‘സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണം സ്ത്രീകളുടെ ഇൻവെസ്റ്റ്മെന്റ്’: സാമ്പത്തിക സ്വാതന്ത്ര്യം ഓർമിപ്പിച്ച് വനിത – സമൃദ്ധി സെമിനാർ Vanitha- Mirae Samrudhi Seminar
Mail This Article
സ്ത്രീ സ്വാതന്ത്ര്യം സമ്പൂർണ്ണമായി സാക്ഷാത്ക്കരിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുകയാണ് ഏറ്റവും ശക്തമായ മാർഗം എന്ന ആശയം സ്ത്രീകളിലേക്ക് പകരുന്നതിനായി നടത്തപ്പെട്ട വനിത – സമൃദ്ധി സാമ്പത്തിക സെമിനാർ വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ ഉൾപ്പെട്ട മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നവംബർ 15 നു രാവിലെ പത്തര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തൃശൂർ ജോയ്സ് പാലസ് ഹോട്ടൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മേഖലകളിൽ വിജയം വരിച്ച വനിതകൾ നയിച്ച പ്രഭാഷണ പരമ്പര സാമ്പത്തിക വിജയത്തിലേക്കുള്ള പാതകൾ ചൂണ്ടിക്കാണിക്കുന്നതായി.
എംഎം പബ്ലിക്കേഷൻസ് മാഗസിനായ വനിതയും മിറേ അസറ്റ് മ്യൂച്വൽ ഫണ്ടും ഹെർ മണീ ടോക്സും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിന് വനിത സിഇഒ വി. സജീവ് ജോർജിന്റെ സ്വാഗത പ്രസംഗത്തോടെ തുടക്കമായി. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ചിത്ര. എച്ച്. നിസരി മഹേഷ്, ഫൗണ്ടർ ആൻഡ് സിഇഒ, ഹെർ മണി ടോക്സ്, ജിബിൻ ജോർജ്, ഏരിയ ഹെഡ് സെയിൽസ്, മിറേ അസെറ്റ് മ്യൂച്വൽ ഫണ്ട്സ്, ദീപാലി ജോസ്, വൈസ് പ്രസിഡന്റ്, ഇൻവെസ്റ്റ്മെന്റ്സ് സ്ക്രിപ് ബോക്സ്, വർദ്ധിനി പ്രകാശ്, എക്സിക്യൂട്ടീവ് ഡയറക്ടർ, കല്യാൺ ഹൈപ്പർ മാർക്കറ്റ്, ധന്യ മേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ, അവാൻസോ സൈബർ സെക്യൂരിറ്റീസ് സൊല്യൂഷൻസ്, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
സ്വപ്നം കാണാനും അതു നേടിയെടുക്കാൻ മടിയില്ലാതെ അധ്വാനിക്കാനും തന്റെ ജീവിതം തന്നെ ആധാരമാക്കി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആഹ്വാനം ചെയ്തു.
‘‘ സാമ്പത്തികമായി നിലനിൽക്കുന്നതിനായി പല ജോലികളും ചെയ്യേണ്ടി വന്നാലും ലക്ഷ്യം നേടിയെടുക്കാനുള്ള പരിശ്രമവും യഥാസമയത്തെ തീരുമാനങ്ങളും പ്രധാനമാണ്.’’ അദ്ദേഹം ഓർമിപ്പിച്ചു.പുരുഷന്മാർ മാത്രം കയ്യാളിയിരുന്ന ബാങ്കിങ് ഭരണ മേഖലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ചിത്ര. എച്ച്. ആധുനിക കാലത്ത് സമ്പത്ത് ആർജിക്കാൻ ഒരുങ്ങുമ്പോൾ ആരെ കേൾക്കണം എന്ന കാര്യത്തിൽ ഓരോ സ്ത്രീയും ഏറെ ശ്രദ്ധാലുവാകേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു.
വ്യത്യസ്തമായ ജോലികൾ സമർത്ഥമായി ചെയ്യാനുള്ള പ്രാപ്തി ജന്മനാൽ ഉള്ളവരാണ് സ്ത്രീകളെന്നും സ്വതന്ത്രയാകുമ്പോൾ തന്നെ തങ്ങളുടെ ആർജിത കഴിവുകൾ നഷ്ടപ്പെടുത്താതിരിക്കാനും സ്ത്രീകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, വർദ്ധിനി പ്രകാശ് ഊന്നിപ്പറഞ്ഞു. വിവിധ ഇൻവെസ്റ്റ്മെന്റ് ഓപ്ഷനുകളെക്കുറിച്ചും മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റ്മെന്റിനെക്കുറിച്ചും മിറെ അസെറ്റ് മ്യൂച്ചൽ ഫണ്ട്സ് ഏരിയ ഹെഡ് സെയിൽസ് ജിബിൻ ജോർജ് വിശദീകരിച്ചു. സംരംഭകത്വവും വീടു കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും വേണ്ട ആത്മവിശ്വാസം പകരുന്നതായിരുന്നു ഇൻവെസ്റ്റ്മെന്റ്സ് സ്ക്രിപ് ബോക്സ് വൈസ് പ്രസിഡന്റ് ദീപാലി ജോസിന്റെ വാക്കുകൾ.
പണമിടപാടുകൾ ഓൺലൈനായ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം എത്രമാത്രം ശ്രദ്ധ അർഹിക്കുന്നുണ്ട് എന്നും ബാങ്കിങ് ഇടപാടുകൾ നടത്തുന്ന കംപ്യൂട്ടറുകളും ഫോണുകളും ഏതു വിധത്തിൽ കൈകാര്യം ചെയ്യണം എന്നും സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററായ അവാൻസോ സൈബർ സെക്യൂരിറ്റീസ് സൊല്യൂഷൻസിന് നേതൃത്വം നൽകുന്ന ധന്യ മേനോൻ വിശദീകരിച്ചു.
തുടർന്നു നടന്ന പാനൽ ചർച്ചയും ചോദ്യോത്തര വേളയും സ്ത്രീകൾക്ക് സാമ്പത്തിക നിക്ഷേപ മാർഗങ്ങളിലുള്ള താത്പര്യവും അറിവും വിളിച്ചോതുന്നതായി. ∙
