ADVERTISEMENT

സോഷ്യൽ മീഡിയയിലെ പ്രമുഖ ഇന്‍ഫ്ലുവന്‍സര്‍മാരുടെ തർക്കവും കയ്യാങ്കളിയും നിയമയുദ്ധങ്ങളും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി തങ്ങളുടെ ഭാഗം ജയിക്കാൻ ഇരുവരും തുനിഞ്ഞിറങ്ങിയിട്ടുമുണ്ട്.

ദാമ്പത്യത്തിലെ ഇത്തരം യുദ്ധങ്ങളുടെ അനന്തരഫലം ശരിക്കും അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണെന്ന് ഓർമിപ്പിക്കുകയാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ രമ്യ ബിനോയ്. ദമ്പതികൾ തമ്മിലടിക്കുന്നതും പിരിയുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ ദയവുചെയ്ത് കുഞ്ഞുങ്ങളെ അതിൽ ആയുധമാക്കരുതെന്ന് രമ്യ കുറിക്കുന്നു. സ്വന്തം ഭാഗം ജയിക്കാനുള്ള യുദ്ധത്തിനിടയിൽ സ്വന്തം മകളുടെ നിസ്സഹായമായ നിലവിളി റിക്കോർഡ് ചെയ്തു പുറത്തു വിട്ടത് അങ്ങേയറ്റം കുറ്റകരമായ പ്രവൃത്തിയാണെന്നും രമ്യ കൂട്ടിച്ചേർക്കുന്നു. ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.

ADVERTISEMENT

രമ്യ ബിനോയ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

ഇരുപത് വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ നിസ്സഹായമായ നിലവിളി കേട്ടതു കൊണ്ട് മാത്രമാണ് ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇടുന്നത്.

ADVERTISEMENT

നാട്ടുകാരെ മുഴുവൻ കുടുംബജീവിതം പഠിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി ഒടുവിൽ പണത്തിന്റെ  പേരിൽ പരസ്പരം ചെളിവാരി എറിയുന്ന ദമ്പതികൾ. അവരുടെ വഴക്കിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ആ വഴക്കിൽ സ്വന്തം ഭാഗം ജയിക്കാൻ ഓരോ ദിവസവും ഓരോ യുട്യൂബ് ചാനലിലും പോയി അഭിമുഖം കൊടുക്കുന്നതും ഓക്കെ. പക്ഷേ ജയിക്കാൻ വേണ്ടി മാത്രം സ്വന്തം മകളുടെ നിസ്സഹായമായ നിലവിളി റിക്കോർഡ് ചെയ്തു പുറത്തു വിട്ടത് heinous crime തന്നെയാണ്.

ആ കുഞ്ഞിന് സ്വന്തമായി ജീവിതമുള്ളതാണ്. ഈ സമൂഹത്തിൽ ഇനിയും അഭിമാനത്തോടെ ജീവിക്കേണ്ടതാണ്. അവളുടെ ഏറ്റവും സ്വകാര്യമായ ഒരു ഇടത്തെ സംഭാഷണമാണ് ഇപ്പോൾ റിക്കോർഡ് ചെയ്തു പുറത്തു വിട്ടിരിക്കുന്നത്. ആ വോയ്സ് ക്ലിപ്പിൽ അച്ഛനോടും അമ്മയോടും അവൾ കരഞ്ഞുനിലവിളിച്ച് അപേക്ഷിക്കുന്നുണ്ട്, തന്നെയൊന്നു കേൾക്കാൻ. രണ്ടു പേരും ചെവിക്കൊള്ളുന്നില്ല. ഇത് ആ വീട്ടിൽ പലതവണ ആവർത്തിച്ചിട്ടുണ്ടാകും. മറ്റൊരു പെൺകുട്ടി കൂടി അവിടെയുണ്ട്. എന്തൊരു ട്രോമയിലൂടെയാകും ആ കുഞ്ഞുങ്ങൾ കടന്നു പോകുന്നത്.
ദമ്പതികൾ തമ്മിലടിക്കുന്നതും പിരിയുന്നതുമൊക്കെ ഓക്കേയാണ്. പക്ഷേ ദയവുചെയ്ത് കുഞ്ഞുങ്ങളെ അതിൽ ആയുധമാക്കരുത്.

ADVERTISEMENT

അവർ സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. അവരും അഭിപ്രായം പറയട്ടെ. ഏറ്റവും പ്രിയമോടെ കരുതിയ ഇടം കല്ലോടുകല്ല് തകരുന്നത് കണ്ട് അവർ പൊട്ടിത്തെറിച്ചേക്കാം, പൊട്ടിക്കരഞ്ഞേക്കാം. അതെല്ലാം റിക്കോർഡ് ചെയ്തു വച്ച് സകല യുട്യൂബ് ചാനലിനും കൊടുത്തു സ്വന്തം ഭാഗം ജയിക്കാൻ നോക്കരുത്. നാളെയൊരിക്കൽ ഇതേ കുഞ്ഞുങ്ങൾ നിങ്ങളെ വെറുത്തുപോയക്കാം.
മക്കളാണ്, ചതുരംഗത്തിലെ കരുക്കളല്ല...

ADVERTISEMENT