സ്നേഹത്തിന്റെ ഡബിൾ ബെൽ; ഇവരാണു കെഎസ്ആർടിസി ബസിലെ ചേച്ചിയും അനിയനും Brother and Sister Duo in KSRTC
Mail This Article
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻസിൽ നിന്നു പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ് എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ. ഡബിൾ ബെൽ മുഴങ്ങി ഫസ്റ്റ് ഗീയറിലേക്കു ലിവർ നീക്കും മുൻപു ഡ്രൈവിങ് സീറ്റിലിരുന്നു കൃഷ്ണകുമാർ ഒന്നു തിരിഞ്ഞുനോക്കി. അതിനു മറുപടിയെന്നോണം കണ്ടക്ടർ സീറ്റിലിരുന്നു ചേച്ചി രതി ചിരിയോടെ തലകുലുക്കി, ഓക്കെ പോകാം.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കണ്ടക്ടറായ രതിയും ഡ്രൈവറായ കൃഷ്ണകുമാറും സഹോദരങ്ങളാണ്. ഏറ്റുമാനൂര്‍ വെമ്പള്ളിയിലെ കളരിക്കൽ വീട്ടിൽ നിന്ന് ഒന്നിച്ചു ഡ്യൂട്ടിക്കെത്തുന്ന ഈ ‘ബ്രോയും സിസ്റ്ററും’ പരിചയക്കാർക്കെല്ലാം കൗതുകക്കാഴ്ചയാണ്.
ഒന്നിച്ചെഴുതിയ പരീക്ഷ
രതിയുടെയും കൃഷ്ണകുമാറിന്റെയും അച്ഛൻ ശങ്കരനു നേവൽ ബേസിലായിരുന്നു ജോലി. അമ്മ ചന്ദ്രലേഖ ബിഎസ്എൻഎല്ലിൽ താത്കാലിക ജീവനക്കാരിയായിരുന്നു. അഞ്ചു മക്കളിൽ നാലാമത്തെയാളാണു രതി, അഞ്ചാമൻ കൃഷ്ണകുമാറും. അമലഗിരി കോളജിൽ നിന്നു ബിഎസ്‌സി മാത്‌സ് പാസ്സായ രതിയുടെ ജീവിതത്തിൽ ‘ചില്ലറ’ കണക്കുകൾ വന്നത് ഒട്ടും അവിചാരിതമായല്ല.
‘‘ഡിഗ്രിക്കു ശേഷം ബാങ്കു ജോലിക്കു വേണ്ടിയുള്ള എച്ച്ഡിസി ആണു പഠിച്ചത്. പാസ്സായ പിറകേ കംപ്യൂട്ടർ സെന്ററിൽ ജോലിക്കു കയറി. അതിനൊപ്പമാണു പിഎസ്‌സി പരീക്ഷകൾക്കു തയാറെടുപ്പു തുടങ്ങിയത്.
ആദ്യമെഴുതിയ ചിലതിൽ ലിസ്റ്റിൽ പോലും വന്നില്ല. പിന്നെ, രണ്ടു ലിസ്റ്റുകളിൽ വന്നു, പക്ഷേ, അതു കിട്ടിയില്ല. ആയിടയ്ക്കാണു കെഎസ്ആർടിസിയിൽ റിസർവ് കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന പരസ്യം കണ്ടത്. ഞങ്ങൾ അഞ്ചു സഹോദരങ്ങളും അപേക്ഷിച്ചു. എല്ലാവരും ടെസ്റ്റും എഴുതി. ലിസ്റ്റിൽ വന്നത് എന്റെ പേരു മാത്രം. അങ്ങനെ 2011ൽ കോട്ടയം ഡിപ്പോയിൽ ജോലിക്കു കയറി,’’ രതി സർവീസ് സ്റ്റോറി പറഞ്ഞു തുടങ്ങി.
അനിയന്റെ തിരിച്ചുവരവ്
രതി ജോലിക്കു കയറിയതിന്റെ പിറ്റേ വർഷമാണ് ഇവരുടെ അമ്മ മരിച്ചത്. രതിയുടെയും ചേച്ചിയുടെയും വിവാഹം അടുത്തടുത്ത മാസങ്ങളിലായിരുന്നു. രതിയുടെ ഭർത്താവ് പ്രദീപ് ഇലക്ട്രീഷ്യനാണ്.
മക്കളുടെ വിവാഹത്തോടെ വീട്ടിൽ തനിച്ചായ അച്ഛനൊപ്പം നിൽക്കാനായി വിദേശത്തെ ജോലി വിട്ടു കൃഷ്ണകുമാർ നാട്ടിലെത്തി. അതായിരുന്നു അടുത്ത ട്വിസ്റ്റെന്നു പറഞ്ഞു രതി ചിരിക്കുന്നു.
‘‘അനിയൻ ബിഎസ്‌സി ബോട്ടണിയാണു പഠിച്ചത്, നാട്ടകം കോളജിൽ. അതിനു ശേഷം ഹാർഡ്‌വെയർ സർവീസിങ് പഠിച്ചു. സ്റ്റുഡിയോ മെഷീൻ സർവീസ് എൻജിനിയറായി വിദേശത്തു ജോലി ചെയ്തിരുന്ന സമയത്താണ് ഞങ്ങളുടെ വിവാഹം. അതോടെ അനിയൻ തിരികെയെത്തി നാട്ടിൽ ജോലിക്കു പോകാൻ തുടങ്ങി.
ഡ്രൈവിങ് ആണ് അവനു ഹരം. ഇതിനിടെ എഴുതിയ പിഎസ്‌സി പരീക്ഷയിൽ കെഎസ്ആർടിസി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. പക്ഷേ, ലൈസൻസ് കിട്ടിയതു വൈകിയാണെന്ന കാരണത്താൽ ജോലി കിട്ടിയില്ല. അതിനു ശേഷമാണു ടെസ്റ്റ് പാസ്സായി താത്കാലിക ജീവനക്കാരനായത്. അപ്പോഴേക്കും മൂലമറ്റം സ്റ്റാൻഡിലേക്കു സ്ഥലം മാറിപ്പോയ താൻ ഒരു വർഷത്തിനിപ്പുറം കോട്ടയത്തു തിരിച്ചെത്തിയെന്നു രതി പറയുന്നു.
ജോലിയിലെ കൂട്ട്
റിസർവ് കണ്ടക്ടർ തസ്തികയിലാണു രതി ജോലിക്കു ക യറിയത്. പിന്നെയതു ഗ്രേഡ് ടുവും ഇപ്പോൾ ഗ്രേഡ് വണ്ണുമായി. അടുത്ത വർഷം സെലക്‌ഷൻ ഗ്രേഡ് ആയി ഉയരും. കൃഷ്ണകുമാർ ജോലിയിൽ കയറിയിട്ട് ഒരു വർഷമാകുന്നതേ ഉള്ളൂ. പക്ഷേ, ഈ വ്യത്യാസമൊന്നും ബസിൽ കയറിയാൽ ഇല്ലെന്നു രതിയും കൃഷ്ണകുമാറും ഒരേ സ്വരത്തിൽ പറയുന്നു.
കോട്ടയം– തെങ്കാശി ഫാസ്റ്റ് പാസഞ്ചർ ബസിലാണു രതിയുടെ ഡ്യൂട്ടി. കോട്ടയത്തു നിന്നു രാവിലെ പത്തിനാണു ട്രിപ് തുടങ്ങുക. വൈകിട്ടു മൂന്നിനു തെങ്കാശിയിലെത്തിയാൽ മൂന്നേകാലിനു തന്നെ തിരിച്ചു പുറപ്പെടണം. രാത്രി എട്ടു മണിക്ക് കോട്ടയത്തു തിരിച്ചെത്തും.
അന്നു രാത്രി എട്ടരയ്ക്കു തന്നെ അടുത്ത ട്രിപ്പുണ്ട്. അ ടുത്ത ദിവസം രാവിലെയാണു ഡ്യൂട്ടി അവസാനിക്കുക. തെങ്കാശിയിലെ ബസ് സ്റ്റാൻഡിൽ ചെറു മയക്കത്തിനുള്ള ഇടവേള മാത്രമേ കിട്ടൂ. ആ സമയത്തു സ്വന്തം അനിയൻ കൂടെയുള്ളതു നല്ലതാണെന്നു രതി പറയുന്നു.
ടിക്കറ്റെടുക്കാൻ ഗൂഗിൾ പേയും കാർഡുമൊക്കെ വന്നതോടെ ആളുകൾ കെഎസ്ആർടിസിയെ കൂടുതൽ സ്നേഹിക്കുന്നതിന്റെ സന്തോഷം ചെറുതല്ലെന്നു പറഞ്ഞു രതി ഡബിൾ ബെല്ലടിച്ചതോടെ അവരുടെ സന്തോഷവണ്ടി അ ടുത്ത യാത്ര തുടങ്ങി.
