‘ബ്ലെഡ് കാൻസർ എന്നറിഞ്ഞപ്പോൾ കരയിപ്പിക്കുകയല്ല, വേഗം ഇറങ്ങിവരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്’: അക്ഷരം ഔഷധമായ കഥ
Mail This Article
നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഷാനവാസ് പോങ്ങനാട്. നിലംതൊട്ട നക്ഷത്രങ്ങൾ എന്ന നോവലിന് വിലാസിനി സ്മാരക നോവൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ അക്ഷര സപര്യ. പക്ഷേ, ഇതിനിടയിലൊരു ഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച വേദനയുടെ കാലമായിരുന്നു. ജോലിയുടെയും എഴുത്തിന്റെയും കുടുംബജീവിതത്തിന്റെയും തിരക്കുകളിൽ ലയിച്ചു മുന്നോട്ടു പോകവേ ക്ഷണിക്കാത്ത അതിഥിയായി ഒരു രോഗം വില്ലന്റെ വേഷത്തിലെത്തി – ബ്ലെഡ് കാൻസർ!
അസുഖം സ്ഥിരീകരിച്ചപ്പോൾ ആദ്യമൊരു മരവിപ്പായിരുന്നു. മുന്നോട്ടുള്ള പാതയിൽ ഇരുട്ട് മൂടിയതു പോലെ. പക്ഷേ, ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും പൊരുതിവിജയിക്കാനും അദ്ദേഹം തീരുമാനിച്ചു. ആ യാത്രയിൽ മരുന്നുകൾക്കൊപ്പം മറ്റൊരു ഔഷധമായി സാഹിത്യവും ഒപ്പം കൂട്ടി. എഴുതിയും വായിച്ചും തന്റെ വേദനകളെ അകറ്റി മുന്നോട്ടു കുതിച്ചു. ആ മനസ്സർപ്പണം ഒരു തരത്തിൽ അതിജീവനത്തിന്റെ, മാനസികോല്ലാസത്തിന്റെ, പിടിവള്ളിയായി മാറിയെന്നതാണ് ഷാനവാസ് പോങ്ങനാടിന്റെ അനുഭവം. ആ രോഗകാലമാണ് പിന്നീട് ‘ഉച്ചമരപ്പച്ച’ എന്ന പുസ്തകമായത്.
‘‘2016 ൽ ആണ് രോഗലക്ഷണം കണ്ടെത്തിയത്. നടക്കാനുള്ള പ്രയാസമായിരുന്നു ആദ്യം. ഇടതുകാലിനു വേദനയുണ്ടായി. ഒരു ഓർത്തോ സർജനെ കണ്ടപ്പോഴാണ് എം.ആർ.എ സ്കാൻ നിർദേശിച്ചതും റിസൾട്ടിൽ മൾട്ടിപ്പിൾ മൈലോമ ആണെന്ന് കണ്ടെത്തിയതും. പിന്നീട് ചികിത്സയുടെ കാലം. ആറ് മാസത്തോളം കീമോ. പിന്നീട് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിനു വിധേയനായി. ഇപ്പോൾ 7 വർഷം കഴിഞ്ഞു. പ്രശ്നമില്ലാതെ പോകുന്നു’’.– ഷാനവാസ് പറയുന്നു.
ആ രോഗകാലം തന്നെ സംബന്ധിച്ച് ലോകത്തെയും സമൂഹത്തേയും പുതിയ നോട്ടങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശിക്ഷണത്തിന്റേതു കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എഴുത്തും വായനയും മരുന്നു പോലെ പ്രവർത്തിച്ച കാലം. ആ കാലത്തെ, അതിജീവനത്തിന്റെ പോയ ഘട്ടത്തെ ഷാനവാസ് ഓർത്തെടുക്കുന്നു, ‘വനിത ഓൺലൈനിൽ’.
ദൈവം പറഞ്ഞു തന്ന കൃതികള്‍
അതിജീവനത്തിന്റെ ആനന്ദം അപാരമാണ്. ജലത്തില്‍ ഇറ്റുവീണ മഷിത്തുള്ളിപോലെ കാന്‍സര്‍ പടര്‍ന്നുകലങ്ങി മനസ്സിനെയും ശരീരത്തെയും വരിഞ്ഞുകെട്ടുമ്പോള്‍ ജീവിതം വാടിപ്പോകും. ദുരിതാനുഭവങ്ങളുടെ കലങ്ങിമറിച്ചിലിനുശേഷം മടങ്ങിവന്ന ആയിരങ്ങളിലൊരുവനെന്ന നിലയില്‍ ജീവന്റെ വില നന്നായി തിരിച്ചറിയുന്നു. സ്വപ്നങ്ങള്‍ അടര്‍ന്നുപോയ മനസ്സുമായി ജീവിതത്തിന്റെ മുനമ്പില്‍ അന്ധാളിച്ചു നിന്ന ഒരു കാലം. താഴേക്ക് എപ്പോള്‍ വേണമെങ്കില്‍ പതിക്കാവുന്ന അവസ്ഥ.
സാന്ത്വനത്തിന്റെ, സ്‌നേഹസ്പര്‍ശത്തിന്റെ തണലില്‍ നിന്നുമാണ് തിരിച്ചുകിട്ടിയ ജീവിതത്തെ കരുപ്പിടിപ്പിച്ചെടുത്തത്. രോഗകാലത്ത് കവിയും എഴുത്തുകാരനുമായ അധ്യാപകന്‍ വിളിച്ചിട്ട് എന്നെ സാന്ത്വനിപ്പിക്കുകയോ അതിവൈകാരികതയാല്‍ കരയിപ്പിക്കുകയോ അല്ല ചെയ്തത്. പകരം വേഗം ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. പലതും ചെയ്യാനുണ്ടെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു. പില്‍ക്കാല ജീവിതത്തില്‍ ആ വരികള്‍ നല്‍കുന്ന ആവേശം വളരെ വലുതാണ്. അദ്ദേഹം പറഞ്ഞത് എഴുത്തിനെക്കുറിച്ചായിരുന്നു. രോഗത്തിന്റെ കൊറുങ്കാല്‍ വന്നു മുറുക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാം ഇട്ടേച്ച് പോകാന്‍ തോന്നും. ഇനി എഴുതാനോ വായിക്കാനോ കഴിയില്ലെന്നും നല്ല വസ്ത്രങ്ങള്‍ പോലും ആവശ്യമില്ലെന്നും ഋതുഭേദങ്ങള്‍ അനുഭവിക്കാനാവില്ലെന്നും മനസ്സ് ഉറപ്പിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ഇറങ്ങിവരാനുള്ള അദ്ദേഹത്തിന്റെ ഒരു വിളി!
തിരിഞ്ഞുനോക്കുമ്പോള്‍ ആ വാക്കുകള്‍ക്ക് പ്രവചനസ്വഭാവം ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകും. എഴുത്തുകാരനെന്ന നിലയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് രോഗകാലത്തിന് ശേഷമുള്ള ഏഴ് വര്‍ഷത്തിനിടയിലാണ്. എഴുതുമ്പോള്‍ ആരോ വന്നു മനസ്സില്‍ കയറിയിരിക്കാന്‍ തുടങ്ങും. മനസ്സില്‍ താക്കോലിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി യാത്ര തുടങ്ങും. നിയന്ത്രണം എന്റെ കൈകളിലല്ലെന്ന് വ്യക്തം. അതിശയോക്തിയായി തോന്നിയേക്കാം. എന്നാല്‍ ഇതൊരു സത്യമാണ്. എന്റെ പുസ്തകങ്ങള്‍ ഇങ്ങനെ ആരോ ചെയ്യിച്ചതാണെന്ന് തോന്നുന്നു.
രോഗബാധിതനായി ചികിത്സ നേരിട്ടപ്പോഴാണ് തുല്യത എന്താണെന്ന് തിരിച്ചറിയാനായത്. ജീവനുവേണ്ടി യുദ്ധമുഖത്തുള്ള കാന്‍സര്‍ രോഗികള്‍ സമാനമനസ്‌കരാണ്. രോഗമുക്തി എന്നതാണ് അവരുടെ ലക്ഷ്യം. വേദനയുടെയും കഷ്ടപ്പാടിന്റെയും അനുഭവങ്ങളാണവര്‍ക്ക് പങ്കിടാനുണ്ടാവുക. പരസ്പരം വര്‍ത്തമാനം പറഞ്ഞായിരിക്കില്ല ആശയവിനിമയം. അത് അവരുടെ കണ്ണുകളിലൂടെയാണ്. ആര്‍.സി.സിയിലെ വാരാന്തകളിലും വാര്‍ഡുകളിലുമാണ് ഇത് ആദ്യം കാണാനായത്. വെല്ലൂരിലെത്തിയപ്പോഴും ദൈന്യതയുടെ ഈ മൂകഭാഷണമുണ്ടായിരുന്നു. മതമാത്സര്യങ്ങളില്ലാത്ത, സെല്‍ഫ് പ്രൊമോഷനെക്കുറിച്ച് ചിന്തയില്ലാത്ത ഒരു ജീവിതഖണ്ഡമാണ് കാന്‍സര്‍ രോഗകാലം.
ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ സഹരോഗികള്‍, ഇവര്‍ തന്ന സ്‌നേഹത്തിന് നന്ദി പറയാന്‍ ഒരു ഉപാധിയായി മാത്രമാണ് പുസ്തകം എഴുതാന്‍ തീരുമാനിച്ചത്. പച്ച യാഥാര്‍ത്ഥ്യം മാത്രം പെറുക്കിവെച്ചായിരുന്നു എഴുത്ത്. അങ്ങനെയാണ് ‘ഉച്ചമരപ്പച്ച’ എഴുതിയത്. അതൊരു സാഹിത്യകൃതിയല്ലെന്ന് പറഞ്ഞാലും അംഗീകരിക്കാത്തവരാണ് അതിന്റെ വായനക്കാര്‍. ഒറ്റ ഇരിപ്പില്‍ വായിച്ചു എന്ന് പറഞ്ഞത് എത്രയോ പേരാണ്. എന്റെ രോഗാനുഭവത്തെ പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്താനായിരുന്നില്ല അതെഴുതിയത്. കാന്‍സറില്‍ നിന്ന് മടങ്ങി വന്ന വഴികള്‍ ബോധ്യപ്പെടുത്തുകമാത്രമാണ് ചെയ്തത്. ഈ പുസ്തകം കാന്‍സര്‍ രോഗികള്‍ക്ക് ഒരു ഔഷധമാണ് എന്നു പറഞ്ഞ പ്രമുഖരുമുണ്ട്. രോഗികളെക്കാള്‍ അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കി ആത്മധൈര്യം പകര്‍ന്നുകൊടുക്കാന്‍ ഒരു പരിധിവരെ ഈ കൃതിക്ക് സാധിച്ചു എന്നാണ് വിശ്വാസം. കാന്‍സറിന് ശേഷം വന്ന എന്റെ ആദ്യകൃതിയാണ് ‘ഉച്ചമരപ്പച്ച’. പിന്നീട് ഇംഗ്ലീഷിലും ഈ കൃതി പ്രസിദ്ധീകരിച്ചു.
ഒരു നോവല്‍ പോലെ ‘ഉച്ചമരപ്പച്ച’ വായിച്ചു എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ വിഷമമാണ് തോന്നുക. കാരണം നോവല്‍ എന്നത് ഭാവനയുടെ ഉല്‍പ്പന്നമാണ്. ഈ പുസ്തകത്തില്‍ ഭാവനയുടെ കണികപോലുമില്ല. കരുംപച്ചയായ വസ്തുതകളാണ് പറഞ്ഞിരിക്കുന്നത്. സത്യം പോലും ഭാവനയായി തോന്നിയോ എന്ന വിഷമം. നോവല്‍ പോലെ പാരയണക്ഷമമെന്നായിരിക്കും അവര്‍ പറഞ്ഞിരിക്കുക. എന്തായാലും നോവല്‍ എഴുതാന്‍ ആ വാക്കുകള്‍ പ്രോത്സാഹനം നല്‍കി എന്നത് സത്യമാണ്. കാന്‍സര്‍ ചിന്തകളില്‍ നിന്നും പുറത്തുകടക്കാനും നോവല്‍ രചന സഹായകമായി. അങ്ങനെയാണ് കുട്ടികള്‍ക്കായി ‘കിളിക്കാറ്റ്’ എന്ന നോവല്‍ എഴുതിയത്. അതൊരു ട്രയല്‍റണ്ണായിരുന്നു. നോവല്‍ രചനക്കുമുമ്പുള്ള ഒരു ട്രയല്‍. കിളിക്കാറ്റിന്റെ ആദ്യവായനക്കാരന്‍ ജോര്‍ജ് ഓണക്കൂറായിരുന്നു. അദ്ദേഹം വായിച്ചശേഷം ‘ഹൈലി റീഡബിള്‍’ എന്നാണ് പ്രതികരിച്ചത്. അമ്മ മരിച്ചുപോവുകയും രണ്ടാനമ്മയാല്‍ പീഡനമേല്‍ക്കേണ്ടിവരികയും ചെയ്യുന്ന ഒരു ആണ്‍കുട്ടിയുടെ കഥയാണിത്. കുടുംബങ്ങളിലെ അന്തച്ഛിദ്രങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നു പറയുകയായിരുന്നു ലക്ഷ്യം. കിളിക്കാറ്റാണ് എഴുത്തിന്റെ വഴി മാറ്റാന്‍ സഹായിച്ചത്. രോഗത്തിന്റെ ഓര്‍മകളില്‍ നിന്നും വിടുതല്‍ നേടാനുമായി. ഈ നോവലാണ് ഇപ്പോള്‍ സിനിമയാകുന്നത്.
പലതും ചെയ്യാനുണ്ടെന്ന ഗുരുനാഥന്റെ ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും കാതിലേക്ക് വന്നു. അങ്ങനെയാണ് ‘നിലംതൊട്ട നക്ഷത്രങ്ങള്‍’ എന്ന നോവല്‍ എഴുതിയത്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് ശേഷമുള്ള അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും എന്ത് സംഭവിച്ചു എന്നാണ് നോവല്‍ അന്വേഷിച്ചത്. രോഗത്തെ മറികടക്കാന്‍ കഴിഞ്ഞെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ നോവല്‍. നോവലിന്റെ രചനാപരമായ സവിശേഷതയെ പലരും എടുത്തുപറഞ്ഞു പ്രോത്സാഹിപ്പിച്ചതും സന്തോഷകരമായി. ഇക്കാലത്ത് സാഹിത്യസംബന്ധമായ നിരവധി കുറിപ്പുകള്‍ ആനുകാലികങ്ങളില്‍ എഴുതാനായതും ജീവിത്തെ ഉന്മേഷഭരിതമാക്കി. ‘കടല്‍പ്പൂവിതളുകങ്ങള്‍’ എന്നപേരില്‍ ഇവ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിജീവനം ആനന്ദമായി മാറിയത് അങ്ങനെയാണ്. മൂന്നാമത്തെ നോവലായ ‘ഗന്ധയാമിനി’ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ഗുജറാത്തിലെ ഗോധ്ര കലാപത്തെ കേരളവുമായി ബന്ധിപ്പിക്കുന്ന നോവലാണിത്. കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തില്‍ ശിലനാട്ടി പുതിയൊരു കഥ സൃഷ്ടിക്കുകയാണ് ചെയ്തത്. കേരളത്തിലെ വര്‍ത്തമാനകാല സമൂഹിക രാഷ്ട്രീയ വിഷയങ്ങളെയും നോവലില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. വേറിട്ട ഒരു പ്രണയത്തിന്റെ ഇഴകളാലാണ് നോവല്‍ തുന്നിയെടുത്തിട്ടുള്ളത്.
ഇങ്ങനെ രോഗാനന്തരമുള്ള ജീവിതം എഴുത്തിന് അമിതവേഗം നല്‍കി എന്നതാണ് യഥാര്‍ത്ഥ്യം. രണ്ടാം ജന്മമെന്ന് പറയുന്നില്ലെങ്കിലും സമാനമായ ഉത്തേജനം രോഗശേഷം കൈവന്നു എന്നത് നേരാണ്. അതിന് ദൈവത്തോട് നന്ദിയുള്ളവനുമാണ്.
രോഗം ഒരാളെ സർഗാത്മകമായി പ്രോത്സാഹിപ്പിച്ചതിന്റെ, ഇടവേളകളില്ലാതെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിച്ചതിന്റെ, നേരടയാളമാണ് ഷാനവാസ് പോങ്ങനാടിന്റെ ജീവിതം. ജീവിതം കൈവിട്ടു പേകാനൊരുങ്ങുന്നു എന്നു തോന്നിയിടത്തു നിന്നു പ്രിയപ്പെട്ടവരുടെ സ്നേഹക്കൈ പിടിച്ച് മടങ്ങി വന്നതിന്റെ കഥ!
