വീപ്പയിൽ വെള്ളത്തിൽ മുങ്ങി തലകീഴായി മകൾ: ആ സ്നേഹപ്രകടനത്തിനു പിന്നിലെ നടുക്കും കാഴ്ച: ഞെട്ടിച്ച് ദുരന്തവാർത്ത Tragic Loss: Mother and Daughter Found Dead
Mail This Article
അമ്മയുടെയും മകളുടെയും ദാരുണ മരണത്തിന്റെ ഞെട്ടലിൽ മാണൂർ ഗ്രാമം. ഇന്നലെ രാവിലെ ഏഴോടെയാണ് പറക്കുന്നിലെ അനിതകുമാരിയെ വീടിനു മുൻവശത്തെ മരത്തിൽ, കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ, വീടിനു മുൻവശത്തെ വീപ്പയിൽ വെള്ളത്തിൽ മുങ്ങി തലകീഴായി നിൽക്കുന്ന നിലയിൽ മകളെയും കണ്ടെത്തി. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഒരു വർഷം മുൻപാണ് അനിതകുമാരിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ മരിച്ചത്.
ഇതോടെ മാനസികമായി തളർന്ന അനിതകുമാരി ആരുമായും കൂടുതൽ അടുപ്പം പുലർത്തിയിരുന്നില്ല. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ വൈകിട്ടോടെ ജോലിക്കു പോയിരുന്നു. പോകുമ്പോൾ പതിവിലധികം സ്നേഹം പ്രകടിപ്പിച്ചിരുന്നതായി മകൻ ഓർക്കുന്നു. പിന്നീട് പുലർച്ചെ ഒന്നരയോടെ വിളിച്ച്, രാവിലെ ഭക്ഷണം കഴിച്ച ശേഷം വന്നാൽ മതിയെന്ന് മകനോട് പറയുകയും ചെയ്തു.
രാവിലെയാണ് ദുരന്തവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും തേടിയെത്തുന്നത്. മകനും ബന്ധുക്കൾക്കുമായി എഴുതിയ ആത്മഹത്യക്കുറിപ്പ് വീടിനകത്തുനിന്ന് പൊലീസ് കണ്ടെടുത്തു. മരണവിവരം അറിഞ്ഞ് ശാരീരിക അവശത അനുഭവപ്പെട്ട മകൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
ഓട്ടിസമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
ഓട്ടിസമുള്ള മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു. മാണൂർ പുതുക്കുടി വീട്ടിൽ അനിതകുമാരി (57), മകൾ അഞ്ജന (33) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അനിതകുമാരിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ ഒരു വർഷം മുൻപ് മരിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ അജിത്കുമാറിന്റെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്.
രാത്രി മകൻ ജോലിക്കായി പോയിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ അനിതകുമാരി മകനെ ഫോണിൽ വിളിച്ച് രാവിലെ ഭക്ഷണം കഴിച്ച ശേഷം വന്നാൽ മതിയെന്ന് അറിയിച്ചു. രാവിലെ അയൽവീട്ടുകാരാണ് അനിതകുമാരിയെ വീടിനു മുൻവശത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൈഞരമ്പു മുറിച്ചിട്ടുമുണ്ടായിരുന്നു. തുടർന്ന് അഞ്ജനയെ തിരഞ്ഞു നടത്തിയ പരിശോധനയിലാണ് മുറ്റത്തു വച്ചിരുന്ന വെള്ളം നിറച്ച വീപ്പയിൽ മകൾ അഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്.
കുറ്റിപ്പുറം എസ്എച്ച്ഒ കെ.നൗഫലിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്ന് സയന്റിഫിക് – വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പു നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ. സംസ്കാരം ഇന്ന്.
ഭർത്താവ് മരിച്ച ശേഷം ഇവർ വിഷാദത്തിലായിരുന്നുവെന്നും മകളുടെ സംരക്ഷണം സംബന്ധിച്ച മനോവിഷമം അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.