ADVERTISEMENT

ജോലി, വീട്, കുട്ടികൾ. തിരക്കിട്ടുള്ള ഒാട്ടമല്ലേ. അതിനിടയിൽ പാഷൻ പ ലപ്പോഴും മനസ്സിന്റെ പിൻസീറ്റിലിരുന്ന് ഉറങ്ങും. എന്നാൽ പ്രധാന വരുമാനമാർഗമായ ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടി ചെയ്താലോ? ജോലിയിൽ വ്യത്യസ്തമായ പാഷൻ അല്ലെങ്കിൽ മറ്റൊരു തൊഴിലിനു കൂടി സമയം കണ്ടെത്തുന്ന ഒരാളുടെ കഥയാണിത്. ട്രാവൻകൂർ മെഡിസിറ്റി മെഡിക്കല്‍ കോളജിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. വിഷ്ണു വി. നാഥ് പങ്കുവയ്ക്കുന്ന ജീവിതാനുഭവം.

‘‘സർപ്പംപാട്ട് കുലത്തൊഴിൽ മാത്രമല്ല പാഷൻ കൂടിയാണ്’’

ADVERTISEMENT

(ഡോ.വിഷ്ണു വി.നാഥ്, പത്തനംതിട്ട)

അമ്പലങ്ങളിൽ സർപ്പംപാട്ട് അവതരിപ്പിക്കുന്ന ഡോക്ടർ! കേട്ടപ്പോൾ കൗതുകം തോന്നി. അങ്ങനെയാണു മാവേലിക്കര സ്വദേശിയായ ഡോ.വിഷ്ണുവിനോടു സംസാരിച്ചു തുടങ്ങിയത്. അദ്ദേഹം പറഞ്ഞതിലേറെയും ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയും.

ADVERTISEMENT

‘‘ആദ്യമായി സർപ്പം പാട്ട് പാടിയതു ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലാണ്, പ്ലസ് വണിൽ പഠിക്കുമ്പോൾ. കുടും ബാംഗങ്ങളിൽ നിന്നു തന്നെ പഠിച്ചെടുത്ത അനുഷ്ഠാന കല. അച്ഛൻ ചെട്ടിക്കുളങ്ങര വിശ്വനാഥനും അമ്മ ഗീ ത വിശ്വനാഥനുമൊപ്പം കുഞ്ഞു വിഷ്ണുവും സർപ്പപ്പാട്ടിനൊപ്പം കൂടി. ബിഎസ്‌സി ആദ്യവർഷം പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നെ, അമ്മയായി കുടുംബത്തിന്റെ നാഥയും നാഥനും. ബാധ്യതകൾ ചുമലിലേറ്റി പരാതികളൊന്നും പറയാതെ അമ്മ ഞങ്ങളെ മുന്നോട്ടു നയിച്ചു.

‘‘ബിരുദപഠനം കഴിഞ്ഞതോടെ ഞാനും അമ്മയ്ക്കൊപ്പം കുലത്തൊഴിലിനിറങ്ങി. അതിനുശേഷമാണ് എംബി ബിഎസ് എൻട്രൻസ് ആവർത്തിക്കുന്നതും സീറ്റ് നേടിയതും. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതേയുള്ളൂ. അ തിനു ശേഷം സർജറി പിജി എടുക്കണം. കാർഡിയോതൊറാസിക് സൂപ്പർ സ്പെഷാലിറ്റിയും പഠിക്കണം. അങ്ങനെയൊക്കെയാണ് പ്രഫഷനിലെ മോഹങ്ങൾ. പാട്ട് കുലത്തൊഴിൽ മാത്രമല്ല എന്റെ പാഷൻ കൂടിയാണ്. എത്ര മുന്നോട്ടു പോയാലും അതും ഒപ്പം കൊണ്ടുപോകണമെന്നാണു മോഹം.’’

ADVERTISEMENT

അയാളും ഞാനും തമ്മിൽ

അമ്മ ഒരിക്കൽ പറഞ്ഞു. ‘നിർണയം സിനിമ കണ്ടു. കൊള്ളാം. ഇനി ടിവിയിൽ വരുമ്പോൾ മോനൊന്നു കണ്ടു നോക്കൂ.’’ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം. നിർണയം ആദ്യമായി കണ്ടു. ഡോക്ടറാകണമെന്ന് ആഗ്രഹം തോന്നി. ബിഎസ്‌സി പഠിക്കുന്ന സമയത്ത് ‘അയാളും ഞാനും തമ്മിൽ’ കണ്ടു. ഡോക്ടറാകണമെന്നു മനസ്സിൽ ഉറപ്പിച്ചത് അപ്പോഴാണ്. കൊല്ലം ട്രാവൻകൂർ മെ‍ഡിസിറ്റി മെഡിക്കൽ കോളജിൽ 2016 ബാച്ചിലാണ് എംബിബിഎസ് അഡ്മിഷൻ കിട്ടുന്നത്. ചേച്ചി ലക്ഷ്മി പ്രിയ ബിഎഎംഎസ് പഠിക്കുന്നു. പഠനം പൂർത്തിയാകാറായി. ഞങ്ങൾ പഠിച്ചുവെന്നേയുള്ളൂ. പക്ഷേ, എ ന്തെങ്കിലും മുന്നേറിയിട്ടുണ്ടെങ്കിൽ അത് അമ്മ കാരണമാണ്. അമ്മയുടെ കഷ്ടപ്പാടും അധ്വാനിക്കാനുള്ള മനസ്സും ആയിരുന്നു പ്രചോദനം.

ഞങ്ങളുടെ പുള്ളുവ സമുദായത്തിലെ ഏകദേശം 90 ശതമാനം കുടുംബങ്ങളുടെയും ഏക ഉപജീവനമാർഗം സർപ്പപ്പാട്ട്, സർപ്പക്കളമെഴുത്തു കലയാണ്. ഇന്നത്തെ തലമുറയും വ്യത്യസ്തമല്ല. ഇതിലൂടെയുള്ള വരുമാനം വളരെ തുച്ഛമാണ്. അതിനു തെളിവാണ് സമുദായത്തിലെ 60 ശതമാനം കുടുംബങ്ങളും നിത്യവൃത്തിക്കു തന്നെ കഷ്ടപ്പെട്ട് ഇന്നും കഴിയുന്നത്.

എന്റെ വീട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പക്ഷേ, ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അമ്മയ്ക്ക് ഉറച്ച ധാരണകൾ ഉണ്ടായിരുന്നു. എട്ടാം ക്ലാസു വരെ ചേച്ചി സിബിഎസ്‌ഇ സിലബസിലും ഞാൻ ഐസിഎസ്‌ഇ സിലബസിലും ആയിരുന്നു. അതും ഞങ്ങളെ സംബന്ധിച്ച് വളരെ ഉയർന്ന ഫീസ് കൊടുത്ത്. അച്ഛൻ മരിച്ചപ്പോൾ ബാക്കിവച്ചു പോയ കടബാധ്യതകൾ. ഞങ്ങളുടെ വിദ്യാഭ്യാസം, അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഭാരം. മക്കളുടെ ആഗ്രഹങ്ങൾക്ക് ഒരു തടസ്സവുമുണ്ടാകരുതെന്ന നിശ്ചയത്തിൽ അമ്മ അധ്വാനിച്ചു മുന്നേറി. അമ്മയുടെ ആ കഷ്ടപ്പാടിന്റെ വെണ്മയാണ് ഞാൻ ഇന്നിട്ടിരിക്കുന്ന ഈ ഡോക്ടറുടെ കുപ്പായം.’’

അച്ഛനെന്ന ഓർമ

‘‘ആളുകളുടെ പേരും നാളും ചേർത്ത് താളത്തിൽ അച്ഛൻ സർപ്പസ്തുതി പാടുന്നത് ഇന്നും കാതിലുണ്ട്. അച്ഛനിൽ നിന്നാണ് പുള്ളുവ വീണ വായിക്കാനും പഠിച്ചത്. 45 വര്‍ഷം അച്ഛൻ സർപ്പപ്പാട്ടു പാടി അനേകം പേരുടെ സർപ്പദോഷം ഒഴിപ്പിച്ചിട്ടുണ്ട്.

അച്ഛന്റെ മരണശേഷം സർപ്പപാട്ട് പഠിപ്പിച്ചിരുന്നത് അമ്മാവൻ ടി.ആർ രമേശനാണ്. പിന്നെ, അമ്മയ്ക്കു സ ഹായത്തിനു ഞാനും കൂടെപ്പോയിത്തുടങ്ങി. ഞങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്തുണയും ധൈര്യവുമായി അമ്മയുടെ ഇളയ സഹോദരൻ ശിവപ്രസാദുമുണ്ട്.’’

നാഗദൈവങ്ങൾ പ്രസാദിക്കേണം

‘‘നാഗദൈവങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. എ നിക്കുണ്ടായ പല അനുഭവങ്ങളുണ്ട്. സർപ്പദോഷം മാറാൻ സർപ്പപ്പാട്ട് നടത്തിച്ച ചില ഭക്തർ മാസങ്ങൾക്കു ശേഷം സന്തോഷത്തോടെ വന്ന് അവരുടെ ദോഷങ്ങൾ ഒഴിഞ്ഞ വിവരം ദക്ഷിണ വച്ചു പറഞ്ഞിട്ടുണ്ട്.

സന്താന സൗഖ്യം, മംഗല്യസൗഭാഗ്യം, ചർമരോഗങ്ങൾ അങ്ങനെ പല പ്രശ്നങ്ങളും അകലണമേയെന്ന പ്രാർഥനയോടെയാണു പലരുമെത്തുന്നത്. വള്ളംകളി നടക്കുന്നതിനു മുന്നോടിയായി വള്ളത്തിന്റെ പേര് പറഞ്ഞു പാടിക്കുന്നവരുമുണ്ട്. പ്രധാനമായും നവജാത ശിശുവിനു കണ്ണിൻ ദോഷം, നാവിൻ ദോഷം അകലാൻ വഴിപാടിനായി സമീപിക്കാറുണ്ട്.

മനസ്സർപ്പിച്ചുള്ള പ്രാർഥനയാണ് ഒാരോ പാട്ടിലൂടെയും നാഗദൈവങ്ങൾക്കു സമർപ്പിക്കുന്നത്. എനിക്ക് ഇത് വിശ്വാസവും കുലത്തൊഴിലുമാണ്. ഇനി ഏതൊക്കെ വഴികളിൽ മുന്നേറിയാലും ഈ പാട്ടും പ്രാർഥനയും ഒപ്പമുള്ളതാണ് ഇരട്ടി സന്തോഷം. ’’

English Summary:

The focus keyword is Passion. This article narrates the inspiring story of a doctor balancing his medical profession with his passion for 'Sarppam Pattu,' a traditional snake song. He manages to pursue his passion while working as a doctor at Travancore Medicity Medical College.

ADVERTISEMENT