‘മുറ്റമടിച്ചോണ്ട് ഇരുന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല; പൊരുതി തോറ്റതാ...’: പരിഹാസത്തിന് മറുപടി Maya V's Reaction to Trolls
Mail This Article
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൈറൽ താരമായിരുന്നു മായാ വി. പേരിലെ കൗതുകം കൈമുതലാക്കി ആത്മവശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട മായക്ക് പിന്തുണയുമായി ട്രോളൻമാരും സോഷ്യൽ മീഡിയയും പിന്നാലെ എത്തിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ‘മായാ വി’ ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരനാണ് ഇവിടെ ജയിച്ചത്. തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാ വി. ‘മായ വി തോറ്റു. മുറ്റമടിച്ചോണ്ട് ഇരുന്നപ്പോഴോ, തുണി അലക്കിയപ്പോഴോ തോറ്റതല്ല. പൊരുതി തോറ്റതാ. അഭിമാനം’ എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്.
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്’ എന്നായിരുന്നു ട്രോളർമാർക്ക് മറുപടിയായി മായാ വി. അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്.