ആഘോഷനാളിന് കാത്തുനിൽക്കാതെ അവൾ പോയി :ഒന്നാം വിവാഹവാർഷികത്തലേന്ന് യുവതിക്ക് ദാരുണാന്ത്യം Tragic End on Wedding Anniversary
Mail This Article
ഇന്ന് ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിക്ക് കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് ദാരുണാന്ത്യം. കൊച്ചി അമൃത ആശുപത്രിയിൽ നഴ്സായ തലവടി ആനപ്രമ്പാൽതെക്ക് കണിച്ചേരിൽ മെറീന റെജിയാണ് (24) മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയിൽ ബസ് വലത്തോട്ട് നീങ്ങിയപ്പോൾ ഹാൻഡിലിൽ തട്ടി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ബൈക്കിൽ നിന്നു താഴെവീണ മെറീന ബസിന്റെ ടയറിനടിയിൽ പെടുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഷാനോയിയെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഘോഷദിനം തീരാനോവിന് വഴിമാറി
ആഘോഷത്തിനായി തയാറെടുത്ത വീടാണ് ഒരു നിമിഷംകൊണ്ട് തോരാക്കണ്ണീരിന്റെ വീടായി മാറിയത്. കെഎസ്ആർടിസി ബസിനടിയിൽപെട്ടുള്ള മെറീനയുടെ മരണം നാടിന്റെയാകെ നൊമ്പരമായി. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവ് ഷാനോയ് വിവാഹ വാർഷികം ആഘോഷിക്കാനായി ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്.
വാർഷികം ആഘോഷമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തുകയും ചെയ്തിരുന്നു. നഴ്സായ മെറീന 4 ദിവസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. അതനുസരിച്ച് ഇന്നലെയ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഷാനോയ്ക്കൊപ്പം വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. വ്യാഴാഴ്ച വിവാഹ വാർഷികമാണെന്നും അതുകഴിഞ്ഞേ മടങ്ങി വരുകയുള്ളൂ എന്നും സഹപ്രവർത്തകരോടു പറഞ്ഞു യാത്രതിരിച്ച മെറീന ഇനി ഒരിക്കലും മടങ്ങിവരില്ലെന്നു ആരും കരുതിയിയിരുന്നില്ല.