‘അമ്മേ’ എന്ന ഒരു വിളി കേൾക്കാനായി വർഷങ്ങളോളം പ്രതീക്ഷയോടെ... ഷഹലിയയുടെ കുഞ്ഞ് മാലാഖ
Mail This Article
ഇന്ന് ഡിസംബർ 3, ലോക ഭിന്നശേഷി ദിനം. ദൈവത്തിന്റെ മാലാഖക്കുഞ്ഞുങ്ങളായി ഭിന്നശേഷികളോടെ ഭൂമിയിലെത്തുന്ന പൊന്നോമനകളുടെ ദിവസം. ഈ ഭിന്നശേഷിദിനത്തിൽ, ഭിന്നശേഷിക്കാരനായി ജനിച്ച് തന്റെ പരിമിതികളോടു പൊരുതി ജീവിതത്തിന്റെ നിറങ്ങളെ തന്നിലേക്കു മാടിവിളിച്ച ഇലാന്റെ കഥയറിയാം. കണ്ണൂർ തലശ്ശേരി സ്വദേശികളും ഇപ്പോൾ ദുബായിൽ താമസക്കാരുമായ ജുനൈദിന്റെയും ഷഹലിയയുടെയും ഒറ്റ മകനായ ഇലാൻ എന്ന ഇലുവിനു സംസാര ശേഷിയില്ല. പതിനാലാം വയസ്സിൽ ഉമ്മ എന്ന് വിളിച്ചു. അത് മാത്രമേ സംസാരമുള്ളൂ. ദുബായിൽ ഒരു സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ജനിച്ച കുഞ്ഞാണ് ഇലാൻ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം നിലനിർത്തിയത്. ജനിച്ച ഏഴാം നാൾ ശരീരമാകെ നീലനിറം പടർന്നു. എന്തും സംഭവിക്കാമെന്നാണ് ഡോക്ടർമാര്‍ പറഞ്ഞത്. പക്ഷേ, ആ പോരാട്ടങ്ങളെയെല്ലാം അതിജീവിച്ച് അവൻ ജീവിതത്തിലേക്കു മടങ്ങിയെത്തി. ഇപ്പോൾ 16 വയസ്സുണ്ട് ഈ കൊച്ചു മിടുക്കന്.
ഇലാൻ എഴുതുന്നതായി സങ്കൽപ്പിച്ച് തന്റെ പൊന്നോമനയുടെ മനോവിചാരങ്ങളെ അടയാളപ്പെടുത്തി ചെറിയ കുറിപ്പുകളെഴുതാറുണ്ട് ഷഹലിയ. അങ്ങനെയൊരു കുറിപ്പ് ലോക ഭിന്നശേഷി ദിനത്തിൽ ‘വനിത ഓൺലൈനിൽ’ വായിക്കാം –
ഭിന്നശേഷിക്കാരെന്നും, സുഖമില്ലാത്ത കുട്ടിയെന്നും വൈകല്യമുള്ള കുട്ടിയെന്നും ഒക്കെയാണ് ഞങ്ങളുടെ വിളിപ്പേര്.
ഞങ്ങളുടെ അമ്മമാർ ഞങ്ങളെ മാലാഖമാരെന്നാണ് വിളിക്കാറുള്ളത്. അവരുടെ ജീവന്റെ പാതിയായ കുഞ്ഞ് മാലാഖമാർ.
ഞങ്ങളിൽ പലർക്കും പലതരം അവസ്ഥകളാണുള്ളത്. അതിൽ ചില മാലാഖമാർ ജനന സമയത്ത് തന്നെ ഒരു സാധാരണ കുഞ്ഞല്ലെന്ന് ഡോക്ടർമാർ ഞങ്ങളുടെ മാതാപിതാക്കളോട് പറയും. ശാരീരികമായും, മാനസികമായും അവരപ്പോൾ തളർന്നു പോകുന്നു. തന്റെ കുഞ്ഞിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയാണെന്ന് ആലോചിച്ച് അവർ പകച്ചു നിൽക്കുന്നു.
എന്നാൽ ചില മാലാഖമാർ നല്ല ആരോഗ്യത്തോടെ ജനിച്ച് വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അമ്മയ്ക്ക് തന്റെ കുഞ്ഞ് മറ്റുള്ള സമപ്രായക്കാരിൽ നിന്നും വ്യത്യസ്തനായ കുട്ടിയാണെന്ന് മനസ്സിലാകുന്നത്. ആ അമ്മയ്ക്ക് കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നു.
എന്നാൽ ഞങ്ങളിൽ ചില മാലാഖമാരിൽ പെട്ടെന്നൊരു അപസ്മാരം വരുമ്പോൾ ഇത് വരെ അവർ ചെയ്‍ത കാര്യങ്ങളെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നു. തലച്ചോറിനേറ്റ ക്ഷതം അവരുടെ വളർച്ചയെ ബാധിക്കുന്നു. അങ്ങനെ പെട്ടെന്ന് സംഭവിക്കുമ്പോൾ മാലാഖമാരുടെ അമ്മമാർക്കുണ്ടാകുന്ന മാനസികാവസ്ഥയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഈ അവസ്ഥയെ ഉൾകൊള്ളാൻ ആദ്യം ഞങ്ങളുടെ മാതാപിതാക്കൾക്ക് കഴിയാറില്ല. വിധിയെ പഴിക്കാതെ, ദൈവം നൽകിയ അനുഗ്രഹമാണ് ഞങ്ങളെന്ന് അവർ മനസ്സിലാക്കുന്നു.
സാധാരണ കുഞ്ഞുങ്ങളെക്കാൾ അല്പം കൂടി ശ്രദ്ധയും, കരുതലും, സ്നേഹവും, പരിഗണനയും ആവശ്യമുള്ള കുഞ്ഞുങ്ങളാണെന്ന് മനസ്സിലാക്കി തോറ്റ് കൊടുക്കാതെ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാൻ അവർ തയ്യാറാകുന്നു.
ഞങ്ങളുടെ അമ്മമാരെ കുറിച്ച് പറയട്ടെ.
ഞങ്ങൾ കുറവുകൾ ഉള്ളവർ എന്നല്ല, എല്ലാം തികഞ്ഞവരാണെന്ന് പറഞ്ഞ് സ്നേഹിക്കുന്ന അമ്മമാരാണ് ഞങ്ങളുടെ കരുത്ത്.
ഞങ്ങളെ പുഞ്ചിരിപ്പിയ്ക്കാനും, മുഖം പ്രകാശം നിറയ്ക്കാനും വേണ്ടി ജീവിക്കുന്ന അമ്മ.
എത്ര ഭാരമുണ്ടങ്കിലും നടക്കാൻ കഴിയാത്ത മക്കളെ ഭാരമറിയാതെ തോളിലേറ്റി നടക്കുന്ന അമ്മ.
മക്കൾക്ക് സംസാരിക്കാൻ കഴിവില്ലെങ്കിലും അവരുടെ ശബ്ദമായി മാറുന്ന അമ്മ.
ശ്രവണ ശേഷിയില്ലാത്ത മക്കളെ ആംഗ്യത്തിലൂടെ ഈ ലോകത്തെ പരിചയപെടുത്തുന്ന അമ്മ.
കാഴ്ചയില്ലാത്തവർക്ക് വെളിച്ചവും ഉൾക്കാഴ്ചയും തന്റെ കണ്ണിലൂടെ പകർന്നു നൽകുന്ന അമ്മ.
ഞങ്ങളുടെ ഓരോ ചെറിയ മാറ്റങ്ങളും ആഘോഷിക്കുന്ന അമ്മ.
ലോകത്തിന് വേണ്ടി ഞങ്ങളെ മാറ്റുമെന്നല്ല, ഞങ്ങൾക്ക് വേണ്ടി ലോകത്തെ മാറ്റുമെന്ന് പറയുന്ന അമ്മ.
‘അമ്മേ’ എന്ന ഒരു വിളി കേൾക്കാനായി വർഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കാരുണ്യത്തിന്റെ അമ്മ മുഖങ്ങൾ’
ഇത്രയും പറഞ്ഞപ്പോൾ ഞങ്ങളുടെ അച്ഛന്മാരെ കുറിച്ച് കൂടി പറയട്ടെ!
അച്ഛൻ നൽകുന്ന പിന്തുണയാണ് അമ്മയുടെ ഏറ്റവും വലിയ ശക്തി. എന്നും എപ്പോഴും ഞങ്ങളുടെ കൂടെ കിട്ടുന്ന സമയങ്ങളിൽ ഒന്നിച്ചു കളിക്കാൻ, പഠിപ്പിക്കാൻ, പുറത്ത് കൊണ്ടു പോയി കാഴ്ചകൾ കാണിച്ചു തരാൻ ഇതിനൊക്കെ അച്ഛന്മാർ ഞങ്ങളുടെ കൂടെയുണ്ട്.
എന്നാൽ ഞങ്ങളിൽ കുറച്ച് മാലാഖമാരുടെ അച്ഛന്മാർക്ക് അവരെ ഒട്ടും ഇഷ്ടമല്ല. മാലാഖമാരെയും, അമ്മയെയും ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരുമുണ്ട്.
ആ മാലാഖമാരുടെ അമ്മമാർ അങ്ങനെയൊന്നും തളരില്ല. തന്റെ മാലാഖക്ക് വേണ്ടി അവർ ഒറ്റക്ക് തന്നെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു.
ഇത്രയും പറഞ്ഞപ്പോൾ ഞങ്ങൾ മാലാഖമാരെ കുറിച്ച് കൂടുതലായി നിങ്ങൾക്ക് അറിയണ്ടേ?
മാലാഖമാർ എല്ലാവരും ഒരു പോലെയല്ല. പലരും വ്യത്യസ്ഥരാണ്. അതിൽ ഒരേ അവസ്ഥയിലുള്ളവരും ഒരു പോലെയല്ല.
ഞങ്ങളിൽ ചിലർ സംസാരിക്കാൻ സാധിക്കാത്തവരുണ്ട്. അവരുടെ സ്നേഹത്തിന്റെ ഭാഷ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അവരുടെ ഉള്ളിൽ അവർ സംസാരിക്കുന്നുണ്ടാകും. നിങ്ങളോട് അവർക്ക് പറയാൻ ഒന്നുമില്ലെങ്കിലും അവരെ മനസ്സ് കൊണ്ട് കേൾക്കാൻ ശ്രമിച്ചു നോക്കിയിട്ടുണ്ടോ?
ആ മാലാഖാമാർക്ക് പറയാനുള്ളത് എന്താണെന്ന് ഒന്ന് കേട്ടു നോക്കൂ!
എനിക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയില്ല, പക്ഷെ നിങ്ങൾ പറയുന്നത് എനിക്ക് കേൾക്കാം.
നിങ്ങളോട് പറയാൻ പലതും ഞാൻ ഉള്ളിൽ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷെ അത് വാക്കുക്കളായി പുറത്ത് വരുന്നില്ലെന്നേയുള്ളു.
ചില സമയങ്ങളിൽ എനിക്ക് എന്തെങ്കിലും വേദനയോ, ദേഷ്യമോ വന്നാൽ ഞാൻ ഉച്ചത്തിൽ ശബ്ദങ്ങൾ ഉണ്ടാക്കിയെന്ന് വരാം. അത് ഞാൻ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ആ സമയം അത് നിങ്ങളോട് പറയാൻ പറ്റാതെ വന്നപ്പോൾ അങ്ങനെ പെരുമാറിയതാണ്.
എന്റെ ഉള്ളിൽ നിങ്ങളോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പക്ഷെ എനിക്ക് നിങ്ങൾക്കൊരു മുത്തം നൽകാനും, കെട്ടിപ്പിക്കാനും സാധിക്കും.
ഞങ്ങളുടെ സ്നേഹത്തിന്റെ ഭാഷ അത് വാക്കുകൾ കൊണ്ടല്ല, ഹൃദയത്തിൽ നിന്നാണ്. ഞങ്ങളുടെ കണ്ണിൽ കാണാം വാക്കുകളേക്കാൾ വലിയൊരു സ്നേഹം.
മറ്റ് ചില മാലാഖമാർക്ക് സംസാരിക്കാൻ സാധിക്കുമെങ്കിലും ആശയ വിനിമയങ്ങൾ വളരെ കുറവായിരിക്കും. നിങ്ങൾ ചോദിക്കുമ്പോൾ ആ സമയത്ത് അവർക്ക് ഉത്തരം നൽകാൻ പറ്റിയില്ലെങ്കിൽ, അതവരുടെ അവസ്ഥയാണെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ മതി.
ഞങ്ങളിൽ ചിലർക്ക് നടക്കാൻ പറ്റില്ല. നിങ്ങൾ പലപ്പോഴും ആ മാലാഖമാരെ വീൽ ചെയറിലായിരിക്കും കാണാറുള്ളത്.
പലർക്കും ഞങ്ങളെ അങ്ങനെ കാണുമ്പോൾ സഹതാപം കൂടുതൽ കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. വീൽ ചെയർ ഞങ്ങൾക്ക് പറക്കാനുള്ള ചിറകുകളാണ്.
അവർക്ക് നിങ്ങളോട് പറയാനുള്ളത് കേൾക്കൂ!
നിങ്ങളെ പോലെ നടക്കാനും, ഓടാനും, ചാടാനും ഞങ്ങൾക്കും ആഗ്രഹമുണ്ട്. അതിന് വേണ്ടി ഞങ്ങൾ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പാർക്കിലും, ബീച്ചിലും, മറ്റ് പല സ്ഥലങ്ങളിലും ഞങ്ങളെ കണ്ടാൽ പരിഗണന കൂടുതൽ തരാൻ ശ്രമിക്കുക. വീൽ ചെയർ റാമ്പുകൾ സ്ഥാപിക്കുക.
കേൾവി കുറവുള്ള മാലാഖമാരെ ശ്രദ്ധിച്ചിട്ടുണ്ടോ. അവരുടെ സ്നേഹത്തിന്റെ ഭാഷയെ നമ്മൾ തിരിച്ചറിയണം. ആംഗ്യത്തിലൂടെ അവരുടെ സ്നേഹത്തെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? അവർ ചെവിയിൽ വെക്കുന്ന ഹിയറിങ് പാഡ് അവരുടെ ജീവനാണ്.
കാഴ്ചയില്ലാത്തവർക്ക് കാഴ്ചയാകാനാകണം.
കേൾവിയില്ലാത്തവർക്കായി കേൾക്കാനാകണം.
മിണ്ടാനാകാത്തവരുടെ ശബ്ദമാകണം.
നടക്കാനായില്ലെങ്കിൽ അവർക്കായി നടക്കണം.
എന്നാൽ സമൂഹം ഞങ്ങളോട് സഹതാപത്തോടെയാണ് പെരുമാറുന്നത്. സമൂഹത്തെ ഭയന്ന് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ആ ചങ്ങലപ്പൂട്ടുകളെല്ലാം പൊട്ടിച്ച് സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനരാത്രങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചവരാണ് ഞങ്ങളുടെ അമ്മമാർ. അമ്മമാരുടെ ജീവന്റെ അംശം ബാക്കിയുള്ള കാലം വരെ ഞങ്ങൾ മാലാഖമാരുടെ ജീവിതം അകത്തളങ്ങളിൽ കുരുങ്ങാൻ അനുവദിക്കുകയുമില്ല.
ഞങ്ങൾക്കും മറ്റുള്ള കുട്ടികളെ പോലെ ഒരു സാധാരണ സ്‌ക്കൂളിൽ പഠിക്കാനുള്ള പൂർണ്ണ അവകാശമുണ്ട്.
മാലാഖമാരെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരണം. ഞങ്ങൾക്കും അവസരങ്ങൾ നൽകണം. അങ്ങനെ നൽകിയാൽ ഞങ്ങളുടെ മനസ്സിൽ, ഞാനും അംഗീകരിക്കപ്പെടുന്നു എന്നൊരു സന്തോഷം നിങ്ങൾക്ക് കാണാൻ സാധിക്കും.
നിഷ്കളങ്കമായ ചിരി-അതാണ് ഞങ്ങളുടെ പ്രത്യേകത. ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞു തരുന്ന സ്നേഹമാണ് ഞങ്ങൾ.
ഞങ്ങളെ സ്നേഹിച്ചാൽ അതിന്റെ ഇരട്ടി സ്നേഹം ഞങ്ങൾ തരും.
കുറവെന്നും, വൈകല്യമെന്നും പറഞ്ഞു ഞങ്ങളെ മാറ്റി നിർത്താതെ സ്നേഹിക്കുക. കൃത്യമായ പരിശീലനത്തിലൂടെ ഞങ്ങൾക്ക് സമൂഹത്തിൽ സ്വയം പര്യാപ്‌തമായി ജോലി ചെയ്തു വരെ ജീവിക്കാൻ സാധിക്കും.
സമൂഹമേ ഞങ്ങൾ മാലാഖമാർക്ക് പറയാനുള്ളത് ഇതാണ്.
ആശുപത്രികളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഞങ്ങൾക്കൊരല്പം പരിഗണന നൽകണം. സഹതാപത്തിനപ്പുറം സ്നേഹത്തോടെയുള്ള സാമീപ്യവും, കരുതലുമാണ് ഞങ്ങൾക്കാവശ്യം.
ഒരായിരം ചോദ്യങ്ങൾക്കും, സഹതാപങ്ങൾക്കും പകരമൊരു പുഞ്ചിരി ഞങ്ങൾക്ക് നൽകാം.
അതെ,ഞങ്ങൾ വ്യത്യസ്തരാണ്.
ആ വ്യത്യസ്‌തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങൾ അതാണ് ഞങ്ങളുടെ കരുത്ത്.ഒരു പുഞ്ചിരി ഞങ്ങൾക്കായും കരുതാം, ഒപ്പം കരുതലും.
നിങ്ങളിൽ ഒരാൾ ആവാൻ ഞങ്ങൾക്ക് വേണ്ടത് സ്നേഹവും, പരിഗണനയും
കൈകോർക്കാൻ കൈകളുമാണ്.
കുറവുകളുണ്ടെന്നു പറഞ്ഞു മാറ്റി നിർത്താതെ,
കഴിവുകളുണ്ടെന്നു പറഞ്ഞു
നിങ്ങൾക്കൊപ്പം ഞങ്ങൾക്കും
അവസരങ്ങൾ നൽകുക.
നിങ്ങളുടെ മുന്നിലോ പിന്നിലോ നടക്കാനല്ല,
നിങ്ങൾക്കൊപ്പം നടക്കാനാണ്
ഞങ്ങൾ ആഗ്രഹിക്കുന്നത്.
സ്നേഹപൂർവ്വം,
ഷഹലിയ ഇലാൻ ജുനൈദ്