ADVERTISEMENT

ഇരുട്ടുവീഴുന്ന വഴികളിൽ, പ്രതീക്ഷയറ്റുപോകുന്ന ഇടങ്ങളിൽ നന്മയുടെ വഴിവിളക്കുമായി ചിലരെത്തും. ജാതിയുടെയോ കൊടിയുടെ നിറത്തിന്റെയോ വേർതിരിവുകളില്ലാതെ അവർ നമുക്കായി സഹാനുഭൂതിയുടെ കരങ്ങൾ നീട്ടും. ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഷാജഹാൻ മുഹമ്മദും അങ്ങനെയൊരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. കൊല്ലത്തു നിന്നും നെടുമങ്ങാടേക്കുള്ള യാത്രാമധ്യേ ഷാജഹാനും കുടുംബവും സഞ്ചരിച്ച കാർ വഴിയിൽപെടുകയായിരുന്നു. ടയർ പഞ്ചറായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ ദൈവദൂതരെ പോലെ കുറച്ചു മനുഷ്യർ എത്തിച്ചേർന്ന അനുഭവം വൈകാരികമായാണ് ഷാജഹാൻ പങ്കുവയ്ക്കുന്നത്. ഫെയ്സ്ബുക്കിലാണ് ഷാജഹാൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. നെടുമങ്ങാട് മന്നൂർക്കോണം സ്വദേശിയായ ഷാജഹാൻ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിലെ ഉദ്യോഗസ്ഥനാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

ഒരു റിയൽ കേരള സ്റ്റോറി..അനുഭവകുറിപ്പ്..

3 ദിവസങ്ങൾക്ക് മുന്നേ അതിരാവിലെ കുടുംബവുമായി കൊല്ലം മൺറോ തുരുത്തിലേക്ക് ഒരു യാത്ര.. മൺറോ തുരുത്ത്, ശാസ്താംകോട്ടകായൽ, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ച് വൈകീട്ട് 8 മണിയോട് കൂടി ഞങ്ങൾ കൊല്ലത്ത് നിന്നും തിരികെ വീട്ടിലേക്ക് തിരിച്ചു.നാഷണൽ ഹൈവേ പണി നടക്കുന്നതിനാൽ NH ഒഴിവാക്കി MC റോഡ് വഴിയാണ് വന്നത്. യാത്ര തിരിച്ച് ഉദ്ദേശം 9.30 മണിക്ക് ഇളമാട് എന്ന സ്ഥലത്ത് എത്തിയപ്പോൾ കാറിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നും ഒരു സൗണ്ട്. വണ്ടി നിർത്തി നോക്കിയപ്പോൾ പുറകിലെ ഒരു ടയർ പഞ്ചർ ആയി.. സ്റ്റെപ്പിനി ടയറും മോശമായതിനാൽ പുതിയ ഒരു ടയർ സംഘടിപ്പിച്ചാൽ മാത്രമേ ഇനി യാത്ര തുടരാൻ കഴിയുകയുള്ളൂ എന്നുള്ള യാഥാർഥ്യം ഞാൻ മനസ്സിലാക്കി.

ADVERTISEMENT

ഇളമാട് എന്ന കുഞ്ഞു ജംഗ്ഷനിൽ ഒരു വർക്ക് ഷോപ്പ് മാത്രമേ ഉള്ളൂ..അതാണെങ്കിൽ 8 മണിക്ക് അടച്ചു..അടുത്ത് ഇനി ടയർ വർക്ക് ഷോപ്പ് ഉള്ളത് 5 കിലോമീറ്ററുകൾക്ക് അപ്പുറവും, പക്ഷേ അവിടെ ഓട്ടോ വിളിച്ച് പോയാലും ഇത്രയും വൈകിയതിനാൽ കട തുറന്നിരിക്കുമെന്ന് ഒരു ഉറപ്പും ഇല്ല..ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ അവിടെ നിൽക്കുമ്പോൾ രണ്ട് പേർ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവർ ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്റ്റെപ്പിനി ടയർ ഉണ്ടെങ്കിൽ ഞങ്ങൾ മാറ്റിയിട്ട് തരാം എന്ന് പറഞ്ഞു..സ്റ്റെപ്പിനി മോശമാണ് എന്ന് അറിഞ്ഞപ്പോൾ അവർ ഇളമാട് ജംഗ്ഷനിൽ ഉള്ള വർക്ക് ഷോപ്പിലെ ഓണറിനെ ഫോണിൽ ബന്ധപ്പെട്ട് വർക്ക് ഷോപ്പ് തുറന്ന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് തിരക്കി.. അതൊരു മെക്കാനിക്ക് വർക്ക് ഷോപ്പ് ആയതിനാൽ ടയർ കാണില്ല എന്നും എന്നാൽ വർക്ഷോപ്പിനുള്ളിൽ കിടക്കുന്ന ഒരു കാറിന്റെ സ്റ്റെപ്പിനി എടുത്ത് തൽക്കാലം മാറ്റിയിട്ട് കൊടുക്കൂ എന്നും വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന, ഷോപ്പിന് സമീപത്ത് താമസിക്കുന്ന ഒരാൾ(പേരറിയില്ല)അവിടെ ഉണ്ടാകും എന്നും അയാളോട് പറഞ്ഞാൽ മതി എന്നും അറിയിച്ചു.

അങ്ങനെ ഞാൻ കാറ് മെല്ലെ ഓടിചും അവർ രണ്ട് പേർ നടന്നും 10 മീറ്റർ അകലെയുള്ള വർക്ക്ഷോപ്പിന് മുന്നിലെത്തി. ഇതേ സമയം വൈഫ്,കുട്ടികൾ, മാമ,മാമി എന്നിവർക്ക് ജങ്ഷനിലെ ഒരു കടയിൽ ഇരിക്കാൻ സ്വകാര്യമൊരിക്കിയിരുന്നു..വർക്ക് ഷോപ്പിലെത്തി ഷോപ്പ് തുറക്കാൻ നോക്കുമ്പോൾ ലോക്കിന്റെ താക്കോൽ അവിടെ ഇല്ലായിരുന്നു. അത് ഓണറിന്റെ കയ്യിൽ ആയിരുന്നു. അദ്ദേഹമാണെങ്കിൽ 10 കിലോമീറ്റർ അകലെയാണ് താമസം. അപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ ഓണറിനെ വിളിച്ച് സംസാരിക്കുകയും തൽക്കാലം ഷോപ്പിന്റെ പൂട്ട് തല്ലിപ്പൊട്ടിച്ചായലും തുറന്ന് അകത്ത് കയറുവാൻ ഓണർ പറയുകയുണ്ടായി.

ADVERTISEMENT

എന്നാൽ അതിന് ശ്രമിക്കാതെ മറ്റൊരു മാർഗം എന്ന നിലയിൽ ഷോപ്പിന്റെ മുൻവശത്തെ, പൂട്ടിയിട്ടില്ലാത്ത, എന്നാൽ അകത്ത് ലോക്ക് ചെയ്തിട്ടുള്ള വാതിൽ മുകളിലൂടെ ചാടി കടന്ന് അകത്ത് പ്രവേശിച്ച് അകത്തു നിന്നും വാതിൽ തുറക്കുവാൻ തീരുമാനിച്ചു. അങ്ങനെ സമീപത്ത് കിടന്ന ഒരു ലോറിയിൽ ചവിട്ടി കയറി വാതിലിന് മുകളിൽ കയറി അകത്ത് പ്രവേശിക്കാൻ അവിടത്തെ ജോലിക്കാരൻ ഒരു ശ്രമം നടത്തി നോക്കുകയും എന്നാൽ ശരീര ഭാരം കൂടുതൽ ആയതിനാൽ അയാൾക്ക് അതിന് സാധിച്ചില്ല. അവസാനം ഞാൻ ഒരു ശ്രമം നടത്തുകയും ആ ഉദ്യമത്തിൽ വിജയിക്കുകയും ചെയ്തു.അങ്ങനെ ഞാൻ അകത്ത് പ്രവേശിച്ച് വാതിലിന്റെ കുറ്റി എടുത്ത് അത് തുറന്നു കൊടുത്തു. ശേഷം അവർ മൂന്ന് പേർ ചേർന്ന് അകത്ത് ഉണ്ടായിരുന്ന കാറിലെ സ്റ്റെപ്പിനി എടുത്ത് എന്റെ കാറിലെ കേടായ ടയറിന് പകരം ഇട്ട് കാറ് ഓടുന്ന കണ്ടീഷൻ ആക്കി തന്നു. ഇത്രയും കാര്യങ്ങൾ സംഭവിക്കാൻ വെറും അരമണിക്കൂർ മാത്രമാണ് എടുത്തത്. അങ്ങനെ ഞങ്ങൾ10 മണിയോട് കൂടി അവരാട് നന്ദി പറഞ്ഞ് അവിടെ നിന്നും യാത്ര തിരിച്ച് സുരക്ഷിതമായി വീട്ടിൽ തിരികെയെത്തി.

ചിലപ്പോൾ ആ ദിവസം രാത്രി മുഴുവൻ അവിടെ പെട്ട് പോകുന്ന സാഹചര്യത്തിൽ ദൈവദൂതരെ പോലെ പ്രത്യക്ഷപെട്ട് ഞങ്ങളെ സഹായിച്ചവരിൽ ഒരാൾ അനിക്കുട്ടൻ... ഇളമാട് ക്ഷേത്രത്തിലെ ഒരു ഭാരവാഹിയും കൺസ്ട്രക്ഷൻ ഫീൽഡിലും ആണ്. അനിക്കുട്ടന്റെ ഭാര്യയുടെ വീട് നന്ദിയോട് പേരയം എന്ന സ്ഥലത്ത് ആണ്.ഇ ന്ന് അനിക്കുട്ടനും കുടുംബവും നെടുമങ്ങാട് അവരുടെ ബന്ധു വീട്ടിൽ വന്നപ്പോൾ ഞാൻ സ്റ്റെപ്പിനി ടയർ അദ്ദേഹത്തെ തിരികെ ഏൽപിച്ചു.

മറ്റൊരാൾ സതീഷ്,കൺസ്ട്രക്ഷൻ ഫീൽഡിൽ ആണ്. അതെ നമ്മുടെ കേരളം ഇങ്ങനെയാണ്. ജാതിമത ഭേദമന്യേ ഞങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച അനിക്കുട്ടൻ, സതീഷ് എന്നിവരെപ്പോലുള്ളവർ ജീവിക്കുന്ന നാട്…10 മണിക്കും വർക്ക് ഷോപ്പ് തുറന്ന് ടയർ മാറ്റിയിട്ട് തന്ന ചേട്ടന്മാരെ പോലുള്ളവർ താമസിക്കുന്ന നാട്, വർക്ക്ഷോപ്പിന്റെ പൂട്ടിന്റെ താക്കോൽ ഇല്ല എന്നറിഞ്ഞപ്പോൾ അത് തല്ലിപ്പൊട്ടിച്ച് അകത്ത് കയറാൻ പറഞ്ഞ വർക്ക്ഷോപ്പ് ഓണർമാരെപോലുള്ളവർ താമസിക്കുന്ന നാട്..അഭിമാനത്തോടെ പറയാം എന്റെ കേരളം ഇതാണ്..

English Summary:

Kindness shines in unexpected places. This is a heartwarming Kerala story about strangers helping a family stranded with a flat tire on a dark road, highlighting the spirit of unity and compassion.

ADVERTISEMENT