മുത്തശ്ശിക്ക് മുത്തം നൽകി ഇറങ്ങിയ പൊന്നുമോൾ; മരണവിവരമറിഞ്ഞ് മുത്തശ്ശൻ കുഴഞ്ഞുവീണു: ഹെയ്സൽ കണ്ണീർത്തുള്ളി Tragic School Bus Accident Claims student’s Life
Mail This Article
സ്കൂൾ മുറ്റത്തെ പോർച്ചിൽ ബസിൽനിന്നിറങ്ങി ക്ലാസിലേക്കു നടന്നുപോയ വിദ്യാർഥിനി അതേ സ്കൂളിലെ മറ്റൊരു ബസ് കയറിയിറങ്ങി മരിച്ച സംഭവം നാടിനൊന്നാകെ വേദനയാകുകയാണ്. വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിനി, തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെയും ജീബയുടെയും ഏകമകൾ ഹെയ്സൽ ബെൻ (4) ആണു മരിച്ചത്. ബസിന്റെ ടയർ കയറിയിറങ്ങി, ഒപ്പമുണ്ടായിരുന്ന തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന്റെ (4) കാലിനു ഗുരുതര പരുക്കേറ്റു.
ഇന്നലെ രാവിലെ 9.10ന് ആണു സംഭവം. പോർച്ചിൽ നിർത്തിയ ബസിൽ നിന്നിറങ്ങി ക്ലാസിലേക്കു പോകുകയായിരുന്നു ഹെയ്സലും ഇനായയും. തൊട്ടുമുന്നിലുള്ള ബസ് കുട്ടികളെ ഇറക്കിയശേഷം മുന്നോട്ടെടുത്തപ്പോൾ ഹെയ്സലിനെ തട്ടുകയും കുട്ടി ടയറിനടിയിലേക്കു വീഴുകയുമായിരുന്നു. ബസ് ഡ്രൈവർ എം.എസ്.ശശി (52) പൊലീസ് കസ്റ്റഡിയിലാണ്.
മുത്തശ്ശിക്ക് മുത്തം നൽകി ഇറങ്ങി; കണ്ണീർത്തുള്ളിയായി മടക്കം
മുത്തശ്ശി മേരിക്കുള്ള പതിവ് മുത്തം നൽകിയാണ് ഇന്നലെ രാവിലെ തടിയമ്പാട് ആശുപത്രി ജംക്‌ഷനിൽനിന്നു സ്കൂൾ ബസിൽ ഹെയ്സൽ കയറിയത്. ഒരു മണിക്കൂറിനുള്ളിൽ ബന്ധുക്കൾ അറിഞ്ഞതു ദുരന്തവാർത്ത. തടിയമ്പാട് ടൗണിനു സമീപമുള്ള വാടകവീട്ടിലേക്ക് ഇവർ താമസം മാറിയതു 2 മാസം മുൻപാണ്. ഹെയ്സലിന്റെ പിതാവ് ബെൻ ജോൺസൺ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ പിആർഒ ആണ്. അമ്മ ജീബ ജോൺ തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയും.
എല്ലാ ദിവസവും മുത്തശ്ശി മേരിയാണു കുഞ്ഞിനു ഭക്ഷണം നൽകി, ഒരുക്കി സ്കൂളിലേക്കു വിടുന്നത്. അപകട വാർത്ത മുത്തശ്ശൻ ബേബിയാണ് ആദ്യം അറിഞ്ഞത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിയ ബേബിക്കു കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിത്സയിലായ ബേബിക്ക് അരികിലേക്കെത്തിയ മേരിയും വിവരം അറിഞ്ഞതോടെ തളർന്നു വീണു.
വീഴ്ചയെന്ന് ആരോപണം
വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിന്റെ മുറ്റത്തു ബസ് കയറി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം. പോർച്ചിൽ ബസ് നിർത്തിയാൽ, കുട്ടികൾ ബസിൽനിന്ന് ഇറങ്ങി നട കയറി സ്കൂൾ വരാന്തയിലൂടെ ക്ലാസ് മുറികളിലേക്കു പോകുന്നതായിരുന്നു പതിവ്. എന്നാൽ, ഇന്നലെ അപകടത്തിൽപെട്ട കുട്ടികൾ കൈകോർത്തു മുറ്റത്തുകൂടി നടന്നാണു ക്ലാസിലേക്കു പോയത്. ഇവരെ ശ്രദ്ധിക്കാൻ ആയമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. സെക്യൂരിറ്റി വിഭാഗം ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്.