വഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവലായി തെരുവു നായ്ക്കൾ: കോൽക്കത്തയിലെ നബദ്വീപിലാണ് സംഭവം Stray Dogs Protect Abandoned Newborn in Kolkata
Mail This Article
‘എക്കോ’ സിനിമയിലെ നായ്ക്കളുടെ കാവൽ വലയം കണ്ട് ഇതൊക്കെ ശരിക്കും നടക്കുമോ? എന്ന് മനസിൽ ചിന്തിച്ചവരുണ്ടാകും... നായ്ക്കൾ കാവൽമാലാഖമാരാകുന്ന ഈ വാർത്ത പക്ഷേ, സിനിമാക്കഥയല്ല... ഒരു നാട് സാക്ഷ്യം പറയുന്ന യാഥാർഥ്യം.
കോൽക്കത്തയിലെ സ്വരൂപ് നഗർ കോളനിയിലെ താമസക്കാർ ആ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടു... ഒരു ചോരക്കുഞ്ഞിനു ചുറ്റും കാവലായി വട്ടത്തിൽ നിന്ന നായ്ക്കൾ. റെയിൽവേ ജീവനക്കാർ താമസിച്ചിരുന്ന കോളനിയിലെ ശുചിമുറിക്കു മുന്നിലായിട്ടായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുഞ്ഞിനെ കണ്ടത്. കൊടും തണുപ്പത്ത് നാട് ഉറങ്ങിയപ്പോൾ കുഞ്ഞിനു ചുറ്റും അവിടുത്തെ തെരുവു നായ്ക്കൾ വട്ടം കൂടി നിന്ന് സുരക്ഷാവലയമൊരുക്കി. കുഞ്ഞ് ജീവിക്കാനായി പൊരുതുകയാണെന്ന് മനസിലാക്കിയിട്ടെന്നൊണം പുലർച്ചെ താമസക്കാരിലൊരാൾ എത്തും വരെ തെരുവുനായ്ക്കൾ എങ്ങോടും മാറാതെ കുഞ്ഞിനൊപ്പം നിന്നു.
വെളുപ്പിനെ പ്രഭാതകൃത്യങ്ങൾക്കായിറങ്ങിയ രാധ ഭൗമിക്കാണ് കുട്ടിയെ എടുത്തിട്ട് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. രാധയെ കണ്ടതും അക്രമിക്കാതെ നായ്ക്കൾ വഴിമാറിക്കൊടുത്തു. കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള മഹേഷ്ഗഞ്ച് ആശുപത്രിയിലാക്കി അവിടുന്ന് കൃഷ്ണനഗർ സർദാർ ആശുപത്രിയിലേക്കും. പ്രസവത്തിന്റെ ഭാഗമായി തലയില്‍ കണ്ട രക്തം ഒഴിച്ചാൽ കുഞ്ഞിന് പുറമേ മറ്റ് മുറിവുകളൊന്നുമില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പോലീസും ശിശുക്ഷേമ പ്രവർത്തകരും ചേർന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടിരുന്നെങ്കിലും അടുത്തുള്ള ഏതോ വീട്ടിൽ സുഖമില്ലാതെ കുഞ്ഞു കരയുന്നതാണെന്ന് കരുതി അത്ര ശ്രദ്ധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
തങ്ങൾ ആട്ടിയോടിച്ചിരുന്ന ആതേ നായ്ക്കൾ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷകരായതിന്റെ കഥയാണ് ഇപ്പോൾ നാട്ടുകാർക്കിടയിലെ പ്രധാന ചർച്ച.