ദേശീയ ട്രാപ് ഷൂട്ടിങ്ങിലെ തിരുത്തിക്കുറിക്കാനാകാത്ത നേട്ടം കോട്ടയംകാരി മിയയ്ക്കു സ്വന്തം A Trap Shooting Prodigy from Kerala
Mail This Article
ഒരു ചിരിയിൽ വിശേഷങ്ങളൊതുക്കുന്ന, ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ മറുപടി പറയുന്ന ജെൻ സി കിഡ് ആണ് മിയ അന്ന. പക്ഷേ, വാക്കുകളിലെ പിശുക്ക് നേട്ടങ്ങളുടെ കാര്യത്തിലില്ല. തോക്കെടുത്താൽഈ 16 വയസ്സുകാരി അടിമുടി മാറും. പഞ്ചാബിലെ പട്യാലയിലായിൽ നടന്ന അഖിലേന്ത്യ ഷോട്ട് ഗൺ ചാംപ്യൻഷിപ് ട്രാപ് ഷൂട്ടിങ് മത്സരത്തിൽ മിയയുടെ തോക്കിൽ നിന്നു പാഞ്ഞ തിരകൾ ഉന്നം പിഴയ്ക്കാതെ ലക്ഷ്യം ഭേദിച്ചപ്പോൾ പിറന്നതു ചരിത്രമാണ്. കേരളത്തിനായി ട്രാപ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ മലയാളി താരം എന്ന ഒരിക്കലും തിരുത്തി കുറിക്കാൻ ആകാത്ത നേട്ടം.
12 വയസ്സു മുതൽ ഷൂട്ടിങ് അഭ്യസിക്കുന്നതാണ് മിയ. പോയിന്റ് 22 ഫയർ ആമിലും പോയിന്റ് 177 റൈഫിളിലുമാണ് പരിശീലിച്ചും മത്സരിച്ചും തുടങ്ങിയത്. പിന്നീട് ട്രാപ് ഷൂട്ടിങ്ങിലേക്ക്.
‘‘ട്രാപ് ഷൂട്ടിങ് പരിശീലിക്കാമെന്നത് വെല്ലുവിളികൾ നിറഞ്ഞ തീരുമാനവുമായിരുന്നു. കാരണം ട്രാപ് ഷൂട്ടിങ്ങിനു വേണ്ട ഷൂട്ടിങ് റേഞ്ച് കേരളത്തിലില്ല. അതുകൊണ്ടു തന്നെ ലൈവ് പ്രാക്ടീസ് സാധ്യമല്ല.
അണ്ടർഗ്രൗണ്ട് സ്റ്റേഷൻസിൽ നിന്നു കളിമൺ നിർമിതമായ ഡിസ്ക് 100–110 കിലോമീറ്റർ/അവ്‌ർ സ്പീഡിൽ വ്യത്യസ്ത ആങ്കിളിൽ പല റേഞ്ചിൽ മുന്നിലൂടെ പറക്കും. ഇതു ഷൂട്ട് ചെയ്തു വീഴ്ത്തണം. അതാണ് ട്രാപ് ഷൂട്ടിങ്.’’ മിയ വിശദമാക്കി.
‘‘സംസ്ഥാനതലത്തിൽ പങ്കെടുത്താൽ മാത്രമേ ദേശീയതലം വരെ പോകാൻ കഴിയൂ. അങ്ങനെയാണു കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന്റെ ശുപാർശയോടെ തെലങ്കാന റൈഫിൾ അസോസിയേഷൻ മെംബർഷിപ് എടുത്ത് ഗസ്റ്റ് ഷൂട്ടറായി മത്സരിച്ചത്. ഷൂട്ടർ ഡോ. മുജാഹിദ് അലി ഖാൻ ആണ് കോച്ച്. സ്പോർട്സ് അതോറ്റിറ്റി ഓഫ് തെലങ്കാനയുടെ ഷൂട്ടിങ് റേഞ്ച് സെക്കന്ദരാബാദിലുണ്ട്. അവിടെയാണ് പ്രാക്ടീസ്.’’ പരിശീലനത്തിന്റെ നാൾവഴികൾ മിയ പറഞ്ഞു തുടങ്ങി.
‘‘സ്കൂൾ അവധിയായാൽ അച്ഛനൊപ്പം സെക്കന്ദരാബാദിലേക്കു വണ്ടി കയറും. അവിടെ താമസിച്ചു ട്രെയ്നിങ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങും. പിന്നീട് വീട്ടിലാണ് പ്രാക്ടീസ്. ലൈവ് ഫയർ ചെയ്യാനാകില്ല. ഡ്രൈ പ്രാക്ടീസ് ആണ്.’’ കോട്ടയം ഇരവിനല്ലൂരിലെ പാലത്തിങ്കൽ വീട് ‘ഷൂട്ടിങ് റേഞ്ച്’ ആയി മാറുകയാണ് പിന്നെ. തോക്കിൽ കാട്രിജിനു പകരം സ്നാപ് ക്യാപ് ലോഡ് ചെയ്യും. അച്ഛൻ ഗിരീഷ് ഭിത്തിയില്‍ പലയിടങ്ങളിലായി ലേസർ അടിക്കും. അതിനനുസരിച്ചു മിയ ഫയർ ചെയ്യും. ‘‘തോക്കു പിടിക്കാൻ നല്ല കൈക്കരുത്ത് വേണം. അതിനായി വീട്ടിൽ ദിവസവും നൂറു പ്രാവശ്യം തോക്ക് ഹോൾഡ് ചെയ്തും തോളിൽ വച്ചും മോൾ പ്രാക്ടീസ് ചെയ്യാറുമുണ്ട്.’’ മിയയുടെ പ്രയത്നങ്ങളെ കുറിച്ചു അമ്മ സിനു കൂട്ടിച്ചേർത്തു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റജിസ്ടേർഡ് കോച്ച് ശ്രീജിത് വി.യും ട്രാപ് ഷൂട്ടിങ്ങിനു വേണ്ട നിർദേശങ്ങൾ നൽകി മിയയ്ക്ക് ഒപ്പമുണ്ട്.
ഷൂട്ടിങ്ങിൽ മാത്രമല്ല, കളരിയിലും മികവു തെളിയിച്ച താരമാണ് മിയ. കളരിപ്പയറ്റിലും ഷൂട്ടിങ്ങിലും വിവിധ ലോക റിക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കാം നവംബർ 22 – ഡിസംബർ 5, 2025 ലക്കം വനിതയിൽ
