ADVERTISEMENT

ചാലക്കുടിക്കാരൻ പൗലോസ് താക്കോൽക്കാരൻ എന്ന രാഷ്ട്രീയനേതാവിന്റെ നാലു മക്കളിൽ ഇളയവൻ ജസ്റ്റിൻ, അപ്പന്റെ അടുക്കളയിലാണ് പാചകത്തിന്റെ തറയും പറയും പഠിച്ചത്. തലയിൽ തോർത്തും കെട്ടി അടുക്കളയില്‍ നിന്ന് അ പ്പൻ ഉറക്കെ വിളിക്കും. ‘ഡാ, ഇങ്ട്ട് വന്നേ... ദാ... ഈ ചുവന്നുള്ളി അങ്ങട്ട് പൊളിച്ചോ...’ അതു കഴിഞ്ഞ് ഇഞ്ചി ചതയ്ക്കാന്‍ പറയും. മസാലക്കൂട്ടുകള്‍ എടുപ്പിക്കും.

‘‘എനിക്കന്നു പന്ത്രണ്ടു വയസ്സാണ്. അപ്പന്റെ ഇഷ്ടത്തിനനുസരിച്ച് അന്നു തുടങ്ങിയതാണ് അടുക്കളയിലെ പരീക്ഷണങ്ങൾ. കണ്ടും കേട്ടും മണത്തും രുചിച്ചും ഒക്കെ ആ ലോകം എനിക്കങ്ങ് ഇഷ്ടമായി.’’ ജസ്റ്റിൻ പോൾ രുചിയോർമകൾ പങ്കുവച്ചു പറഞ്ഞു തുടങ്ങി.

ADVERTISEMENT

അപ്പച്ചന്റെയൊപ്പം നിന്നു ജസ്റ്റിൻ ആദ്യമായി തനിയെ തയാറാക്കിയത് മിക്സ്ഡ് വെജിറ്റബിൾ തോരനാണ്. പിന്നെ മീൻകറിയും. താക്കോൽക്കാരൻ വീട്ടിലെ ചെറിയ അ ടുക്കളയിൽ നിന്നു തുടങ്ങിയ ഈ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് മക്കാവുവിലെ എം ആൻഡ് എം ഹട്ട് എന്ന സ്വന്തം റസ്റ്ററന്റിലാണ്. ഇതിനിടയിൽ ജസ്റ്റിൻ ലോകപ്രശസ്തരായ ഒരുപാടു പേർക്കു വേണ്ടി വിരുന്നൊരുക്കി, പാചകത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. പാചകരംഗത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കുന്ന മിഷെലിൻ പുര സ്കാരം എട്ടു തവണ നേടി. ഒപ്പം ചൈനയിലെ ബ്ലാക്ക് പേൾ ഡയമണ്ട് പുരസ്കാരവും.

ഗോൾഡൻ പീകോക്ക് എന്ന നക്ഷത്രം

ADVERTISEMENT

ചാലക്കുടിയിലെ സ്കൂൾപഠനത്തിനു ശേഷം ചെന്നൈ ആശാൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ‌ മാനേജ്മെന്റ് ബിരുദം. മുംബൈ ലീല ഹോട്ടലിൽ ആദ്യ പരിശീലനം. ഇന്ത്യയിലെ പല സ്ഥലങ്ങളിലെ ജോലിക്കു ശേഷം ഹോങ്കോങ്ങിലെ ജഷെൻ എന്ന റസ്റ്ററന്റിലേക്ക്, അവിടെ നിന്ന് ഹയാത്തിലേക്കും. പിന്നീട് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് ഉള്‍പ്പെടെ ലോകത്തെ പല പ്രമുഖരും എത്തുന്ന വേദ റസ്റ്ററന്റിലേക്ക്. അവിടെ നിന്നാണ് 2007ൽ വെനേഷ്യൻ മക്കാവു എന്ന ഹോട്ടലിലേക്ക് എത്തുന്നത്.

ഏതാണ്ട് 12000 മുറികളുള്ള ആ ഹോട്ടലിൽ ആയിരുന്നു ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും വലിയ പരിപാടികൾ നടത്തിയിരുന്നത്. അത്തരം പരിപാടികളുടെയെല്ലാം ഷെഫ് ഇൻ ചാർജ് ആയിരുന്നു ജസ്റ്റിൻ. ‘‘2013ലാണ് ദ് ഗോൾഡൻ പീകോക്ക് എന്ന പേരിൽ വെനേഷ്യൻ മക്കാവു, റസ്റ്ററന്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഒൻപതു സ്ഥലങ്ങളിൽ നിന്നായി 19 ഇന്ത്യന്‍ ഷെഫുമാരാണ് അന്നവിടെ ഉണ്ടായിരുന്നത്. തനത് ഇന്ത്യൻ വിഭവങ്ങളായിരുന്നു അവിടെ വിളമ്പിയിരുന്നത്. ‘ക്വയ്‍േലാൺ ഫിഷ് കറി, കുമരകം ടൈഗർ പ്രോൺസ്, കുട്ടനാടൻ താറാവു റോസ്റ്റ്, മലബാർ ചെമ്മീൻ ബിരിയാണി, മീൻ മാങ്ങാക്കറി തുടങ്ങി കേരളത്തിൽ നിന്നുള്ള വിഭവങ്ങളും മെനുവിൽ ഉണ്ടായിരുന്നു. ‘‘എല്ലാ വർഷവും മെനുവിൽ മാറ്റം വരുത്താറുണ്ടായിരുന്നു. പക്ഷേ, മീൻ മാങ്ങാക്കറി മാറ്റാൻ പറ്റില്ല. അത്രയ്ക്കു ഡിമാൻഡ് ആയിരുന്നു അതിന്.’’

ADVERTISEMENT

ദ് ഗോൾഡൻ പീകോക്കിൽ വച്ച്, 2014 മുതൽ 2021 വരെ തുടർച്ചയായി എട്ടുവർഷം ജസ്റ്റിൻ പോളിന് മിഷെലിൻ വൺ സ്റ്റാർ ലഭിച്ചു. ഏഷ്യയിൽ ആദ്യ മിഷെലിൻ സ്റ്റാർ ലഭിക്കുന്ന റസ്റ്ററന്റ് ആയിരുന്നു ഇത്.

2018ല്‍ ചൈനീസ് മിഷെലിൻ എന്നു വിളിക്കാവുന്ന ബ്ലാക്ക് പേൾ ഡയമണ്ട് അവാർഡിന്റെ വൺ ഡയമണ്ടും 2019ൽ ടു ഡയമണ്ടും നേടി. (നല്ല ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റിനാണ് വൺ ഡയമണ്ട്. ഇതിനൊപ്പം ആഘോഷങ്ങൾ നടത്താനുള്ള ഉത്തമ സ്ഥലം എന്നതിനാണ് രണ്ടു ഡയമണ്ട്. മൂന്നു ഡയമണ്ട് ലഭിക്കുന്നത് മരിക്കുന്നതിനു മുൻപ് ഉറപ്പായും ഇവിടെ നിന്നു ഭക്ഷണം കഴിച്ചിരിക്കണം എന്നുള്ള റസ്റ്ററന്റുകൾക്കും) ‘‘ബ്ലാക്ക് പേൾ ലഭിച്ചതോടെ ഗോൾഡൻ പീക്കോക്കിൽ വൻതിരക്കും ആയി.’’ ജസ്റ്റിൻ പറഞ്ഞു.

ലോകത്തിന്റെ പല കോണുകളിൽ നിന്നെത്തിയ പ്രശസ്തരായവർ ഗോൾഡൻ പീക്കോക്കിൽ ജസ്റ്റിന്റെ രുചി തേടിയെത്തിയിട്ടുണ്ട്. ‘‘ലോകപ്രശസ്ത ഫുട്ബോൾ താ രം ഡേവിഡ് ബെക്കാം ഹോട്ടലിൽ എത്തിയതു മറക്കാൻ പറ്റാത്ത അനുഭവമാണ്. ഭക്ഷണം കഴിച്ച ശേഷം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും നല്ല ഇന്ത്യൻ ഭക്ഷണം ഇതായിരുന്നു’ എന്ന്. എന്റെ ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്ന് ഇങ്ങോട്ടാവശ്യപ്പെട്ട്, ഫോട്ടോയും എടുത്തു.

chef-justin-paul-69

ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ വെള്ളിത്താലത്തിൽ ചെറിയ ബൗളുകളിലാക്കി വച്ചാണ് അദ്ദേഹത്തിനു െകാടുത്തത്. പിന്നീട് അദ്ദേഹം എപ്പോൾ വന്നാലും മറ്റു വിഭവങ്ങൾക്കൊപ്പം ഒരു ബൗളിൽ ചിക്കൻ ടിക്ക മസാല നൽകും. ഫിഷ് ആന്‍ഡ് ചിപ്സിനൊപ്പം ചിക്കൻ ടിക്ക മസാല യുകെ–യിലെ ദേശീയ ഭക്ഷണമാണ്.

അമിതാഭ് ബച്ചനു വിളമ്പിയ ബിണ്ടി ഭുജിയ, ഷാരൂഖ് ഖാനു നല്‍കിയ ടാങ്‍ടി കബാബ്, യേശുദാസിനു വിളമ്പിയ അപ്പവും സ്റ്റ്യൂവും ഒക്കെ അവര്‍ ഏറെ രുചിയോെട ആസ്വദിച്ച വിഭവങ്ങളാണ്. ഒരിക്കൽ നടൻ ശ്രീനിവാസൻ വന്നപ്പോൾ ആമ്പിയ മാച്ചി ടിക്ക വിളമ്പി. പച്ചമാങ്ങ തന്തൂരിൽ ചുട്ടെടുത്ത് അരച്ചതു ക്രീമും തൈരും കടുകെണ്ണയും മറ്റും ചേർത്തു മീനിൽ പുരട്ടി ഗ്രിൽ ചെയ്തെടുത്താണ് ഇതു തയാറാക്കുന്നത്. അദ്ദേഹത്തിനതു വളരെ ഇഷ്ടമായി.

കുരുമുളക് എന്റെ ഫേവറിറ്റ്

ഓരോരുത്തർക്കും സ്വന്തമായ പാചകശൈലിയുണ്ടെന്നു പറയുന്നു ജസ്റ്റിൻ. ‘‘സാധാരണ മീൻമാങ്ങാക്കറിയിൽ ആരും വെളുത്തുള്ളി ഇടാറില്ല. പക്ഷേ, അപ്പച്ചൻ വെളുത്തുള്ളി ഇടുമായിരുന്നു. അപ്പച്ചന്റെ ഫേവറിറ്റ് ചേരുവ ആയിരുന്നു വെളുത്തുള്ളി.’’ അപ്പച്ചനു വെളുത്തുള്ളിയോടായിരുന്നു ഇഷ്ടമെങ്കിൽ മകനിഷ്ടം കുരുമുളകിനോടാണ്. ‘‘പച്ചക്കുരുമുളകും കറുത്ത കുരുമുളകും എനിക്കിഷ്ടമാണ്. പച്ചക്കുരുമുളകരച്ച മത്തി വറുത്തതും അൽപം നെയ്യിൽ വറുത്തു പൊടിച്ച കുരുമുളകു ചേർത്ത ചിക്കനും എ ല്ലാം എന്റെ ഫേവറിറ്റാണ്.’’

ആത്മാർഥമായി പാചകം ചെയ്താൽ... രുചിയോെട വിളമ്പിയാല്‍ അന്വേഷിച്ച് ആളെത്തുമെന്നാണ് ജസ്റ്റി ൻ പറയുന്നത്. ഇപ്പോൾ മക്കാവുവിൽ സ്വന്തമായി റസ്റ്ററന്റ് നടത്തുകയാണ് ജസ്റ്റിന്‍. ജെപി ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച മക്കാവുവിലെ എം & എം ഹട്ട് ആ ണ് ഇപ്പോഴത്തെ റസ്റ്ററന്റ്.

ഉച്ചയ്ക്കുള്ള ലഞ്ച്, നാലുമണി നേരത്തെ സ്നാക്സ്, ഡിന്നർ എന്നിങ്ങനെയാണ് ഇവിടെ മെനു സെറ്റ് ചെയ്തിരിക്കുന്നത്. ‘‘ഓഫിസുകൾ കൂടുതലുള്ള സ്ഥലമായതിനാല്‍ പെട്ടെന്നു ലഞ്ച് കഴിച്ചു പോകാനെത്തുന്നവരാണ് അധികവും. അവർക്കു ‘റെഡി ടു ഗോ’ എന്ന പേരിലാണ് ലഞ്ച് വിളമ്പുന്നത്. നാലുമണിക്ക് ബീഫ് കട്‌ലറ്റും അഞ്ചു തരം ദോശകളും ചട്നിയും ഉള്ളി സാമ്പാറുമാണ്. ഡിന്നറിന് ഇന്ത്യന്‍ വിഭവങ്ങളുടെ നീണ്ട നിരയാണ്. ഡിസേർട്ട് ആയി രസ്മലായിയും സാബുദാനാ ഖീർ വിത് ഗുലാബ് ജാമുനും മാംഗോ കുൽഫിയും

കേരള പറാത്ത, നീലഗിരി ചിക്കൻ കുറുമ, വറുത്തരച്ച ബീഫ് കറി, മലബാർ സീഫൂഡ് കറി... കേരളത്തിന്റെ തനതു ശൈലിയിലുള്ള വിഭവങ്ങളേറെയുണ്ട് എം&എം ഹട്ടിൽ. ‘‘എനിക്ക് നിർബന്ധമുണ്ടായിരുന്നു, എന്റെ നാട്ടിലെ വിഭവങ്ങൾ അതേ പേരിൽ തന്നെ വിളമ്പണമെന്ന്. അതിനു വേണ്ട മസാലകളെല്ലാം നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നതും.’’ ഓരോ കറിയുടെയും മസാലകൾ പൊടിച്ചു വെവ്വേറെ കുപ്പികളിലാക്കിയാണ് റസ്റ്ററന്റിൽ വയ്ക്കുന്നത്.

കൂണു പോലെ റസ്റ്ററന്റുകൾ മുളച്ചു പൊന്തുകയും കൊഴിഞ്ഞു പോകുകയും ചെയ്യുന്ന ഈ കാലത്ത് അന്യനാട്ടിൽ സ്വന്തം റസ്റ്ററന്റ് ഇത്രയധികം പ്രശസ്തമാക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കഠിനാധ്വാനവും ആത്മവിശ്വാസവും ആണെന്നു പറയുന്നു ജസ്റ്റിൻ.

അറിവു പകരും കുക്കറി പുസ്തകങ്ങൾ

പുസ്തകങ്ങളാണ് ജസ്റ്റിന്റെ ഗുരുക്കന്മാർ. ‘കുക്കറിബുക്കുകൾ വായിക്കുമ്പോൾ പലതരം പ്ലേറ്റിങ്ങും പാചകരീതികളും നമ്മുടെ വിഭവങ്ങളിൽ എങ്ങനെ കൊണ്ടുവരാമെന്നു ചിന്തിക്കാൻ പറ്റും. പുറത്തു കഴിക്കാന്‍ പോയാൽ എല്ലാവരും ഭക്ഷണം വരുന്നുടൻ ഫോട്ടോയെടുത്തു സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യും. അതുകൊണ്ടു തന്നെ ഭക്ഷണത്തിനു കാഴ്ചയിലും വേണം സൗന്ദര്യം.

ഇവിടെ കട്ടപ്പന ബീഫ് ഫ്രൈ വിളമ്പുന്നതു ചിരട്ടയിലാണ്. അത് അലങ്കരിക്കുന്നതു ചതച്ച ഇടിയിറച്ചി വറുത്തെടുത്തതു കൊണ്ടാണ്. ഇത്തരം ഐഡിയകൾ കിട്ടാൻ പുസ്തകങ്ങൾ സഹായിക്കും. കറിവേപ്പില ചിക്കൻ ഉണ്ടാക്കി അതു വിളമ്പാനുള്ള പാത്രവും ഞാന്‍ തന്നെ കണ്ടെത്തി. രണ്ടു റൈസ് പേപ്പർ ഷീറ്റുകളുടെ ഇടയിൽ മുട്ടവെള്ള കൊണ്ട് കറിവേപ്പില ഒട്ടിച്ചു വച്ച് അതു കുമ്പിളാക്കി വറുത്തെടുത്തു കപ്പ് പോലെയാക്കും. ഇതിനുള്ളിലാണ് കറിവേപ്പില ചിക്കൻ വിളമ്പുന്നത്. തായ് ഗ്രീൻ കറി പേസ്റ്റിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് കറിവേപ്പില അരച്ചുണ്ടാക്കിയ പേസ്റ്റിൽ ചിക്കൻ തയാറാക്കിയത്.’’

അമ്മയുടെ ഉണ്ണിയപ്പം

പാചകലോകത്തെ പരമോന്നത ബഹുമതി ലഭിച്ചിട്ടുണ്ടെങ്കിലും ജസ്റ്റിന്റെ കൈയ്ക്ക് ഇന്നും വഴങ്ങാത്ത ഒന്നുണ്ട്. ‘‘അമ്മ ഉണ്ടാക്കുന്ന രുചിയിലുള്ള ഉണ്ണിയപ്പം. അമ്മ അതിന്റെ റെസിപ്പി പറഞ്ഞു തന്നു ഞാന്‍ പല തവണ ഉണ്ടാക്കി നോക്കി. പക്ഷേ, അമ്മയുടെ ഉണ്ണിയപ്പത്തിന്റെ രുചി ഒരിക്കലും വന്നിട്ടില്ല.’’ അമ്മ ശോശാമ്മ ഉണ്ടാക്കുന്ന ഉണ്ണിയപ്പവും വട്ടയപ്പവും വറുത്തരച്ച സാമ്പാറുമെല്ലാം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം കഴിക്കാമെന്നു പറയുന്നു ജസ്റ്റിൻ.

ഭാര്യ നിവ്യ ഉണ്ടാക്കുന്ന വറുത്തരച്ച ബീഫ് കറിയും മീ ൻകറി വറ്റിച്ചതും ദോശയും ചമ്മന്തിയുമെല്ലാം ആസ്വദിച്ചു കഴിക്കാറുണ്ടെന്നും ജസ്റ്റിൻ.

ജസ്റ്റിൻ അടുക്കളയിൽ കയറുന്ന ദിവസം മക്കളായ നിറ്റാന്യയ്ക്കും ജിറ്റാന്യയ്ക്കും ആഘോഷമാണ്. ഒപ്പം അവരും കൂടും. ‘‘പരീക്ഷണങ്ങള്‍ നടത്താൻ എനിക്കിഷ്ടമാണ്. സ്ഥിരമായി ഉണ്ടാക്കുന്ന വിഭവമാണെങ്കിലും അതിൽ എന്തെങ്കിലുമൊക്കെ മാറ്റം വരുത്തും. അങ്ങനെ ഉണ്ടാക്കുന്ന പുത്തൻ വിഭവങ്ങൾ നന്നായി വന്നാല്‍ റസ്റ്ററന്റിലെ അടുക്കളയിലുണ്ടാക്കി കൂടെയുള്ള ഷെഫുമാർക്കു നൽകും. അവരുടെ അഭിപ്രായങ്ങൾക്കനുസരിച്ചു മാറ്റം വരുത്തി മെനുവിൽ ഉൾപ്പെടുത്തും.’’

chef-justin-paul-98

നമ്മുടെ ചൈനീസ്, ചൈനീസ് അല്ല

തനതു ചൈനീസ് വിഭവങ്ങളും ജസ്റ്റിന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ട്. ‘‘നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ്, ചൈനീസ് അല്ല. ചില്ലി ചിക്കനും ചില്ലി ഗോബിയും ഗോബി മഞ്ചൂരിയനുമെല്ലാം കൊൽക്കൊത്തയിലെ ചൈനാടൗണിൽ നിന്നു വന്നതാണ്. ചൈനീസ് പ്രദേശമായ സിച്വാനിൽ നിന്നുള്ള വിഭവങ്ങളാണ് നമ്മുടെ നാട്ടിൽ ഷെസ്വാൻ ആയി എത്തുന്നത്. തനതു സിച്വാൻ മുളകിന്റെ എരിവും രുചിയുമൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.’’ ജസ്റ്റിൻ പറയുന്നു.

ദുബായിലും ബെംഗളൂരുവിലും സ്വന്തം റസ്റ്ററന്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജസ്റ്റിൻ. കൊച്ചിയിലൊരു തനതു ചൈനീസ് റസ്റ്ററന്റ് എന്ന മോഹവും മനസ്സിലുണ്ട്. ഏതു രംഗത്തും പറന്നുയരാന്‍ ഒരേയൊരു വഴിയേയുള്ളുവെന്ന് ജസ്റ്റിന്‍ പറയുന്നു, ‘സ്വപ്നം കാണുക, പിന്നെ അതിനായി ആത്മാർഥതയോടെ പരിശ്രമിക്കുക. വിജയം ഒപ്പമെത്തും.’

മിഷെലിൻ പുരസ്കാരം എങ്ങനെ ലഭിക്കും?


ഫ്രഞ്ച് കമ്പനി ആയ മിഷെലിൻ ആണ് മിഷെലിൻ സ്റ്റാർ റേറ്റിങ് നൽകുന്നത്. 1900-ൽ ഫ്രാൻസിൽ വാഹനമോടിക്കുന്നവർക്കുള്ള ഗൈഡ്ബുക്ക് എന്ന നിലയിലാണ് വാർഷികപ്രസിദ്ധീകരണമായ മിഷെലിൻ ഗൈഡ് പുറത്തിറങ്ങുന്നത്. ഇതു പിന്നീട് റസ്റ്ററന്റുകൾക്കുള്ള ഗൈഡ്ബുക്ക് ആയി മാറി.

ചേരുവകളുടെ ഗുണനിലവാരം, പാചകക്കാരുടെ വൈദഗ്ധ്യം, രുചിയിലും അവതരണത്തിലുമുള്ള പുതുമ തുടങ്ങി വിവിധ വശങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ചോദിച്ചു വാങ്ങുന്നതല്ല മിഷെലിൻ സ്റ്റാർ. മിഷെലിൻ കമ്പനിയുടെ പ്രതിനിധികൾ ഹോട്ടലുകാർ അറിയാതെ നടത്തുന്ന പരിശോധനയിലൂടെയാണ് സ്റ്റാർ നിർണയിക്കപ്പെടുന്നത്. വർഷത്തിൽ നാലു തവണ യെങ്കിലും മിഷെലിൻ ഇൻസ്പെക്ടർമാർ ഇത്തരത്തില്‍ റസ്റ്ററന്റുകൾ സന്ദർശിച്ചു വിലയിരുത്തും. അതിനു ശേഷമാണ് അംഗീകാരം നൽകുന്നത്.

ഒരു സ്റ്റാർ മുതൽ മൂന്നു സ്റ്റാർ വരെയുള്ള റേറ്റിങ്ങാണ് മിഷെലിൻ നൽകുന്നത്. ഒരു സ്റ്റാർ നൽകുന്നതു ഭക്ഷണത്തിന്റെ നിലവാരം വിലയിരുത്തിയാണ്. അതിനും മീതെ ഹോട്ടലിലെ വൈൻ കളക്‌ഷൻ മുതൽ നാപ്കിൻ റിങ് വരെ മറ്റു പല കാര്യങ്ങളും വിലയിരുത്തിയാണ് രണ്ടും മൂന്നും സ്റ്റാറുകൾ നൽകുന്നത്.

ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും മറ്റും മിഷെലിൻ സ്റ്റാർ റേറ്റിങ് നോക്കിയാണ് റസ്റ്ററന്റുകൾ തിരഞ്ഞെടുക്കുന്നത്. വിശിഷ്ടമായ വിഭവങ്ങൾ, വിശദാംശങ്ങളിലേക്കു സൂക്ഷ്മമായ ശ്രദ്ധ, മികച്ച സേവനം. എന്നിവയെല്ലാം ഇവിടെ നിന്നു ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതാണ് മിഷെലിൻ സ്റ്റാർ.

യൂറോപ്പ്, അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങി ഇ രുപത്തിയഞ്ചോളം രാജ്യങ്ങളിൽ മിഷെലിൻ ഗൈഡ് ഉണ്ട്. നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കും എത്തിയേക്കാം

English Summary:

Justin Paul, a Michelin Star Chef, learned the basics of cooking from his father. He now runs the M&M Hutt restaurant in Macau, serving Kerala cuisine and earning accolades for his culinary skills.

ADVERTISEMENT