‘വിട്ടിട്ടു പോകല്ലേ’ എന്ന് ഓള് പറയുന്നതു പോലെ തോന്നി; ആ നിമിഷം ഉറപ്പിച്ചു എന്തുവന്നാലും കൊണ്ടു പോണം ഗജറാണി കാവേരിയുടേയും ഷിമിലിന്റേയും സൗഹൃദം ആരംഭിച്ചതിങ്ങനെ
Mail This Article
മലപ്പുറം പെരുമ്പറമ്പ് അത്തോളി വീടിന്റെ ഗേറ്റ് കടന്ന് കുഞ്ഞ് അനൗഷ് പുറത്തേക്കു നടന്നു. കയ്യിൽ അവനേക്കാൾ വലിയൊരു തോട്ടിയുണ്ട്. അനൗഷിനു പിന്നാലെ തലയെടുപ്പോടെ, ചങ്ങലക്കിലുക്കമില്ലാതെ, കവേരിപ്പെണ്ണ് ഇറങ്ങി വന്നു.
പെരുമ്പറമ്പുകാർക്കു കാവേരിയുടെ ഈ സായാഹ്ന സവാരി പതിവു കാഴ്ചയാണ്. ക വലയിലെ സന ബേക്കറിയുടെ മുന്നിലെത്തിയപ്പോൾ ബ്രേക്കിട്ടതുപോലെ കാവേരി നിന്നു. തുമ്പിക്കൈ നീട്ടിയതും കടക്കാരൻ ഒരു പൈനാപ്പിളും ചോക്കോബാറും കൊടുത്തു. കടയിൽ സ്വന്തമായി പറ്റുബുക്ക് മുതൽ കാരവാൻ വരെയുണ്ട് ഷിമിലിന്റെ ഗജറാണിക്ക്.
സവാരി കഴിഞ്ഞു വീട്ടുമുറ്റത്തെത്തിയ കാവേരിയെ കാത്തുനിൽക്കുന്നുണ്ട് ഷിമിലിന്റെ ഭാര്യ റുഷ്നയും ഉമ്മ സജിതയും വാപ്പ അസീസും. ഉമ്മയെ കണ്ടതും കാവേരി ചെവിയാട്ടികൊണ്ടു ചേർന്നു നിന്നു. കയ്യിലിരുന്ന ബിസ്ക്കറ്റ് ഉമ്മ കാവേരിക്കു കൊടുത്തു.
ആനയും കുതിരയും പശുവും ആടുമൊക്കെ സമഭാവനയോടെ കഴിയുന്ന അത്തോളി വീട്ടിലെ അരുമ കാവേരി തന്നെയാണ്. ചെറുപ്പം മുതലേ വാഹനങ്ങളോടും മൃഗങ്ങളോടും ഇഷ്ടമുള്ളയാളാണ് ദുബായിൽ വ്യവസായി ആയ ഷിമിൽ. കോട്ടയംകാരി കാവേരിയും ഷിമിലുമായുള്ള സൗഹൃദത്തിനിപ്പോൾ വയസ്സ് അഞ്ച്. ഇനി കാവേരിയുടെ കഥ കേൾക്കാം.
ആ നിമിഷം മനസ്സിലുറപ്പിച്ചു
‘‘കോട്ടയത്തു മറ്റൊരു ആനയെ കാണാൻ പോയ വഴിക്കാണു കാവേരിയെക്കുറിച്ചു കേൾക്കുന്നത്. കൂടുതൽ ചോദിച്ചപ്പോൾ നിരുത്സാഹപ്പെടുത്തുന്ന മറുപടിയാണ് കിട്ടിയത്. ‘അതിനെ നോക്കണ്ട, 25 വയസ്സേയുള്ളൂ. പോകാറായതാ. കണ്ടുനോക്കാം’ വണ്ടി നേരെ അടിമാലിക്കു വിട്ടു. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഇന്നും മറന്നിട്ടില്ല. മെലിഞ്ഞുണങ്ങി, അവശയായി നിന്ന ആനയെ ദൂരെ നിന്നു കണ്ടാൽ ഒട്ടകമെന്നേ തോന്നുകയുള്ളൂ. എന്നെ കണ്ടതും ആന രണ്ടു ചുവടു മുന്നോട്ടു കയറി നിന്നു. നേരെ എന്റെ കണ്ണിൽ നോക്കി.
‘വിട്ടിട്ടു പോകല്ലേ’ എന്ന് ഓള് പറയുന്നതു പോലെ തോന്നി. ആ നിമിഷം ഉറപ്പിച്ചു എന്തുവന്നാലും ഈ ആനയെ ഒപ്പം കൊണ്ടു പോണം. അങ്ങനെ കാവേരി മലപ്പുറത്തെത്തി. വെറ്ററിനറി ഡോക്ടർ വന്നു രക്തപരിശോധനയ്ക്കു ശ്രമിച്ചിട്ടു ഒരു തുള്ളി കിട്ടിയില്ല എന്നതാണ് സത്യം. വെള്ളം കുടിക്കാത്തതു കൊണ്ടു കിഡ്നികൾക്കു പ്രവർത്തന തകരാർ വന്നിരുന്നു. മരുന്നും ഒൗഷധഗുണമേറിയ ഡയറ്റുമായി ഒരു വർഷം കടന്നപ്പോൾ അവൾ മിടുക്കിയായി. ഭാരം 2300 കിലോ കൂടി.’’
ഡയറ്റ് മുഖ്യം
‘‘ഇപ്പോൾ ഓൾക്കു കൃത്യമായ ടൈംടേബിളുണ്ട്. രാവിലെ അഞ്ചിന് ഉണരും. എഴുന്നേറ്റാൽ അധികം വൈകാതെ അവലും ഈന്തപ്പഴവും ചേർത്തിളക്കിയതു വേണം. പിന്നാലെ പട്ട, പുല്ല്, പ്ലാവില തുടങ്ങിയവ കൊടുക്കും. അതുകഴിഞ്ഞു മൂന്നരയോടെ നാടുചുറ്റാനും പറമ്പിൽ ‘മേയാനും’ പോകും. തിരികെ എത്തിയാൽ അഞ്ചരയോടെ ചോറു കഴിക്കും. പിന്നെ, വിശ്രമമാണ്.
രാത്രിയും പുലർച്ചെയും ഞാൻ തന്നെ വെള്ളം കൊടുക്കണം. അതുകൊണ്ടിപ്പോൾ ഔ ദ്യോഗിക ആവശ്യങ്ങളുമായി ദുബായിലേക്കു പോയാലും ഓഫ് റോഡിങ്ങിന് പോയാലും പരമാവധി രണ്ടു ദിവസത്തിനപ്പുറം മാറി നിൽക്കാനാവില്ല.
കേരളത്തിൽ ഇവളെപ്പോലെ സുഖായി ജീവിക്കുന്ന വേറെ ആനയുണ്ടാവില്ലെന്നു പലരും തമാശപറയാറുണ്ട്.
ആരോഗ്യം മെച്ചമായ ശേഷം ഒരു വർഷം എല്ലാ പൂരത്തിനും പോയി. ചേരനല്ലൂർ അമ്പലത്തിൽ നിന്നു കവേരിക്കു ഗജറാണിപ്പട്ടം ലഭിച്ചു.
ലോറിയിൽ 100 കിലോമീറ്ററിന് അപ്പുറത്തേക്കുള്ള യാത്ര കവേരിക്കത്ര സേഫ് അ ല്ല. അതുകൊണ്ട് അധികം യാത്രചെയ്യാറില്ല. പരിപാടിക്കുപോകുമ്പോൾ ഞാൻ കാരവാനിലാണ് പോകുന്നത്. അതോടെ കാരവാനുള്ള ആന എന്ന പേരും കാവേരിക്കു കിട്ടി.
മാമ്പഴക്കാലമായാൽ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നു യഥേഷ്ടം മാമ്പഴം പറിച്ചു തിന്നും. നല്ല മൂഡിലാണെങ്കിൽ ഒപ്പമുള്ള നായ്ക്കുട്ടികൾക്കും ഒന്നോ രണ്ടോ മാമ്പഴം കൊടുക്കും. ലാബ്രഡോർ ഉണ്ടൻ, ഡോബർമാൻ റാംബോ, ഗ്രേറ്റ് ഡേൻ റാഡോ, കുതിരയോട്ടത്തിൽ ചാംപ്യൻഷിപ്പ് നേടിയ രാജസ്ഥാനി ൽ നിന്നുള്ള മജുക്കി ഒക്കെയാണു കാവേരിയുടെ വീട്ടിലെ ചങ്ങാതിമാർ.
അകമ്പടിക്കു കാരവാനും നാടുമുഴുവനും ഫാൻസും ഉണ്ടെങ്കിലും അതിന്റെ ജാഡയൊന്നും നമുക്ക് ഇല്ലാല്ലേ കവേരിയേ...’ ഷിമിൽ ചോദിച്ചു.’’ ഉത്തരമെന്നോണം അവൾ തുമ്പിക്കൈ ഉയർത്തി ഷിമിലിന്റെ തോളിൽ മെല്ലെയൊന്നു തൊട്ടു. ഷിമിൽ അവൾക്കൊരു പൊന്നുമ്മ കൊടുത്തു.
