‘പ്രിയനേ, നിന്റെ വിയർപ്പിന്റെ മണമുള്ള വീട്, ഒച്ചകൾ അലയടിക്കുന്ന ഇടം...’: പ്രിയപ്പെട്ടവന്റെ ഓർമകൾ, ഉള്ളുനീറി കുറിപ്പ് Sheeja's Protest: A Widow's Fight for Justice
Mail This Article
‘പ്രിയനേ, നിന്റെ വിയർപ്പിന്റെ മണം ഇപ്പോഴും പറ്റിനിൽക്കുന്ന, നിന്റെ ഒച്ചകൾ ഇപ്പോഴും അലയടിക്കുന്ന, നിന്റെ ഓർമകളിൽ മാത്രം രാപകലുകൾ ഇഴഞ്ഞുപോകുന്ന നമ്മുടെ വീട്ടിൽ, അവരുടെ നോട്ടിസ് വച്ച് പോലും അശുദ്ധമാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല. നിനക്കുവേണ്ടി, നിന്റെ നിലപാടുകൾക്കു വേണ്ടി എനിക്കു ചെയ്യാനാവുന്ന ഏറ്റവും ചെറിയ പ്രതിരോധങ്ങൾ ഇതൊക്കെ മാത്രമാണ്. ഏറ്റവും പ്രിയപ്പെട്ടവനേ, മരണം മാത്രമല്ല ചിലപ്പോൾ ജീവിതവും സമരമാണ്.’
മാപ്പിളകലാ അക്കാദമിയുടെ മുൻ സെക്രട്ടറിയും സിപിഎം അനുഭാവിയുമായിരുന്ന റസാഖ് പയമ്പ്രോട്ടിന്റെ ഭാര്യ ഷീജ ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലെ ഭാഗമാണിത്. 2023 മേയ് 26ന് പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് റസാഖ് ആത്മഹത്യ ചെയ്തത്. നാട്ടിലെ വ്യവസായ സ്ഥാപനത്തിനെതിരെ പരിസര മലിനീകരണം ഉന്നയിച്ചു നൽകിയ പരാതികളിൽ പാർട്ടിയിൽനിന്നോ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽനിന്നോ നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ കുറിപ്പുകൾ സഞ്ചിയിലാക്കി ‘മരണവും ഒരു സമരമാണ്’ എന്നെഴുതിവച്ചായിരുന്നു അന്ത്യം.
ഇന്നലെ വോട്ട് ചോദിച്ചെത്തിയ പാർട്ടി പ്രവർത്തകരോട് പ്രതിഷേധമറിയിച്ച് സമൂഹമാധ്യമത്തിൽ നൽകിയ കുറിപ്പ് ചർച്ചയാണിപ്പോൾ. ‘പ്രിയപ്പെട്ടവനേ, കഴിഞ്ഞ തിരഞ്ഞെടുപ്പിനായി നിങ്ങളുണ്ടാക്കിയ പ്രകടന പത്രിക ലാപ്ടോപ്പുകളിൽ ഇപ്പോഴുമുണ്ട്. അവരുടെ പിന്മുറക്കാർ ഇതാ തൊട്ടു മുന്നേ ഇവിടെ ബാക്കിയുള്ള ഒരു വോട്ട് തേടി നമ്മുടെ മുറ്റത്ത്, എന്റെ മുന്നിൽ വന്നു നിന്നു. ഏറ്റവും ഭവ്യതയോടെ, നിങ്ങളുടെ നേതാക്കൾ അന്ന് പറഞ്ഞ രണ്ടിൽ ഒരു വോട്ടിനെ നിങ്ങളായി എന്നിൽ നിന്നടർത്തിയില്ലേ? അന്നൊന്നും നിങ്ങളെ ഈ വഴി കണ്ടില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു.
2020ലെ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നതിൽപോലും പ്രിയനേ നിന്റെ കൈയുണ്ടായിരുന്നല്ലോ...’’. 2020ൽ പഞ്ചായത്തിലെ 20 വാർഡുകളിൽ 11 വാർഡ് നേടി എൽഡിഎഫ് ഭരണം പിടിച്ചപ്പോൾ, അണിയറയിലെ പ്രധാനിയായിരുന്നു റസാഖ്. ഒരു വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയിരുന്ന കെ.പി.ജമാലുദ്ദീനെതിരെ റസാഖ്, തന്റെ ബന്ധുവായ ജമാലുദ്ദീൻ പയമ്പ്രോട്ടിനെ അപരനായി നിർത്തിയതു പഞ്ചായത്ത് ഭരണംതന്നെ എൽഡിഎഫിനു ലഭിക്കാൻ കാരണമായി.
ഇദ്ദേഹം 17 വോട്ട് നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർഥി 15 വോട്ടിനു പരാജയപ്പെട്ടു. റസാഖിന്റെ മരണശേഷം എൽഡിഎഫിനെതിരെ രംഗത്തുവന്ന ജമാലുദ്ദീൻ പയമ്പ്രോട്ട് ഇത്തവണ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാണ്. അതിനെതിരെയും കഴിഞ്ഞ ദിവസം ഷീജ കുറിപ്പിട്ടിരുന്നു.