‘പറഞ്ഞു പറ്റിച്ച പുരുഷൻ പുണ്യാളനാകും, ലൈംഗിക ചൂഷണം നേരിടുന്ന പെണ്ണിനെ നിശബ്ദയാക്കും’; വികലമായ പൊതുബോധം, വിമര്‍ശിച്ച് ഡോ. സി.ജെ. ജോൺ
Mail This Article
"പീഡനം കിട്ടിയാൽ മിണ്ടാണ്ടിരിക്കുയെന്ന പഴയ പല്ലവി ഈ സ്ത്രീ ശാക്തീകരണ നാളുകളിലും സമൂഹം അരക്കിട്ട് ഉറപ്പിക്കുന്നു. വ്യാജ പരാതി നൽകിയെന്ന പ്രതീതി ഉണ്ടാക്കിയ മോശം പെൺമാതൃകയുമായി താരതമ്യം ചെയ്താകും പഴി പറച്ചിൽ. പറഞ്ഞു പറ്റിച്ച പുരുഷൻ പുണ്യാളനാകും. പരാതി പറയുന്ന പെണ്ണിന്റെ സ്വഭാവ ശുദ്ധിയെ കുറിച്ച് വെറുതെ ഓരോന്ന് പറയുന്നവർ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കുറിച്ച് ഓർക്കുക."- രാഹുല്‍ മാങ്കൂട്ടം എംഎല്‍എ ഉള്‍പ്പെട്ട സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ടു ഇരയ്ക്ക് നേരെ നടക്കുന്ന വ്യാപകമായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. സി.ജെ. ജോൺ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഡോ. സി.ജെ. ജോൺ പങ്കുവച്ച കുറിപ്പ് വായിക്കാം;
ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീക്ക് നീതി തേടി പരാതി പറയാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടോയെന്ന് ഓരോ വീടുകളിലും ചർച്ച ചെയ്യേണ്ട കാലമാണ് ഇത്. പരാതി പറയുന്ന പെണ്ണിന്റെ കുഴപ്പം തേടുന്ന വികലമായ പൊതുബോധം ഇവിടെ ഇല്ലെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?
നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പരാതി പറയാനുള്ള തന്റേടം അവൾ കാട്ടിയിട്ടും എട്ട് വർഷം കഴിഞ്ഞാണ് വിധി വരാൻ പോകുന്നത്. പൊതു ബോധം ആ സ്ത്രീയെ കുറിച്ച് ഈ കാലയളവിൽ എന്തൊക്കെ പറഞ്ഞു? കോടതിയിൽ സുരക്ഷിതമായി ഇരിക്കേണ്ട വിഡിയോ ദൃശ്യങ്ങൾ ചോർന്ന് പോയോയെന്ന സംശയം പോലും ഉയർന്നു.
ലൈംഗിക ചൂഷണം നേരിടുന്ന പെണ്ണിനെ നിശ്ശബ്ദയാക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോഴും ശക്തമാണ്. അതിൽ ആണും പെണ്ണും ഒരു പോലെ പങ്ക് വഹിക്കുന്നുണ്ട്. മിണ്ടുന്നവരുടെ അനുഭവം മിണ്ടേണ്ടവരുടെ വായടപ്പിക്കുന്നുണ്ട്. അതുകൊണ്ട് ചൂഷണം പൊടി പൊടിക്കുന്നു. അത് ചെയ്തവർക്ക് ചൂഷണം ചെയ്യാനുള്ള കരുത്ത് കൂടുന്നു. അവർ പുതിയ ഇരകളെ തപ്പി നടക്കുന്നു.
പീഡനം കിട്ടിയാൽ മിണ്ടാണ്ടിരിക്കുയെന്ന പഴയ പല്ലവി ഈ സ്ത്രീ ശാക്തീകരണ നാളുകളിലും സമൂഹം അരക്കിട്ട് ഉറപ്പിക്കുന്നു. വ്യാജ പരാതി നൽകിയെന്ന പ്രതീതി ഉണ്ടാക്കിയ മോശം പെൺമാതൃകയുമായി താരതമ്യം ചെയ്താകും പഴി പറച്ചിൽ. പറഞ്ഞു പറ്റിച്ച പുരുഷൻ പുണ്യാളനാകും. പരാതി പറയുന്ന പെണ്ണിന്റെ സ്വഭാവ ശുദ്ധിയെ കുറിച്ച് വെറുതെ ഓരോന്ന് പറയുന്നവർ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ കുറിച്ച് ഓർക്കുക. അത് ഓർക്കാത്തവരുടെ സോഷ്യൽ മീഡിയ ഗീർവാണം കണ്ട് ഓക്കാനിക്കുക.