വരൂ ഹോർത്തൂസിലേക്ക്... ചിന്തയുടെ കലയുടെ സൃഷ്ടിയുടെ ഉത്സവകാലത്തിലേക്ക്: കൊച്ചി സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും നിങ്ങളെ സ്വാഗതം ചെയ്യുന്നു Hortus 2025: A Celebration of Literature, Art, and Culture
Mail This Article
ഒരു സ്വപ്നലോകത്തേക്ക് നടന്നു കയറും പോലെയാണ് സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയുടെ കവാടം കടന്ന് അകത്തേക്ക് കടക്കുമ്പോൾ തോന്നുക. നിറങ്ങളുടേയും ചിന്തകളുടേയും കലകളുടേയും മുഖങ്ങളുടേയും വെളിച്ചങ്ങളുടേയും മരങ്ങളുടേയും ഒക്കെ ഇടയിലേക്ക്... പുതിയൊരു ആസ്വാദന തലത്തിലേക്ക് കാലെടുത്ത് വയ്ക്കും പോലെ. നവംബർ 27–30 വരെ നീളുന്ന ആഘോഷദിനരാത്രികളുടെ ആദ്യ ദിനമാണിന്ന്. ‘ഞാൻ–നീ–നാം– ദി പവർ ഓഫ് വി’ എന്ന തലവാചകത്തിൽ ഒരുങ്ങിയ മനോരമ ഹോർത്തൂസിന്റെ രണ്ടാം പതിപ്പിൽ വൈവിധ്യങ്ങളുടെയും ടെക്നോളജിയുടേയും തിമിർപ്പും കാണാം. പൊതുജനങ്ങൾക്ക് എൻട്രി തീർത്തും സൗജന്യമാണ്.
15000ത്തോളം പുസ്തകങ്ങൾക്കിടയിൽ നിങ്ങൾക്കു വേണ്ടത് എവിടെയന്ന് ഒറ്റ ക്യൂ ആർ കോഡ് സ്കാനിങ്ങിലൂടെ മനസിലാക്കി തരുന്ന പുസ്തകശാലയും സംഘകാല സാഹിത്യത്തിൽ കവിതകളെ ഭൂമിശാസ്ത്രപരമായി തരം തിരിച്ച പേരുകളെ ഓർമിപ്പിക്കുന്ന വേദികളുടെ പേരുകളും ഒക്കെ അത്ഭുതലോകത്തിന് നിറം കൂട്ടുന്നു...
ഏഴ് വേദികൾ 400 പ്രാസംഗികർ 225 സെഷനുകൾ
നാലു ദിവസം കൊണ്ട് ദേശീയ അന്താരാഷ്ട്ര തലത്തിലുള്ള 400 പ്രാസംഗികര്‍ പല വിഷയങ്ങളിലുള്ള 225 സെഷനുകളാണ് ഹോർത്തുസ് വേദിയിൽ നടത്തുക. ആഘോഷദിനരാത്രങ്ങളുടെ ഇത്തവണത്തെ ഡയറക്റ്റർ എൻ.എസ്. മാധവനാണ്. ക്യൂററ്ററായി ബന്ധു പ്രസാദും ഒപ്പം ചേരുന്നു.
സംഘകാല സാഹിത്യത്തിൽ കവിതകളെ ഭൂമിശാസ്ത്ര പ്രത്യേകതകൾക്കനുസരിച്ചു തരം തിരിക്കാനുപയോഗിച്ച രീതിയായ ‘തിണ’യിൽ നിന്നും ചില പേരുകളാണഅ 5 പ്രധാന വേദികൾക്കിട്ടിരിക്കുന്നത്. കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലെ എന്നിങ്ങനെയാണ് ആ പേരുകൾ. ഇതു കൂടാതെ നിലപാടു തര, കബനി എന്നിങ്ങനെ മറ്റു രണ്ടു വേദികൾ കൂടിയുണ്ട്.
മലയാള മനോരമയുടെ 137 വർഷത്തെ ചരിത്രം പറയുന്ന ‘1888’ മനോരമ പവലിയൻ, കുട്ടകൾക്കുള്ള പവലിയൻ, ഹോർത്തൂസ് തീയറ്റർ, പുസ്തകശാല എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചർച്ചകളിൽ സാഹിത്യം, ചരിത്രം, സിനിമ, പുതുതലമുറകളുടെ ആശങ്കകൾ, കല, വേഷം, ഭാഷ തുടങ്ങി പലതിനെ കുറിച്ചുമുള്ള അറിവുകൾ വന്നു നിറയുമെന്നതു തീർച്ച. ചരിത്രത്തിൽ നിന്നും പലപ്പോഴും മാറ്റി നിർത്തപ്പെട്ട ദളിതരുടെ ചരിത്രവും കായൽ സമ്മേളനവും കൊച്ചിയിൽ വച്ചു നടന്നിരുന്ന അടിമ കച്ചവടങ്ങളും ഒക്കെ ഹോർത്തൂസിലെ ശബ്ദങ്ങൾ വഴി നമുക്ക് കേളൾക്കാം. ഇത് കൂടുതൽ വായനകളിലേക്കും ഗവേഷണകൾക്കും വരെ വഴി വയ്ക്കാനും ഒരുപക്ഷേ കാരണമായേക്കാം.
മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ
ഇന്ന് തുടങ്ങിയ ഹോർത്തൂസ് ഉത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വൈകുന്നേരം 6 മണിക്ക് നടൻ മമ്മൂട്ടി നടത്തും. 30ാം തീയതിക്കുള്ള ഗ്രാന്റ് ഫിനാലെയിൽ നടൻ മോഹൻലാലാകും മുഖ്യാതിഥി. തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസനും ഹോർത്തൂസിലെ ചർച്ചകളുടെ ഭാഗമാകും.
കുട്ടികൾക്കായുള്ള പലതരം വർക്ക്ഷോപ്പുകളും മുതിർന്നവർക്കായി നടൻ റോഷൻ മാത്യു നടത്തുന്ന അഭിനയ വർക്ക്ഷോപ്പും ഒക്കെ മേളയുടെ മുഖ്യാകർഷണങ്ങളാണ്. വേദിയിൽ പല തരം സ്റ്റാളുകളും ഫോട്ടോ ബൂത്തുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.
ഹോർത്തൂസിൽ പങ്കെടുക്കാൻ വരുന്നവർക്ക് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം എറണാകുളത്തപ്പൻ ഗ്രൗണ്ടിലും മറൈൻ ഡ്രൈവിലുമായി ഒരുക്കിയിട്ടുണ്ട്. മറൈൻ ഡ്രൈവിൽ വണ്ടിയിടുന്നവർക്ക് വേദിയിലേക്കുള്ള സൗജന്യ ഷട്ടിൽ സർവീസും ലഭ്യമാണ്. ഇരുചക്രവാഹനക്കാർക്ക് സുഭാഷ് പാർക്കിന് മുന്നിൽ തന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടവും ഒപ്പം വാഹനങ്ങൾ തടസമില്ലാതെ പോകുന്നു എന്ന് ഉറപ്പു വരുത്താനുള്ള ട്രാഫിക്ക് വാർഡൻമാരും ഉണ്ടാകും.
