ADVERTISEMENT

പ്രിയതമന്റെ ജീവനു പകരം 25 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈകളിലേക്കു നൽകിയതോടെ ഷൈലജയുടെ കരച്ചിൽ ഉച്ചത്തിലായി. കണ്ടുനിന്നവരും കൂടെക്കരഞ്ഞു. 13നു പുലർച്ചെ 2.30ന് എരമല്ലൂർ ജംക്‌ഷനടുത്തു വച്ച് ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിലേക്കു വീണുമരിച്ച ഡ്രൈവർ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനിൽ സി.ആർ.രാജേഷിന്റെ (47) കുടുംബത്തിനുള്ള നഷ്ടപരിഹാരം കൈമാറി. അപ്പോഴും രാജേഷിന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു ഭാര്യ ഷൈലജയും മക്കൾ ജിഷ്ണുവും കൃഷ്ണവേണിയും മുക്തരായിട്ടില്ല.

ഉയരപ്പാത നിർമാണച്ചുമതലയുള്ള അശോക ബിൽഡ്കോൺ നൽകാമെന്നേറ്റ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റാണു കുടുംബത്തിനു നൽകിയത്. ഇന്നലെ രാവിലെ 11.15നു ദേശീയപാത കരാർ കമ്പനിയായ അശോക ബിൽഡ്കോൺ മാനേജർ സിബിൻ ശ്രീധർ, തഹസിൽദാർ ബി.പ്രദീപ്, പഞ്ചായത്ത് അംഗം റേച്ചൽ വർഗീസ്, എന്നിവരാണു രാജേഷിന്റെ വീട്ടിലെത്തി ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത്. ഇതിനിടെ രാജേഷിന്റെ മാതാപിതാക്കളായ രാജപ്പനും സരസമ്മയും സഹോദരൻ രതീഷും ഉൾപ്പെടെ കുടുംബമൊന്നാകെ കണ്ണീർ പൊഴിച്ചതു നാട്ടുകാരെയും ദുഃഖത്തിലാക്കി.

ADVERTISEMENT

നഷ്ടപരിഹാരം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളിലും കുടുംബത്തിന്റെ ഒപ്പുവാങ്ങി. ഭാവിയിലും വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നു സിബിൻ കുടുംബത്തെ അറിയിച്ചു. മൂന്നു വർഷം മുൻപു വീടുവച്ചതിന്റെയും ഓട്ടോ വാങ്ങിയതിന്റെയും വായ്പകളുടെ തിരിച്ചടവും മറ്റു ചില കടബാധ്യതകളുമുണ്ട്. ഇതിനൊപ്പം മക്കളിൽ ഒരാൾ പ്രമേഹ രോഗിയായതിന്റെ ചികിത്സയും. രാജേഷ് ഓട്ടോ ഓടിച്ചും ഡ്രൈവറായി പോയും ലഭിക്കുന്ന വരുമാനത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. നഷ്ടപരിഹാരമായി ലഭിച്ച തുക ബാങ്കിൽ നിക്ഷേപിക്കാനാണു തീരുമാനം.

അപകടങ്ങൾ തുടർക്കഥ; അരോടു പറയാൻ, എവിടെ പറയാൻ?

ADVERTISEMENT

ദേശീയപാത 66ന്റെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരാതി പറയാൻ സംവിധാനമില്ല. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാർഗരേഖ പ്രകാരം നിർമാണം നടക്കുന്ന ഭാഗത്ത് ഓരോ 5 കിലോമീറ്ററിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കേണ്ടതുണ്ട്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനിയുടെ ചുമതലയുള്ള എൻജിനീയർ, കരാർ കമ്പനിയുടെ വിവരങ്ങൾ, ഉപകരാർ നൽകിയെങ്കിൽ ആ കമ്പനിയുടെ വിവരങ്ങൾ എന്നിവയാണു ബോർഡുകളിൽ പ്രദർശിപ്പിക്കേണ്ടത്. എന്നാൽ എവിടെയും ഈ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല. സംസ്ഥാനത്തു പല ഭാഗത്തും ദേശീയപാത അതോറിറ്റിയിൽ നിന്നു നിർമാണക്കരാർ നേടിയ സ്ഥാപനങ്ങൾ വൻ ലാഭം നേടി ഉപകരാർ നൽകുകയാണു ചെയ്തിട്ടുള്ളത്. ഉപകരാർ നേടിയ സ്ഥാപനങ്ങൾ പിന്നെയും കരാർ നൽകിയിട്ടുണ്ട്. ഫലത്തിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിലാണു പണികൾ ചെയ്യുന്നത് എന്നതു ഗുണനിലവാരത്തെയും ബാധിക്കുന്നെന്ന് എൻജിനീയറിങ് വിദഗ്ധർ പറയുന്നു.

ADVERTISEMENT
ADVERTISEMENT