ADVERTISEMENT

ഒരു നാടിന്റെ സ്നേഹവും തണലും കടൽക്കാറ്റു പോലെ ആസ്വദിക്കാനെത്തിയ കുട്ടികൾ. അവർക്കു വേണ്ടി കഥ കേൾക്കാനും മക്കളുടെ കഥ പറയാനും അച്ഛനമ്മമാരും എത്തിയിരുന്നു. എന്തു കഴിക്കണം, എവിടെ കളിക്കണം, ബാല്യത്തിൽ എന്തൊക്കെ ചെയ്യരുതെന്നുമൊക്കെ പറഞ്ഞു കൊടുക്കാൻ രണ്ടു പേരാണു വന്നത് – ഡോ. ഭരണി ആനന്ദ്. ആർ (ഇൻ–ചാർജ്, സീനിയർ കൺസൽട്ടന്റ്, പീഡിയാട്രിക്സ്) , നിസാർ പട്ടുവം (സ്റ്റോറി ടെല്ലർ, പബ്ലിക് സ്പീക്കർ). കുഞ്ഞുങ്ങളിൽ ലക്ഷ്യബോധം വളർത്താനും കുട്ടികളുടെ സ്വപ്നങ്ങൾക്കു ചിറകു വിടർത്താനും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലാണു വേദിയൊരുക്കിയത്. വനിതയും മേയ്ത്ര ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച ശിശുദിന ബോധവൽക്കരണ സെമിനാർ കുട്ടികളുടെ ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിനുള്ള സ്നേഹസംഗമമായി മാറി.

കുട്ടികളുടെ ഫിറ്റ്നസിസും ആരോഗ്യകരമായ ആഹാരശീലങ്ങളും രക്ഷിതാവിന്റെ ചുമതലയെന്ന് ഓർമപ്പെടുത്തുകയാണ് മെയ്ത്ര ആശുപത്രി ശിശുരോഗവിഭാഗം ഡോ. ആർ. ഭരണി ആനന്ദ് പറഞ്ഞു തുടങ്ങി.

ADVERTISEMENT

കുട്ടിക്കാലത്ത് സമീകൃതാഹാരം
കുട്ടികളുടെ പോഷകാഹാരത്തിൽ കലോറി മാത്രമല്ല ശ്രദ്ധിക്കേണ്ടത്. കൗമാരത്തിലേക്കു ഹോർമോണുകൾ തയാറെടുക്കുന്ന സമയമാണ് ബാല്യം. അസ്ഥികൾ, പേശികൾ, മസ്തിഷ്കം എന്നിവ പൂർണ പ്രവർത്തനത്തിന് പ്രാപ്തമാകാൻ സമീകൃതാഹാരം ആവശ്യമാണ്. - ഊർജത്തിനു കാർബോഹൈഡ്രേറ്റുകൾ, വളർച്ചയ്ക്കു പ്രോട്ടീനുകൾ, തലച്ചോറിന്റെ വികാസത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രതിരോധശേഷിക്ക് വിറ്റാമിനുകളും ധാതുക്കളും, എല്ലാം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം എന്നിവയുടെ മിശ്രിതം ശരീരത്തിൽ എത്തണം. ഇപ്പോഴത്തെ കുട്ടികളുടെ പ്രശ്നം ഭക്ഷണത്തിന്റെ അഭാവമല്ല - പോഷകങ്ങളുടെ കുറവാണ്. കുട്ടികൾ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ട്, പക്ഷേ, അവരുടെ ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമുള്ളത് ലഭിക്കുന്നില്ല.

വിറ്റാമിൻ ഡി: ഭക്ഷണ സ്രോതസ്സുകൾ

ADVERTISEMENT

അസ്ഥികളുടെ ആരോഗ്യം, പ്രതിരോധശേഷി, പേശികളുടെ ശക്തി, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്ന ഹോർമോൺ പോലെയാണ് വിറ്റാമിൻ ഡി പ്രവർത്തിക്കുന്നത്. വിറ്റാമിൻ ഡി കുറവായാൽ സംഭവിക്കുന്നത്: അണുബാധ, അസ്ഥി ക്ഷയം, വളർച്ച മുരടിപ്പ്, ക്ഷീണം മാനസിക പിരിമുറുക്കം. വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണ്. —രാവിലെ ഇരുപതു മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ശരീരത്തിലെത്തിക്കാൻ സഹായിക്കും.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ:

ADVERTISEMENT

ഭക്ഷണ സ്രോതസ്സുകളിൽ ഇവ ഉൾപ്പെടുന്നു: മുട്ടയുടെ മഞ്ഞക്കരു, മത്സ്യം (സാൽമൺ, മത്തി), പാലും ധാന്യങ്ങളും, സൂര്യപ്രകാശം ഏൽക്കുന്ന കൂൺ, നെയ്യ്, വെണ്ണ.

vanitha-meitra-hospital-147
സ്റ്റോറി ടെല്ലർ നിസാർ പട്ടുവം സെമിനാർ വേദിയിൽ ,ഡോ. ഭരണി ആനന്ദ്. ആർ

മെഡിറ്ററേനിയൻ ഡയറ്റ്

ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാൻ മെഡിറ്ററേനിയൻ ഡയറ്റ് ശീലിക്കാം.  പ്രകൃതിദത്തമായ ഭക്ഷണങ്ങളാണ് പ്രധാനം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, ബീൻസ്, മത്സ്യം, ഒലിവ് ഓയിൽ എന്നിവ മെഡിറ്ററേനിയൻ ഡയറ്റിൽ ഉൾപ്പെടുന്നു. ഇത്രയും ശീലിച്ചാൽ മെച്ചപ്പെട്ട ഊർജം,
ഏകാഗ്രത, തൂക്കം എന്നിവ നേടാം. ജീവിതശൈലീരോഗങ്ങൾ ഇല്ലാതാക്കാം.

ജങ്ക് ഫൂഡ്: ജങ്ക് ഫൂഡ് രുചികരമാണ്, എന്നാൽ, ദോഷകരവുമാണ്. പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അതിലുണ്ട്. അവശ്യ പോഷകങ്ങൾ ഇല്ല.  കുട്ടികൾക്ക് വീണ്ടും, വേഗത്തിൽ വിശപ്പ് തോന്നിപ്പിക്കും. പതിവായി ജങ്ക് ഫൂഡ് കഴിക്കുന്നതിന്റെ  ദോഷങ്ങൾ: ശരീരഭാരം കൂടൽ, നേരത്തെയുള്ള പ്രമേഹം, മോശം ഏകാഗ്രത, ദുർബലമായ പ്രതിരോധശേഷി, മാനസിക സംഘർഷം.

ജങ്ക് ഫൂഡുകൾ അത്തരം വിഭവങ്ങളിൽ കൂടുതൽ ആസക്തി ഉളവാക്കുന്നു. അമിത ഭക്ഷണം ശീലിക്കാൻ ഇടവരുത്തുന്നു. പ്രോട്ടീൻ പൊടി ദുരുപയോഗം: പ്രോട്ടീൻ പ്രധാനമാണ്, പക്ഷേ അധിക പ്രോട്ടീൻ ആരോഗ്യകരമല്ല. പല കൗമാരക്കാരും പ്രോട്ടീൻ പൗഡറുകൾ ദുരുപയോഗം ചെയ്യുന്നു, ഇത് വൃക്കകളെയും കരളിനെയും സമ്മർദത്തിലാക്കും. ചില പൗഡറുകളിൽ സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ഘനലോഹങ്ങൾ പോലും അടങ്ങിയിരിക്കാം. പാൽ, മുട്ട, പയർവർഗങ്ങൾ, മത്സ്യം, ചിക്കൻ തുടങ്ങിയ സാധാരണ ഭക്ഷണങ്ങളിൽ നിന്നാണ് കുട്ടികൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ സപ്ലിമെന്റുകൾ ഉപയോഗിക്കാവൂ.
ഒരുമിച്ചുരുന്ന് ഭക്ഷണം കഴിക്കുക: വീട്ടിലെ അംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആരോഗ്യകരമായ വിഭവങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാൻ നിർദേശം നൽകാൻ സാധിക്കും. ഭക്ഷണവുമായി നല്ല ബന്ധം വളരുന്നു. ഡൈനിംഗ് ടേബിൾ ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള സ്ഥലമായി മാറുന്നു. ഈ സമയത്ത് ഫോൺ ഉപയോഗിക്കില്ല എന്നതാണ് മറ്റൊരു പ്രയോജനം.

പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം

നമ്മുടെ രാജ്യത്തെ കുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹം വർധിക്കുകയാണ്. മോശം ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക പ്രവർത്തനവുമാണു കാരണം. ഇതിനു പരിഹാരമായി ചില നിർദേശങ്ങൾ: ദിവസവും 60 മിനിറ്റ് വ്യായാമം, വീട്ടിൽ പാകം ചെയ്ത ഭക്ഷണം ശീലിക്കുക, പഴങ്ങൾ, പച്ചക്കറികൾ, തവിടുപൊടി, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, 8–10 മണിക്കൂർ ഉറക്കം, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ടിവി ഉപയോഗിക്കരുത്, വ്യായാമം പ്രദാനം ചെയ്യുന്ന വിനോദങ്ങളിൽ ഏർപ്പെടുക.

ധാന്യങ്ങൾ, പഴങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ കാർബോഹൈഡ്രേറ്റിന്റെ ഒന്നാന്തരം ഉറവിടമാണ്. ഏഴു വയസ്സു മുതൽ ഒൻപതു വയസ്സു വരെയുള്ള കുട്ടികൾക്ക് 26 ഗ്രാം ലയിക്കുന്ന നാരുകൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തണം. കുട്ടികൾ ദിനവും പഴങ്ങളും പച്ചക്കറികളും കഴിക്കട്ടെ, ആരോഗ്യമുള്ളവരായി വളരട്ടെ.

മനോഹരമാക്കാം ബാല്യം

അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയാനുള്ള മാർഗങ്ങളിലേക്കു വെളിച്ചം തെളിക്കുമ്പോൾ പുതുലോകം പിറക്കുമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പ്രാസംഗികനും സ്‌റ്റോറി ടെല്ലറുമായ നിസാർ പട്ടുവം വേദിയിലെത്തിയത്.
ബാല്യത്തെക്കുറിച്ചുള്ള ഓർമകളിലൂടെയാണ് നിസാർ പറഞ്ഞു തുടങ്ങിയത്.

പലഹാരങ്ങളുടേയും തെയ്യത്തിന്റേയും നാട്ടിൽ നിന്നു വരുന്നയാളെന്നു സ്വയം പരിചയപ്പെടുത്തി നിസാർ തുടങ്ങിയ കഥ പറച്ചിൽ കേൾക്കാൻ കുട്ടികൾ ചെവി വട്ടംപിടിച്ചു, ഒപ്പം മാതാപിതാക്കളും.

‘‘കുട്ടിക്കാലം, വ്യക്തിജീവിതം, കുടുംബം, സമൂഹം –  ജീവിതത്തിന്റെ നാലു ഘട്ടങ്ങളിലേക്കു നടന്നടുക്കുമ്പോൾ കുട്ടികളുടെ ചുമതലകളും അവകാശങ്ങളും എന്തൊക്കെയെന്ന് പഠിച്ചെടുക്കേണ്ടതു തിരിച്ചറിവുകളിലൂടെയാണ്.’’ ജാഗ്രതയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് നിസാർ പറഞ്ഞു തുടങ്ങി.
മൊബൈൽ ഫോണും ഇന്റർനെറ്റും ധാരാളം വിവരങ്ങൾ നൽകുന്ന സമൂഹത്തിൽ വളരുന്നവരാണ് ഇപ്പോഴത്തെ കുട്ടികൾ. ബാല്യത്തിൽത്തന്നെ ധാരാളം അറിവുകളുമായാണ് അവർ വളരുന്നത്. ചോദ്യങ്ങൾ ഉന്നയിക്കാനും ഭയമില്ലാതെ പ്രതികരിക്കാനും അഭിപ്രായം പറയാനും കുട്ടികൾ  ശീലിച്ചിരിക്കുന്നു. സമൂഹ ജീവിതത്തിലെ സമത്വങ്ങൾ തിരച്ചറിയാൻ അവർക്കു മാർഗനിർദേശങ്ങൾ നൽകണം. മൊബൈൽ ഫോണിന്റെ നല്ല വശങ്ങളും ദോഷങ്ങളും മാതാപിതാക്കൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം.

മാതാപിതാക്കൾ മക്കൾക്കു നൽകേണ്ടുന്ന ഏറ്റവും വലിയ സമ്മാനമാണ് ഓർമിക്കാൻ സുന്ദരമുഹൂർത്തങ്ങളുള്ള ബാല്യകാലം. കുട്ടിക്കാലം ആസ്വദിക്കാനുള്ള സാഹചര്യങ്ങൾ വീടിനുള്ളിൽ സൃഷ്ടിക്കപ്പെടണം. കുട്ടികളെ സമൂഹത്തിനു വേണ്ടപ്പെട്ടവരായും കുടുംബത്തിനു പ്രിയപ്പെട്ടവരായും മാറ്റിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

മറ്റുള്ളവർ നേരിടുന്ന പട്ടിണിയും  ദുരിതവും ഇല്ലായ്മകളുടെ വേദനയും ബാല്യകാലത്തു തന്നെ തിരിച്ചറിയാനുള്ള കഴിവ് കുട്ടികൾ നേടിയെടുക്കണം. ഇതിനൊപ്പം, കുട്ടികൾക്ക് അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും തുറന്നു പറയാനുള്ള സുഹൃത്തുക്കളായി മാറണം മാതാപിതാക്കൾ. – നിസാർ പട്ടുവം ഓർമപ്പെടുത്തി.   

English Summary:

Child health and well-being is crucial. This article discusses the importance of balanced nutrition, avoiding junk food, encouraging exercise, and responsible mobile phone usage for children's overall development and also focuses on providing children with a happy and memorable childhood by understanding their rights and responsibilities.

ADVERTISEMENT