ADVERTISEMENT

മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തുന്ന വനിതയാണു ശ്വേത മേനോൻ. 34 വർഷത്തെ കരിയറിനിടെ വാർത്തകളിൽ ഒരുപാടു വട്ടം ശ്വേത നിറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമെന്നു കരുതാവുന്ന പദവിയിലേക്കു ശ്വേത മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടുമുണ്ടായി വിവാദം. മാന്യതയും അശ്ലീലവും കൂട്ടിക്കലർത്തിയുണ്ടായ കോലാഹലങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ശ്വേത മേനോൻ അമ്മ പ്രസിഡന്റായി. പദവി ഏറ്റെടുത്ത ശേഷം വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വിവാദങ്ങളെ കുറിച്ചും അവയെ അതിജീവിച്ചു മുന്നേറുന്ന ജീവിതത്തെ കുറിച്ചും ശ്വേത മനസ്സു തുറന്നു. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം...

മൂന്നു പതിറ്റാണ്ടു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 1991 ഓഗസ്റ്റ് 15. മുംബൈ മലയാളിയായ പതിനാറുകാരി ശ്വേത, അനശ്വരമെന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായി മലയാളത്തിന്റെ ഹൃദയത്തിലേക്കു വലതുകാൽ വച്ചു കയറി. കൃത്യം 34 വർഷങ്ങൾക്കിപ്പുറം ഒരു ഓഗസ്റ്റ് 15. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തുന്ന വനിതയായി ശ്വേത മേനോൻ.

ADVERTISEMENT

34 വർഷത്തെ കരിയറിനിടെ വാർത്തകളിൽ ഒരുപാടു വട്ടം ശ്വേത നിറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമെന്നു കരുതാവുന്ന പദവിയിലേക്കു ശ്വേത മത്സരിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടുമുണ്ടായി വിവാദം. മാന്യതയും അശ്ലീലവും കൂട്ടിക്കലർത്തിയുണ്ടായ കോലാഹലങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ശ്വേത മേനോൻ അമ്മ പ്രസിഡന്റായി.

ചുറ്റും പടരുന്ന നെഗറ്റീവ് വാർത്തകൾക്കിടയിലാണു ശ്വേത മേനോൻ വനിതയോടു സംസാരിക്കാനെത്തിയത്. പതിവു ചിരിയോടെ തുട ങ്ങിയതിങ്ങനെ, ‘‘സിനിമാ രംഗത്തു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് ഈ പ ദവി. സ്ത്രീകൾ നേതൃത്വത്തിലേക്കു വരുമ്പോൾ ചിലർ മുറുമുറുക്കും. നെഗറ്റീവ് കമന്റുകൾ വരും. അതിൽ നിന്നാണു പോസിറ്റീവായി മുന്നോട്ടു പോകാനുള്ള പവർ കിട്ടുക.’’

ADVERTISEMENT

മത്സരിക്കാമെന്നു തീരുമാനിച്ചത് ഒരുപാട് ആലോചിച്ച ശേഷമാണോ ?

മത്സരിക്കണോ എന്നു കുറേ വട്ടം ആലോചിച്ചു. ഇറങ്ങിയാൽ ആയിരം ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ, അതിനേക്കാൾ ആലോചിച്ചതു ജോലിയും ഈ പദവിയും ഒന്നിച്ചു മാനേജ് ചെയ്യാനാകുമോ എന്നാണ്. ആ സംശയത്തിനു മറുപടി പറഞ്ഞു തന്നതു ശ്രീയാണ്, ‘‘സിനിമ തന്ന സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി എന്തെങ്കിലും തിരിച്ചു കൊടുക്കാനുള്ള അവസരമാണിത്. ധൈര്യമായി മുന്നോട്ടു പോകൂ. ജയവും തോൽവിയും നോക്കരുത്...’ മൾട്ടി ടാസ്കിങ് അമ്മുവിനു നന്നായി പറ്റുമെന്ന ശ്രീയുടെ വാക്കിന്റെ ധൈര്യത്തിലാണു പത്രിക സമർപ്പിച്ചത്.

ADVERTISEMENT

ജൂലൈ 24ാം തിയതി വൈകിട്ടു നാലു മണി വരെയാണു നോമിനേഷൻ കൊടുക്കാനാകുക. അന്നു വൈകിട്ട് 3.53 നാണു പത്രിക സമർപ്പിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണു മുൻ ഭരണസമിതി പിരിച്ചുവിട്ടത്...

2018 മുതൽ അമ്മ എക്സിക്യുട്ടീവ് മെമ്പറാണ്. മുൻപു വൈസ് പ്രസിഡന്റുമായിരുന്നു. അസാധാരണ സാഹചര്യത്തെ തുടർന്നു കഴിഞ്ഞ തവണ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലേക്കു വരണം എന്നു പറഞ്ഞ് ഒരുപാടു പേർ വിളിച്ചിരുന്നു.

ലാലേട്ടനൊപ്പം വൈസ് പ്രസിഡന്റായിരുന്ന സമയത്തും പിന്നെയും മാധ്യമങ്ങൾ അദ്ദേഹത്തിനു നേരേ വിരൽ ചൂണ്ടുന്നതു കണ്ടിട്ടുണ്ട്. ഒരാൾ സ്വമേധയാ, യാതൊരു പ്രതിഫലവുമില്ലാതെ സംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ അതിന്റെ പേരിൽ എല്ലാ കുറ്റവും ഏൽക്കേണ്ട കാര്യമെന്താണ് ?

നോമിനേഷൻ കൊടുത്തപ്പോൾ ഇതെല്ലാം മനസ്സിലുണ്ടായിരുന്നു. പക്ഷേ, ഭയം തോന്നിയില്ല.

അതിജീവിത മുതൽ മെമ്മറി കാർഡ് വരെയായി പ്രശ്നങ്ങളുടെ നീണ്ട നിരയുണ്ട്. പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്ലാൻ എന്താണ് ?

പ്രശ്നങ്ങളെല്ലാം അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്. ആ വലിയ ദൗത്യം സ്ത്രീ എന്ന നിലയിൽ തന്നെ ഏറ്റെടുക്കുകയാണ്. ഓരോന്നായി മുന്നിലേക്കെത്തുന്ന മുറയ്ക്ക് ഇടപെടലുണ്ടാകും. മറ്റു പ്ലാനുകൾ വഴിയേ പറയാം.

വ്യക്തിപരമായി ആദ്യമേ തന്നെ നടപ്പാക്കണമെന്നു ചിന്തിക്കുന്ന ഒരു കാര്യം പോസ്റ്റൽ ബാലറ്റ് ആണ്. ഷൂട്ടിങ്ങിന്റെയും മറ്റും തിരക്കു കാരണം 506 അംഗങ്ങളിൽ 298 പേർക്കു മാത്രമേ വോട്ട് ചെയ്യാനായുള്ളൂ. ഈ വിഷയം എക്സിക്യുട്ടീവിൽ ചർച്ച ചെയ്തു, ജനറൽ ബോഡിയുടെ അനുമതിയോടെ ബൈലോ ആക്കണം.

പദവി ഏറ്റെടുത്തതിനു പിന്നാലെ മാധ്യമങ്ങളടക്കം സംഘടനയെ ‘അമ്മ’ എന്നു വിളിച്ചു തുടങ്ങിയതിൽ സന്തോഷമുണ്ട്. ഉറപ്പിച്ചു പറയുന്നു, അമ്മ തന്നെയാണ്. നാലു സുപ്രധാന പദവികളിലും സ്ത്രീകൾ വന്നതു നല്ല കാര്യമാണ്. സ്ത്രീകൾക്കു ചെയ്യാനാകാത്തതായി ഒന്നുമില്ല. 17 അംഗ എക്സിക്യുട്ടീവിനു പരസ്പരം സഹായിച്ചും സഹകരിച്ചും നന്നായി മുന്നോട്ടു പോകാനാകുെമന്നാണു പ്രതീക്ഷ.

കേസും ബഹളവും വിവാദവുമൊക്കെയായി ആകെ പ്രയാസത്തിലാണല്ലോ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് ?

എനിക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസ് എന്നു കേട്ടപ്പോൾ ശരിക്കും ഷോക്കായിരുന്നു. വയസ്സായ അമ്മയുടെയും കൗമാരക്കാരിയായ മോളുടെയും മുഖമാണ് ആദ്യം മനസ്സിൽ വന്നത്. പറയുന്നതിൽ സത്യമൊന്നുമില്ലെങ്കിലും അവർ ഇക്കാര്യമറിഞ്ഞാൽ തകർന്നുപോകില്ലേ എന്ന പേടി.

പിന്നെയാണു പിന്നണിയിലെ ചരടുവലികൾ മനസ്സിലായത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കോടതി സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപാണു കേസിനെ കുറിച്ചു വാർത്ത പുറത്തുവന്നത്. അമ്മയുടെ ബൈലോ പ്രകാരം ക്രിമിനൽ കേസിൽ അകപ്പെട്ടവർക്കു മത്സരിക്കാനാകില്ല. ഞാൻ പേടിച്ചു പത്രിക പിൻവലിക്കുമെന്നാകും അവർ കരുതിയത്. കുറ്റം ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാൽ പത്രിക പിൻവലിച്ചില്ല. പിറ്റേ ദിവസം തന്നെ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങി. അതോടെ അവരുടെ സ്ട്രാറ്റജി പൊളിഞ്ഞു.

പരാതിയിൽ പറയുന്ന ചില കാര്യങ്ങൾ കേട്ടാൽ ചിരി വരും. ജോലിയുടെ ഭാഗമായി 12 വർഷം മുൻപു ചെയ്ത കാര്യത്തിനാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. അവയെല്ലാം സെൻസർ ബോർഡ് കണ്ടു സർട്ടിഫൈ ചെയ്ത സിനിമകളാണ്. കാമസൂത്ര പരസ്യത്തിൽ അഭിനയിച്ചത് 1996ലാണ്. രസമുള്ള കാര്യം എന്തെന്നോ. സെൻസർ ചെയ്തു മാറ്റപ്പെട്ട അശ്ലീല രംഗങ്ങൾ പ്രദർശിപ്പിക്കാനായി ഞാൻ വെബ്സൈറ്റ് നടത്തുന്നുണ്ടെന്നും അതിലൂടെ നൂറു കോടി രൂപ സമ്പാദിച്ചെന്നും പരാതിയിലുണ്ട്.

കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നൊന്നും പറയുന്നില്ല. ഒരു കാര്യം പറയാം, മത്സരിക്കാനുള്ള അവസരം തട്ടിക്കളയാനായിരുന്നു അവരുടെ ശ്രമം. എന്തു വില കൊടുത്തും കേസ് നടത്തും, വിജയിച്ചേ മതിയാകൂ.

പവർ ഗ്രൂപ്, ഹേമ കമ്മിറ്റി.. മുന്നിലുള്ള വി ഷയങ്ങൾ പലതാണ് ?

എക്സിക്യൂട്ടീവ് അംഗമായിരുന്ന സമയം മുതലേ ജനറൽ ബോഡി നടക്കുമ്പോൾ ‍ഞാൻ മൈക്കിലൂടെ പറയാറുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നേരിട്ടു വന്നു പറയാം. പക്ഷേ, ആരും വരാറില്ല. അന്നും ഇന്നും സ്ത്രീകളുടെ കൂടെ നിൽക്കാൻ റെഡിയാണ്. സിനിമയിലും കരിയറിലുമൊന്നും ഗ്രൂപ്പിസത്തിൽ ‍വിശ്വസിക്കുന്നില്ല. പക്ഷേ, സിനിമയിൽ പവർ ഗ്രൂപ് ഉണ്ട്. അത് ആണുങ്ങളുടെ മാത്രം അല്ല, ആ ഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. സ്ത്രീകളുടെ പവർ ഗ്രൂപ്പുകളുമുണ്ട്.

സിനിമയിലെ സ്ത്രീകളുടെ പരാതി കേൾക്കാനും പരിഹാരം കാണാനുമായി 2021ലാണ് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി, ഐസിസി) രൂപീകരിച്ചത്. അതിന്റെ ചെയർപേഴ്സൺ ഞാനും കുക്കു പരമേശ്വരൻ, മാലാ പാർവതി, രചന നാരായണൻ കുട്ടി എന്നിവർ അംഗങ്ങളുമായിരുന്നു. ആ സമിതിക്കു മുൻപിൽ ഒരു പരാതി പോലും വന്നിട്ടില്ല എന്നതാണു വസ്തുത. ഇരയായ പെൺകുട്ടിയുടെ പേരു നിർമാതാവ് വെളിപ്പെടുത്തിയ സംഭവത്തിൽ, നിയമലംഘനം ചൂണ്ടിക്കാട്ടി ഐസിസി സ്വമേധയാ കേസെടുത്തിരുന്നു. അയാളെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നു മാറ്റിനിർത്തണമെന്ന നിർദേശത്തെ തുടർന്നു ചില പ്രശ്നങ്ങളുണ്ടായി. പിന്നാലെ ഐസിസി അംഗങ്ങളെല്ലാം രാജി വച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത ഒരു കേസു പോലും നിലനിന്നില്ലല്ലോ. സഹായിക്കാൻ ആരൊക്കെ മുന്നോട്ടു വന്നാലും നമ്മൾ സ്വയം സഹായിക്കാൻ മുതിർന്നില്ലെങ്കിൽ ഒരു ഹേമ കമ്മിറ്റിക്കും ഒന്നും ചെയ്യാനാകില്ല. മോശം അനുഭവമുണ്ടായ സമയത്ത് ഒച്ചവച്ചു നാലാളെ കൂട്ടാതെ ഹേമ കമ്മിറ്റി വരുന്നതു വരെ എന്തിനാണു കാത്തിരുന്നത് എന്നാണ് എന്റെ ചോദ്യം.

swetha-menon-file

ഈ തന്റേടം കരിയറിൽ ഗുണമായോ?

ഒറ്റക്കുട്ടിയാണു ഞാൻ. അച്ഛൻ ടി.വി. നാരാ യണൻകുട്ടി എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശാരദ തനി നാടൻ വീട്ടമ്മ. അ വർ രണ്ടും എന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നു. ഒരു പട്ടാളക്കാരന്റെ മനക്കരുത്തും ശക്തിയും അച്ഛനുണ്ട്. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ബോൾഡായി നിൽക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അതിന് ആണാകേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ മിണ്ടാതെ നിൽക്കുന്ന ആണുങ്ങളുമില്ലേ. എന്നെ ടോംബോയ് ആയിട്ടാണു മിക്കവരും കണ്ടത്, എടാ പോടാ ബന്ധം. അതുകൊണ്ടാകും മോശമായ പെരുമാറ്റം ആരിൽ നിന്നും ഉണ്ടായിട്ടില്ല.

ഈ പേടിയില്ലായ്മ ഗുണമായെന്നും ദോഷമായെന്നും പറയാം. മിസ് ഇന്ത്യ ആയതിനു ശേഷമാണു സിനിമയിൽ വന്നത്. കുടുംബ പശ്ചാത്തലം നന്നായിരുന്നതു കൊണ്ടാകും കഷ്ടപ്പെട്ടു സിനിമയിൽ നിൽക്കേണ്ട സാഹചര്യം വന്നിട്ടില്ല. ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളി ൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു സെറ്റിലും സിനിമയിലും സ്ത്രീ എന്ന നിലയിൽ വേണ്ട സൗകര്യങ്ങളൊക്കെ ചോദിച്ചു വാങ്ങാൻ മടിച്ചില്ല. പക്ഷേ, പീരിയഡ്സ് സമയത്തു പൂളിലിറങ്ങുന്നതു പോലുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നാൽ ‘ഇപ്പോൾ പറ്റില്ല’ എന്നു പറയാനാകാതെ കരഞ്ഞിരിക്കുന്നവർ ധാരാളമുണ്ട്.

തന്റേടത്തോടെ സംസാരിക്കുന്നത് ഇഷ്ടമില്ലാത്തവരുണ്ടെന്നു തോന്നുന്നു. ഒരു സുപ്രഭാതത്തിൽ കരാറൊപ്പിട്ട ഒൻപതു സിനിമകൾ ഇല്ലാതായി. വർഷത്തിൽ 12ഉം 13ഉം സിനിമ ചെയ്തിരുന്നയാളാണു ‍ഞാൻ. ഇപ്പോൾ കഷ്ടി ഒരെണ്ണം. അതൊന്നും നെഗറ്റീവായി എടുക്കുന്നില്ല. സിനിമയ്ക്കായി ആളുകൾ ഇപ്പോഴും സമീപിക്കുന്നുണ്ട്, സജീവമായി കഥകളും കേൾക്കുന്നു. അത്രയെങ്കിലും സംഭവിക്കുന്നുണ്ടല്ലോ എന്നു പോസിറ്റീവായി ചിന്തിക്കാനാണ് ഇഷ്ടം. നമുക്കു വിധിച്ചത് അതിന്റെ സമയത്തു വരും.

ഹിന്ദിയിൽ കത്തിനിന്ന സമയത്താണ് ഇനി മ ലയാളം മതി എന്നു തീരുമാനിച്ചത് ?

കരിയർ എത്ര ഉയരത്തിലെത്തിയാലും തുടക്കകാലത്തെ കുറിച്ചു വീണ്ടും ആലോചിക്കുന്ന ശീലമുണ്ട്. ഒരു വീട്, ഒരു കാർ എന്നതായിരുന്നു അന്നത്തെ സ്വപ്നം. ഇപ്പോൾ വീടുകളും വണ്ടികളുമുണ്ട്. പക്ഷേ, ഒ രാൾക്ക് ഒരു വണ്ടിയിലല്ലേ സഞ്ചരിക്കാൻ പറ്റൂ, ഒരു വീട്ടിലല്ലേ കിടന്നുറങ്ങാൻ പറ്റൂ. പിന്നെ എന്തിനാണു മത്സരം.

ഹിന്ദിയിൽ ഇഷ്കിലെ ഗ്ലാമറസ് പാട്ടിലൂടെയാണു ചുവടുറപ്പിച്ചത്. ആ പാട്ടുരംഗത്തിൽ അഭിനയിക്കാനിരുന്നതു മാധുരി ദീക്ഷിതാണ്. പക്ഷേ, അവസരം എന്നെ തേടിയെത്തി. ആമിർ ഖാനും അജയ് ദേവ്ഗണുമൊപ്പം ആടിപ്പാടിയ ആ പാട്ടിനു പിന്നാലെ നാലു സിനിമകൾ ഒന്നിച്ചു കരാറൊപ്പിട്ടു. സൽമാൻ ഖാനൊപ്പം ബന്ധൻ, ഗോവിന്ദയ്ക്കൊപ്പം ശിക്കാരി, സുനിൽ ഷെട്ടിക്കൊപ്പം പൃഥ്വി, ഷാറൂഖ് ഖാനൊപ്പം അശോക. ഗ്ലാമർ റോളുകൾ ചെയ്യാൻ മടി തോന്നിയില്ലേ എന്നു പലരും ചോദിക്കും. ഇപ്പോഴും മടിയില്ല എന്നു തമാശയായി മറുപടി കൊടുക്കും.

അച്ഛനാണു പറക്കാൻ ചിറകു തന്നത്. കുറേ പറന്നപ്പോൾ തോന്നി തിരിച്ചു വരണമെന്ന്. ആ തീരുമാനമെടുത്ത ശേഷം ചെയ്ത സിനിമകളാണു പരദേശിയും കീർത്തിചക്രയുമൊക്കെ. അപ്പോഴേക്കും അച്ഛനും അമ്മയും മുംബൈ വിട്ടു കോഴിക്കോടു താമസമാക്കിയിരുന്നു.

ടോംബോയ് ഇമേജ് പൊളിച്ചതു പാലേരി മാണിക്യത്തിലെ ചീരുവാണ് ?

റോക്ക് ആൻഡ് റോൾ കഴിഞ്ഞ് ഒരു ദിവസം ര ഞ്ജിത് ചേട്ടൻ (സംവിധായകൻ രഞ്ജിത്) വിളിക്കുന്നു. ‘ചെറുപ്പം മുതൽ പ്രായമാകുന്നതു വരെയുള്ള ഗെറ്റപ്പുകളിൽ ഒരു കഥാപാത്രമുണ്ട്, വരണം...’ എന്നാണ് ആവശ്യം. ‘ഒരിക്കലും ചെയ്യില്ല’ എന്നായിരുന്നു എന്റെ മറുപടി. ‘സ്ക്രിപ്റ്റ് തീർത്തിട്ട് ഒന്നുകൂടി വിളിക്കും’ എന്നു പറഞ്ഞു ചേട്ടൻ കോൾ കട്ട് ചെയ്തു.

കൃത്യം ഒരു മാസം കഴിഞ്ഞു വീണ്ടും ഫോൺ, ‘നീ ത ന്നെയാണ് എന്റെ ചീരു...’ ആ ഉറച്ച വാക്കിനോടു ‘നോ’ പറഞ്ഞില്ല. ചീരുവിന് അവാർഡിനേക്കാൾ വലിയ കോംപ്ലിമെന്റ് കിട്ടിയത് അച്ഛനിൽ നിന്നാണ്. ‘സ്വന്തം മരുമകളെ അപകടത്തിലാക്കാൻ തക്ക കൗശലക്കാരിയാകാൻ എങ്ങനെ പറ്റി’ എന്നായിരുന്നു അച്ഛന്റെ ചോദ്യം.

രതിനിർവേദവും സാൾട് ആൻഡ് പെപ്പറുമൊക്കെ ന ന്നായി രസിച്ചാണു ചെയ്തത്. എത്ര ഗ്ലാമറസ് വേഷം ചെയ്താലും അതിനു പകരം വയ്ക്കാൻ ഒരു മികച്ച കഥാപാത്രം വരുമെന്ന വിശ്വാസം വന്നത് ആ സിനിമകൾക്കു ശേഷമാണ്.

കളിമണ്ണിലെ പ്രസവരംഗവും വിവാദവുമൊക്കെ മോളോടു പറഞ്ഞിട്ടുണ്ടോ ?

വിവാദങ്ങളെക്കാൾ ഏറെ സന്തോഷങ്ങൾ ത ന്നെ സിനിമയാണു കളിമണ്ണ്. ഗർഭിണിയായിരിക്കുമ്പോൾ വയറു കണ്ട് എല്ലാവരും പറഞ്ഞത് ആൺകു ട്ടി ആകുമെന്നാണെങ്കിലും എന്റെ പ്രാർഥന മോളാകണേ എന്നായിരുന്നു. ആയിടയ്ക്കു ശ്രീയോടു പറഞ്ഞു, ‘‘ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ താലിയും ഒരു കമ്മലും ര ണ്ടു വളയും മാത്രം വച്ചിട്ടു ബാക്കി ഞാൻ വിൽക്കും. പെൺകുഞ്ഞാണെങ്കിൽ എന്റെ സ്വർണം മുഴുവൻ അവൾക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കും...’’

അങ്ങനെയിരിക്കെ ഒഎൻവി അമ്മാമ വിളിക്കുന്നു. (ശ്വേത മേനോന്റെ അച്ഛൻ ടി.വി. നാരായണൻ കുട്ടിയുടെ സഹോദരിയാണു കവി ഒഎൻവി കുറുപ്പിന്റെ ഭാര്യ സ രോജിനി). കളിമണ്ണിലെ പാട്ടെഴുതാനായി സംവിധായകൻ ബ്ലെസി സമീപിച്ചത് അദ്ദേഹത്തെയാണ്. സിനിമയിലെ സിറ്റുവേഷനൊക്കെ കേട്ട ശേഷമാണു വിളി. ‘നിനക്ക് എന്താണ് ആഗ്രഹം, മോനോ മോളോ...’, ‘നിനക്കു വേണ്ടി എഴുതേണ്ടതു താരാട്ടുപാട്ടാണോ...’ എന്നാണു ചോദ്യം.

താരാട്ടുപാട്ടു മതിയെന്നും, മോൾക്കു വേണ്ടിയുള്ള താരാട്ടാണു വേണ്ടതെന്നും മറുപടി പറഞ്ഞു. മാസങ്ങൾക്കു ശേഷമാണു സ്റ്റുഡിയോയിൽ വച്ചു പാട്ടു കേട്ടത്. ലാലീ ലാലീ... മലരൊളിയേ... മന്ദാരമലരേ... ആ പാട്ടു കേട്ടു കരഞ്ഞു പോയി. എന്റെ മോൾക്കു വേണ്ടി അവളുടെ മുത്തശ്ശനെഴുതിയ ആ പാട്ടിനേക്കാൾ വലിയ സമ്മാനമെന്തുണ്ട്.

അന്നു ഷൂട്ട് ചെയ്ത പ്രസവ വിഡിയോ ഹാർഡ് ഡിസ്കിലാക്കി വച്ചിട്ടുണ്ട്. മോൾക്ക് 18 വയസ്സു പൂർത്തിയാക്കുമ്പോൾ സമ്മാനിക്കണം. പിന്നെ അന്നത്തെ പുകിലുകളൊക്കെ പറഞ്ഞു ചിരിക്കണം.

സബൈനക്ക് അമ്മയുടെ സ്വഭാവമാണോ ?

മോൾക്കു ശ്രീയുടെ സ്വഭാവമാണ് കൂടുതൽ. 12 വയസ്സേ ഉള്ളൂവെങ്കിലും നല്ല പക്വതയുണ്ട്. എ ല്ലാവരോടും വേഗം ഇണങ്ങും. മുംബൈയിൽ ഭ ക്തിവേദാന്ത സ്കൂളിൽ എട്ടാം ക്ലാസ്സിലാണു പഠിക്കുന്നത്. സിനിമയോട് അത്ര താത്പര്യമില്ലെങ്കിലും എന്റെ സിനിമകൾ കാണും. മറ്റു നടന്മാർക്കൊപ്പം അഭിനയിക്കുന്നത് അത്ര താത്പര്യമില്ല. ലാലീ ലാലീ... പാട്ടിൽ ബിജു മേനോൻ വയറു തടവി ഉമ്മ വയ്ക്കുന്ന സീൻ കാണുമ്പോൾ അവൾ ഇടംകണ്ണിലൂടെ അച്ഛനെ നോക്കും, ആ മുഖത്തുമാറ്റം വല്ലതുമുണ്ടോ ?

ദ് വീക്കിൽ മുംബൈ ബ്യൂറോ ചീഫായിരുന്ന, ഇപ്പോൾ ഐപിജിയിൽ (ഇന്റർ പബ്ലിക് ഗ്രൂപ്) ജോലി ചെയ്യുന്ന ശ്രീയുടെ എഴുത്തിന്റെ കുറച്ചു മോൾക്കും കിട്ടിയിട്ടുണ്ട്. നന്നായി പടവും വരയ്ക്കും. ജാപ്പനീസ് അനിമെ ആണിഷ്ടം.

മോളെ ‘നോ’ പറയാൻ പഠിപ്പിച്ചിട്ടുണ്ടോ?

ഇഷ്ടമില്ലാത്ത കാര്യങ്ങളോട്, കംഫർട് തോന്നിയില്ലെങ്കിൽ, ഇതു ശരിയായ സ്ഥലമില്ല എന്നു തോന്നുന്നുണ്ടെങ്കിലൊക്കെ ‘നോ’ പറയണമെന്നു പഠിപ്പിച്ചിട്ടുണ്ട്. മോളോടു ‘നോ’ പറയുന്ന കാര്യങ്ങളുമുണ്ടു കേട്ടോ. മോൾക്ക് ശ്രീ ആവശ്യമില്ലാത്ത സ്വാതന്ത്ര്യം നൽകുന്നതു കാണുമ്പോൾ ഞാൻ സ്ട്രിക്ട് ആകും.

English Summary:

Shweta Menon is the first woman president of AMMA (Association of Malayalam Movie Artists), marking a historic moment in Malayalam cinema. This article delves into her journey, addressing controversies and her vision for the future of the organization.

ADVERTISEMENT