പാമിലയും മക്കളും അന്ത്യചുംബനമേകി, മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചു മേരിക്കുട്ടി: തീരാനോവായി അനീഷ് മടങ്ങി Community Mourns Loss of BLO Anish George
Mail This Article
കണ്ണൂർ കരിവെള്ളൂർ ഏറ്റുകുടുക്കയിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വികാരനിർഭരമായിരുന്നു അന്ത്യയാത്രയിലെ രംഗങ്ങൾ.
മകന്റെ ചേതനയറ്റ ശരീരം മേരിക്കുട്ടി ചേർത്തുപിടിച്ചു. അച്ഛൻ ജോർജ് ഇമചിമ്മാതെ മകനെ നോക്കിയിരുന്നു. വേദനയുടെ ആഴം ആ കണ്ണുകളിൽ വ്യക്തം. ഭാര്യ പാമിലയും മക്കളും അനീഷിന് അന്ത്യചുംബനം നൽകിയതോടെ തറയിൽ വീടൊരു സങ്കടക്കടലായി. ഇന്നലെ രാവിലെ മുതൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ അനീഷിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകരും കൂട്ടുകാരും അനീഷിന് അന്ത്യോപചാരം അർപ്പിക്കാനെത്തി.
അവൻ പോയി;വിതുമ്പി നാട്
അനീഷിന്റെ മാതാവ് മേരിക്കുട്ടിയുടെയും ഭാര്യ പാമിലയുടെയും നിലവിളി കേട്ടാണ് അയൽവാസി എ.പുഷ്പലത ഓടിയെത്തിയത്. ‘അവൻ പോയി’ എന്ന മേരിക്കുട്ടിയുടെ വാക്കുകളിൽ പുഷ്പലതയും വിതുമ്പി. പുഷ്പലതയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.രണ്ട് ദിവസം മുൻപ് എന്യൂമറേഷൻ ഫോറവുമായി അനീഷ് വീട്ടിൽ വന്നതായി പുഷ്പലത പറഞ്ഞു. എങ്ങനെ പൂരിപ്പിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞു തന്നു. ഇന്നലെ രാവിലെയും ഫോമുമായി അനീഷ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നു.
എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനായി ബിആൽഒ അനീഷിനെ കാത്തുനിന്നവരുടെ ചെവിയിലെത്തിയത് അദ്ദേഹത്തിന്റെ മരണവാർത്തയായിരുന്നു. ഒന്നാം വാർഡ് ഏറ്റുകുടുക്ക പതിനെട്ടാം ബൂത്ത് ബിഎൽഒ അനീഷിന് ഗ്രാമത്തിലെ എല്ലാവരെയും നേരിട്ട് അറിയില്ല. അതിനാൽ തന്നെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണജോലി വലിയ കടമ്പയായിരുന്നു.
417 വീടുകളിൽ ഫോം എത്തിച്ചു. 35 വീടുകളിൽ ഫോം എത്തിക്കാനും പൂരിപ്പിച്ചത് വാങ്ങാനും ബാക്കിയുണ്ട്. അനീഷ് ഈ പ്രയാസം സുഹൃത്തുക്കളോടു പങ്കുവച്ചതോടെ രണ്ട് സ്ഥലങ്ങളിൽ എസ്ഐആർ ക്യാംപ് നടത്താൻ അവർ അവസരമൊരുക്കിയത്. ഏറ്റുകുടുക്ക വള്ളത്തോൾ സ്മാരക വായനശാല, പള്ളിമുക്ക് നന്മ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരുന്നത്.
രാവിലെ മുതൽ പ്രദേശത്തെ ആളുകൾ ഇരുസ്ഥലങ്ങളിലും എത്തിച്ചേർന്നു. വായനശാലയുടെയും സാംസ്കാരിക കേന്ദ്രത്തിന്റെ ഭാരവാഹികളും അനീഷിനെ കാത്തുനിന്നു. രാവിലെ 10ന് ഇരുസ്ഥലങ്ങളിലുമെത്തി ആവശ്യമായ നിർദേശം നൽകാമെന്നായിരുന്നു അനീഷ് അറിയിച്ചിരുന്നത്. എന്നാൽ, പത്തരയോടെ അനീഷിന്റെ മരണവാർത്തയാണെത്തിയത്.