ഭർത്താവ് അപകടത്തിൽ മരിച്ചു, മകൾ ജീവനൊടുക്കി: ഒടുവിൽ ആകെയുള്ള അത്താണിയും പോയി: മഞ്ജുള ഇനി ഒറ്റയ്ക്ക് Youth Murdered Over Football Dispute
Mail This Article
ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടു പേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ആറും ഏഴും പ്രതികളായ ജഗതി ടി.സി 16/925 സന്ദീപ് ഭവനിൽ സന്ദീപ് (27), കുന്നുകുഴി തേക്കുംമൂട് തോട്ട്‍വരമ്പ് വീട്ടിൽ അഖിലേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. സന്ദീപ് നിരവധി ക്രിമിനൽ കേസുകളിലും മ്യൂസിയം പൊലീസിൽ കാപ്പ കേസിലും പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മുഖ്യ പ്രതിയടക്കം അഞ്ചുപേർ ഒളിവിലാണ് . ഒളിവിലുള്ളവരെ സഹായിക്കുന്നത് തടയാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കി. സംഭവത്തിലുൾപ്പെട്ട ജഗതി സ്വദേശിയായ 16 വയസ്സുകാരനെ ചോദ്യം ചെയ്തുവരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷൻ തോപ്പിൽ ഡി 47 ൽ അലനെ (18) മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയത്. സംഘർഷത്തിലുൾപ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കമ്പി പോലുള്ള ആയുധം കൊണ്ടുള്ള കുത്ത് ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതാണ് മരണകാരണം. അലനെ സുഹൃത്തുക്കൾ ഉടൻ സ്കൂട്ടറിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു മാസം മുൻപ് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ഒത്തുതീർപ്പ് ചർച്ചയ്ക്കായി തിങ്കളാഴ്ച ഒത്തുകൂടിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തർക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും പ്രായപൂർത്തിയാകാത്ത ആളെയും വിളിച്ചു വരുത്തി. ആയുധങ്ങളുമായാണ് ഇവർ എത്തിയത്. അലൻ മറുപക്ഷത്തിന്റെ കൂട്ടത്തിലുള്ളയാളാണെന്ന് വിചാരിച്ച് ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തിനരികെ തളർന്നുവീണ് അമ്മ
ഭർത്താവും മകളും നഷ്ടപ്പെട്ട മഞ്ജുളയ്ക്ക് ആകെയുള്ള അത്താണിയായിരുന്നു മകൻ അലൻ. ഭർത്താവ് മഹേഷ് അപകടത്തിലാണു മരിച്ചത്. മകൾ ആൻഡ്രിയ ഒരു വർഷം മുൻപ് ജീവനൊടുക്കി. ഇന്നലെ ഉച്ചയോടെ വലിയവിള നെല്ലിയൂർക്കോണത്ത് മഞ്ജുളയുടെ സഹോദരിയുടെ വസതിയിലെത്തിച്ച മൃതദേഹത്തിനരികിൽ അമ്മ തളർന്നുവീണു. പേരൂർക്കടയിൽ സുഹൃത്തിന്റെ വസതിയിലും പൊതുദർശനത്തിനു ശേഷം മുട്ടട പെന്തകോസ്റ്റൽ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു.
കുട്ടികളുടെ തർക്കം തീർക്കാൻകാപ്പ പ്രതിയും ഗുണ്ടകളും; ഒന്നുമറിയാതെ പൊലീസ്
ഫുട്ബോൾ മത്സരത്തിലെ തർക്കത്തെ തുടർന്ന് 18 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നഗരവാസികൾക്കൊപ്പം നടുങ്ങിയത് പൊലീസും. കുട്ടികളുടെ തർക്കം മുതിർന്നവർ ഏറ്റെടുക്കുകയും കാപ്പ കേസിലെ പ്രതിയും ഗുണ്ടകളും വരെയെത്തി കൊലപാതകം നടത്തുകയും ചെയ്തത് നഗരസുരക്ഷയുടെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്നു.
പൊലീസ് കമ്മിഷണർ ഓഫിസിന് അരക്കിലോമീറ്റർ മാത്രം അകലെയാണ് പകൽ നടുറോഡിൽ അരുംകൊല നടന്നതെന്നത് പൊലീസിന് നാണക്കേട് ഇരട്ടിയാക്കി. ഒരു മാസത്തിനിടെ ഈ പ്രശ്നത്തെ ചൊല്ലി നഗരത്തിൽ പലയിടങ്ങളിൽ ഒട്ടേറെ തവണ കുട്ടികൾ ഉൾപ്പടെയുള്ളവർ സംഘം ചേർന്ന് ഏറ്റുമുട്ടിയിട്ടും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. കുട്ടികളുടെ തർക്കം പരിഹരിക്കാൻ ക്രിമിനൽ കേസ് പ്രതികളെത്തിയതും അറിയാനോ അക്രമം തടയാനോ കഴിഞ്ഞതുമില്ല.
രണ്ട് ക്ലബ്ബിലുള്ളവർ തമ്മിലുള്ള പ്രശ്നമാണെന്ന മട്ടിൽ സംഭവം ഒതുക്കി തീർക്കാനാണ് പൊലീസ് ശ്രമം. കാപ്പ കേസ് പ്രതിയും ഗുണ്ടാബന്ധമുള്ളവരും ഉൾപ്പെട്ട സംഘം പ്രശ്നത്തിൽ ഇടപെട്ടത് ക്വട്ടേഷന്റെ ഭാഗമാണോയെന്നും സംശയമുണ്ട്. നഗരത്തിൽ വലിയ കുറ്റകൃത്യം നടന്ന് കഴിഞ്ഞാണ് പലപ്പോഴും പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്. ഇരു വിഭാഗവുമായി ബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.