‘കുഞ്ഞുങ്ങളുടെ ചികിത്സയിൽ ആദ്യ ഡോക്ടർ അമ്മ, ശരീരത്തിലെ മാറ്റം തിരിച്ചറിയണം’; വനിത- സ്മിത ഹോസ്പിറ്റൽ സെമിനാർ
Mail This Article
മാതാപിതാക്കൾ കുട്ടികളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് മക്കൾക്കു പുതിയ ജീവിതശൈലി രൂപപ്പെടുത്താൻ കഴിയുകയെന്ന് ഓർമപ്പെടുത്തുന്ന കൂട്ടായ്മയ്ക്ക് തൊടുപുഴയിൽ വേദിയൊരുങ്ങി. നവജാത ശിശുക്കളുടെ പരിചരണം, കുഞ്ഞുങ്ങളുടെ മനസ്സ്, ആരോഗ്യം, ജീവിതരീതി എന്നിങ്ങനെ ബാല്യകാലത്തിന്റെ ഓരോ കാര്യങ്ങളും വിശദീകരിച്ചു ചർച്ച ചെയ്യാൻ നിരവധിപേർ എത്തിയിരുന്നു.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, കുട്ടികളെ ബാധിക്കുന്ന രോഗങ്ങൾ, കഞ്ഞുങ്ങളുടെ മാനസിക പ്രശ്നങ്ങൾ എന്നീ പ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരങ്ങളും നിർദേശങ്ങളും നൽകാൻ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധരായ ഡോ. സച്ചിൻ മാത്യു ജോസ് (കൺസൽട്ടന്റ്, പീഡിയാട്രിക് ക്രിറ്റിക്കൽ കെയർ), ഡോ. എലിസബത്ത് മേരി ജോൺ (നിയോനേറ്റോളജിസ്റ്റ് ആൻഡ് പീഡിയാട്രീഷ്യൻ), ഡോ. ആംബിൾ ടോം (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഡോ. ധന്യ ജോർജ് (ചീഫ് ഡയറ്റീഷ്യൻ) എന്നിവരാണ് എത്തിയത്. വനിതയും തൊടുപുഴ സ്മിത ആശുപത്രിയും ചേർന്ന് ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് അമ്മമാരുടെയും കുട്ടികളുടെയും സംഗമം ഒരുക്കിയത്.
കുട്ടികളിൽ രോഗലക്ഷണം പനി
പനിയാണ് കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന പ്രധാന രോഗ ലക്ഷണം. അതു കാണുമ്പോൾ മാതാപിതാക്കളുടെ ബ്ലഡ്പ്രഷർ കൂടും. ആറു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കു പനി വരാൻ സാധാരണ ഗതിയിൽ സാധ്യതയില്ല. അഥവാ പനി ബാധിക്കുകയും 24 മുതൽ 48 മണിക്കൂറിലധികം വിട്ടുമാറാതെ പനി തുടരുകയുമാണെങ്കിൽ ഡോക്ടറെ കാണിക്കണം. ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്കു നൽകുന്ന പാരസെറ്റമോൾ സിറപ്പ് എത്ര അളവാണെന്ന് അമ്മമാർ അറിഞ്ഞിരിക്കുക. പനിയുള്ള സമയത്ത് കണ്ണുകൾ മറിയുക, കൈകാലുകൾ ബലം പിടിക്കുക, കുഴഞ്ഞു വീഴുക എന്നിവ ഫിറ്റ്സിന്റെ ലക്ഷണങ്ങളാണ്. അഞ്ചു വയസ്സുവരെ പനിയോടൊപ്പം ഇതു സ്വാഭാവികമാണ്. പനിയില്ലാത്ത സമയത്ത് പത്തു മിനിറ്റിലധികം ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഡോക്ടറെ കാണിക്കണം. തലച്ചോറിൽ പഴുപ്പ് (മെനിഞ്ചൈറ്റിസ്) വരുമ്പോഴും ഇത്തരം രോഗലക്ഷണം കാണാറുണ്ട്. പരിശോധന നടത്തി വിദഗ്ധ ചികിത്സ തേടണം.
വില്ലനായി മൊബൈൽ ഫോൺ
മൊബൈൽ ഫോണിലും ടിവിയിലും മുഴുകിയിരിക്കുന്ന കുട്ടികളെ കളിസ്ഥലത്തേക്കും കുടുംബത്തിലേക്കും വഴി തിരിക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് മുതിർന്നവരേക്കാൾ ഫോൺ ഉപയോഗങ്ങൾ അറിയാം. അതു കുട്ടികളുടെ മികവിനുള്ള ക്രെഡിറ്റ് ആയി നൽകരുത്. ഫോൺ അഡിക്‌ഷൻ തിരിച്ചറിയണം. ഫോൺ തിരികെ വാങ്ങുമ്പോൾ അമിത വാശി കാണിക്കൽ, മാതാപിതാക്കളെ ഉപദ്രവിക്കൽ എന്നിവ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ്.
എത്ര നേരം ഫോൺ ഉപയോഗിക്കണം, എന്തൊക്കെ കാണണം, ഏതെല്ലാം സാഹചര്യങ്ങളിൽ ഫോൺ ഉപയോഗിക്കരുത് എന്നീ കാര്യങ്ങൾ കുട്ടിയെ ബോധവൽക്കരിക്കണം. ഉറങ്ങാൻ പോകുമ്പോൾ കുട്ടിയുടെ കയ്യിൽ ഫോൺ കൊടുക്കരുത്. കുട്ടികൾ ഏതു തരം കണ്ടന്റാണ് നോക്കുന്നതെന്ന് മാതാപിതാക്കൾ നിരീക്ഷിക്കണം. ഓരോ ദിവസവും വൈകിട്ട് ആ ദിവസം മക്കളെ ഏറ്റവും സന്തോഷിപ്പിച്ചതും ദുഖം ഉണ്ടാക്കിയതുമായ കാര്യം എന്തെന്ന് ചോദിച്ചറിയണം.
ആദ്യത്തെ ഡോക്ടർ അമ്മ
കുഞ്ഞുങ്ങളുടെ ചികിത്സയിൽ ആദ്യ ഡോക്ടർ അമ്മയാണ്. കുഞ്ഞിന്റെ ആരോഗ്യാവസ്ഥയിലെ മാറ്റം അമ്മ തിരിച്ചറിയണം. കുഞ്ഞ് അമിത ക്ഷീണം പ്രകടിപ്പിക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. വാരിയെല്ല് കുഴിഞ്ഞു ശ്വാസം വലിക്കുന്നതും എക്കി വലിഞ്ഞു ശ്വാസം വലിക്കുന്നതും ശ്വാസം മുട്ടലിന്റെ ലക്ഷണമാകാം. അതേസമയം, ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ ചെറിയ വലിവോടെ ശ്വാസമെടുക്കുന്നത് രോഗലക്ഷണമാകണമെന്നില്ല. ശ്വാസകോശം വികസിക്കുന്ന ഘട്ടത്തിൽ ഇത്തരം വലിവ് സ്വാഭാവികമാണ്. കുട്ടികൾ കൂർക്കം വലിക്കുകയോ വായ് തുറന്ന് ഉറങ്ങുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇഎൻടി ഡോക്ടറെ കാണിക്കുക. ഇത്തരം സാഹചര്യത്തിൽ അഡിനോയിഡ് സംബന്ധിയായ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ നേസൽ എൻഡോസ്കോപ്പി സഹായമാകും. സ്മിത ആശുപത്രിയിൽ ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തി നാലു മണിക്കൂർ ശിശുരോഗ ചികിത്സ ലഭ്യമാണ്.
