ADVERTISEMENT

വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക് ഈ ഉത്തരവ് ആശ്വാസമായി.

കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികൾക്കൊപ്പം അവർ തകർത്തു പഠിക്കുകയാണ്. ആ ഉ ത്സാഹം കണ്ട് അധ്യാപകർ വിദ്യാർഥികളോടു പറയുന്നു. ‘ദേ, ഇവരാണ് ക്ലാസ്സിലെ മാസ്’. തൃശൂർ ശ്രീ കേരളവർമ കോളജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥി അനിൽകുമാറിനു പ്രായം 59 ആണ്. വിരമിക്കൽ പ്രായം കടന്നശേഷം വീണ്ടും പഠനത്തിനായി കലാലയങ്ങളിലേക്കെത്തിയ ഈ സൂപ്പർ സീനിയർ പങ്കുവയ്ക്കുന്നു പഠനമോഹങ്ങളും ജീവിതവും.

ADVERTISEMENT

കഥ നാല്, ഒരു വട്ടം കൂടി. പറയുന്നത് പി.എസ്. അനിൽകുമാർ

വർഷങ്ങൾക്കു ശേഷം പഴയ ക്യാംപസിലേക്ക് പിജി വിദ്യാർഥികളായി തിരികെയെത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയാണ് സീനിയേഴ്സ്. അതുപോലൊരു സീനിയർ വിദ്യാർഥി തൃശൂർ ശ്രീ കേരള വർമ കോളജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് പിജി ക്ലാസ്സിലുണ്ട്. ഡിഗ്രി കഴിഞ്ഞ് 40 വർഷത്തിനു ശേഷം, 59ാം വയസ്സിൽ സ്വന്തം കലാലയത്തിലേക്കു മടങ്ങി എത്തിയിരിക്കുകയാണ് തൃശൂർ സ്വദേശി പി.എസ്. അനിൽകുമാർ. സർവകലാശാല സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രത്തെ എല്ലാവരും ലാലേട്ടാ... എന്നു വിളിക്കുന്നതു പോലെ കേരളവര്‍മ കോളജിൽ എല്ലാവർക്കും അനിൽകുമാർ ‘അനിലേട്ട’നാണ്.

ADVERTISEMENT

‘‘അടിച്ചുപൊളിക്കണം എന്ന ക്ലിയർ അജണ്ടയോടെയാണു പണ്ട് സ്കൂളിൽ നിന്നു ഞാനും കോളജിൽ എത്തിയത്. അതിന്റെ ഫലമോ പ്രീഡിഗ്രിക്ക് മാർക്ക് മങ്ങി. ഡിഗ്രിക്ക് ആ തിളക്കം തിരികെ പിടിച്ചു. നാലു മാർക്ക് കുറവിലാണ് ഡിഗ്രിക്ക് മൂന്നാം റാങ്ക് നഷ്ടമായത്. അതിനുശേഷം മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പിജി നേടി.

പഠനം കഴിഞ്ഞു കുറച്ചു നാൾ മാധ്യമപ്രവർത്തനം. പിന്നെ, പ്രവാസജീവിതം. യുഎഇയിലെ ഷിപ്പിങ് കമ്പനിയി ൽ സർവീസ് ക്ലർക്കായി കരിയർ തുടങ്ങി. ഇതിനിടെ ഓഫ് ക്യാംപസിലൂടെ മാർക്കറ്റിങ് ആൻഡ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിൽ എംബിഎ ബിരുദം നേടി. 60 വയസ്സു വരെയേ ജോലി ചെയ്യൂ എന്നൊരു തീരുമാനത്തിലേക്ക് ഞാൻ എന്നോ എത്തിയിരുന്നു.

ADVERTISEMENT

വ്യക്തിപരമായ ചില ആവശ്യങ്ങൾ വന്നതിനാൽ ജോലിയിൽ നിന്നു നേരത്തെ വിരമിച്ചു. പിരിയുമ്പോൾ മിഡ് ഒാറിയൺ റീജിയൺ ഇൻ ചാർജ് ആയിരുന്നു. അങ്ങനെ 30 വർഷത്തെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞുനാട്ടിലേക്കു പോന്നു.

ആവശ്യങ്ങളെല്ലാം പ്രതീക്ഷിച്ചതിലും മുൻപേ കഴിഞ്ഞു. എങ്കിൽ പിന്നെ, ബാക്കിയുള്ള സമയം വെറുതേ പാഴാക്കേണ്ടല്ലോ എന്നു തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് ഒന്നുകൂടി പഠിക്കാമെന്ന ചിന്ത മനസ്സിലേക്കു വന്നത്. പിജിക്ക് പ്രായപരിധി ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുകളുണ്ടായില്ല.

anil-senior-5

ഒരേയൊരു അജണ്ട മാത്രം

ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ കൂട്ടി ചേർക്കപ്പെട്ടു എന്നതൊഴിച്ചാൽ ക്യാംപസിനു മാറ്റങ്ങളൊന്നുമില്ല. മാറ്റം തോന്നിയതു കുട്ടികളുടെ ആറ്റിറ്റ്യൂഡിലാണ്. ഇപ്പോഴത്തെ കുട്ടികൾക്കു കൃത്യമായ ഫോക്കസ് ഉണ്ട്. ഫീസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പാർട്ട് ടൈം ജോലികൾ ചെയ്യുന്ന നിരവധി കുട്ടികൾ ക്യാംപസിലുണ്ട്.

പണ്ട് അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയമാണ്. കുട്ടികളുമായി കൂട്ടുകൂടാൻ എനിക്കു സാധിക്കുമെങ്കിലും അവർക്ക് എന്നെ ക്ലാസ്മേറ്റായി അംഗീകരിക്കാൻ കഴിയുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അ തൊക്കെ ആശങ്ക മാത്രമായിരുന്നു എന്ന് ഒന്നര മാസത്തിനുള്ളിൽ പിള്ളേര് പ്രൂവ് ചെയ്തു. ഏജ് ബാറോ ജനറേഷന്‍ ഗ്യാപോ ഇവിടെയില്ല. ഇപ്പോഴും സർ എന്നു വിളിക്കുന്ന ചില അധ്യാപകരുണ്ട്. അവരെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. കോളജിലെ സീനിയർ അധ്യാപകർക്കുപോലും എന്നേക്കാൾ പ്രായം കുറവാണ്.

ഞാൻ പഠിക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ മക്കൾ ആദിത്യയ്ക്കും വൈഭവിനും സർപ്രൈസ് ആയിരുന്നു. ഭാര്യ ലേഖ ബയോടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുന്നു. അച്ഛന് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് എന്റെ രക്ഷാകർത്താവു ഞാൻ തന്നെയാണ്. ഇക്കുറി ഒരേയൊരു അജണ്ട മാത്രം– നന്നായി പഠിക്കുക. അതിനായുള്ള പരിശ്രമത്തിലാണിപ്പോൾ.

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഹരികൃഷ്ണൻ ജി., സുനിൽ ആലുവ

നവംബർ 2024ൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary:

Education after retirement is now a viable option, with the focus keyword 'Education' highlighting the opportunities available. With the removal of age limits for degree courses, individuals like Anil Kumar are pursuing their academic dreams alongside younger classmates.

ADVERTISEMENT