പൊന്നുമോൾ ജീവിതത്തിലേക്ക് മടങ്ങിവരുന്നതു കാത്ത് അമ്മ: മകൾക്കൊപ്പം നിൽക്കാൻ ജോലി ഉപേക്ഷിച്ചു, ശ്രീക്കുട്ടിക്കായി പ്രാർഥനയോടെ Sreekutty's Road to Recovery: A Mother's Hope
Mail This Article
ദുർവിധിയുടെ കുത്തൊഴുക്കിനെ എങ്ങനെ മറികടക്കുമെന്ന് അറിയാതെ ഉഴലുകയാണ് ശ്രീക്കുട്ടിയുടെ കുടുംബം. ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയിട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നന്ദിയോട് സ്വദേശി ശ്രീക്കുട്ടി (19) ജീവിതത്തിലേക്കു പഴയതു പോലെ മടങ്ങി വരുന്നതും കാത്തിരിക്കുകയാണു അമ്മ പ്രിയദർശിനി. കഴിഞ്ഞ 23 ദിവസമായി പ്രിയദർശിനിയും ബന്ധുക്കളും ആശുപത്രിയുടെ മുന്നിലുണ്ട്. ശ്രീക്കുട്ടിയോടൊപ്പം നിൽക്കാനായി ബെംഗളൂരുവിലെ നീന്തൽ പരിശീലക ജോലി പ്രിയദർശിനി ഉപേക്ഷിച്ചു. മൂത്ത മകൻ ശ്രീഹരിയും ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.
റെയിൽവേ ആദ്യഘട്ടത്തിൽ ചെറിയ സാമ്പത്തിക സഹായം നൽകിയതൊഴിച്ചാൽ മറ്റൊരു സഹായവും ഇവർക്കു ലഭിച്ചിട്ടില്ല. വെന്റിലേറ്റർ നീക്കിയെങ്കിലും 2 ദിവസമായി ശ്രീക്കുട്ടിക്കു പനിയുണ്ട്. പ്രിയദർശിനിയുടെ സഹോദരിമാരും അമ്മയും നന്ദിയോടു നിന്ന് ഇടയ്ക്കു വരും. ചികിത്സ സൗജന്യമാണെങ്കിലും കൂട്ടിരിപ്പുകാരുടെ ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും ബന്ധുക്കളാണു പണം കണ്ടെത്തുന്നത്. പടക്ക നിർമാണശാലയിൽ ജോലിക്കു പോയാൽ ലഭിക്കുന്ന 300 രൂപയിൽ നിന്ന് മാറ്റി വയ്ക്കാൻ ഒന്നുമുണ്ടാകാറില്ലെന്നു പ്രിയദർശിനിയുടെ സഹോദരി മിനി പറയുന്നു. ശ്രീക്കുട്ടിയൊന്ന് കണ്ണു തുറന്നു കാണാനുള്ള പ്രാർഥനയിലാണു എല്ലാവരും.
വെന്റിലേറ്റർ മാറ്റിയതിനാൽ വൈകാതെ ഐസിയുവിൽ നിന്നു വാർഡിലേക്കു മാറ്റുമെങ്കിലും ഓക്സിജൻ സൗകര്യമുള്ള മുറി കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണു പ്രിയദർശിനി. മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാനുള്ള സാമ്പത്തിക സ്ഥിതിയും ഇവർക്കില്ല. തലച്ചോറിനേറ്റ പരുക്ക് ഭേദമാകാൻ സമയം വേണ്ടി വരുമെന്നതിനാൽ വീട്ടിൽ പോയാലും സഹായത്തിന് ആളു വേണമെന്നതിനാലാണ് ആയുർവേദ തെറപ്പിസ്റ്റായ സഹോദരൻ ശ്രീഹരിയും ജോലി ഉപേക്ഷിക്കുന്നത്. കുടുംബത്തിന് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചിരുന്നു.