ADVERTISEMENT

ഇക്കഴിഞ്ഞ ശനിയാഴ്ച്ച എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂരിലേക്ക് പോകാനാണ് ധനശ്രീ പൂനേ എക്സ്പ്രസ്സിനായി കാത്തു നിന്നത്. വൈകുന്നേരം മൂന്നു മണി നേരം... പ്ലാറ്റ്ഫോമിലൊന്നും അധികം തിരക്കില്ല. ട്രെയിൻ വന്നതും ജനറൽ കമ്പാട്ട്മെന്റിലേക്കു കയറാനായി വാതിനടുക്കൽ നിന്നതും സൈഡ് സൈഡ് എന്നു പറഞ്ഞുകൊണ്ടൊരാൾ പിന്നിൽ നിന്നും ധനശ്രീയുടെ അരികിലേക്ക് തിക്കിത്തിരക്കി വന്നു. ആളുകള്‍ ട്രെയിനിൽ നിന്നും സ്റ്റോപ്പിലേക്കിറങ്ങുന്നതിന്റെ ചെറിയ തിരക്കുള്ളതു കൊണ്ട് അതത്ര കാര്യമാക്കീല്ല. പെട്ടന്ന് സൈഡ് സൈഡ് എന്നു പറഞ്ഞു വന്നയാളുടെ കൈകൾ ധനശ്രീയുടെ നെഞ്ചിലേക്ക് അമർന്നു.

ഒരു നിമിഷത്തെ തരിപ്പിന് ശേഷം അവൾ ആ കൈപിടിച്ചു തിരിച്ച് നന്നായി ഒച്ചയെടുത്തു. പെട്ടന്നയാൾ ഒന്നും അറിയാത്ത മട്ടിൽ പെരുമാറുന്നു. ‘‘ആ സമയത്ത് എനിക്ക് വീഡിയോ എടുക്കാൻ തോന്നി. അതാണ് ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം.’’ ശബ്ദത്തിൽ ആ സംഭവത്തിന്റെ വിറയുണ്ടെങ്കിലും ധൈര്യത്തോടെ ധനശ്രീ പറയുന്നു.

ADVERTISEMENT

‘‘അതോടെ അത്രയും നേരം ഒന്നുമറിയാത്ത പോലെ നിന്ന അയാൾ തിരിയാനും മുഖമൊളിപ്പിക്കാനും തുടങ്ങി, തൊട്ടടുത്ത നിമിഷം അയാൾ കുതറിയോടി. ഒരു തെറ്റും ചെയ്യാത്തൊരാളാണെങ്കിൽ അയാൾ എന്തിന് ഓടണം?

അപ്പോഴേക്കും സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ കൂടി അയാളെ വളഞ്ഞു പിടിച്ചു. അപ്പോ തന്നെ ഞാൻ സ്റ്റേഷനിലുള്ള റെയിൽവേ പോലീസിനോട് പരാതിപ്പെട്ടു. അവിടെ വച്ചു തന്നെ ആദ്യം പരാതിയെഴുതിക്കൊടുത്തതും അവർ ആദ്യമൊന്ന് ചോദ്യം ചെയ്തു. അതുകഴിഞ്ഞ് നേരെ സൗത്ത് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. അവിടെ വച്ച് സ്റ്റേഷൻ എസ്.ഐ. വന്ന് എന്നെയും അയാളെയും ചോദ്യം ചെയ്തു. സിസിടിവി പരിശോധിച്ചിട്ട് ഒന്നൂടെ ഉറപ്പിക്കാമെന്ന് എസ്.ഐ. മതിയെന്ന് ഞാനും. കുറച്ച് സമയം കഴിഞ്ഞതും ഇന്നയാളുടെ പേരിൽ എഫ്.ഐ.ആർ. എടുത്തു എന്ന് ഫോണിൽ മെസേജ് വന്നു. പോലീസുകാരും ചുറ്റുമുണ്ടായിരുന്നവരും ഒക്കെ നല്ല പിന്തുണയുമായി ഒപ്പം നിന്നു. അവരോടൊക്കെ നന്ദി പറയുന്നു.

ADVERTISEMENT

പോലീസുകാർ പറയുമ്പോഴാണ് അറിയുന്നത് അയാൾ ആ ട്രെയിനിൽ പോകാനേയുണ്ടായിരുന്ന ആളേ ആയിരുന്നില്ല എന്നറിയുന്നത്. വേറേ ഏതൊ പ്ലാറ്റ്ഫോമിൽ നിന്ന് ഇങ്ങോട് വന്നതാണ്. അയാളുടെ ബാഗ് കുടുങ്ങിയതു കൊണ്ടാണ് അവിടെ നിന്നതെന്നായിരുന്നു അയാൾ പറഞ്ഞ നുണ. അതു പറഞ്ഞപ്പോ തന്നെ പോലീസിനു കാര്യം മനസിലായി.

ഇത് എനിക്ക് വേണ്ടി മാത്രമല്ല

ADVERTISEMENT

ഇങ്ങനൊരു കാര്യം നടന്നു, ഞാൻ പ്രതികരിച്ചു അതൊക്കെ ശരി... എന്നിട്ട് പോലും ആ സംഭവത്തിനു ശേഷം ഒരാണ് അരികിലൂടെ പോകുമ്പോൾ പോലും ഉള്ളിലൊരു ആന്തൽ വരും. ഞാൻ പോലും അറിയാതെ തന്നെ എന്റെ ശരീരം പിൻവലിഞ്ഞു പോകുന്നു... ഉറങ്ങുമ്പോൾ പോലും ആ പേടിയുണ്ട്... ഇത്തരം ട്രോമളുമായി ജീവിക്കേണ്ടി വരുന്ന എത്രയോ പേർ നമുക്കിടയിലുണ്ടാകും? എല്ലാറ്റിനും നീ എന്ത് വേഷമാണിട്ടത്? എത്ര മണിക്ക് പുറത്തിറങ്ങി? എന്നൊക്കെ ചോദിക്കുന്നവർ ഇത് ഓർക്കാറുണ്ടോ??

ഞാൻ വീഡിയോ എടുക്കുന്നതിനു മുൻപ് വരെ ആരെയെങ്കിലും തോട്ടിട്ട് അറിയാത്ത മട്ടിൽ അങ്ങ് പോകാം എന്ന ഭാവമായിരുന്നു അയാൾക്ക്. അയാൾ നെഞ്ചിൽ തൊട്ടതും ഞാൻ കൈപിടിച്ചു തിരിച്ചപ്പോഴും പിന്നെ വീഡിയോ എടുക്കാൻ തുടങ്ങിയപ്പോഴുമാണ് അയാൾ പതറാൻ തുടങ്ങിയത്.

നമ്മളിൽ പലരും ഇങ്ങനൊരവസരത്തിൽ പ്രതികരിച്ചാലും പേടിച്ചിട്ടോ ഇനിയതിന്റെ പിറകെ നടക്കണ്ടേ എന്നൊക്കെ കരുതിയും കേസും കൂട്ടവും വേണ്ട എന്നാണ് പലപ്പോഴും ഓർക്കുക. പക്ഷേ, എനിക്ക് അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തോന്നിയത്. വീട്ടിൽ വിളിച്ചപ്പോൾ അവരും അതു തന്നെ പറഞ്ഞു. അയാൾ ജയിലിൽ പോയി തിരിച്ചു വരുമ്പോൾ ഇനിമുതൽ ഇങ്ങനൊന്നും ചെയ്യില്ല എന്ന് കരുതുന്നില്ല... പക്ഷേ, ജയിൽ കിടക്കുന്ന അത്രയും നാൾ എന്റെ മുഖം ഓർക്കണം. പെൺകുട്ടികൾ പ്രതികരിക്കും എന്നോർക്കണം. കുറച്ച് നാളത്തേക്കെങ്കിലും ഇത്തരക്കാർക്ക് പേടിയുണ്ടാകണം. അതേപോലെ പ്രതികരിക്കാൻ മടിക്കുന്ന കുട്ടികളും ഇത് കണ്ടിട്ടെങ്കിലും പ്രതികരിക്കണം.

അയാൾ 30കാരനാണ്. പോലീസിനടുത്തെത്തിയപ്പോഴാണ് അയാൾ എനിക്ക് അമ്മയും ഭാര്യയുമുണ്ടെന്നൊക്കെ പറയുന്നത്. അയാൾ ചെയ്ത തെറ്റിന് ഇനി അയാളുടെ മുഖം കണ്ടിട്ട് അറിയാവുന്നവർ അയാളുടെ വീട്ടുകാരെ പോയി ചീത്തപറയുകയും ഉപദ്രവിക്കുകയും ചെയ്യണ്ട എന്നോർത്ത് മാത്രമാണ് അയാളുടെ മുഖം വീഡിയോയിൽ മറച്ചത്.

പക്ഷേ, ഒരു തെറ്റ് ചെയ്ത് കഴിഞ്ഞ് അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നൊരു തുറിപ്പു കാർഡാണ് ‘എനിക്കും കുടുംബമുണ്ട്’ എന്നൊക്കെ പറയുന്ന വെറും വാചകങ്ങൾ. അതു കേൾക്കുമ്പോൾ ചിലരെങ്കിലും സിമ്പതി തോന്നി കേസിനു പോകാതിരിക്കും. അതാണ് തെറ്റുകാർ പ്രതീക്ഷിക്കുന്നതും. എന്നാൽ തെറ്റ് ചെയ്യും മുൻപേ ആലോചിക്കാത്ത ‘വീടും കുടുംബവും മൂല്യങ്ങളും’ ഒക്കെ പിന്നീട് പറയുന്നത് എന്തിനാണ്?

എന്റെ വീട്ടുകാരാണ് എന്റെ ധൈര്യം.‘നിനക്ക് വേണ്ടിമാത്രമല്ല എല്ലാ പെൺകുട്ടികൾക്കും വേണ്ടിയും കൂടിയാണ് നീയീ കേസുമായി മുന്നോട്ട് പോകേണ്ടത്’ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്.

എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ് ധനശ്രീ.

ADVERTISEMENT