ADVERTISEMENT

എന്നെ മാത്രമെന്താ നീ തിരിച്ചറിയാത്തത്? അത് ഞാനായിരുന്നു. നിന്റെ ഓമനച്ചേച്ചി. എന്നെ തിരിച്ചറിയാതെ പോകല്ലേ മോളേ... എന്നെ ആരുമില്ലാത്തവളാക്കല്ലേ.’’

ഉരുൾപൊട്ടലിന്റെ പിറ്റേന്ന് ഈ സ്വപ്നമാണു മയക്കത്തിൽ നിന്നു ഷൈജയെ ഉണർത്തിയത്. തലേന്ന് ഏറെനേരം നോക്കി നിന്നിട്ടും തിരിച്ചറിയാൻ കഴിയാതെ പോയ കാൽപാദത്തിനരികിലേക്കാണു പിറ്റേന്ന് ആദ്യം ചെന്നത്. വിശേഷം തിരക്കി മുണ്ടക്കൈയിലെ വീട്ടിലെത്തുമ്പോൾ ഓമനചേച്ചി കാൽ നഖങ്ങളിൽ ചുവന്ന ചായം പുരട്ടുകയായിരുന്നു എന്നത് ഷൈജയുടെ മനസ്സിൽ മിന്നൽ പോലെ പാഞ്ഞു. അത് ഓമനച്ചേച്ചി തന്നെ. ഷൈജ ഉറപ്പിച്ചു.

ADVERTISEMENT

വയനാട് മുണ്ടക്കൈയിൽ ജൂ ലൈ മുപ്പതിനു പുലർച്ചെ ഒരു മ ണിക്കും രണ്ടു മണിക്കും ഉരുൾപൊട്ടിയതിനു പിറ്റേന്നു മുതൽ പ തിനൊന്നു ദിവസം തുടർച്ചയായി ഷൈജ ബേബി ഇൻക്വസ്റ്റ് നടക്കുന്നയിടത്തായിരുന്നു.

പാതി മാഞ്ഞ മുഖങ്ങളായി, തകർന്ന തലകളായി, വിരലുകളറ്റ കൈകാലുകളായി, ചെളിയടിഞ്ഞ മൂക്കുകളും കണ്ണുകളുമായി തന്റെ പ്രിയപ്പെട്ട നാട്ടുകാരെത്തുമ്പോൾ കലങ്ങിപ്പോയ മനസ്സിനെ കഠിനമാക്കി ഷൈജ പറഞ്ഞു. ‘‘ഇത് ഷിബു, ഇത് സീത. ഇതു സിന്ധുവിന്റെ ഇളയ കുഞ്ഞിന്റെ കരിവളയിട്ട കൈകൾ...’’ (പേരുകൾ സാങ്കൽപികം)

ADVERTISEMENT

അതിരില്ലാത്ത ഈ സേവനം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. ഷൈജയെ തേടി കേരള ശ്രീ പുരസ്കാരമെത്തി. വാങ്ങുന്നയാളെ ഇത്രമേൽ സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവുമുണ്ടാകില്ല. ഒരു പുരസ്കാരവും ഇ ത്രമേൽ കണ്ണീരണിഞ്ഞിട്ടുണ്ടാകില്ല.

ഭീതിക്കു മേൽ ജീവിതം

ADVERTISEMENT

‘‘മുണ്ടക്കൈയിൽ ഉരുൾ പൊട്ടി, ചൂരൽമല സ്കൂളിലെത്തി, പത്താം വാർഡ് വില്ലേജിലെത്തി എന്നൊക്കെ പറയുമ്പോൾ തന്നെ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാൻ കഴിഞ്ഞിരുന്നു. 2008 മുതൽ 2022 വരെ മുണ്ടക്കൈയിൽ ആശാ വർക്കറായിരുന്നല്ലോ ഞാൻ.

2015 മുതൽ 2020 വരെ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും മുണ്ടക്കൈയിൽ വാർഡ് മെമ്പറും ആയിരുന്നു. ഇപ്പോൾ മേപ്പാടി പഞ്ചായത്ത് ഇരുപതാം വാർഡിൽ ആശാ വർക്കറാണെങ്കിലും മഴ തുടങ്ങിയതോടെ മുണ്ടക്കൈയിലുള്ളവരെ വിളിച്ചു താമസം മാറാൻ പറഞ്ഞിരുന്നു.

ഉരുൾ പൊട്ടിയ വിവരമറിഞ്ഞയുടൻ പലരെയും വിളിച്ചു. ചിലർ ഫോണെടുത്തു. ചിലത് റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല, ചിലത് സ്വിച് ഒാഫ്. രാത്രിയായതിനാലും മഴയായതിനാലും അപ്പോൾ പോകാൻ കഴിയുമായിരുന്നില്ല. മുണ്ടക്കൈ സ്കൂളിനപ്പുറത്തുള്ള കുന്നിൽ പതിനാലോളം വീടുകളുണ്ട്. 2020ൽ സ്കൂളിനരികിലുള്ള പാലം പൂർണമായും ഉരുളിൽ തകർന്നിരുന്നു. വല്ലാത്തൊരു മഴയാണിവിടെ. അതു തുടങ്ങിയാൽ ഉരുൾപൊട്ടൽ പ്രതീക്ഷിക്കണം.

2019ൽ മഴ തുടങ്ങിയപ്പോൾ ഞങ്ങൾ ക്യാംപ് തുടങ്ങി. ആളുകളെ അവിടേക്കു മാറ്റി. ക്യാംപിൽ നിന്ന് ആവശ്യങ്ങൾക്കായി തിരികെ വീട്ടിൽ പോയവരാണ് അന്ന് അപകടത്തിൽ പെട്ടത്. 2020ൽ ക്യാംപിൽ നിന്ന് ആരെയും പോകാനനുവദിച്ചില്ല. അതിനാൽ ആളപായം ഉണ്ടായില്ല.

ഉരുൾപൊട്ടലിൽ വീട്ടുകാരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ അമ്മ സബിത അവിടെയാണു താമസിച്ചിരുന്നത്. എന്റെ അടുത്ത സുഹൃത്തു കൂടിയായ സബിതയെ ജൂലൈ മുപ്പതിനു രാവിലെ പലരെയും വിളിച്ച കൂട്ടത്തിൽ വിളിക്കുകയും എത്രയും പെട്ടെന്ന് മാറൂ എന്നു പറയുകയും ചെയ്തിരുന്നു.

‘എങ്ങോട്ടു മാറാനാണ് ഷൈജേ...’ എന്നാണ് സബി ചോദിച്ചത്. മുണ്ടക്കൈയിൽ നിന്നു പലരും മാറി താമസിച്ചയിടത്തും ഉരുൾ പൊട്ടിയതാണ് ഇത്തവണ മരണ സംഖ്യ ഇത്രയേറെ കൂട്ടിയത്.

മുണ്ടക്കൈയിൽ ആളുകളിൽ ഭൂരിഭാഗവും അവിടത്തുകാരെ തന്നെയാണു വിവാഹം കഴിക്കുക. പുറത്തുനിന്നുവിവാഹം കഴിച്ചവർ അപകട സാധ്യത മുന്നിൽ കണ്ടു ബന്ധുവീടുകളിലേക്കു മാറുമ്പോൾ അല്ലാത്തവർക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് ക്യാംപ് സജ്ജമാക്കി കൊടുത്താൽ മാത്രമേ മാറി താമസിക്കാനാകൂ. ഞാനവിടെ ഉണ്ടായിരുന്ന വർഷങ്ങളിൽ അതു ചെയ്യാൻ സാധിച്ചിരുന്നു.

മുണ്ടക്കൈ പോലുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടം ഇടപെട്ടു ദുരന്തത്തെ നേരിടാൻ സ്ഥിരമായ സംവിധാനം സജ്ജീകരിക്കണം.

അത്ര ധൈര്യമുള്ളവളൊന്നുമല്ല ഞാൻ. സാധാരണ മ രണം നടക്കുന്നിടത്തു പോയാൽ മൃതദേഹം കാണാതെ പുറത്തു മാറി നിൽക്കുന്നൊരാളായിരുന്നു. ഈ അവസരത്തിൽ എവിടുന്ന് എന്നറിയാത്ത ഒരു ധൈര്യം വന്നു ചേർന്നു. എന്നെ എന്റെ സങ്കട കാലത്തു നെഞ്ചോടു ചേർത്തുപിടിച്ചവരെ അനാഥരായി യാത്രയയക്കാതിരിക്കുക എന്നതേ ഇനി ചെയ്യാനുള്ളൂ എന്ന തോന്നലിൽ നിന്നുമാണു മൃതദേഹങ്ങൾ പരിശോധിക്കാനുള്ള കരളുറപ്പ് എനിക്കു വന്നത് എന്നു തോന്നുന്നു.

എന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണു ഭർത്താവ് കുവൈത്തിൽ വച്ചു മരിക്കുന്നത്. രണ്ടു കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഒന്നുമറിയാതെ നിന്ന എന്നെ ചേർത്തുപിടിച്ചതു മുണ്ടക്കൈയിലെ ജനങ്ങളായിരുന്നു.

കുടുംബശ്രീയിൽ പ്രവർത്തിച്ചു കൊണ്ടാണു ഞാൻ ജീവിതം തിരികെ പിടിച്ചു തുടങ്ങിയത്. പിന്നീട് ചൈൽഡ് ലൈനിന്റെ വോളന്റിയറായി, ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് സൊസൈറ്റിയുടെ ഭാഗമായി, മുണ്ടക്കൈയിൽ തിരഞ്ഞെടുപ്പിനു നിൽക്കുകയും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.

അതോടെ സഹായിച്ച നാടിനു സേവനം തിരികെ നൽകാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞ് ആത്മാർഥമായി പ്രയത്നിച്ചു. നാട്ടുകാരെ കണ്ടാൽ വെറുതേ ചിരിച്ചു പോരുക പതിവില്ല. എന്തെങ്കിലുമൊക്കെ സംസാരിക്കും. വീടുകളിലേക്കു ചെന്നു കാര്യമന്വേഷിക്കും. ആ ശീലമാണ് ഇത്രമേൽ നാട്ടുകാരെ പരിചിതരാക്കിയത്. അവരുടെ രൂപവും ഭാവവും മനസ്സിൽ പതിഞ്ഞതിനാലാണ് ഇത്രയേറെ പേരെ തിരിച്ചറിയാനായത്.

കല്ലിച്ചുപോയല്ലോ കണ്ണീര്

അച്ഛനമ്മമാരെ നഷ്ടപ്പെട്ട മക്കളെ ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞു കാണിച്ചു കൊടുക്കാൻ വിളിക്കുമ്പോൾ അവരുടെ കരച്ചിൽ കേട്ട് അതുവരെയുള്ള നിയന്ത്രണം വിട്ടുപോകും. മാറി നിന്നു കരയും. കണ്ണുനീർ തുടച്ചുവീണ്ടും മൃതദേഹ പരിശോധനയിലേക്കു തിരികെ വരും. വാട്ടർ പാക്കറ്റ് പോലെ വീർത്തതും ഇരുവശവും ഇതളുകളുള്ളതുമായ ശരീര ഭാഗങ്ങളൊക്കെ വരുമ്പോൾ ഇതെന്താണെന്ന് തരിച്ചു നിൽക്കും.

ഇൻക്വസ്റ്റ് ടീമിലുള്ള ഡോക്ടർമാരും പൊലീസുകാരും അതു ശ്വാസകോശവും ഗർഭപാത്രവും മറ്റുമാണെന്നു പറഞ്ഞു തരും. ആദ്യ ദിനം രാത്രി രണ്ടരയ്ക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഭക്ഷണം ഇറങ്ങിയില്ല, ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അറിയാതെ മയങ്ങിയ നേരത്താണ് ആ സ്വപ്നം കണ്ടത്.

പതിനൊന്നാം ദിവസമാണ് ശ്രുതിയുടെ അമ്മയും എ ന്റെ കൂട്ടുകാരിയുമായ സബിതയുടെ ദേഹഭാഗം കിട്ടുന്നത്. അവളുടെ കമ്മൽ കണ്ടാണു ഞാൻ തിരിച്ചറിഞ്ഞത്.

ചൂരൽ മലയിലാണ് എന്റെ അച്ഛനും അമ്മയും സ ഹോദരനും കുടുംബവുമുള്ളത്. തലനാരിഴയ്ക്ക് അവർ ര ക്ഷപ്പെട്ടു. ഭർത്താവിന്റെ കുടുംബത്തിൽ നിന്നും സഹോദരന്റെ ഭാര്യയുടെ കുടുംബത്തിൽ നിന്നും ഒൻപതു പേരെ നഷ്ടപ്പെട്ടു. അതു മാത്രമല്ല എന്റെ നഷ്ടം. മരിച്ച ഓരോരുത്തരും ബന്ധുക്കളാണ്. എന്നെ സ്നേഹിച്ചവരാണ്.

shyja-wayanad-story-5

മണ്ണിലലിഞ്ഞു പോയ സ്വപ്നം

സേവന പ്രവർത്തനങ്ങളിൽ നിൽക്കുമ്പോൾ പലരും വിളിച്ചു. ‘ഷൈജേ, നീ ചോര നീരാക്കി പണിത വീടിനി ഇല്ലാട്ടോ’ എന്ന് പറഞ്ഞു. വിവാഹം കഴിച്ചു മാറിത്താമസിച്ചതു മുതൽ വാടക വീടുകളിലായിരുന്നു ജീവിതം. കുട്ടികളുടെ പഠനച്ചെലവും വീട്ടു ചെലവും കഴിഞ്ഞാൽ വീടു വയ്ക്കാ ൻ പണം കരുതി വയ്ക്കാനൊന്നും സാധിച്ചിരുന്നില്ല.

മകൾ വിബിന വിവാഹം കഴിഞ്ഞ് കോഴിക്കോട് താമസിക്കുന്നു. മകൾക്കൊരു കുഞ്ഞുണ്ട്. മകൻ ഷെബിനും വിവാഹിതനാണ്. മകനും ഭാര്യയും ഞാനും മേപ്പാടിയിലെ വാടക വീട്ടിൽ താമസിച്ചു കൊണ്ടാണു വീട് പണിതിരുന്നത്.

ഒരു വർഷം മുൻപാണ് ലൈഫ് പദ്ധതി വഴി കിട്ടിയ നാലു ലക്ഷം രൂപയും പീപ്പിൾസ് ഫൗണ്ടേഷൻ സഹായവും ചേർത്തു പണി തുടങ്ങിയത്. പണി പൂർത്തീകരണത്തിലേക്ക് അടുക്കുകയായിരുന്നു. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. ഇനിയൊരു വീടുണ്ടാകുമോ എന്നുമറിയില്ല.

English Summary:

Landslide rescue efforts in Wayanad's Mundakkai led to Shaija Baby receiving the Kerala Sree Puraskaram. Her tireless service in identifying victims amidst the disaster highlights the profound impact of community service.

ADVERTISEMENT