ഏത് ‘മത്തി’ക്കും ഒരു ദിനമുണ്ടെഡോ... നവംബർ 24 ദേശീയ മത്തി ദിനത്തിൽ അറിയാം മത്തിയുടെ യഥാർഥ മുഖം! Celebrating Sardine Day By Knowing It’s Benefits
Mail This Article
മത്തിക്കാര്യം വരുമ്പോ ആദ്യത്തെ അടി അതിന്റെ പേരിന്റെ കാര്യത്തിലാണ്– ചാളയോ മത്തിയോ? പിന്നെയുള്ളത് മത്തി ഇഷ്ടക്കാരും മത്തി കണ്ണെടുത്താ കണ്ടൂടാത്തവരും! നിങ്ങളിതിൽ ഏതു വിഭാഗത്തിൽ പെട്ടാലും ഇന്ന് മത്തിയുടെ ദിനമാണ്. നവംബർ 24– ദേശിയ മത്തി ദിനം. ഹോ! മത്തിക്ക് വരെ ഒരു ദിനം എന്നു പറഞ്ഞ് പുച്ഛം വാരിവിതറാൻ വരട്ടേ... മത്തിയുടെ യഥാർഥ മുഖമറിഞ്ഞാൽ ഒരു ദിനമല്ല ഒരു മാസം വരെ ഈ കൊച്ച് മത്സ്യത്തിനു മുന്നിൽ അർപ്പിക്കേണ്ടി വരും.
മത്തി നൽകുന്ന പോഷകകലവറകളെ സ്മരിക്കാനെന്നോണമാണ് ഒരു ദിനം തന്നെ അതിനായി മാറ്റി വച്ചിരിക്കുന്നത്. ഈയവസരത്തിൽ മത്തിയെ കുറിച്ച് കുറച്ച് കൂടുതലറിയാം:
∙ വൈറ്റമിനിന്റേയും ധാതുക്കളുടേയും കലവറയാണ് മത്തി. വൈറ്റമിൻ ബി2, നിയാസിൻ, വൈറ്റമിൻ ബി12, ഫോസ്ഫറസ്, കാൽഷ്യം, പൊട്ടാഷ്യം, ഇരുമ്പ്, സെലിനിയം, ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ഈ മത്സ്യം. ഇത് നമ്മുടെ തലച്ചോറിനെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തും ഹൃദയ സംബന്ധമായ അസുഖ സാധ്യത കുറയ്ക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
∙ മത്തിയുടെ ഇംഗ്ലിഷ് പേരായ സാർഡൈൻ 15ാം നൂറ്റാണ്ടു മുതൽ ഉപയോഗത്തിലുണ്ട്. സാർഡിന എന്ന മെഡിറ്ററേനിയൻ ദ്വീപിൽ നിന്നാണ് ഈ പേരു വരുന്നതെന്നാണ് നിഗമനം.
∙ മുഴുവനായും കഴിക്കാവുന്നൊരു മത്സ്യമാണിത്.
∙ മെർക്കുറി പോലുള്ള വിഷാംശങ്ങൾ കുറഞ്ഞു കാണുന്ന ഇനം.
∙ പിടിച്ച ഉടനെയും ക്യാൻഡ് ആയും ഈ മത്സ്യം ഉപയോഗിക്കപ്പെടുന്നുണ്ട്.
∙ മൊറോക്കോ, ജപാൻ, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ക്യാൻഡ്– സാർഡൈൻ കയറ്റിയയക്കപ്പെടുന്നത്.
∙കയറ്റിയയക്കപ്പെടും മുൻപേ ‘പാവങ്ങളുടെ മീൻ’ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
∙ 1876 മുതൽക്കാണ് മത്തി ക്യാനിലാക്കപ്പെട്ട് തുടങ്ങിയത്.
∙ ചില യൂറോപ്യൻ രാജ്യങ്ങളിൽ കഴിക്കും മുൻപേ വൈൻ പോലെ വർഷങ്ങളോളം ഇവയെ ക്യാനിൽ തന്നെയിട്ട് വച്ച് സൂക്ഷിക്കുന്നു.
∙ 16 വ്യത്യസ്ഥ തരം മത്തിയുണ്ട്.
∙ ആളുകൾ കഴിക്കുന്ന മത്സ്യങ്ങളുടെ കണക്കുവച്ച് മത്തി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.
∙ 13 വർഷം വരെയാണ് മത്തിയുടെ ജീവിതകാലാവധിയെങ്കിലും 6 വർഷമൊക്കെയാണ് അവർ പൊതുവേ ജീവിക്കാറ്.
∙ വർഷം തോറും മെയ്–ജൂലൈ കാലഘട്ടത്തിൽ ബില്യൺ കണക്കിന് വരുന്ന മത്തിക്കൂട്ടം സാത്ത് ആഫ്രിക്കയിൽ നിന്നും കിഴക്ക് തീരങ്ങളിലേക്ക് ദേശാടനം നടത്തുക പതിവാണ്.
ഈ മത്തി ദിനത്തിൽ മത്തിയോടുള്ള ആദരസൂചകമായി നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മത്തി വിഭവം ഏതെന്ന് കമന്റ് ചെയ്യുക...
