ്ങള്‍ ഭേദമാക്കാന്‍ സാധിക്കും.
കപ്പാസിറ്റി അനുസരിച്ച് വ്യായാമം
ഹൃദ്രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനാണു ശ്രദ്ധ കൊടുക്കേണ്ടത്. അന്നജം ധാരാളം അടങ്ങിയിട്ടുള്ള ചോറിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഒഴിവാക്കാം. ഇടനേരങ്ങളില്‍ കഴിക്കുന്ന കൊഴുപ്പേറിയ വിഭവങ്ങള്‍ രോഗങ്ങള്‍ക്കു വഴിയൊരുക്കും.
ഇലക്കറികൾ കഴിക്കുക. ദിവസവും രണ്ടര ലീറ്റര്‍ വെള്ളം കുടിക്കുക. അരമണിക്കൂറെങ്കിലും നടത്തം ശീലമാക്കുക. വിഷമയമില്ലാത്ത പച്ചക്കറിയും മായം കലര്‍ന്നിട്ടില്ലാത്ത മീനും പുഴുങ്ങി വേവിച്ചും കറിവച്ചും കഴിക്കുക. പുകവലി പൂര്‍ണമായും ഒഴിവാക്കണം. മദ്യപാനം ആരോഗ്യത്തിനു ഹാനിരകരമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ജിംനേഷ്യത്തില്‍ ആദ്യമായി പോകാനൊരുങ്ങുമ്പോള്‍ സ്വന്തം ശരീരത്തിന് അതിനുള്ള കപ്പാസിറ്റി ഉണ്ട് എന്നുറപ്പു വരുത്തണം. ട്രെഡ് മില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന വ്യായാമത്തിന്റെ ഘടന തിരിച്ചറിയാനാകും.
പുകവലിയുടെ ദോഷങ്ങള്‍ മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചു പേര് ഇപ്പോള്‍ ഇ-സിഗരറ്റു വലിക്കുന്നത് സുരക്ഷിതമെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. ഹീറ്റഡ് നിക്കോട്ടിക് പ്രൊഡക്ടുകളില്‍ നിക്കോട്ടിന് ദ്രാവക രൂപത്തില്‍ നിറച്ചിട്ടുണ്ട്. അതുണ്ടാക്കാന്‍ പോകുന്ന ദുരിതങ്ങള്‍ സ്വയം തിരിച്ചറിയുക. പണ്ട് സിനിമകളില്‍ സിഗരറ്റ് വലിക്കുന്ന നായകന്മാര്ക്കു ഹീറോ പരിവേഷം കിട്ടിയിരുന്നത്. ഇപ്പോഴത്തെ സിനിമകളില്‍ നായികമാരും സിഗരറ്റ് വലിക്കുന്നുണ്ട്. ഇത്തരം രംഗങ്ങളിലൂടെ പുകവലി നല്ല ശീലമാണെന്ന് കുട്ടികളില്‍ തെറ്റിദ്ധാരണയുണ്ടാക്കും.
സ്വന്തം ഹൃദയം സ്വന്തം ഉത്തരവാദിത്തം
ഹൃദ്രോഗ ശസ്ത്രക്രിയയ്ക്കു വിധേയരായവരും ഹൃദയാരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവരും വീണ്ടും രോഗം വരാനുള്ള സാഹചര്യങ്ങളെക്കുറിച്ചു സംശയവുമായി എഴുന്നേറ്റു. ശസ്ത്രക്രിയയ്ക്കു മുന്‍പുണ്ടായിരുന്ന ദുശ്ശീലങ്ങള്‍ ശസ്ത്രക്രിയയ്ക്കു ശേഷവും തുടര്‍ന്നാല്‍ വീണ്ടും ഹൃദ്രോഗം വരുമെന്ന് ഡോ. ജോമി മറുപടി പറഞ്ഞു. 'രാവിലെ പോഷകസമ്പുഷ്ടമായ ഭക്ഷണം. ഉച്ചയ്ക്ക് അതിന്റെ പകുതി മാത്രം. അത്താഴത്തിനു മിതമായ രീതിയില്‍ വിഭവങ്ങള്‍. ദിവസവും അര മണിക്കൂര്‍ നടത്തം ശീലമാക്കുക' ഹൃദയധമനികളുടെ സംരക്ഷണത്തിനുള്ള ഭക്ഷണരീതി ഡോക്ടര്‍ വിശദമാക്കി.
കോവിഡ് പ്രതിരോധ വാക്സീന് കുത്തിവയ്പ്പു നടത്തിയത് കുഴഞ്ഞുവീണുള്ള മരണത്തിനു കാരണമാണോ എന്നുള്ള ചോദ്യവുമായി നിരവധി പേര് രംഗത്തെത്തി. 'കോവിഡ് രോഗം ബാധിച്ച ശേഷം ഓരോരുത്തരുടേയും ആരോഗ്യാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. വാക്സീന് കുത്തിവച്ചതിനാല്‍ മരണം സംഭവിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല' ഡോക്ടര്‍ പറഞ്ഞു.
ശരീരത്തെ ബാധിക്കുന്ന ഗുരുതര രോഗവും സങ്കീര്‍ണമായ ചികിത്സാരീതികളും വിശദീകരിച്ച സെമിനാറിന്റെ സമാപനം പ്രാക്ടിക്കല്‍ സെഷനോടുകൂടിയായിരുന്നു. മനുഷ്യ ശരീരത്തിന്റെ രൂപം മേശയില്‍ കിടത്തിയ ശേഷം സിപിആര്‍ നല്കുന്ന രീതി ലൈവ് ആയി ആവിഷ്കരിച്ചു. പ്രാഥമിക പരിചരണത്തെക്കുറിച്ച് ഡോക്ടര്‍ നല്കിയ നിര്‍ദേശം ഇങ്ങനെ:
രക്തത്തിന്റെ പമ്പിങ് തടസ്സപ്പെട്ട് ഹൃദയം നിലയ്ക്കുന്ന അവസ്ഥയാണു ഹൃദയസ്തംഭനം. കുഴഞ്ഞു വീഴുന്നയാള്‍ക്ക് സിപിആര്‍ നല്കി ജീവന് രക്ഷിക്കാന്‍ സാധിക്കും. കുഴഞ്ഞു വീണയാളെ നിലത്തു നിവര്‍ത്തി കിടത്തണം. ശ്വാസം തിരികെ കിട്ടുന്നതു വരെ, ഹൃദയമിടിപ്പ് ഉണ്ടാകുന്നതു വരെ നെഞ്ചിന്റെ നടുഭാഗത്ത് ശക്തമായി അമര്‍ത്തണം. ഇത്തരം സാഹചര്യത്തില്‍ രോഗിയുടെ സമീപത്തു നില്ക്കുന്ന ആള് ഡോക്ടറായി മാറണം. വിദഗ്ധനായ ഡോക്ടറുടെ മുന്നിലേക്ക് രോഗിയെ എത്തിക്കുന്നതു വരെ കുഴഞ്ഞുവീണയാളുടെ സമീപത്തു നില്‍ക്കുന്നയാളാണ് രോഗിയുടെ ജീവന് വീണ്ടെടുക്കാന്‍ ഏറ്റവും പ്രാപ്തനായ ആള് - ഡോ. ജോമി വടശ്ശേരില്‍ ജോസ് ഓര്‍മിപ്പിച്ചു.