ADVERTISEMENT

വേദനകളെയും പരീക്ഷണങ്ങളേയും നാം ജയിക്കുന്നത് എപ്പോഴാണ്? തണലൊരുക്കാൻ കൂടെയൊരാൾ ഉള്ളപ്പോഴാണെന്ന് നിസംശയം പറയാം. കാൻസർ വേദനകളിൽ തണലായി നിന്ന പ്രിയപ്പെട്ടവനെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ലേഖ അംബുജാക്ഷൻ. മരണം മുന്നിൽ കണ്ട നിമിഷങ്ങളിലും കീമോ കിരണങ്ങളിൽ വെന്തുരുകിയപ്പോഴും പ്രിയപ്പെട്ടവൻ തണലായി നിന്നുവെന്ന് ലേഖ കുറിക്കുന്നു. അസുഖമാകുമ്പോഴേക്കും ഭാര്യമാരെ ഒഴിവാക്കി കടന്നു കളയുന്നഭർത്താക്കന്മാർക്ക് മാതൃകയാണെന്ന് തന്റെ നല്ലപാതിയെന്ന് പറഞ്ഞു കൊണ്ടാണ് ലേഖ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫെയ്സ്ബുക്കിലാണ് ലേഖ കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

കാൻസറാണെന്നറിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നാം മാസം...

അന്നു തൊട്ടിന്നു വരെ ഒരു ദിവസം പോലും എന്നെ വിട്ട് മാറിനിന്നിട്ടില്ല ഈ മനുഷ്യൻ....

ADVERTISEMENT

ഒരു മുറിയിൽ അടച്ചിടാതെ എന്നെ വെളിച്ചത്തിലേക്ക് നയിച്ച പ്രകാശമാണീ മനുഷ്യൻ...

എനിക്ക് മൂകാംബിക അമ്മയെ കാണണമെന്ന് പറഞ്ഞപ്പോ മറ്റ് എതിർപ്പിനെ വക വെയ്ക്കാതെ ക്ഷേത്ര ഭാരവാഹിയുമായി ബന്ധപ്പെട്ട് ഒരു സംബർക്കത്തിലുമാകാതെ നടയടക്കുന്നത്വരെ നടയ്ക്ക് അകത്ത് പ്രത്യേകമായി ഇരുന്ന് എനിക്ക് പ്രാർത്ഥിക്കാൻ അവസരമൊരുക്കി തന്നു എന്റെ അംബുവേട്ടൻ...

ADVERTISEMENT

മലമൂത്ര വിസർജ്യം കിടന്ന കിടപ്പിൽ പോയ ദിവസങ്ങളിലും എന്നെ കെട്ടിപ്പിടിച്ച് കിടന്ന എന്റെ അംബുവേട്ടൻ....

റേഡിയേഷന്റെ പരിണിത ഫലമായി കക്ഷത്തിൽ വ്രണം വന്ന് ചീഞ്ഞ് നാറിയപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കിടന്ന എന്റെ അംബുവേട്ടൻ...

കിമോ കഴിഞ്ഞ് മരണം മുന്നിൽ കണ്ട് മൂന്ന് നാല് ദിവസം കുളിക്കാതെ കിടന്നപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കിടന്ന എൻ്റെ അംബുവേട്ടൻ

എന്നെ നാറുന്നുണ്ടല്ലേ അംബുവേട്ടാ എന്ന് ചോദിച്ചപ്പോ നമ്മൾ ഒന്നല്ലേ...നമുക്ക് ഒരേ മണമല്ലേ മോളേ....എന്ന് എന്നെ അദ്ഭുതപ്പെടുത്തിയ എൻ്റെ അംബുവേട്ടൻ

ഓക്‌സിജൻ റ്റ്യൂബ് മാറ്റാനാകാതെയിരുന്ന എന്നെ ശ്വാസതടസമേൽപ്പിക്കാതെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കുളിപ്പിച്ചിരുന്ന എൻ്റെ അംബുവേട്ടൻ

ഭാരമുള്ള ഓക്‌സിജൻ സിലിണ്ടറുമായി പിറകെ നടന്നിരുന്ന ഒരു സേവകനെപ്പോലെ എന്റെ അംബുവേട്ടൻ

കുഴിഞ്ഞ കണ്ണുകളിലും ഒട്ടിയ കവിളുകളിലും ഉമ്മ തന്നിരുന്ന എൻ്റെ അംബുവേട്ടൻ

നാലരമാസം മാത്രം എനിക്ക് ആയുസ്സ് പറഞ്ഞ ഡോക്‌ടറെ കൊണ്ട് I’m proud of you ambu എന്ന് പറയിപ്പിച്ച എൻ്റെ അംബുവേട്ടൻ

ഞാനിന്ന് ചിരിച്ചുനടക്കുന്നുവെങ്കിൽ അതിൽ ഏറ്റവും പ്രധാനകാരണക്കാരൻ എന്റെ പാതിതന്നെ.....

ഈ ജന്മത്തിൽ ദൈവം എനിക്ക് വരദാനമായി തന്ന ഒരു അമൂല്യ നിധിയാണ് എന്റെ അംബുവേട്ടൻ...

അസുഖമാകുമ്പോഴേക്കും ഭാര്യമാരെ ഒഴിവാക്കി കടന്നു കളയുന്നഭർത്താക്കന്മാർക്ക് ഒരു മാതൃകതന്നെയാണ് അംബുവേട്ടൻ....

നിങ്ങടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ പുണ്യമായി കരുതുന്നു അംബുവേട്ടാ....

English Summary:

Cancer support is essential during difficult times. This is a story of a woman who overcame cancer with the unwavering support of her husband, who stood by her through every challenge.

ADVERTISEMENT