ആ മാല എന്റെ കഴുത്തിൽ കിടക്കുന്നതിലും തിളക്കം അതിനിപ്പോഴുണ്ട്: ക്യാൻസർ ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് താലിമാല ഊരിക്കൊടുത്ത് മെഴ്സി ഗാസ്പർ Couple Donates 'Thalimala' for Cancer Treatment in Chellanam
Mail This Article
‘‘എനിക്കറിയാവുന്നിടത്തോളം വളരെ സത്യസന്ധരായി നന്നായി അധ്വാനിച്ച് ജീവിക്കുന്ന വീട്ടുകാരാണവർ. അവർക്കൊരാവശ്യം വന്നപ്പോ അതിന് എന്റെ താലിമാല ഉതകുമെന്നുണ്ടെങ്കിൽ... അതവരുപയോഗിക്കുമ്പോൾ എന്റെ കഴുത്തേൽ കിടക്കുന്നതിനേക്കാളും തിളക്കമതിനുണ്ടാകും’’ ചെല്ലാനം സ്വദേശി മേഴ്സിയുടെ വാക്കുളാണിത്. അർബുദം ബാധിച്ചു ചികിത്സ ചിലവിനായി നെട്ടോട്ടമോടിയ ചെല്ലാനം മറുവാക്കാട് മുണ്ടുപറമ്പിൽ വർഗീസ്കുട്ടിയുടെ ഭാര്യ നിർമലയ്ക്കാണ് മെഴ്സിയും ഭർത്താവ് ഗാസ്പറും താലിമാല നൽകിയത്.
ആധുനിക ചികിത്സാ സാധ്യതകളുടെ കാലത്ത് കാൻസർ ഇന്ന് പ്രതീക്ഷ തീരെ വറ്റി പോകുന്ന തരത്തിൽ ബാധിക്കുന്നൊരു രോഗമല്ലെങ്കിലും സാധാരണക്കാരെ സാമ്പത്തികമായി തളർത്തുന്ന അവസ്ഥ തന്നെയാണത്. പൈസ പ്രശ്നമല്ലാത്ത പലർക്കും ഇതൊരു ‘ചികിത്സിച്ചാൽ ഭേദമാകുന്ന രോഗം മാത്രം’ ആകുമ്പോൾ അതല്ലാത്തവർക്ക് ക്യാൻസർ ആരോഗ്യ നിലയിൽ മാത്രമല്ല പല തരത്തിൽ പേടിപ്പിക്കുന്ന പ്രതിസന്ധി തന്നെയാണ്.
വൻകുടലില്‍ അർബുദം ബാധിച്ച് അത്യാസന്ന നിലയിലായ നിർമലയും കുടുംബവും മത്സ്യത്തൊഴിലാളികളാണ്. സഹായത്തിനായി സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ചെങ്കിലും വേണ്ട സമയത്ത് അവശ്യ സഹായം കട്ടിയില്ല. അങ്ങനെയാണ് കുടുംബം സ്വകാര്യാശുപത്രിയിലേക്ക് എത്തി റേഡിേഷൻ അടക്കമുള്ള ചികിത്സ തേടിയത്. ചികിത്സയ്ക്ക് ഏതാണ് ഏഴുലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന വിവരമറിഞ്ഞ് പ്രതിസന്ധിയിലായ കുടുംബത്തെ കുറിച്ച് കേട്ടറിഞ്ഞ് മെഴ്സിയും ഗാസ്പറും സഹായിക്കാൻ തീരുമാനിച്ചു. തുടർന്ന് മെഴ്സിയുടെ കഴുത്തിൽ കിടന്ന മൂന്നരപ്പവൻ വരുന്ന താലിമാല ഊരി ഇവർ ചികിത്സാ സഹായമായി നൽകി.
‘‘ഞങ്ങള്‍ വളരെ വിഷമകരമായൊരു അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അതു കണ്ടറിഞ്ഞ് മനസിലാക്കി ഒരു മനുഷ്യനോട് ഇങ്ങനൊരു കരുണ കാണിച്ചല്ലോ... അതൊരിക്കലും മറക്കില്ല.’’ എന്ന് നിർമലയും കുടുംബവും.
വർഷങ്ങളായി അമേരിക്കയിൽ നെഴ്സായി ജോലി ചെയ്ത് വിരമിച്ചയാളാണ് മെഴ്സി. അഭിഭാഷകനായ ഭർത്താവ് ഗാസ്പറും വൈദ്യ ശുശ്രൂഷ രംഗത്തു തന്നെയാണ് ജോലി ചെയ്യുന്നത്. ഇവരും മകൻ ടോണിയും മരുമകൾ ഫെലീഷ്യയും അമേരിക്കൻ പൗരരാണ്.
സാമൂഹിക ഇടപെടലുകൾ നടത്താറുള്ള, ധാരാളം ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് ഈ ദമ്പതികൾ. 2017ൽ സ്പെഷ്യൽ സ്കൂളായ ‘ബഡ്സ്’സിനായി അഞ്ചു സെന്റ് സ്ഥലം നൽകിയിരുന്നു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ഉന്നമനം ഉദ്ദേശിച്ചാണ് സ്ഥലം നൽകിയതെങ്കിലും ഇതേവരെ കെട്ടിട നിർമാണം തുടങ്ങിയിട്ടില്ല.