മലയാളികളിൽ പടരുകയാണ് പുത്തൻ കളിയുടെ ഹരം Rise of the new game trend
Mail This Article
അമേരിക്കയുടെ പിക്കിൾബോൾ ഇപ്പോൾ നമുക്കും പ്രിയം.
കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ പിക്കിൾ ബോൾ കോർട്ടുകൾ എത്തി തുടങ്ങി.
മലയാളികൾ ഇപ്പോൾ ഒരു കുട്ടിപ്പന്തിനു പുറകേയാണ്. താഴ്ത്തിക്കെട്ടിയ നെറ്റിന് അപ്പുറമിപ്പുറം നിന്ന് ചെറുപാഡിലുകൾ ഉപയോഗിച്ച്, തുളകളുള്ള പ്ലാസ്റ്റിക് പന്ത് അടിച്ചു കുട്ടികളെപ്പോലെ അനായാസം കളിക്കുന്ന ആളുകളെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ കാണുന്നുണ്ടോ? എങ്കിൽ അവർ ഏർപ്പെട്ടിരിക്കുന്നത് കേരളത്തെയും ഇന്ത്യയെ ഒട്ടാകെയും കീഴടക്കുന്ന രസികൻ കായികാഘോഷത്തിലാണ്. പിക്കിൾബോൾ — അതാണിപ്പോൾ മലയാളിയുടെ പുതിയ സ്പോർട്സ് ക്രേസ്.
ക്ലബ്ബുകൾ മുതൽ സ്കൂളുകൾ വരെ
കേരളത്തിലെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ് പിക്കി ൾബോൾ ക്രേസ്. ക്ലബ്ബുകളിലൂടെയാണിത് നമ്മുടെ നാട്ടിൽ കടന്നു വന്നതെങ്കിലും കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം പിക്കിൾബോൾ കോർട്ടുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. സ്പോർട്സ് അക്കാദമികളിലും സ്കൂളുകളിലും ഇപ്പോൾ പിക്കിൾബോൾ ഉൾപ്പെടുത്തിതുടങ്ങി. ഇന്ത്യയിൽ 2008-ഓടെ മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിലാണത്രേ പിക്കൾബോൾ എത്തുന്നത്. ഇന്നു മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ ജനപ്രീതി നേടി മുന്നേറുകയാണു പിക്കൾബോൾ. 2025 സെപ്റ്റംബറിലെ ഒരു വാർത്ത റിപ്പോർട്ട് പ്രകാരം നിലവിൽ കേരളത്തിൽ മാത്രം ഏകദേശം 25 പിക്കിൾബോൾ കോർട്ടുകൾ ഉണ്ട്, അടുത്ത വർഷം അത് 40 ആയിഉയരുമെന്നു പ്രതീക്ഷിക്കുന്നു. പിക്കിൾബോൾ കോർട്ടുകളുടെ പ്രധാന കേന്ദ്രങ്ങൾ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ എന്നിവയാണ്.
ഒരു മിക്സ്ഡ് ഗെയിം
ടെന്നിസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ് എന്നീ കളികളുടെ മിശ്രിതമാണു പിക്കിൾബോൾ. ബാഡ്മിന്റനോടു സമാനമായ കോർട്ട്, ടേബിൾ ടെന്നീസിന്റേതിനെക്കാൾ അല്പം കൂടി വലുതായ ‘സോളിഡ് പാഡിൽ’ ( ദ്വാരങ്ങളില്ലാത്ത റാക്കറ്റ്), ടെന്നിസ് ബോളിനോളം തന്നെ വലുപ്പമുള്ള കനം കുറഞ്ഞ പ്ലാസ്റ്റിക് പന്ത്, ഇത്രയൊക്കെ ചേർന്നാൽ കളിക്കാനുള്ള സംഗതികൾ റെഡി. കളിക്കാർക്കിടയിൽ മധ്യഭാഗത്തായി ബോൾ എളുപ്പം കടക്കാൻ തക്കവിധം താഴെ നിന്ന് മൂന്നടി ഉയരത്തിലാണു നെറ്റ് സ്ഥാപിക്കുക. വളരെ പെട്ടെന്നു പഠിച്ചെടുക്കാവുന്ന കളി നിയമങ്ങളാണു പിക്കിൾബോളിനെ ട്രെൻഡി ആക്കുന്ന പ്രധാന ഘടകം.
അമേരിക്കയിൽ നിന്നെത്തിയ കുട്ടിക്കളി
അമേരിക്കയിലെ വീട്ടുമുറ്റത്താണു പിക്കിൾബോളിന്റെ പിറവി. വാഷിങ്‍ടൺ സംസ്ഥാനത്തെ ബെയിൻബ്രിഡ്ജ് ദ്വീപിൽ. 1965-ലെ വേനൽക്കാലത്ത്.
ഒരു ദിവസം ജോയൽ പ്രിച്ചാർഡ് എന്ന വ്യക്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ബിൽ ബെൽ, ബാർണി മക്കല്ലം എന്നിവരും കുടുംബവുമായി ഒത്തുകൂടാൻ തീരുമാനിക്കുന്നു. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും നേരംപോക്കിന് എന്തെങ്കിലും വിനോദം വേണം. ബാഡ്മിന്റൻ കളിക്കാൻ ആവശ്യമായ ഉപകരണങ്ങൾ മുഴുവനും കയ്യിലില്ല. കുറച്ചു ടേബിൾ ടെന്നിസ് പാഡിലുകളുണ്ടു താനും. എ ന്നാൽ, കളിയൊന്ന് ഒന്നു മാറ്റി പരീക്ഷിച്ചാലോ എന്നു ചിന്തിച്ചു. ബാഡ്മിന്റൻ നെറ്റ് താഴ്ത്തി കെട്ടി. ലഭ്യമായിരുന്ന പ്ലാസ്റ്റിക് ചില്ലുകളുള്ള (wiffle Ball) പന്ത് ഉപയോഗിക്കാമെന്ന് നിശ്ചയിച്ചു. ടേബിൾ ടെന്നിസ് പാഡിലുകളും. അങ്ങനെ വാരാന്ത്യ വിനോദമായി പുതിയൊരു കളിക്കു തുടക്കമായി. കളി വിചാരിച്ചതിനെക്കാൾ രസമായി.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയൽവാസികളും പല സുഹൃത്തുക്കളും പുതിയ കളി കളിക്കാൻ എത്തി. അതോടെ നിയമങ്ങളും സ്കോറിങ് രീതിയും രൂപപ്പെടുത്തിയെടുക്കേണ്ടതായി വന്നു. അങ്ങനെ പിക്കിൾബോൾ കളി നിയമങ്ങൾ തയാറായി.
‘ക്രേസി ഗെയിം’ ആയതെങ്ങനെ ?
നാലു കാര്യങ്ങളാണു പിക്കിൾ ബോൾ എന്ന കളിയെ ‘ക്രേസി ഗെയിം’ ആക്കി മാറ്റുന്നത്.
∙ പഠിക്കാൻ എളുപ്പം: വളരെ പെട്ടെന്നു തന്നെ ഗെയിമിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനാകും.
∙ എല്ലാവർക്കും ഇണങ്ങുന്ന കളി: കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഒരു പോലെ ഇണങ്ങുകയും ഒരുമിച്ചു കളിക്കാനാകുകയും ചെയ്യും.
∙ കുറഞ്ഞ ചെലവിൽ ഒരുക്കാം: ചെറിയ ഇടം മതിയാകുന്നതിനാൽ സൗകര്യപ്രദമാണ് മാത്രമല്ല വീടുകളിലോ സ്കൂളുകളിലോ കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ കളിക്കളം ഒരുക്കാനാകും.
∙ സൗഹൃദം വളർത്തുന്ന കളി: കളിയുടെ വേഗതയും രസവും നിയമങ്ങളിലെ ലാളിത്യവും കൊണ്ടു കൂടുതൽ ആളുകൾ കളിയിലേക്ക് എത്തുകയും കാട്ടായ്മ രൂപപ്പെടുകയും ചെയ്യും.
പിക്കിൾബോൾ– പേര് വന്ന വഴി
പിക്കിൾബോൾ എന്ന പേരിനെക്കുറിച്ചു രണ്ടു കഥകൾ പ്രചാരത്തിലുണ്ട്. ജോയൽ പ്രിച്ചാർഡിന്റെ നായയുടെ പേര് പിക്കിൾസ് എന്നായിരുന്നു. വീട്ടുകാർ കളിക്കുമ്പോൾ പിക്കിൾസും സജീവമായി കൂടെ കൂടി. പന്തിന്റെ പറക്കലിനൊത്ത് അവൻ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കാരെ പ്രോത്സാഹിപ്പിച്ചു. നായയുടെ കളി കണ്ട പ്രിച്ചാർഡ് കളിക്ക് പിക്കിൾബോൾ എന്ന് പേരിട്ടുവെന്നാണ് ഒരു കഥ.
മറ്റൊരു കഥ ഇങ്ങനെ, റോയിങ്ങിൽ (തുഴയൽ) Pickle Boat എന്നത് മറ്റുബോട്ടുകളിൽ നിന്നുള്ള ബാക്കിയുള്ള തുഴക്കാരെ ചേർത്തുണ്ടാക്കുന്ന ടീമാണ്. അതുപോലെ, പിക്കിൾബോൾ പല സ്പോർട്സുകളുടെ മിശ്രിതമായതിനാൽ ആ പേര് സ്വീകരിക്കുകയായിരുന്നത്രേ.
പിക്കിൾബോൾ നിയമങ്ങൾ
കോർട്ട്: ഒരു ബാഡ്മിന്റൺ ഡബിൾസ് കോർട്ടിന്റെ വലുപ്പമുള്ള കോർട്ടിലാണ് (20 അടി x 44 അടി) കളിക്കുന്നത്.
ടീമുകൾ: ഡബിൾസ് (ഒരു ടീമിൽ രണ്ടു കളിക്കാർ, ഇതാണു കൂടുതൽ പ്രചാരത്തിലുള്ളത്) അല്ലെങ്കിൽ സിംഗിൾസ് ആയി കളിക്കാം.
സ്കോറിങ്: സെർവ് ചെയ്യുന്ന ടീമിനു മാത്രമേ പോയിന്റ് നേടാൻ കഴിയൂ. ഗെയിമുകൾ സാധാരണയായി 11 പോയിന്റ് വരെയാണ് കളിക്കുന്നത്, വിജയിക്കാൻ കുറഞ്ഞത് 2 പോയിന്റിന്റെ വ്യത്യാസം വേണം.
"പിക്കിൾഡ്" (Pickled) ആവുക എന്നാൽ: പിക്കിൾബോളിൽ, "പിക്കിൾഡ് ആവുക" എന്നത് ഒരു പോയിന്റ് പോ ലും നേടാതെ കളി തോൽക്കുക എന്നതിനാണ്.അവസാന സ്കോർ 11-0 ആയിരിക്കും.
ദി "ഗോൾഡൻ പിക്കിൾ": ഗോൾഡൻപിക്കിൾ എന്നാൽ 11-0 എന്ന സ്കോറിന് തോൽക്കുകയും,ടീമിന് ഒരിക്കൽ പോലും സെർവ് ചെയ്യാനുള്ള അവസരം ലഭിക്കാതെ എതിർ ടീം എല്ലാ പോയിന്റുകളും നേടുകയും ചെയ്യുക. ഡബിൾസിൽ ആദ്യത്തെ സെർവർ, എതിർ ടീമിന് "സൈഡ്-ഔട്ട്" (സെർവ് നഷ്ടമാകുന്നത്) നൽകുന്നതിനു മുൻപ് 11 പോയിന്റും നേടുമ്പോൾ ഇത് സംഭവിക്കാം.
ദികിച്ചൺ (നോൺ-വോളി സോൺ): കിച്ചൺ എന്നത് നോൺ-വോളി സോണിന്റെ (NVZ) വിളിപ്പേരാണ്. നെറ്റിന്റെ ഇരുവശത്തുമായി 7 അടി അകലത്തിൽ കോർട്ടിന്റെ വീതിയിൽ നീണ്ടുകിടക്കുന്നതുമായ ഭാഗം. ഈ കളിയെ സവിശേഷവും തന്ത്രപരവുമാക്കുന്ന നിയമമാണിത്. കിച്ചണിൽ നിൽക്കുകയോ കിച്ചൺ ലൈനിൽ സ്പർശിക്കുകയോ ചെയ്യുമ്പോൾ, പന്തു നിലത്തു തട്ടും മുൻപ് (വോളി) അടിക്കാൻ ഒരു കളിക്കാരനും അനുവാദമില്ല.
വീട്ടിൽ നിന്നു ലോകവേദിയിലേക്ക്
∙ 1967ൽ അമേരിക്കയിൽ ആദ്യ ഔദ്യോഗിക പിക്കിൾബോ ൾ കോർട്ട് നിർമിക്കപ്പെട്ടു.
∙1976ൽ വാഷിങ്ടൻ സ്റ്റേറ്റിൽ ആദ്യ ടൂർണമെന്റ് നടന്നു.
∙തുടർന്ന് 1984ൽ യുഎസ്എ പിക്കിൾബോൾ അസോസിയേഷൻ (USAPA) രൂപീകൃതമായി, ഔദ്യോഗിക നിയമങ്ങൾ നിശ്ചയിച്ച് കളിയെ ദേശീയതലത്തിലേക്ക് ഉയർത്തി.
ഇന്നു പിക്കിൾബോൾ 70-ത്തിലധികം രാജ്യങ്ങളിൽ ക ളിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായിക വിനോദങ്ങളുടെ പട്ടികയിൽ ഒന്നായി മാറി.
ഇന്ത്യയിൽ ദേശീയതലത്തിൽ പിക്കിൾ ബോൾ ഏറെ വളർച്ച നേടിയിട്ടുണ്ട്. പിക്കിൾ ബോൾ അസോസിയേഷനുകൾ രൂപപ്പെടുകയും സംസ്ഥാനതലത്തിലും ദേശീയതലത്തിലും ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സിനിമാതാരങ്ങളും കോർപ്പറേറ്റ് പ്രഫഷനലുകളും ഇപ്പോൾ ഫിറ്റ്‌നസിനും വിനോദത്തിനും വേണ്ടി പിക്കിൾ ബോളിനെ സ്വീകരിച്ചു തുടങ്ങി.
വിവരങ്ങൾക്ക് കടപ്പാട്
പോൾ കീരിക്കാടൻ
കോച്ച് ആൻഡ് മാനേജർ, പിക്കിൾബോട്സ് 24x7
ഇൻഡോർ പിക്കിൾബോൾ അരീന, കാക്കനാട്, കൊച്ചി
