രണ്ടും ഒരാളാണ്! വിശ്വസിക്കാനാകുന്നുണ്ടോ? ഐഎഎസ് നേടാൻ കൊതിച്ചവൾ... സഹുവയ്ക്കു വേണം കാരുണ്യം Family's Desperate Plea for Sahua's Medical Treatment
Mail This Article
വിശ്വസിക്കാൻ കഴിയുന്നുണ്ടോ... ഈ രണ്ട് ചിത്രത്തിലും ഉള്ളത് ഒരാളാണ്. നിനച്ചിരിക്കാത്തൊരു വിധി, ജീവിതം തന്നെ കീഴ്‍മേൽ മറിച്ചൊരു അപകടം... അത് സഹുവയെ ഇങ്ങനെയാക്കി. ഒന്നു മിണ്ടാനോ ഉരിയാടാനോ പോലും കഴിയാതെ, എഴുന്നേറ്റ് നിൽക്കാനാകാതെ കിടന്ന കിടപ്പിൽ മാസങ്ങളോളം.
തിരുവനന്തപുരം കടുവയിൽപള്ളി സ്വദേശിയായ സഹുവ സലിം–ഫസീന ദമ്പതികളുടെ പൊന്നുമോളാണിത്. തട്ടുകട നടത്തുന്ന ഉപ്പ സലിമിന്റെ ജീവിത പ്രാരാബ്ദങ്ങളും ഉമ്മ ഫസീനയുടെ ആഗ്രഹങ്ങളും മനസിലേറ്റി സഹുവ എപ്പോഴും പറയും. ‘നോക്കിക്കോ ഞാൻ ഐഎഎസ് നേടും, എന്നിട്ട് വാപ്പച്ചിയേയും ഉമ്മച്ചിയേയും പൊന്നുപോലെ നോക്കും.’ പക്ഷേ ആ പത്താം ക്ലാസുകാരി മിടുക്കിപ്പെണ്ണു കണ്ട സ്വപ്നങ്ങളേയും അവളുടെ ചിരിയേയും നിനച്ചിരിക്കാതെ എത്തിയ അപകടം നിർദയം മായ്ച്ചു കളഞ്ഞു. സ്കൂളിലെ മിടുക്കിപ്പെണ്ണ്, പ്രിയപ്പെട്ടവർക്കു മുന്നിൽ പുഞ്ചിരിയോടെ മാത്രം എത്തിയിരുന്നവളെ കിടന്ന കിടപ്പിലേക്ക് വിധി കൊണ്ടെത്തിച്ചു.
‘2024ലെ ഫെബ്രുവരിയിലാണ് സഹുവയുടെ ജീവിതം തന്നെ തുലാസിലാക്കിയ ദുരന്തം നടക്കുന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരവേ ശരവേഗത്തില്‍ വന്നൊരു ട്രാവലർ സഹുവയെ ഇടിച്ചു തെറിപ്പിച്ചു. ആ നിമിഷം മുതൽ അവള്‍ നിശബ്ദമായി അനുഭവിക്കുന്ന വേദന സമാതകളില്ലാത്തതായി. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴും നിരാശയായിരുന്നു ഫലം. പിന്നാലെ കൊല്ലത്തുള്ള പേരുകേട്ട ആശുത്രിയിലേക്ക്. ടെസ്റ്റുകളും പരിശോധനകളും മരുന്നുകളും കുഞ്ഞുശരീരം നേരിട്ടു. ഈ നിമിഷങ്ങളിലൊക്കെയും പ്രാർഥനയോടെ ഉമ്മയും ഉപ്പയും അനിയൻ ആദിലും പുറത്തു കാത്തു നിൽക്കുകയായിരുന്നു. പക്ഷേ തലയ്ക്കേ ഗുരുതര പരുക്ക് അവളെ കോമയിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ 18 മാസമായി അവൾ കിടന്ന കിടപ്പിലാണ്. ട്യൂബിലൂടെ കടന്നു പോകുന്ന ഭക്ഷണവും ഉള്ളിലുറയുന്ന കുഞ്ഞു മിടിപ്പും മാത്രമാണ് അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏക തെളിവ്.’– സഹുവയുടെ ഉമ്മ വനിത ഓൺലൈനോട് വിശദീകരിക്കുന്നു.
തിരുവനന്തപുരം കടുവപള്ളിയിൽ വാടകക്ക് താമസിക്കുന്ന സഹുവയുടെ കുടുംബം സുമനസ്സുകളുടെ സഹായം കൊണ്ടും ഉള്ളതെല്ലാം വിറ്റും കടം മേടിച്ചുമാണ് ഇത്രയും നാളത്തെ ചികിത്സ നടത്തിയത്. ഇതിനോടകം ഒരു കോടി രൂപയുടെ ലക്ഷത്തിനു മുകളിൽ മോളുടെ ചികിത്സക്കായി ചിലവാക്കേണ്ടി വന്നു. എന്നാൽ കോമ അവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ തിരികെ ലഭിക്കണമെങ്കിൽ വെല്ലൂർ ആശുപത്രിയിൽ ചികിൽസിപ്പിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇതിനു ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും വേണം. മാത്രമല്ല, ദിവസേനയുള്ള ചികിത്സയ്ക്കും വേണം ആയിരവും പതിനായിരവും.
പ്രതീക്ഷകൾ അറ്റുപോയ ഈ നിമിഷത്തില്‍ പൊന്നുമോൾക്കായി അവർക്ക് പങ്കുവയ്ക്കാനുള്ളത് പ്രാർഥനയും കണ്ണീരും മാത്രമാണ്. കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങൾ കൈവിടില്ലെന്ന കാത്തിരിപ്പോടെ സഹുവ കാത്തിരിക്കുന്നു...
