ചെറുപ്പത്തിലേ വിധി വിധവയാക്കി, കാൻസറിലും കീമോയിലും വെന്തുരുകിയ ജീവിതം; കാടിന്റെ മകൾ സുധാ ചന്ദ്രന്റെ അതിജീവനം From Widowhood to Wildlife: Sudha Raman's Journey
Mail This Article
വളരെ ചെറുപ്പത്തിൽ തന്നെ വിധവയായി. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അങ്കലാപ്പായിരുന്നു ആദ്യം. ചന്ദ്രേട്ടൻ മരിച്ചു കഴിഞ്ഞ് ചേർത്തു പിടിക്കേണ്ടവർ പോലും എല്ലാറ്റിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തത്. ആകെ തുണ എന്റെയൊരു ആങ്ങള മാത്രം.
അമ്മയായിരുന്നു ഏറ്റവും വലിയ കരുത്ത്. ഭർത്താവു മരിക്കുമ്പോൾ മകൻ എട്ടിലും മകൾ പ്ലസ് വണ്ണിലുമാണ്. കഞ്ഞിയും കറിയും വട്ടു മാത്രം ശീലം. മക്കളുടെ കാര്യങ്ങൾ ചെയ്യുക, അ ച്ഛനെയും അമ്മയെയും നോക്കുക അതാണ് ഒരു സ്ത്രീയുടെ കടമയെന്നാണ് അന്നു ധരിച്ചു വച്ചിരുന്നത്.
ചന്ദ്രേട്ടൻ നടത്തി വന്ന ചെറിയ കടയുണ്ട്. ജീവിക്കാൻ വേണ്ടി അത് ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒരു കുപ്പി പാലും ഒരു കിലോ അരിയുമായി അയൽവക്കത്തെ സജി എന്നൊരു കുട്ടിയെ സഹായത്തിനു കൂട്ടി കട തുടങ്ങി. അമ്മയും ഞാനും അവനും. സഹതാപവും മറ്റ് ചില നോട്ടങ്ങളും. ഒക്കെ തരണം ചെയ്ത് മുന്നോട്ടുപോയി.
ഒരു കുപ്പിപ്പാലിൽ തുടങ്ങിയത് അഞ്ച് കുപ്പിയിൽ വരെ എത്തി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നതു കണ്ട് അന്നത്തെ റെയ്ഞ്ച് ഓഫിസർ ജേക്കബ് സാർ ഫോറസ്റ്റ് നേചർ ക്യാംപിലേക്കുള്ള ഓർഡർ നമ്മളെ ഏൽപ്പിച്ചു. അതാണ് തുടക്കം.
ഗുരുവിൽ നിന്ന് കേട്ട് പഠിച്ച്...
പരിസ്ഥിതി ക്യാംപിൽ ക്ലാസ് എടുക്കാനാണ് ഡോ. സുഗതൻ സാർ വരുന്നത്. പക്ഷിനിരീക്ഷകൻ, ശാസ്ത്രജ്ഞൻ, ഡോ. സലീം അലിയുടെ ശിഷ്യൻ ഒക്കെയാണ് അദ്ദേഹം. സാറിന്റെ ക്ലാസ്സുകൾ ഞാൻ മതിലിനരികിൽ നിന്നും വാതിലിനു മറവിൽ നിന്നുമൊക്കെ കേൾക്കും. അന്നുസ്ത്രീകൾക്കു മുൻനിരയിൽ വരാൻ വിലക്കുകളുണ്ട്. എന്നാൽ സാറെന്നെ ശ്രദ്ധിച്ച് ‘സുധാമ്മ കയറി ഇരിക്കൂ’ എന്നാണു പറഞ്ഞത്. അങ്ങനെ പരിസ്ഥിതി ക്യാംപിലെ മുഴുവൻ ക്ലാസ്സുകളും കേട്ടു. വരുമാനമാർഗമുണ്ട്. ഒപ്പം പുതിതായൊരു കാര്യവും പഠിക്കുന്നു. അങ്ങനെയിരിക്കെ അ വിടെ വരാമെന്നേറ്റ മൂന്നു പേർക്കു ചോറുണ്ടാക്കി കൊടുക്കാൻ പറ്റുമോ എന്നായി. അതിനു പ്രതിഫലമായി നൂറു രൂപ സാറ് തന്നു.
ആയിടെ വന്യജീവി ഗൈഡ് ആകാനുള്ള ട്രെയിനിങ് നടന്നു. പ്രായക്കൂടുതലായിട്ടും സാർ പങ്കെടുക്കാൻ പറഞ്ഞു. പത്തു സ്ത്രീകളിൽ ഒൻപതു പേരും തിരികെ പോയി. ഞാൻ മാത്രമാണ് ആ ട്രെയിനിങ് പൂർത്തിയാക്കി ലൈസൻസ്ഡ് ഗൈഡ് ആയത്.
2002ൽ മകൻ ഗിരീഷ് പഠിച്ച് അഭിഭാഷകനായി. ‘ജംഗിൾ ബേഡ്’ എന്ന ഹോം സ്റ്റേ തുടങ്ങി.
എന്റെ കുട്ടികളെ മറ്റാരുടേയും മുന്നിൽ തലകുനിക്കാതെ കുടുംബത്തിലെ മറ്റുള്ളവരി ൽ നിന്നും ഒരുപടി മുകളിലായി പഠിപ്പിക്കണം എന്നൊരൊറ്റ ലക്ഷ്യമായിരുന്നു മനസ്സിൽ. ആ ലക്ഷ്യം നിറവേറ്റി. മകൾ ശാലിനി കളമശേരി മെഡിക്കൽ കോളജിൽ നഴ്സാണ്.
ഓരോ ദിവസവും വിസ്മയമാണ്
രാത്രി – പകൽ എന്നൊന്നുമില്ലാതെ, ജാതിമതഭേദമില്ലാതെ ഞാൻ ആളുകളെയുമായി ഇന്നു കാടുകയറും. കേരളത്തിലെ ആദ്യത്തെ സ്ത്രീ ഗൈഡാണ്. ഇംഗ്ലിഷ്, മലയാളം, തമിഴ്, ഹിന്ദി, ഫ്രഞ്ച് ഭാഷകൾ അറിയാം. ഒരു നിമിഷം പോലും പാഴാക്കാതെ ആസ്വദിച്ചു ജീവിക്കുന്നു. മരുമക ൾ സന്ധ്യയാണ് ഇവിടുത്തെ എല്ലാം. ഞാൻ ‘സ ന്ധ്യാമ്മേ’ എന്നാണു വിളിക്കാറ്. മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ഒരു ടീമാണ്. അവരാണ് എന്റെ ലോകം.
2018ൽ കാൻസർ വന്നു. 25 കീമോ കഴിഞ്ഞു ജീവിതത്തിലേക്കു വീണ്ടും തിരിച്ചു വന്നു. ജീവിതം എത്ര ചെറുതാണെന്നും സ്വപ്നങ്ങളൊന്നും പിന്നത്തേക്കു വ യ്ക്കരുതെന്നും മനസ്സിലായി.
ഇപ്പോൾ വയസ്സ് 68. എനിക്കും മകനും ഒരേ പ്രായമാണെന്നാണു തോന്നാറ്. അതിലും ഇളപ്പമുണ്ടെങ്കിലേയുള്ളൂ. (അകലെ നിന്നു മുഴങ്ങുന്ന വേഴാമ്പലിന്റെ വിളിക്കൊപ്പം സുധാമ്മയുടെ പൊട്ടിച്ചിരി) അതുകൊണ്ടാണ് ഇന്നും മലയും കാടും കയറാൻ മടിയില്ലാത്തത്.
ഇതിനിടെ ഡ്രൈവിങ്ങും പഠിച്ചു. വൈവിധ്യമുള്ള 170ൽ ഏറെ കിളികളെ കാണാനായി. ഏറ്റവും അപൂർവമായി കാണുന്ന ബേ ഔളിനെ കണ്ടിട്ടുണ്ട്. രാജവെമ്പാലയുടെ ഇണ ചേരൽ കണ്ടിട്ടുണ്ട്, സ്പോട്ട് ബെല്ലീഡ് ഈഗിൾ ഔൾ, ബാൺ ഔൾസ്പോട്ട്ഡ് ഔലറ്റ്, ജംഗിൾ ഔലറ്റ്,സ്കോപ്സ് ഔൾ, തട്ടേക്കാടിന്റെ മുഖമുദ്രയായ ഫ്രോഗ് മൗത്ത്, ദേശാടനക്കിളിയായ ബ്ലാക് ബസാ തുടങ്ങിയവയെ ഒക്കെ കണ്ടിട്ടുണ്ട്. സ്ലെണ്ടർ ലോറിസ് (കുട്ടിത്തേവാങ്ക്) തുടങ്ങി പല തരം ജീവികളെയും കണ്ടിട്ടുണ്ട്.
തട്ടേക്കാട് വനത്തിൽ 322 തരം പക്ഷികളാണുള്ളത്. അവയുടെ മുട്ടയിടുന്ന സമയം, ദേശാടന സമയം ഒക്കെ അറിയാം. ജീവിവർഗങ്ങളുടെ സ്വഭാവ സവിശേഷതകളും അറിയാം. ഉദാഹരണത്തിനു മലബാർ ഗ്രേ ഹോൺബിൽ– ഇണ മരണപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കില്ല, കൂട്ടിലിരുന്നുമരണമടയും.
എന്നും ഒരുപോലെയല്ല കാട്
രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കും. മൂന്നു നാല് ഈന്തപ്പഴവും ഒരു നാരങ്ങാവെള്ളവും. ഇടയ്ക്കു രണ്ടു പാൽച്ചായയും പഴവും പിന്നെ, ഉച്ചയ്ക്ക് ഊണ്. അത്താഴം. ദിവസവും കുറഞ്ഞത് 12 കിലോമീറ്റർ നടക്കും. ഗൈഡ് ആയി പോകുന്നതിന് ഫീസ് കിട്ടും. അവനവൻ ചെയ്യുന്ന അധ്വാനത്തിനു വില വേണം. ഒന്നും വെറുതേ ചെയ്യരുത്.
മനുഷ്യർ വികസനത്തിന്റെ പിന്നാലെ മാത്രം പായുമ്പോൾ മണ്ണിനെ മറന്നു പോകുന്നു. സുസ്ഥിരവികസനം സാധ്യമാണ്. ഇവിടെ വന്നു താമസിക്കുന്ന പല നാടുകളിലെ ആളുകളിൽ നിന്നും പല കഥകൾ കേൾക്കാം, പല മാതൃകകൾ അറിയാം. അതുകൊണ്ടു നമ്മൾ കാണുന്നതും പരിചയിച്ചതും മാത്രമാണ് ശരി എന്ന് പറയാൻ പറ്റില്ല.
ഇംഗ്ലിഷുകാരുടെ ലോൺലി പ്ലാനറ്റ് എന്നൊരു മാസികയിൽ എന്റെ പേരു വന്നത് അവർ കാണിച്ചു തന്നിട്ടുണ്ട്. ഇക്കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ചു സർക്കാര്‍ ആ ദരിച്ച എട്ടു വനിതകളിലൊരാളായി ഞാനുമുണ്ടായിരുന്നു. അതിലൊക്കെ സന്തോഷവും അഭിമാനവുമുണ്ട്.
മറക്കാനാകാത്ത ധാരാളം അനുഭവങ്ങളാണു കാട് തരുന്നത്. ഒരിക്കൽ രാവിലെ സന്ദർശകരെയും കൂട്ടി കാടു കാണാൻ പോയി. ആറരയായെങ്കിലും കാട്ടിൽ ഇരുട്ടാണ്. കുന്നു കയറുമ്പോൾ സൈലന്റ് പ്ലീസ് എന്ന നിർദേശം കൊടുത്തു ഞാൻ മുന്നിൽ. പെട്ടെന്ന് ആന മുന്നിലേക്ക് തുമ്പിക്കൈയും ഉയർത്തി ഓടി വന്നു. അതോടെ നേരെ താഴേക്കു ഓട്ടം തുടങ്ങി. യൂ ഫോളോ പ്ലീസ് എന്ന് അലറി വിളിച്ചു ഞാൻ ഓടി.
സത്യത്തിൽ ആനയുടെ അതിരിലേക്കു ഞങ്ങൾ ചെന്നു കയറിയതു കൊണ്ട് ആന പേടിച്ചിട്ടാണു പാഞ്ഞു വരുന്നത്. പക്ഷേ, അന്നേരം ഇതൊന്നും ചിന്തിക്കാനുള്ള പാങ്ങില്ല. ബൈനോക്കുലർ ശക്തിയായി ടക് ടക് എന്ന് നെഞ്ചത്തടിക്കുന്നുണ്ട്. സാരിയാണ് അന്ന് ഉടുത്തിരുന്നത്. പിന്നീട് കാൻസർ വന്ന് കൈ മുഴുവൻ ഉയർത്താൻ പറ്റാതായപ്പോഴാണു ചുരിദാറിലേക്ക് മാറിയത്.
ആ ഓട്ടം നേരെ ചെന്നു ചാടിയതു തോട്ടിലേക്കാണ്. കൂടെയുള്ള മൂന്നുപേരും ഒപ്പമെത്തി. ഒരാൾ മാത്രം അപ്പോഴും ആനയുടെ ഫോട്ടോയെടുക്കുന്നു! ആന തിരികെ കാട്ടിലേക്കു കയറിപ്പോയെങ്കിലും മറക്കാനാകാത്ത ഒരനുഭവമാണത്. അതല്ലാതെ ഇതുവരെ ഒരപകടവും ഉണ്ടായിട്ടില്ല. കാടിനെ അത്രയും അറിയാം. കാടിന് എന്നെയും. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു മരമായി ജനിക്കണം എന്നാണ്.
