‘മലർന്നു കിടന്നാൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റും’: ഗർഭകാലത്തെ ഉപദേശം: യുവിയെ കയ്യിലേന്തിയ നിമിഷം The Joy of Motherhood: Aiswarya and Vishnu's Journey
Mail This Article
സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡി. തനിമലയാളി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഐശ്വര്യനാഥും വിഷ്ണുവും. ജീവിതവും സന്തോഷനിമിഷങ്ങളും പങ്കുവയ്ക്കുമ്പോഴൊക്കെ കുന്നോളം ഇഷ്ടങ്ങളാണ് ഇരുവർക്കും സോഷ്യൽ മീഡിയ നൽകുന്നത്. ഇപ്പോഴിതാ മാതൃത്വം എന്ന ജീവിതത്തിലെ സുന്ദര നിമിഷത്തെ ആഘോഷമാക്കുകയാണ് ഇരുവരും. കുഞ്ഞു യുവാൻ ജീവിതത്തിലേക്ക് എത്തിയ സന്തോഷം വനിത ഓൺലൈൻ യൂട്യൂബ് ചാനലിനോട് എക്സ്ക്ലൂസീവായി ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. അമ്മയായ നിമിഷവും അതു ജീവിതതത്തിൽ നൽകിയ മാറ്റങ്ങളെക്കുറിച്ചുമാണ് ഇരുവരും വാചാലരായത്.
‘ആഗ്രഹിച്ചതും കൊതിച്ചതും എല്ലാം ലഭിച്ച ഗർഭകാലമാണ് കടന്നു പോയത്. സ്നേഹവും സാന്ത്വനവുമായി എല്ലാവരും കൂടെയുണ്ടായിരുന്നു. വിഷ്ണു കൂടെയുള്ളതു കൊണ്ടുതന്നെ ഡിപ്രഷനൊന്നും അനുഭവപ്പെട്ടില്ല. പക്ഷേ മൂഡ് സ്വിങ്സ് ഇടയ്ക്കൊക്കെ എത്തി നോക്കി. ചായ ഉണ്ടാക്കിത്തരുമോ എന്ന് ആവശ്യപ്പെട്ടപ്പോൾ വിഷ്ണു ഒരു മിനിറ്റെന്ന് പറഞ്ഞു. അപ്പോൾ ശരിക്കും എനിക്ക് ദേഷ്യവും വിഷമവുമൊക്കെ തോന്നി. ഉപദേശങ്ങളുടെ കൂടി കാലമായിരുന്നു ഗർഭകാലം. വേണ്ടതും വേണ്ടാത്തതുമായ ഒത്തിരി ഉപദേശങ്ങൾ കേട്ടു. അതിൽ ഒന്നായിരുന്നു മലർന്നു കിടന്നാൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റും എന്നത്. അതുകൊണ്ട് ചെരിഞ്ഞു തന്നെ കിടക്കണം എന്നാണ് പലരും നൽകിയ ഉപദേശം. അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചൊന്നും എനിക്ക് അറിയില്ല.’– ഐശ്വര്യ പറയുന്നു.
‘നെതർലാൻഡിലായിരുന്നു പ്രസവം. അവിടുത്തെ മെഡിക്കൽ സിസ്റ്റത്തോട് പൂർണമായ വിശ്വാസം ഉണ്ടായിരുന്നു. പ്രസവം, ചികിത്സ, അതിന്റെ തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ അവബോധം നൽകി. അവസാന നിമിഷമാണ് നോർമൽ ഡെലിവറിയിൽ നിന്ന് സി സെക്ഷനിലേക്ക് മാറിയത്. പൊക്കിൾക്കൊടി കട്ട് ചെയ്തതൊക്കെ വിഷ്ണുവാണ്. അതെല്ലാം യാന്ത്രിമായി കടന്നുപോയി. എല്ലാ കഴിഞ്ഞ ശേഷമാണ് ആ റിയാലിറ്റി ബോധ്യപ്പെട്ടത്. പ്രസവം നടക്കുമ്പോൾ എന്റെയരികിൽ മാലാഖയെ പോലെ ഒരാളുണ്ടായിരുന്നു. മരിച്ചാലും ചില മുഖങ്ങൾ നമ്മള്‍ മറക്കില്ല, എന്നു പറയാറില്ലേ.. അങ്ങനെ എന്റെ അരികിൽ ഉണ്ടായിരുന്ന മാലാഖയെ ഞാൻ മറക്കില്ല. പോസ്റ്റ്പോർട്ടം ഡിപ്രഷൻ ഇതു വരെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇനി വരുമോ എന്നറിയില്ല.’– ഐശ്വര്യ ഓർക്കുന്നു.
‘യുവിയെ കയ്യിലേറ്റുവാങ്ങിയ നിമിഷം മറക്കില്ല. വെയിറ്റ് കുറവാണെന്ന് പറഞ്ഞപ്പോൾ അൽപമൊന്ന് ടെൻഷനായി. എല്ലാം പോസിറ്റിവല്ലേ എന്ന മട്ടില്‍ ഡോക്ടറെ തന്നെ നോക്കി നിന്നു. ആ സമയത്തെ കൺഫ്യൂഷൻ അൽപമൊന്ന് പാനിക് ആക്കി. പക്ഷേ എല്ലാം ഓകെയായി. അവളോട് ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്... ’– വിഷ്ണു പറയുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ഞാനും കരഞ്ഞു. മനസു നിറഞ്ഞ നിമിഷമായിരുന്നു അത്. മനസു നിറഞ്ഞ പ്രതീതി തന്നെയായിരുന്നു ശരിക്കും. എന്റെ നെഞ്ചിലേക്ക് കുഞ്ഞിനെ വച്ച നിമിഷം... ഹൃദയം നിറയ്ക്കുന്നതായി– ഐശ്വര്യ പറയുന്നു.