വഴിത്തിരിവായത് ആ പത്രക്കട്ടിങ്, ഒമ്പതാം ക്ലാസുകാരി കണ്ട സ്വപ്നം... ആ ഒരൊറ്റ ചോദ്യത്തിൽ സുകന്യയ്ക്ക് സൗന്ദര്യ കിരീടം Sukanya Sudhakaran Miss India worldwide winner
Mail This Article
ജീവിതത്തിന് പുതിയ ലക്ഷ്യങ്ങളും ദിശോബോധവും സമ്മാനിക്കുന്ന ചില മൊമന്റുകളുണ്ട്. അതു വ്യക്തികളോ സംഭവങ്ങളോ ആകാം. പക്ഷേ സുകന്യയെന്ന പഴയ ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നങ്ങൾക്ക് പാതതെളിച്ചത് ഒരു പത്ര കട്ടിങ്ങാണ്. ‘വിജയകിരീടവും തലയിലേന്തി ചൂടിന്ന മിസ് വേൾഡിന്റെ വാർത്താ ചിത്രം.’ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾക്കുള്ള പ്രചോദനമായി.
അന്നു മുതൽ അഴകളവുകളും ബുദ്ധിശക്തിയും കൊണ്ട് സൗന്ദര്യ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച എത്രയോ സുന്ദരിമാർ അവൾക്കു മുന്നിലൂടെ കടന്നു പോയി. സുഷ്മിത സെൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര... അവർ എത്തിച്ചേർന്ന മായിക ലോകത്തേക്ക് എത്താൻ സുകന്യ സുധാകരനെന്ന പഴയ ഒമ്പതാം ക്ലാസുകാരിയും കൊതിച്ചു. അവർക്ക് സാധിച്ചത് തനി നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടിക്ക് സാധിക്കുമോ എന്ന് സംശയമുനകൾ എറിഞ്ഞവർ ചുറ്റുമുണ്ടായിരുന്നു. എന്നാൽ ഉള്ളിൽ കെടാതെ കനൽ പോലെ സൂക്ഷിച്ച ആ സ്വപ്നത്തിലേക്ക് സുകന്യ നടന്നടുത്തു. 2014 ലെ മിസ് കേരള മൽസരത്തിൽ മിസ് ഫൊട്ടോജനിക്കായി തുടങ്ങിയ സുകന്യയുടെ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് മിസ് ഇന്ത്യ വേൾഡ് വൈഡ് മൽസരത്തിലെ വിജയിയെന്ന മേൽവിലാസത്തിലാണ്. നൃത്തം, മോഡലിങ്, തിയറ്റർ ആർട്സ് എന്നീ ഇഷ്ടങ്ങളെ കൂട്ടുപിടിച്ച് ആഗ്രഹിച്ച ഇടത്ത് എത്തി നിൽക്കുന്ന സുകന്യയുടെ വിജയകഥ. നേട്ടങ്ങളുടെ നെറുകയിൽ നിന്ന് അവൾ മനസു തുറക്കുന്നു വനിത ഓൺലൈനോട്.
ഒരു ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നം
സ്വദേശം മലപ്പുറമാണ്. അബുദാബിയിലാണ് ജനിച്ചു വളർന്നത്. ആദ്യ മിസ് ഇന്ത്യ വേള്‍ഡ്വൈഡിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതിയിലേക്ക് എത്തിയതിനു പിന്നിൽ ഒരു ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നമുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിസ്സ് വേൾഡ് കിരീടം അണിിഞ്ഞ് അഭിമാനത്തോടെ നിൽക്കുന്ന ജേതാവിന്റെ പത്രവാർത്ത വാർത്ത കാണുന്നത്. അതൊരു വേക്കപ്പ് കോളായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ കിരീടം ചൂടി നിൽക്കുന്ന മൂന്ന് പേർ. അവരിൽ ഒരാൾ എന്നെങ്കിലും ഞാനാകുമെന്ന സ്വപ്നം മനസിൽ കുറിച്ചിട്ടു. അപ്പോൾ തന്നെ ഞാൻ അത് ആരും കാണാതെ പേപ്പർ കട്ടിങ് കയ്യിലെടുത്തു. ആ സ്വപ്നം മനസിലും സൂക്ഷിച്ചു.
അതിനുശേഷം ഞാൻ സൗന്ദര്യ മത്സരത്തെക്കുറിച്ചും അതിന്റെ തയ്യാറെടുപ്പിനേയും മാനദണ്ഡങ്ങളേയും കുറിച്ചും റിസർച്ച് ചെയ്യാൻ തുടങ്ങി. ആ സമയങ്ങളിൽ ബ്യൂട്ടി പേജന്റ് എന്താ എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ മനസിലുറച്ച സ്വപ്നം പഠന കാലത്തും പ്രഫഷനിലേക്കുള്ള യാത്രക്കിടയിലും എന്നെ സ്വാധീനിച്ചു കൊണ്ടേയിരുന്നു. ഒരൊറ്റ മത്സര നോട്ടിഫിക്കേഷനുകളും മിസ് ആക്കില്ല. ഒട്ടുമിക്ക മത്സരങ്ങൾക്കും അപേക്ഷിച്ചു. അതിൽ മിസ് കേരള മത്സരത്തിലൂടെ ആദ്യ ഭാഗ്യ പരീക്ഷണം. ആ അവസരം മുതൽക്കൂട്ടാക്കി. മിസ്സ് ഇന്ത്യ യുഎഇ , മിസ്സ് ഇന്ത്യ വേൾഡ്വൈഡ് സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരയ്ക്കാനുള്ള നിയോഗം കാലം എനിക്കായി കാത്തുവച്ചു.
ഇപ്പോഴിതാ മുംബൈയില്‍ നടന്ന 32-ാമത് ആഗോള സൗന്ദര്യ മത്സരത്തില്‍ കിരീടം നേടുമ്പോൾ ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ സ്വപ്നം മനസിലേക്ക് ഓടിവരും. ഞാൻ ആഗ്രഹിച്ച ഇടത്ത് എത്തിയല്ലോ എന്നോർത്ത് അഭിമാനിക്കും. മുംബൈയിലെ ദി ലളിത് ഹോട്ടലില്‍ നടന്ന 32-ാമത് മിസ് ഇന്ത്യ വേള്‍ഡ്വൈഡ് മത്സരത്തിലാണ് കിരീടം നേടിയത്.
യുഎഇയെ പ്രതിനിധീകരിച്ചാണ് മിസ് ഇന്ത്യ വേൾഡ് വൈഡ് മൽസരത്തിൽ പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യന്‍ വംശജരായ 38 മത്സരാര്‍ഥികളാണ് ഇതില്‍ പങ്കെടുത്തത്. റാംപ് വോക്ക് സെക്‌ഷൻ, വ്യായാമം, പബ്ലിക് സ്പീക്കിങ്, വ്യക്തിത്വ വികസനം, ചോദ്യോത്തര വേളയിൽ എങ്ങനെ സംസാരിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഗ്രൂമിങ് സമയത്ത് പരിശീലനം ലഭിച്ചിരുന്നു.
ചിട്ടയോടെ തയ്യാറെടുപ്പുകൾ
ഞാൻ മിസ്സ് ഇന്ത്യയ്ക്കു വേണ്ടിയിട്ട് കുറെ അധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഗ്രൂമിങ് ആയാലും റാമ്പ് വോക് ആയാലും അതിനു വേണ്ടി ചിട്ടയോടെ തയ്യാറായി. ഇന്ത്യയിലെ തന്നെ മികച്ച സെലിബ്രിറ്റി കൊറിയോഗ്രാഫേഴ്സ് ആയിരുന്നു എന്നെ ട്രെയിൻ ചെയ്യിച്ചത്. ഒപ്പം എന്റെ ഡയറ്റിലും എക്സർസൈസിലും ഒക്കെ നല്ലോണം ശ്രദ്ധിച്ചു. മത്സരം പടിവാതിൽക്കലെത്തിയ നേരങ്ങളിൽ ശരീരത്തെ അതിനു വേണ്ടി പാകപ്പെടുത്തി. പഞ്ചസാര പരമാവധി ഒഴിവാക്കി . വെജിറ്റബിൾസും , ഫ്രൂട്ട്സും , പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും മെനുവിൽ ഉൾപ്പെടുത്തി.
ഒരാഴ്ചയായിരുന്നു ഗ്രൂമിങ് സെഷൻസ് ഉണ്ടായിരുന്നത്. മുംബൈയിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു ഗ്രൂമിങ് സെഷൻ. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഗ്രൂമിങ് സെഷൻ രാത്രി വരെ നീളും . 4 വിഭാഗങ്ങളായിട്ടാണ് ഗ്രൂമിങ് സെഷൻ തരംതിരിച്ചിരിക്കുന്നത്. റാമ്പ് വോക് , പേഴ്സണാലിറ്റി ഡെവലപ്മെന്റ് , പബ്ലിക് സ്പീക്കിംഗ്, കൊറിയോഗ്രാഫിംഗ് എന്നിവയിലെല്ലാം കൃത്യമായ പാഠങ്ങൾ നൽകി. 38 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ടോപ് ഫൈവില്‍ എത്തിയപ്പോൾ ഞാൻ നേരിട്ട ചോദ്യവും വ്യത്യസ്തമായിരുന്നു.
‘ഒരാളെ സ്നേഹിച്ചു കല്യാണം കഴിക്കാൻ തീരുമാനിക്കുന്ന അവസരത്തിൽ അന്നോളം ഞാൻ വിശ്വസിച്ച മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടാൽ, അതിനോട് യോജിക്കുമോ?’ എന്നായിരുന്നു ചോദ്യം. എന്റെ മതമോ വിശ്വാസമോ നിലപാടുകളോ മറ്റൊരാൾക്കുവേണ്ടി മാറ്റേണ്ട ആവശ്യമില്ല എന്നതായിരുന്നു എന്റെ മറുപടി. ഏതു മതത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ കാഴ്ച പാടിന്റയും വിശ്വാസത്തിന്റയും അടിസ്ഥാനത്തിലാണ്. ഒരു വ്യക്തിയോടുള്ള ബഹുമാനം, ഇഷ്ടം ഇതെല്ലാം ചേരുന്നതാണ് പ്രണയം എന്നാണ് ഞാൻ വിശ്വസിക്കുന്നത് . ഞാൻ ആരാണ് , എന്താണ് എന്നറിഞ്ഞിട്ടായിരിക്കുമല്ലോ അയാൾ എന്നെ സ്നേഹിച്ചത് . അയാൾ എന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും മതപരിവർത്തനത്തിന് എന്നെ നിർബന്ധിക്കില്ലെന്നും ആണ് എന്റെ വിശ്വാസം എന്നും ഞാൻ വിശദമാക്കി. അവസാനത്തെ അഞ്ചു മത്സരാർത്ഥികളിൽ നിന്ന് എന്നെ വിജയാക്കിയ ചോദ്യവും ഈ പറഞ്ഞതായിരുന്നു.
കൈവിടാതെ സ്വപ്നം
എന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളിൽ ഒന്ന് മിസ്സ് ഇന്ത്യ ടൈറ്റിൽ നേടണം എന്നായിരുന്നു ഞാൻ അത് നേടി. ഇനിയും എനിക്ക് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ട് . ഇതുപോലെതന്നെ എനിക്കിഷ്ടമുള്ള കാര്യമാണ് നൃത്തവും അഭിനയവും . ചെറുപ്പത്തിൽ തന്നെ ഞാൻ നൃത്തം അഭ്യസിച്ചിരുന്നു ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം എന്നിവ ഞാൻ പഠിച്ചിട്ടുണ്ട് കൂടാതെ സിനിമാറ്റിക്, , കഥക്ക് എന്നിവ പരിശീലിച്ചിട്ടുണ്ട്. തിയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. മോഡലിങ്ങിലും , ഡാൻസിലും , അഭിനയത്തിലും ഇനിയും കുറെ ദൂരം പോകണമെന്നുണ്ട് . ഇതാണ് എന്റെ സ്വപ്നം . എം.ബി.എ ബിരുദധാരിയായ ഞാൻ ഇപ്പോൾ താമസിക്കുന്നത് കോഴിക്കോട് ആണ്. അലിയൻസ് (ടെക്‌നോപാർക്ക്) ൽ എച്ച്.ആർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.
സ്വപ്നത്തിനായി കഠിനാധ്വാനം
എനിക്കു സാധിച്ചെങ്കിൽ എല്ലാ പെൺകുട്ടികൾക്കും സാധ്യമാണ് ഈ സ്വപ്നം എന്നാണ് എനിക്ക് പറയാനുള്ളത്.
പക്ഷേ ആ ലക്ഷ്യത്തിനു വേഃണ്ടി നമ്മൾ കുറെയധികം കാര്യങ്ങൾ ചെയ്യണം. നന്നായി ട്രെയിൻ ചെയ്യണം പിന്നെ നല്ല ആത്മവിശ്വാസം ഉണ്ടാവണം. നമ്മൾ ഒരിക്കലും മറ്റൊരാളെ അനുകരിക്കാൻ നോക്കരുത്. ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അറിയണം പിന്നെ റാമ്പ് വോക് ചെയ്യാൻ അറിയണം. നല്ല പേഴ്സണാലിറ്റി ഉണ്ടായിരിക്കണം . നല്ല കോൺഫിഡൻസ് ഉണ്ടായിരിക്കണം. ഈ മേഖല സ്വപ്നം കാണുന്നവരോട് ഇതൊക്കെയാണ് എനിക്ക് പറയാനുള്ളത്. ചിട്ടയായ ഉറക്കം, വ്യായാമം, ഇതൊക്കെയാണ് എന്റെ ആരോഗ്യത്തിന് രഹസ്യം.
കുടുംബം കരുത്ത്
കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒരു വിജയവും പൂർണമാകില്ല അച്ഛൻ സുധാകരൻ , അമ്മ അനിത , സഹോദരി മാനസ , സഹോദരിയുടെ ഭർത്താവ് അഡ്വ: ഗോവിന്ദ് ഇവരുടെയെല്ലാം പൂർണ്ണ പിന്തുണ എനിക്കുണ്ട് ജോലിയും കലയും ഒരുമിച്ചു കൊണ്ടുപോകുമ്പോഴുണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ എന്നെ സഹായിക്കുന്നത് ഇവരൊക്കെയാണ് മോഡലിങ്ങിനോടുള്ള ഇഷ്ടത്തെ പറ്റി അറിഞ്ഞപ്പോൾ മുതൽ കുടുംബത്തിൽ എല്ലാവരും എനിക്ക് നൽകിയത് വലിയ പിന്തുണയാണ്.
