ADVERTISEMENT

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളില്‍ അവരുടെ ജീവിതത്തെയാകെ കീഴ്മേൽ മറിച്ചുകൊണ്ട് ഡോക്ടർ അറിയിച്ചു, ‘‘കുഞ്ഞിന് രണ്ടു കാലുകളും കൈകളും ഇല്ല’’

എന്തു പറയണമെന്നറിയാതെ നിന്ന സന്തോഷിനും രേഖയ്ക്കും മുന്നിലേക്കു ഡോക്ടർ ഒരു പ്രതിവിധികൂടി വച്ചുകൊടുത്തു. ‘‘കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം’’

ADVERTISEMENT

ആ പരിഹാരത്തോടു മുഖം തിരിക്കാൻ അവർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ‘‘ഈ കുഞ്ഞിനെ ഞങ്ങൾ വളർത്തും, ദൈവം എങ്ങനെ തരുന്നുവോ, അങ്ങനെ.’’

വിജയിച്ചത് അമ്മവാശി

ADVERTISEMENT

ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞിളം പൈതലിന് രേഖ ജന്മം നൽകി. തങ്ങളുടെ ജീവിതത്തിന്റെ പകലിനും ഇരവിനുമിടയിൽ ഏറ്റവും മനോഹരമായ നിറങ്ങൾ സമ്മാനിച്ച ആ കുഞ്ഞിന് അവർ സന്ധ്യ എന്നു പേരു നൽകി. ആശംസകളറിയിക്കാൻ എത്തിയവരേക്കാൾ ആശങ്ക പങ്കുവച്ചവരായിരുന്നു അധികവും.

ജീവിതകാലം മുഴുവൻ അവൾ കിടപ്പിലായിരിക്കും എ ന്നു ചില ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മകളെ വിധിക്കു വിട്ടുകൊടുക്കില്ലെന്ന ഒരൊറ്റ വാശിയായിരുന്നു രേഖയ്ക്ക്. ‘‘കുഞ്ഞിന് ഇടുപ്പിന്റെ ഭാഗത്തു ബലക്കുറവുണ്ടായിരുന്നു. ഒരു ദിവസം ഞാനും അമ്മയും ചേർന്ന് ഒരു വിദ്യ പരീക്ഷിച്ചു. കുഞ്ഞിനെ ഒരു വലിയ ചരുവത്തിൽ ഇരുത്തി ഒരു ഭാഗത്തു തലയണയും തുണികളും മടക്കി വച്ച് സപ്പോർട്ട് കൊടുത്തു. ആദ്യമൊക്കെ മറുവശത്തേക്കു വീണുപോകുമായിരുന്നു. എന്നാൽ പ തിയെ പതിയെ സ്വയം ബാലൻസ് ചെയ്തു തുടങ്ങി. കിടപ്പിലായി പോകുമെന്നു പറഞ്ഞ എന്റെ മോളെ ഇതുപോലെ അനേകായിരം ശ്രമങ്ങളിലൂടെ ദാ, ഇവിടെ വരെ എത്തിച്ചു.’’ രേഖയുടെ വാക്കുകളിൽ അമ്മമനസ്സിന്റെ ആനന്ദം.

ADVERTISEMENT

പലരുടെയും എതിർപ്പുകൾ അവഗണിച്ചു രേഖയും സന്തോഷും എടുത്ത തീരുമാനം ഒരുപാടുപേരിൽ ഇ ഷ്ടക്കേടുകളുണ്ടാക്കി. മോൾക്ക് പ്രവേശനമില്ലാത്ത ഇ ടങ്ങളിലേക്ക് അവർ മൂവരും പോകാതെയായി.

ഇതൊന്നുമറിയാതെ വർണങ്ങളും ചായങ്ങളും നിറഞ്ഞ ലോകത്തായിരുന്നു കുഞ്ഞു സന്ധ്യ. മുട്ടുവരെ മാത്രമുള്ള കുഞ്ഞിക്കൈയിൽ കളർ പെൻസിലുകൾ പിടിച്ച് അവൾ ചിത്രങ്ങൾ കോറിയിടാൻ തുടങ്ങി.

ആദ്യമൊക്കെ പെൻസിലും പേപ്പറും കയ്യും പരസ്പരം പിണങ്ങി നിന്നെങ്കിലും നിരന്തരപ്രയത്നത്തിലൂടെ സ ന്ധ്യ എല്ലാവരോടും ചങ്ങാത്തമുറപ്പിച്ചു. നിറം മങ്ങിത്തുടങ്ങിയ ചുവരുകളുള്ള മുറിക്കുള്ളിലിരുന്നു ജനാലയ്ക്കപ്പുറം കണ്ട നിറമുള്ള കാഴ്ചകൾ അവള്‍ പേപ്പറിലേക്ക് പകർത്തി.

‌ തിരുവനന്തപുരം പനത്തുറയിലെ വീട്ടിൽ ഇപ്പോൾ മോഹൻലാലിന്റെ ചിത്രം അവസാനവട്ട മിനുക്കുപണികളിലാണ്. ‌ചിത്രരചനയിലെ മികവിനു ലഭിച്ച സമ്മാനങ്ങൾ സ്വീകരണമുറിയിലെ പണിതീരാത്ത ഷെൽഫിൽ ഭംഗിയായി നിരത്തി വച്ചിട്ടുണ്ട്. കുഞ്ഞ് പെൻസിൽ പിടിക്കുന്നതു കണ്ടപ്പോഴാണ് അവളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്നു രേഖയ്ക്ക് മോഹം തോന്നിയത്. രേഖയുടെ അച്ഛനും അമ്മയും സന്തോഷും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം നിന്നു. എന്നാൽ ചിലരുടെയെങ്കിലും ക ണ്ണിൽ രേഖയുടെ ആഗ്രഹം അതിമോഹമായി.

വിവിധ സ്കൂളുകളെ സമീപിച്ചെങ്കിലും നിരാശയായി രുന്നു ഫലം. ഒടുവിൽ പനത്തുറ സ്കൂളിൽ സന്ധ്യയ്ക്ക് എൽകെജിയിൽ പ്രവേശനം ലഭിച്ചു.

അമ്മയുടെ തോളിലേറി

ജൂണിലെ മഴയുള്ള ഒരു പകൽ. പുത്തനുടുപ്പണിഞ്ഞ്, ബാ ഗും കുടയുമൊക്കെയായി, അമ്മയുടെ തോളിലിരുന്ന് കുഞ്ഞു സന്ധ്യ സ്കൂളിലേക്കു പോയി. സ്കൂളിൽ അവളെ കാത്തിരുന്നത് സ്നേഹവും കരുണയും വേണ്ടുവോളമുള്ള മനുഷ്യരാണ്. സന്ധ്യയെ തോളത്തെടുത്ത് ക്ലാസ് മുറിയിലേക്കു നടക്കുന്ന സഹപാഠിയായ ഗായത്രി പതിവു കാഴ്ചയായി. വലിയ സ്നേഹമാണ് അധ്യാപകരും കൂട്ടുകാരുമെല്ലാം നൽകിയതെന്നു സന്ധ്യ പറയുന്നു.

‘‘ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യത്തെ വീൽചെയർ കിട്ടി. പിന്നീടുള്ള യാത്രകൾ വീൽചെയറിൽ ആയിരുന്നു. യുപി ആയപ്പോൾ കുറച്ചു ദൂരെയുള്ള വാഴമുട്ടം സ്കൂളിലേക്കു മാറി.’’

മുതിർന്നപ്പോൾ സ്കൂളിൽ പോയി വരാൻ ഓട്ടോറിക്ഷ ഏർപ്പാടാക്കി. രേഖയോ സന്തോഷോ സന്ധ്യയെ തോളിലേറ്റി റോഡിൽ എത്തിക്കും. വൈകുന്നേരം അപ്പൂപ്പൻ സദാശിവനും അമ്മൂമ്മ സുശീലയും റോഡിൽ കാത്തു നിൽക്കും. വീൽചെയർ ഉണ്ടെങ്കിലും വീട്ടിൽ നിന്നു റോഡ് വരെയെത്തുക സന്ധ്യയ്ക്ക് ഇന്നും വെല്ലുവിളിയാണ്. മഴക്കാലമായാൽ മുറ്റം വരെ ചെളിവെള്ളം നിറയും. ഒരു മാസം വരെയെടുക്കും മഴവെള്ളം ഒഴിയാൻ.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സന്ധ്യ എൻ. കെ. സുനു എന്ന അധ്യാപകനു കീഴിൽ ചിത്രരചന അഭ്യസിക്കാൻ തുടങ്ങി. കുറവുകളുള്ള കുട്ടി എന്ന ടാഗിന് പകരം ‘കഴിവുകളുള്ള കുട്ടി’ എന്ന ടാഗ് ആണ് സുനു മാഷ് സന്ധ്യയ്ക്കു നൽകിയത്.

സന്ധ്യ ഇപ്പോൾ മനോഹരമായി പോർട്രെയ്റ്റുകൾ വ രയ്ക്കും. ചലച്ചിത്ര താരം മധുവിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം പോർട്രെയിറ്റ് ചിത്രം വരച്ചു സമ്മാനിക്കാനായത് ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണെന്നു സന്ധ്യ പറയുന്നു. ‘‘ലാലേട്ടന്റെ ചിത്രമാണ് ഇപ്പോൾ വരയ്ക്കുന്നത്. എന്നെങ്കിലും അദ്ദേഹത്തെ നേരിൽക്കണ്ട് ഇതു സമ്മാനിക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.’’ മോഹൻലാലിന്റെ പെൻസിൽ ഛായാചിത്രം ഫയലിലേക്കു ശ്രദ്ധയോടെ എടുത്തു വയ്ക്കുന്നതിനിടെ മനസ്സിലെ ആഗ്രഹം സന്ധ്യ വെളിപ്പെടുത്തി.

കസേരയിൽ നിന്നെടുത്തു സന്ധ്യയെ രേഖ വീൽചെയറിലിരുത്തി. വീൽചെയർ പൊക്കി, രണ്ടു പടികൾ താണ്ടി, മുറ്റത്തേക്കിറക്കി. മുറിക്കുള്ളിൽ നിന്നിറങ്ങിയ സന്ധ്യയ്ക്കു മുറ്റത്തെ തണൽ കുട പിടിച്ചു.

sandhya-crisis-96

ചുറ്റും നിറയുന്ന തണൽ

കോവിഡ് കാലത്ത് ജീവിതസാഹചര്യങ്ങൾ കീഴ്മേൽ മറിഞ്ഞപ്പോൾ ദിവസവേതനത്തിനു ജോലിചെയ്യുന്ന രേഖയും സന്തോഷും തളർന്നു. എന്നാൽ അവർക്കു തണലേകാൻ നിരവധിപേർ ചുറ്റും നിറഞ്ഞു. കോവളം പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാരും സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും നടത്തിപ്പുകാരിയായ ഷീജയുമെല്ലാം കരുണയോടെ ഈ കുടുംബത്തിന്റെ കരംപിടിച്ചു.

എല്ലാവരേയും എന്ന പോലെ കോവിഡ് കാലം സന്ധ്യയേയും മാനസികമായി വിഷമത്തിലാക്കി. കൂട്ടുകാരെ കാണാനോ സ്കൂളിൽ പോകാനോ കഴിയാതെ വീടിനുള്ളില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങൾ. എന്നാൽ അക്കാലത്തു തേടി യെത്തിയ സന്തോഷങ്ങളെക്കുറിച്ചു പറയാൻ സന്ധ്യയ്ക്കു നൂറുനാവാണ്. കസിനും അടുത്ത സുഹൃത്തുമായ സൗമ്യയാണ് സന്ധ്യയോട് യുട്യൂബ് ചാനൽ ആരംഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. ‘സന്ധ്യാസ് വേൾഡ്’ എന്ന യുട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിനാളുകൾ സന്ധ്യയുടെ കൊച്ചു വീട്ടിലെ കുഞ്ഞു വിശേഷങ്ങൾ അറിഞ്ഞു. ചിത്രരചനയും പാചകവും ഷോപ്പിങ് വിഡിയോയും മുതൽ സിനിമാ റിവ്യൂ വരെ സന്ധ്യാസ് വേൾഡിലുണ്ട്. നിരവധിപേരാണു മിഠായികളും കളർ പെൻസിലുകളും പുസ്തകങ്ങളും വസ്ത്രങ്ങളും സമ്മാനമായി എത്തിച്ചു കൊടുത്തത്. മകളുടെ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കാൻ അവളേയും കൂട്ടി ഏതുലോകത്തേക്കു പോകാനും രേഖ തയാറാണ്. ‘‘ അവളെ തള്ളിപ്പറഞ്ഞവരൊക്കെയും ഇന്ന് അവളുടെ പേര് അഭിമാനത്തോടെ പറയുന്നു. കുടുംബത്തിലൊരു ചടങ്ങുണ്ടെങ്കിൽ ‘സന്ധ്യയേയും കൂട്ടി വരണേ’ എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നാറുണ്ട്.’’

sandhya-crisis-fight
അപ്പൂപ്പൻ സദാശിവൻ, അച്ഛൻ സന്തോഷ്, അമ്മൂമ്മ സുശീല അമ്മ രേഖ, അനുജത്തി അഖിത എന്നിവർക്കൊപ്പം സന്ധ്യ

ദൈവം സൃഷ്ടിച്ചപോലെ

വർഷങ്ങൾക്കു മുൻപ് കുഞ്ഞ് സന്ധ്യയുമായി രേഖ കയറിയിറങ്ങാത്ത ആശുപത്രികളില്ല. എന്നാൽ കൃത്രിമ കാലുകള്‍ വയ്ക്കാനുള്ള ആരോഗ്യാവസ്ഥയിൽ ആയിരുന്നില്ല സന്ധ്യ. നിലവിൽ കൈകൾ വയ്ക്കാമെന്നു ഡോക്ടർമാർ പറയുന്നു. എന്നാൽ കൃത്രിമമായ കൂട്ടിച്ചേർക്കലുകളോടു സന്ധ്യയ്ക്കു തീരെ താത്പര്യമില്ല. ‘‘ ദൈവം എന്നെ ഇങ്ങനെയല്ലേ സൃഷ്ടിച്ചത്. ഇതിൽ ഞാൻ ഹാപ്പിയാണ്. എഴുതാൻ, ഭക്ഷണം കഴിക്കാൻ, ഗ്ലാസ് കയ്യിൽപിടിച്ച് ചായ കുടിക്കാൻ, ഫോൺ ഉപയോഗിക്കാൻ, അനിയത്തി അഖിതയെ കണ്ണെഴുതി, പൊട്ടു തൊടീക്കാൻ എല്ലാം എനിക്കു സാധിക്കുന്നുണ്ടല്ലോ.’’

നന്നായി പഠിച്ച്, സ്വന്തം നിലയിൽ നിൽക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം. ‘‘പത്താം ക്ലാസിൽ വലിയ കുഴപ്പമില്ലാത്ത മാർക്കുണ്ട്. പക്ഷേ, വീടിനടുത്ത് ഹയർ സെക്കൻഡറി സ്കൂൾ ഇല്ല. ദൂരെയുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടിയാൽ എങ്ങനെ പോയി വരും എന്നറിയില്ല.’’ തെല്ലൊരു ഞൊടി ആ മുഖം വാടി.

പിന്നെ, ചിരിച്ചുകൊണ്ടു അവൾ പറഞ്ഞു, ‘‘അടുത്തെവിടെയെങ്കിലും അഡ്മിഷൻ കിട്ടും. ഞാൻ പഠിക്കും. പഠിച്ചു പഠിച്ച് ജോലി വാങ്ങും. ജീവിതത്തിൽ വിജയിക്കും.’’ പ്രതീക്ഷ കൈവിടാൻ തയാറല്ലാത്ത, സ്വപ്നം കാണാൻ ഇഷ്ടപ്പെടുന്ന, ആ സ്വപ്നത്തിലെത്താൻ കഠിനമായി യത്നിക്കുന്ന ഏതൊരു പെൺകുട്ടിയെയും പോലെ സന്ധ്യ.

English Summary:

This is an inspiring story of Sandhya, a differently-abled girl from Kerala who overcame her physical limitations with the unwavering support of her parents. Sandhya's journey showcases her artistic talent and her determination to live a fulfilling life.

ADVERTISEMENT