ADVERTISEMENT

2013 ലാണ് ജീവിതത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇറക്കമിറങ്ങി റെജീന ജോസഫിന്റെ മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നത്.  ഡ്രൈവിങ് അറിയാതെ കുറച്ചു ദിവസങ്ങൾ അവർ പകച്ചു നിന്നു പോയി. പിന്നെ കയ്യിലൊരു കൊന്തയും പ്രാർത്ഥനാ പുസ്തകവും പിടിച്ച് ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു. അരികിൽ ഭർത്താവ് ജോസഫ് ഫ്രാൻസിസുണ്ട്. പുറകിലെ സീറ്റിൽ അമ്മയെ അത്ഭുതത്തോടെ നോക്കി അവരുടെ അഞ്ചു പെൺമക്കളും. പ്രതീക്ഷിച്ചതിനേക്കാൾ സ്പീഡിലാണ് ആ വണ്ടി പാഞ്ഞത്. ഉയരങ്ങൾ താണ്ടി നിൽക്കുന്ന ആ യാത്രയുടെ കഥയിലേക്ക്.

കാലുകൾ തളർന്ന് ഭർത്താവ് ജോസഫ് ഫ്രാൻസിസ് കിടപ്പിലാകുന്നതു വരെ വീടിനുള്ളിലെ കാര്യങ്ങളിൽ മാത്രമായിരുന്നു റെജീനയുടെ ശ്രദ്ധ. അഞ്ചു മക്കളിൽ ഇളയവളായ ലിൻഡയ്ക്ക് രണ്ടു വയസായിരുന്നു അന്നു പ്രായം. മക്കളെ വളർത്തലും വീട്ടുജോലികളുമായി പിടിപ്പതു പണികൾ വീടിനുള്ളിലുമുണ്ടായിരുന്നു.

ADVERTISEMENT

പതിനഞ്ചേക്കറോളമുള്ള കൈതച്ചക്കക്കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം. ജോസഫിന് ഇനി അതു മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ലെന്നു മാത്രമല്ല, ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽപ്പോലും സഹായം വേണ്ടി വരുന്ന സാഹചര്യം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പൂർണ പിന്തുണ അറിയിച്ചു. ‘‘കൃഷി നിർത്തരുത്. ഞങ്ങൾ തുടർന്നു ചെയ്തോളാം. മേൽനോട്ടവും നിർദേശങ്ങളും കിട്ടിയാൽ മതി.’’ ജീവിതം നൽകിയ കയ്പ്പുനീരു കുടിച്ച ശേഷം ആദ്യമായി നുണഞ്ഞ ഒരു നുള്ളു മധുരമായിരുന്നു റെജീനയ്ക്കും ജോസഫിനും ഈ പിന്തുണ. രണ്ടു ഞരമ്പുകൾ പരസ്പരമൊട്ടി ഒരിടത്ത് ദ്വാരം വീണതും കാലിലേക്കുള്ള രക്തയോട്ടം നിലച്ചതുമായിരുന്നു ജോസഫിനെ ബാധിച്ച  ആരോഗ്യപ്രശ്നം. കാൽ മരവിച്ചതിനേത്തുടർന്നാണ് പരിശോധനകൾ ചെയ്ത് ഇങ്ങനെ പ്രശ്നമുള്ളതു കണ്ടെത്തിയത്. അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. നടക്കാനുള്ള ശേഷി പക്ഷേ വീണ്ടെടുക്കാനായില്ല. തളർന്നിരുന്നാൽ ഏഴു വയറുകൾ പട്ടിണിയാകുമെന്നറിഞ്ഞതോടെ റെജീന കരുത്തോടെ മുന്നിട്ടിറങ്ങി.

Reginacrisispic3
റെജീന ജോസഫ് ഭർത്താവിനൊപ്പം

ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റമെന്ന ഗ്രാമത്തിന്റെ മണ്ണിൽ നിശ്ചയദാർഢ്യത്തോടെ കാലൂന്നി വേഗത്തിലവർ നടന്നു. കടകളിലേക്ക്.. കൈതപ്പാടങ്ങളിലേക്ക്.. സർക്കാർ ഓഫിസുകളിലേക്ക്..ആശുപത്രിയിലേക്ക്..കുട്ടികളുടെ സ്കൂളിലേക്ക്.  ഒറ്റയ്ക്കുള്ള നടത്തത്തിന് വേഗത മനസോളം കിട്ടുന്നില്ലെന്നറിഞ്ഞതോടെ ജീപ്പിന്റെ സ്റ്റിയറിങ് ആ കൈവെള്ളയിലൊതുങ്ങി. സ്കൂട്ടറും കാറും ജീപ്പും ആവശ്യത്തിനൊത്തോടിച്ച് എല്ലായിടത്തുമെത്താൻ തുടങ്ങി. കഠിനമായിരുന്ന ദിവസങ്ങളിലേക്ക് ഓർമ്മ റിവേഴ്സ് ഗിയറിട്ടതും റെജീനയുടെ കണ്ണുകളിൽ സങ്കടത്തിന്റെ ഡാം അണപൊട്ടി. ജീവിതത്തിനു കടിഞ്ഞാണിട്ട ആ പെൺകരുത്തിനു മുന്നിൽ കണ്ണീരും അടങ്ങിയൊതുങ്ങി നിന്നു. വെള്ളിയാമറ്റത്തും പരിസരപ്രദേശങ്ങളിലുമായി ഇരുപത്തഞ്ചേക്കറോളം കൈതച്ചക്കക്കൃഷി ഇന്ന് ഈ കുടുംബത്തിനുണ്ട്. കരുത്തോടെ വളർന്ന കൈതക്കാട് നല്ല കർഷകയ്ക്കുള്ള ആദരവും റെജീനയ്ക്കു നേടിക്കൊടുത്തു.

ADVERTISEMENT

എറണാകുളത്തെ കലൂർക്കാട് കാട്ടാംകൂട്ടിൽ കൃഷിക്കാരനായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും നാലു മക്കളിൽ ഇളയവളാണ് റെജീന. ഫാർമസിയിൽ ഡിപ്ലോമ കോഴ്സ് കഴിഞ്ഞ് ഹോൾസെയ്ൽ മരുന്നുകടയിൽ ജോലി ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ് പുളിക്കൽ വീട്ടിലേക്കു പോയതോടെയാണ് ജീവിക്കാൻ അൽപമെങ്കിലും പഠിച്ചു തുടങ്ങിയതെന്ന് റെജീന പറയുന്നു. ‘‘കാര്യപ്രാപ്തി ഒട്ടുമില്ലാത്തയാളായിരുന്നു ഞാൻ. ശരിക്കുമൊരു വട്ടപ്പൂജ്യം. പ്രത്യേകിച്ചു കഴിവുകളോ താൽപര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പ്രതിസന്ധി വന്നതോടെ എങ്ങനെ ഇങ്ങനെയെല്ലാം ആകാനായി എന്നു ഞാൻ ആശ്ചര്യപ്പെടാറുണ്ട്. ദൈവത്തിൽ അടിയുറച്ച വിശ്വാസമുണ്ട്. അതുതന്നെയാണ് എന്റെ ശക്തി.’’

crisisreginapic2

കാർഷിക വികസന– കർഷക ക്ഷേമ വകുപ്പ് 2025–26 വർഷങ്ങളിലെ മികച്ച കർഷകയായി റെജീനയെയാണ് തിരഞ്ഞെടുത്തത്. റബ്ബർ ബൂട്സും ഗ്ലവ്സുമിട്ട് മുള്ളിനോടു പടവെട്ടി കൈതക്കാടിനുള്ളിൽ നിന്ന് ടൺ കണക്കിന് മധുരമാണ് റെജീന കൊയ്തെടുക്കുന്നത്. തൈ നട്ടാൽ ഒരു വർഷത്തിനുള്ളില്‍ വിളവു കിട്ടും. അരയേക്കറിൽ കൃഷി ചെയ്യാൻ നാലോ അഞ്ചോ ലക്ഷമാണ് ഏകദേശ ചെലവ്. ഇവിടെ നിന്ന് പതിനാലു ടൺ ഏകദേശം വിളവും കിലോയ്ക്ക് മുപ്പതോ നാൽപ്പതോ രൂപ വിലയും കിട്ടും. അമ്പതിനു മേലേയ്ക്കും വില കയറാറുണ്ട്. കച്ചവടക്കാർ  തോട്ടത്തിലെത്തി വിളവു ശേഖരിക്കും. തൂക്കത്തിനൊത്ത് വില നൽകുകയും ചെയ്യും. വീടു പുതുക്കാനും മക്കളുടെ പഠിത്തത്തിനുമെല്ലാം പണം നേടിയത് കൈതക്കൃഷിയിലൂടെയാണ്. റോട്ടറി ക്ലബ്ബിന്റെ മികച്ച ഇൻസ്പിരേഷണൽ അഗ്രിക്കൾച്ചറിസ്റ്റ് അവാർഡും റെജീന നേടിയിട്ടുണ്ട്.

ADVERTISEMENT
English Summary:

Regina Joseph is a resilient woman farmer from Kerala who transformed her life through pineapple farming after her husband's illness. Focusing on pineapple farming, she overcame adversity and achieved success, becoming an inspiration to many.

ADVERTISEMENT