ADVERTISEMENT

കൈ കോർത്തിരിക്കുമ്പോൾ പ്രണയത്തിന്റെ രണ്ടു ചിറകുകളാണ് അവരെന്നു തോന്നും. ആദില നസ്രിനും നൂറ ഫാത്തിമയും. ആണിന് പെണ്ണെന്നും പെണ്ണിന് ആണെന്നും അച്ചുനിരത്തി പഠിച്ച യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച ‘രണ്ട് പെൺകുട്ടികൾ.’

ഒരുപാട് പീഡനങ്ങളും ഭീഷണികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. ഭീതിയുടെ നിഴലിലും തെളിയുന്ന പ്രണയപ്രകാശത്തിൽ അവർ ജീവിതം പറഞ്ഞു. വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം.

ADVERTISEMENT

പ്രണയമെന്ന തിരിച്ചറിവ്

ആദില: എല്ലാം കലങ്ങിത്തെളിയുമെന്നും സിനിമയിലേതു പോലെ ക്ലൈമാക്സിൽ ‘ശുഭം’ എന്ന ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയുമെന്നുള്ള പ്രതീക്ഷയൊക്കെ പോയി. ചേ ർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിച്ചാൽ മതി.

ADVERTISEMENT

നൂറ: എനിക്കും ആദിലയ്ക്കും മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നടുക്കാൻ.

ഇനിയും കാലങ്ങൾ

ADVERTISEMENT

വേണ്ടി വരാം. പക്ഷേ, അതുവരെയും ഞങ്ങൾക്ക് ജീവിക്കണമല്ലോ? എങ്ങനെ ഈ പ്രണയം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപ്പോഴും ആർക്കും ഇത് സംഭവിക്കാമെന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായത് പ്ലസ്ടൂ കാലത്താണ്.

നൂറ: ഞങ്ങളുടെ ഉപ്പമാർക്ക് സൗദിയിലായിരുന്നു ജോലി. ആദില മൂന്നാം ക്ലാസിലാണ് അവിടെയെത്തുന്നത്.

‘സീനിയർ പ്രവാസി’ ഞാനാണേ. മൂന്നു വയസ്സു മുതലേ അവിടെയുണ്ട്.

ആദില: ജിദ്ദയിലെ സ്കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്‍ വൺ എത്തിയ സമയം. ആ ക്ലാസ്സിലേക്കാണ് നൂറയുടെ എൻട്രി. ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങുണ്ട്. പഠിക്കുമ്പോഴൊക്കെ ആൺ–പെൺ വേർതിരിവില്ലാതെ എല്ലാവരെയും തരംപോലെ വായ് നോക്കാറുണ്ട്. നോക്കുമ്പോൾ അതാ ഒരു സുന്ദരിക്കുട്ടി. അപ്പോൾ മനസ്സു പറഞ്ഞു. ‘അവളെ കെട്ടുന്നവന്റെ ഭാഗ്യം.’ നൂറ ഞങ്ങളുടെ ഗ്യാങ്ങിലേക്ക് വന്നു. എനിക്കിവളോട് എന്തോ ഒരു ക്രഷ്. ആ ആകർഷണത്തിന് ഇന്നീ കാണുന്ന വിശാല അർഥമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ‘ക്രഷ്... ദാറ്റ്സ് ഓൾ’.

നൂറ: അഞ്ചു േപരടങ്ങുന്ന ഗ്യാങ്ങിൽ നിന്നു രണ്ടു പേരിലേക്ക് ചുരുങ്ങുന്ന വലിയൊരു ലോകം ഉണ്ടാകുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് പറഞ്ഞപോലെ എന്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ.

ആദില: ഒരുമിച്ചുള്ള നടത്തം കണ്ടപ്പോഴേ ക്ലാസ്സിലും പുറ ത്തും പലർക്കും ഡൗട്ട് തോന്നി. ഫ്രണ്ട്ഷിപ്പിന് അപ്പുറം ഞാനും നൂറയും തമ്മില്‍ ‘സംതിങ് സംതിങ്’ ഇല്ലേ എന്നൊരു സംസാരം. പ്ലസ്‌ടൂ കഴിഞ്ഞപ്പോൾ വെക്കേഷന് നൂറ നാട്ടിലേക്ക് പോയി. ആ അകൽച്ചയിൽ നിന്നാണ് എനിക്കും അവൾക്കുമിടയിലെ പ്രണയം ജനിക്കുന്നതും തിരിച്ചറിയുന്നതും. അത്രയും നാൾ നിഴൽ പോലെ ഒപ്പമുണ്ടായിരുന്നവൾ പെട്ടെന്നൊരു നാൾ അടുത്തില്ലാതായത് വല്ലാത്തൊരു ശൂന്യതയായി.

നൂറ: പെങ്കുട്ട്യോള് തലകുനിച്ചു നടക്കണം, നടക്കുമ്പോൾ ഭൂമി പോലും അറിയരുത്. ഇത്തരം നിയമാവലികൾ നിലനിൽക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ രണ്ടാളുടെയും ജീവിതം. ഫോണും സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടും ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.

ഞങ്ങളുടെ കൂട്ടുകാരികൾ അവരുടെ ബോയ്ഫ്രണ്ട്സിനോട് സംസാരിക്കാൻ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളും അതേ തന്ത്രം തന്നെ പയറ്റി. അങ്ങനെ വീണുകിട്ടുന്ന നിമിഷങ്ങളിൽ ‘ചാറ്റ്’ തുടർന്നു.

ആദില: മിസ് യൂ... ലൗ യൂ... പിന്നെ, എന്തോരം ഉമ്മ സ്മൈലികൾ... പറയാതെ പറഞ്ഞ പ്രണയം. ‘നമ്മളിലൊരാൾ ആ ണായിരുന്നെങ്കിൽ കോലാഹലങ്ങളില്ലാതെ കല്യാണം ക ഴിക്കാമായിരുന്നു അല്ലേ?’ എന്ന് ചാറ്റിനിടയിൽ എപ്പോഴോ പറഞ്ഞു പോയിരുന്നു. പ്ലസ്ടൂ അവസാനമെത്തിയപ്പോൾ അതൊരുവട്ടം നൂറയുടെ ഉമ്മ കണ്ടു. അതോടെ ഭൂകമ്പ ത്തിനു മുൻപുള്ള വലിയ കുലുക്കത്തിന് തുടക്കമായി.

നൂറ: ഉമ്മയെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതമായിരുന്നു രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം. അവർ വിവാഹസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ചാറ്റ്. ഇതൊക്കെ ഒന്നും വിടാതെ ഉമ്മ കണ്ടു. പോരെ, പൂരം.

ആദില: ചാറ്റ് ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്യുന്നതായിരുന്നു പതിവ്. ഒരിക്കൽ നൂറ അതു മറന്നു. അങ്ങനെയാണ് ഉമ്മ അവളുടെ ചാറ്റ് ഹിസ്റ്ററിയുടെ ‘പോസ്റ്റ്മോർട്ടം’ നടത്തുന്നത്. ഒട്ടും വൈകിയില്ല എന്റെ വീട്ടിലും ഫോണെത്തി. രണ്ടു വീടുകളും ഒരുപോലെ യുദ്ധഭൂമിയായി.

noora-adhila-147

എതിർപ്പുകളുടെ മരുഭൂമിയിൽ

നൂറ: ഒരു ദിവസം കൊണ്ട് വീട്ടിൽ എല്ലാവരും അന്യരായതു പോലെ. ‘ഇനി ഫോൺ ചെയ്യേണ്ട. നിങ്ങളുടെ ഫ്രണ്ട്ഷിപ് ശരിയല്ല’ എന്നാണ് ഉമ്മ പറഞ്ഞത്. അപ്പോഴും ഉമ്മ ‘ഫ്രണ്ട്ഷിപ്’ എന്നാണ് ഞങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. ആണിനും പെണ്ണിനും അപ്പുറം ഈ ലോകത്ത് സ്വത്വങ്ങളുണ്ടെന്നും അവർക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടെന്നും അവർക്ക് അറിയില്ലായിരുന്നു.

ആദില: പിന്നെ, ചാരക്കണ്ണുകൾക്ക് നടുവിലായി ജീവിതം. ഫോൺ എടുത്താൽ ആരെങ്കിലും പിന്നിലുണ്ടാകും. പരസ്പരം ഒന്നും മിണ്ടാനായില്ലെങ്കിലും പ്രണയം തുടർന്നു.

നൂറ: പ്ലസ്ടൂ വരെ വരെ ഇരുമെയ്യും ഒരു മനസ്സുമായി നടന്ന ഞങ്ങൾ രണ്ടിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. കോഴിക്കോട് ലിസ കോളജിൽ ഞാൻ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിക്കു ചേർന്നു. ആദില കൊച്ചി സെന്റ് സേവ്യേഴ്സ് കോളജില്‍ കമ്യുണിക്കേറ്റീവ് ഇംഗ്ലിഷിനും.

ആദില: ഡിഗ്രി രണ്ടാം കൊല്ലമായതോടെ കാര്യം കയ്യിൽ നിൽക്കില്ലെന്ന് തോന്നിയ ഉമ്മമാർ വിവരം ഉപ്പമാരോട് പറഞ്ഞു. അതോടെ സാഹചര്യം കൂടുതൽ വഷളായി.

നൂറ: ആകാശം ഇടിഞ്ഞു വീണാലും ഡിഗ്രി കഴിയുന്നതോടെ എന്നെ കെട്ടിച്ചു വിടും എന്ന് വീട്ടുകാർ ഉറപ്പിച്ചിരുന്നു. ആലോചനകളും വന്നു തുടങ്ങി.

ആദില: ഞാൻ പഠിക്കണമെന്നും ജോലി നേടണമെന്നും ഉ മ്മിക്ക് മാത്രമാണ് ആഗ്രഹമുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് കെട്ടിച്ചുവിടണമെന്നായിരുന്നു വാപ്പയുടെ തീരുമാനം. ബന്ധം വീട്ടിൽ അറിഞ്ഞതോടെ മറ്റൊരു വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം ‍ഡിഗ്രിക്ക് പോയാൽ മതിയെന്നായി. ജോലി നേടാൻ ഡിഗ്രി വേണം. അതുകൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ സ്വയം ലിമിറ്റ് ചെയ്തു. ഒരുമിച്ച് ജീവിക്കാനുള്ള നല്ല നാളിനായി കാത്തിരുന്നു. ഒടുവിൽ വരാനിരിക്കുന്ന എല്ലാ യുദ്ധങ്ങളും മുന്നിൽ കണ്ട് ഡിഗ്രി അവസാനിക്കുന്ന ഘട്ടത്തിൽ ഞങ്ങൾ വീടുവിട്ടിറങ്ങി.

നൂറ: എൽജിബിടി കമ്യൂണിറ്റിയിൽ ഉള്ളവരെ ചേർത്തു പിടിക്കുന്ന കോഴിക്കോടുള്ള വനജ കലക്ടീവിലായിരുന്നു ഞങ്ങൾ അഭയം തേടിയത്.

ആദില: പക്ഷേ, മണിക്കൂറുകൾക്കുള്ളിൽ കടന്നൽ കൂടിളകി വരും പോലെ നൂറയുടെ കുടുംബക്കാർ എത്തി. ഞാൻ നൂറയുടെ കയ്യിൽ മുറുകെ പിടിച്ചു. ആൺപെൺവ്യത്യാസമില്ലാതെ അവർ ഞങ്ങളെ ചീത്തവിളിച്ചു.

നൂറ: മറ്റുചിലർക്ക് ഞങ്ങളുടെ ബന്ധത്തിന് എക്സ്പയറി ഡേറ്റ് ഇടുന്നതിലായിരുന്നു താൽപര്യം. ഇവർ ഏതെങ്കിലും ട്രെയിനിന് അടിയിൽ അരഞ്ഞുതീരും. ഒരു മുഴം കയറിൽ അവസാനിക്കും എന്നിങ്ങനെയുള്ള മനസ്സ് മുറിക്കുന്ന വാക്കുകൾ.

ആദില: പൊലീസ് എത്തിയതോടെ അവിടെക്കൂടിയ പലർക്കും രമ്യതയുടെ സ്വരമായി. ‘ഇപ്പോൾ ഞങ്ങളുടെ കൂടെ വാ. ആലോചിക്കാൻ സമയം താ’ എന്നൊക്കെ പറഞ്ഞു.

എല്ലാം കലങ്ങിത്തെളിയും എന്ന പ്രതീക്ഷയിൽ അവരുടെ ഒപ്പം പോയി. അന്ന് ആലുവയിലുള്ള എന്റെ വീട്ടിലേക്കാണ് പൊലീസ് ഞങ്ങളെ കൂട്ടിവിട്ടത്.

നൂറ: ആദിലയുടെ വീട്ടിലെത്തിയിട്ടും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല.

ആദില: സ്വന്തം ഉപ്പയെപ്പോലെ കരുതിയിരുന്ന ഒരാളുടെ വാക്കുകൾ ഇന്നും മനസ്സിലെ നീറ്റലാണ്. അത്ര നീചമായ ഭാഷയിൽ അദ്ദേഹം ഞങ്ങളുടെ മേൽ അപമാനം കോരിയൊഴിച്ചു.

നൂറ: ‘ഇവരെ കെട്ടി ഇട്ടിട്ടായാലും അകറ്റണം’ എന്ന് പറയുന്നത് ഭാഗ്യത്തിന് ഞാൻ കേട്ടു. ആ ഘട്ടത്തില്‍ നിവർത്തിയില്ലാതെ പൊലീസിനെ വിളിച്ചു. പിന്നെ, കുറച്ച് ദിവസത്തേക്ക് ഒന്നടങ്ങിയ മട്ടായിരുന്നു.

noora-adhila-file-25

അവളില്ലാതെ ഞാനില്ല...

ആദില: പക്ഷേ, അവിടെയും തീർന്നില്ല യുദ്ധം. ഞങ്ങളെ തമ്മിൽ അകറ്റിയേ തീരൂ എന്ന ലക്ഷ്യത്തോടെ രണ്ടു പേരുടെയും ബന്ധുക്കൾ എന്റെ വീട്ടിലെത്തി. അവിടെ നിന്ന് നൂറയുടെ ബന്ധുക്കൾ അവളെ വലിച്ചിഴച്ചു കൊണ്ടു പോയി. ആ കാഴ്ച ഞാൻ മറക്കില്ല. വലിച്ചിഴയ്ക്കുമ്പോൾ നൂറയുടെ തലയിടിച്ചു, ചോര പൊടിഞ്ഞു. എന്നിട്ടും അവർ വിട്ടില്ല.

നൂറ: എന്നെ നേരെ കൊണ്ടു പോയത് ഏതോ കൗൺസലറുടെ വീട്ടിലാണ്. ആദിലയെ ഒരു ഷെൽട്ടര്‍ ഹോമിലേക്കും.

ആദില: ‘കുറച്ചു വിഷം വാങ്ങിത്തരട്ടേ... ചത്തു തരാമോ? ’ എന്ന ചങ്കിൽ തുളഞ്ഞു കയറുന്ന വാക്കുകൾ. അന്നത്തെ എന്റെ ദിനങ്ങൾ ശരിക്കും ദുഃസ്വപ്നമാണ്.

നൂറ: ഒരുപാട് നാള്‍ അകന്നിരുന്നിട്ടുണ്ടെങ്കിലും ആ എട്ട് ദിവസം ഞങ്ങൾക്ക് എട്ട് വർഷംപോലെയായിരുന്നു. ആദിലയെ കാണാതെയുള്ള ഓരോ നിമിഷവും മരിച്ച് ജീവിക്കുന്ന അവസ്ഥ.

ആദില: ഈ അകന്നിരിക്കൽ അപകടത്തിലേക്കാണ് പോകുന്നതെന്ന് കണ്ടപ്പോൾ ഞാൻ അഭിഭാഷകനെ കണ്ട് നിയമസഹായം തേടി. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി.

ആ സമയങ്ങളിൽ ഞാന്‍ ഷെൽറ്റർ ഹോമിലായിരുന്നു. നൂറ വീട്ടുതടങ്കലിലും. ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കി ഫെയ്സ്ബുക്കിൽ ഞാനൊരു വിഡിയോ പോസ്റ്റ് ചെയ്തു. ഇതോടെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഞങ്ങളുടെ പ്രശ്നം ശ്രദ്ധിച്ചു തുടങ്ങി.

നൂറ: മലപ്പുറത്തുള്ള എന്നെ ഞങ്ങളുടെ കേസ് നിലനിൽക്കുന്ന എറണാകുളം ബിനാനി പുരത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കുമെന്ന് മനസ്സിലാക്കി തന്ത്രപൂർവം ആദിലയെക്കൊണ്ട് വിഡിയോ പിൻവലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ വരവ്. അത് അനുഗ്രഹമായി.

ഞാനവിടെ എത്തിയപ്പോഴേക്കും നടപടിക്രമങ്ങളെല്ലാം പൂർത്തിയായി ഹേബിയസ് കോർപസ് ഫയൽ ആയി. ഹൈക്കോടതിയുടെ ഇടപെടലും അതിവേഗമായിരുന്നു. ശരീരങ്ങളല്ല, മനസ്സാണ് ഞങ്ങളെ ചേർത്തുനിർത്തുന്നതെന്ന സത്യം കോടതിക്ക് ബോധ്യപ്പെട്ടു.

നൂറ: പ്രമുഖ ഐടി കമ്പനിയിലാണ് രണ്ടുപേർക്കും ജോ ലി. ശരിക്കും പറഞ്ഞാൽ ഒളിവു ജീവിതമാണ് ഞങ്ങൾ ന യിക്കുന്നത്. താമസസ്ഥലമോ ജോലി ചെയ്യുന്ന ഇടമോ പറയാൻ പേടിയാണ്. സ്വന്തം നിഴലിനെപ്പോലും ഭയം.

ആദില: നിയമത്തിന്റെ തണലിലാണ് ഞങ്ങളെങ്കിലും എ ല്ലാം അവസാനിച്ചുവെന്ന് കരുതുന്നില്ല. എല്ലാം മറന്ന് എ ന്നെയും നൂറയെയും സ്വീകരിക്കുമെന്ന വ്യാമോഹവുമില്ല. ഒരപേക്ഷയുണ്ട് എല്ലാവരോടും. സ്വീകരിച്ചില്ലെങ്കിലും ഞ ങ്ങളെ ജീവിക്കാൻ അനുവദിച്ചു കൂടെ.

നിയമത്തിന്റെ തണൽ

ഹൈക്കോടതിയിൽ ആദില സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ചരിത്രം കുറിച്ച വിധി. പ്രായപൂർത്തിയായ രണ്ടു വ്യക്തികളായ ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് ജീവിക്കുന്നതിനു വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. നൂറയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയ കോടതി ഇരുവരെയും ചേംബറിൽ വച്ച് സംസാരിക്കാൻ അനുവദിച്ചു.

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്കു ഇ ഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഇരുവരെയും അറിയിച്ചു. അതോടെ നിയമത്തിന്റെ തണലിൽ അവർ കൈകോർത്ത് നടന്നു തുടങ്ങി.

വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary:

Lesbian couple Adhila Nasrin and Noora Fathima fought for their right to live together. They faced opposition from their families and society but eventually secured a High Court verdict in their favor, highlighting their journey and struggle.

ADVERTISEMENT