ADVERTISEMENT

‘മീശപ്പുലിമലയില്‍ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ? എന്നു ചോദിച്ചത്, ദുല്‍ഖര്‍ സല്‍മാനാണ്. ചാര്‍ലി സിനിമയില്‍. ‘കിര്‍ഗിസ്ഥാനില്‍ പോയി മഞ്ഞു പെയ്യുന്നതു കണ്ടാലോ’ എന്നു ഞങ്ങളോടു ചോദിച്ചതു കൂട്ടുകാരി സുജി ആണ്. അവള്‍ ചുക്കാൻ പിടിച്ചു തലപ്പത്തിരുന്നതോെട എല്ലാവരും ഉഷാറായി.

സുജി, വാണി, ഫസ്‌ല, രഞ്ജിനി, ഫാബി, സൗമ്യ, വിജി ഷ, അഞ്ജു എന്നിവര്‍ ആദ്യം െറഡിയായി. അക്കൂട്ടത്തിലേക്കു ഞാനും ഫിറോസിയയും ഇടിച്ചുകയറി. അങ്ങനെ ദുബായില്‍ നിന്നു മഞ്ഞു കാണാന്‍. പുറപ്പെട്ടത് 10 പെണ്ണുങ്ങൾ.

ADVERTISEMENT

കിർഗിസ്ഥാൻ കാണാൻ പോകുന്നവരും ദുബായ് ക ണ്ടു മടങ്ങുന്നവരും കുറെ ഇന്ത്യൻ വിദ്യാർഥികളും ഉണ്ടെങ്കിലും വിമാനം പകുതിയും കാലിയായിരുന്നു. നാലു മണിക്കൂർ യാത്ര കഴിഞ്ഞു ബിഷ്കെക്ക് എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ ഞാനും ഫിറോസിയയും ഒട്ടകത്തെ പോലെ തല പുറത്തേക്കിട്ട് എത്തി നോക്കി, മഴയുണ്ടോ? മഞ്ഞുണ്ടോ?

സ്വെറ്ററും സോക്‌സും ധരിച്ചിട്ടുണ്ടെങ്കിലും െെമനസ് മൂന്നു ഡിഗ്രി തണുപ്പിൽ ഉറഞ്ഞു പോയ ഞ ങ്ങൾ അര മണിക്കൂർ വാൻ യാത്രയ്ക്കു ശേഷം ബ്രിഡ്ജസ് ഹോട്ടലിലെത്തി. നേരം പുലരുന്നതേ ഉള്ളൂ. ഹോട്ടൽ റൂമിലെ ജാലകത്തിനപ്പുറം കാണുന്ന വീടുകളുടെ മേൽപ്പുരകളെല്ലാം മഞ്ഞിന്റെ വെളുവെളുത്ത ആവരണം. സൂര്യൻ എത്തി നോക്കുന്നുണ്ടെങ്കിലും മനുഷ്യരെ പുറത്തു കാണുന്നില്ല.

ADVERTISEMENT

പ്രാതലിന് എത്തിയപ്പോള്‍ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ക ൺട്രോളർ രഞ്ജു ഒാര്‍മിപ്പിച്ചു, ‘നന്നായി തട്ടിക്കോണം, ഇടയ്ക്കിടെ ഫൂഡ് ചോയ്ച്ചാൽ വാങ്ങി തരില്ല...’ പാലും ഓംലെറ്റും മുന്തിരിയും ബീൻസ് കറിയും വൈറ്റ് റൈസും കഴിച്ച്, ഊർജം സംഭരിച്ച്, മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ച് ഞങ്ങള്‍ തുടങ്ങുകയാണ്, കിര്‍ഗിസ്ഥാന്‍ യാത്ര.

ആലാ ആർച്ചാ നാഷനൽ പാർക്കിലേക്കാണ് ഗൈഡ് ഐഷുലു ആദ്യം ഞങ്ങളെ കൊണ്ടുപോയത്. വർണാഭമായ പൈൻ മരങ്ങള്‍ നിറഞ്ഞ സ്ഥലമായതു െകാണ്ടാണ് ഈ പേരു വന്നത്. തലസ്ഥാന നഗരിയായ ബിഷ്കെക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നയന മനോഹരമായ ഭൂപ്രകൃതി. തിരക്ക് തീരെയില്ലാത്ത റോഡ്.

ADVERTISEMENT

ഇടയിലെപ്പോഴോ പാര്‍ലമെന്റ് മന്ദിരവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസും കിർഗിസ്ഥാനിലെ ഏതോ മെഡിക്കൽ കോളജും ഒക്കെ െഎഷു കാണിച്ചു തന്നു. നഗരത്തിന്റെ തിരക്കുകൾ വിട്ടു കഴിയുമ്പോള്‍ ഇരുവശവും മ ഞ്ഞിൽ മുങ്ങി നിൽക്കുന്ന കുന്നുകളും ഇടയിൽ വെയിലേറ്റു തെളിയുന്ന ഭൂപ്രകൃതികളും. തെളിഞ്ഞ നീലാകാശത്തിനു കീഴെ മയിൽ‌പ്പീലി വർണത്തിൽ കുന്നുകളും അവയ്ക്ക് അതിരിടുന്ന വെളുത്ത മഞ്ഞുമലകളും. കണ്ണുകളെ പോലും വിശ്വസിക്കാനാകാത്തത്ര മനോഹര കാഴ്ച.

travel-kyrgystan-1
ഒാഷ് ബസാറിലെ സുവനീറുകള്‍, ഡ്രൈ ഫ്രൂട്സ് (ചുവടെ)

കുട്ടികളെപ്പോലെ ആർത്തു വിളിച്ച്

സീസൺ അല്ലാത്തതു കൊണ്ടാകണം അടുക്കുകളായി നിന്ന മഞ്ഞുമലയിൽ, കെട്ടിയുയർത്തിയ അനേകം കോട്ടേജുകളിൽ, മരം കൊണ്ടു നിർമിച്ച ഏണിപ്പടികളിൽ... എവിടെയും ഞങ്ങളല്ലാതെ മറ്റാരും ഇല്ലായിരുന്നു.

ഉറപ്പില്ലാത്ത മഞ്ഞിൽ കാൽ പുതഞ്ഞു കളിച്ചും പരസ്പരം വാരി എറിഞ്ഞും കിടന്നുരുണ്ടും ചെറിയ കുട്ടികളെപ്പോലെ ആർത്തു വിളിച്ചു ഞങ്ങൾ അവിടെ എല്ലാം ഓടിനടന്നു. കണ്ണീരു പോലെ തെളിഞ്ഞ ആലാ ആർച്ച പുഴ ഒഴുകുന്നതു കണ്ടുകൊണ്ടു മഞ്ഞു മലയിൽ നിന്നു പതുക്കെ താഴേക്ക്.

ട്രക്കിങ്ങിനു പറ്റിയ സ്ഥലമാണ് ആലാ ആർച്ച നാഷനൽ പാർക്ക്. സമയവും താൽപര്യവും ഉള്ളവർക്കു മണിക്കൂറുകൾ നടന്നു മുകളിലേക്കു കേറാം. കുഞ്ഞിക്കിളികൾ വന്നു കയ്യിൽ നിന്നു നേരിട്ടു ഭക്ഷണം കൊത്തി എടുക്കും. കയ്യില്‍ ധാന്യവുമായി അനങ്ങാതെ, ശബ്ദമുണ്ടാക്കാതെ നിന്നാല്‍ മതി. ഫാബിയുെട ഉള്ളിലെ കലാകാരി െസല്‍ഫി സ്റ്റിക്കുമായി അവതരിച്ചത് ഇവിടെ വച്ചാണ്. പിന്നീട് ആ വടിക്കു േവണ്ടിയുള്ള ഒാട്ടമായിരുന്നു എല്ലാവരും. ഒടുവില്‍ ടിക് ടോക്കിൽ സൂപ്പര്‍ സ്റ്റാറായതു വിജീഷയും.

ഫിഷ്ഫാമിലേക്കു പുറപ്പെട്ടപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. കുട്ടനാടിലെ കായലോരങ്ങളിലെ പോലെ ഏക്കർ കണക്കിനു വലിയ കുളത്തിൽ ആയിരക്കണക്കിനു മത്സ്യങ്ങളെയാണു മനസ്സില്‍ കണ്ടത്. പക്ഷേ, ഞങ്ങള്‍ െചന്ന ഫിഷ്ഫാമിലുണ്ടായിരുന്നത് അരികുകളിൽ ഐസ് ഉറഞ്ഞു തുടങ്ങിയ ഒരു കുഞ്ഞു കുളം. അതിൽ നീന്തി നടക്കുന്ന തടിച്ച ഏതാനും മീനുകൾ. ഒരാൾ അവയിൽ ഒന്നിനെ വലയിട്ടു പിടിച്ച്, അധികം മസാലകൾ ഒന്നും ചേർക്കാതെ മുഴുവനായും പൊരിച്ച് തന്നു. ഒപ്പം കിർഗ് വിഭവമായ ബൊഷോക് ബ്രെഡും ഗ്രീൻ സലാഡും ജെഗ്ഗിൽ ആവി പറക്കുന്ന കട്ടൻ ചായയും.

ശിലായുഗം മുതലുള്ള മനുഷ്യന്റെ ചരിത്രവും േസാവിയറ്റ് റഷ്യയുടെ അധിനിവേശത്തിനു മുൻപുള്ള കിർഗിസ്ഥാന്റെ ചരിത്രവും ഭൂപ്രകൃതിയും സംസ്കാരവും എല്ലാം പ്രദർശിപ്പിക്കുന്ന കിർഗിസ്ഥാൻ നാഷനൽ മ്യൂസിയം ആയിരുന്നു അടുത്ത ലക്ഷ്യം. ഏറ്റവും കൗതുകകരമായി തോന്നിയത് കിര്‍ഗിസ്ഥാന്‍കാര്‍ യൂറോപ്പിന്റെ പിന്മുറക്കാർ ആണെന്നു പറഞ്ഞു ഫലിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.

മ്യൂസിയത്തിനു മുന്നിലെ മുറ്റത്തു കിർഗ് ലീഡർ മാനസിന്റെ (40 വംശങ്ങളെ ഒരുമിച്ചു ചേർത്ത് കിർഗിസ്ഥാൻ എന്ന രാജ്യമാക്കിയത് അദ്ദേഹമാണത്രെ. We are Forty എന്നാണ് Kyrgyz എന്ന വാക്കിന് അർഥം) പ്രതിമയ്ക്ക് മുന്നിലെ ഫോട്ടോസെഷനും കഴിഞ്ഞാണ് അവിടുന്നു മടങ്ങിയത്.

ഞങ്ങടെ െഎഷുത്ത, കരീംക്ക

പിറ്റേന്നു രാവിലെ തന്നെ ഗൈഡ് ഐഷുലുവും ഡ്രൈവർ കരീമും (ഐഷുത്ത എന്നും കരീംക്ക എന്നും ഞങ്ങൾ അവരെ സ്നേഹത്തോടെ വിളിച്ചു) എത്തി. ചുങ്കർച്ചുക് പ്രദേശത്തേക്കായിരുന്നു യാത്ര. തലേന്നു കണ്ടതിനേക്കാൾ മ നോഹരമായ കുന്നുകൾ ഇരുവശത്തും. ഫോട്ടോയും വിഡിയോയും എടുത്തു മതിയാകാത്ത ഞങ്ങളെ ഐഷുത്തയും യാത്രാക്കൂട്ടത്തിലെ ടൈം കീപ്പർ വാണിയും ഇടയ്ക്കിടെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു.

മഞ്ഞിൽ ഡാൻസ് ചെയ്യാനും വിഡിയോ പിടിക്കാനും പ്ലാൻ ചെയ്ത് ‘ടര്‍ടില്‍ നെക്ക്’ ടോപ്പും സാരിയുമായി പുറപ്പെട്ട ഞങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവില്‍ ഐഷുത്ത തോറ്റു. എല്ലാവരെയും സാരിയുടുത്തു ക ണ്ടപ്പോള്‍ െഎഷുത്തയ്ക്കും ഒരു മോഹം. ‘അതിനെന്താ മുത്തേ ഞങ്ങളില്ലേ’ എന്നു സമാധാനിപ്പിച്ച് അവളെയും അവളേക്കാള്‍ സുന്ദരിയായ അമ്മയേയും സാരിയുടുപ്പിച്ചിട്ടേ ഞങ്ങള്‍ അടങ്ങിയുള്ളൂ.

മഞ്ഞിനു മുകളിലുള്ള ബലൂൺ റൈഡ് ആയിരുന്നു മ റ്റൊരു ആകർഷണം. വട്ടത്തിലുള്ള ബലൂണിൽ ഓരോരുത്തരെ കയറ്റി ഇരുത്തും. മോട്ടോർ സഹായത്തോെട ഈ ബലൂൺ ബോൾ മഞ്ഞുമലയുടെ ഉയരത്തിലേക്കു വലിച്ചു കയറ്റും. പിന്നെ, മോട്ടോറിൽ നിന്നു വേർപെടുത്തി താഴേക്ക് തള്ളി വിടും. തണുത്ത കാറ്റിൽ, നല്ല സ്പീഡിൽ വട്ടം ക റങ്ങി ബലൂൺ ബോൾ മഞ്ഞിലൂടെ താഴേക്ക് തെന്നി തെന്നി ഉരുണ്ടുരുണ്ട്.... അതൊരു വല്ലാത്ത ഫീല്‍ തന്നെയാണ്.

കുതിരാലയത്തില്‍ എല്ലാവരും കുതിരപ്പുറത്തു കയറിയെങ്കിലും താരമായതു സുജിയാണ്. ‘മതി കുതിരേ... സ്റ്റോപ് കുതിരേ... ഡോണ്ട് ഡു കുതിരേ...’ എന്നൊക്കെ പറഞ്ഞ് ഉച്ചത്തില്‍ കരഞ്ഞ പാവം സുജി.

ചുങ്കർച്ചക് ട്രഡീഷനൽ കോംപ്ലക്സിലെ സുപാര റിസോർട്ടിൽ നിന്ന് ഒട്ടകത്തിന്റെ ഇറച്ചിയും റെഡ് വൈനും അടങ്ങുന്ന കിർഗ് ഭക്ഷണം കഴിച്ചു. മഞ്ഞിലെ കളിയും ചിരിയും ഡാൻസും കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു, ‘കാവിലെ പാട്ടു മത്സരം.’ ഫസ്‌ല ഹിന്ദി മെലഡിയും ഐഷുലു കിര്‍ഗിസ് മെലേഡിയും പാടി. പിന്നെ, വേദി ഞങ്ങളേറ്റെടുത്തു. സിനിമാപ്പാട്ടും നാടകഗാനങ്ങളും സ്കൂളില്‍ പഠിച്ച കവിതകളും ഉല്ലാസയാത്രാപ്പാട്ടുകളും ഒക്കെയായി അടിപൊളി ബഹളം. ഒടുവില്‍ കാൾ മാര്‍ക്സ് മുത്തശ്ശനെ മനസ്സില്‍ സ്മരിച്ച്, മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗീതം, ‘ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്േനഹമേ, നിനക്കു ഞങ്ങള്‍ േപരിടുന്നതാണു മാര്‍ക്സിസം....’

travel-kyrgystan-19

ഒാഷ് ബസാറിലെ ഷോപ്പിങ്

അസഹ്യമായ തണുപ്പു കൊണ്ടായിരിക്കണം കിര്‍ഗിസ്ഥാനിലെ എല്ലാ മാർക്കറ്റുകളും പത്തു മണിക്കു തുറന്ന് ആറു മണിക്ക് അടയ്ക്കും. മൂന്നാം ദിവസം ഓഷ് ബസാറിലാണു േഷാപ്പിങ്ങിനിറങ്ങിയത്. കൂട്ടിയിട്ട ഡ്രൈ ഫ്രൂട്സ്, നട്സ്, തേന്‍, തേൻ വിഭവങ്ങള്‍, പൂക്കൾ, പല രൂപത്തിലും വലുപ്പത്തിലുമുള്ള റൊട്ടികൾ, കമ്പിളി കുപ്പായങ്ങൾ, ചെരുപ്പുകൾ... അവയിലേക്കു യാത്രക്കാരെ ആകർഷിക്കാൻ പ ക്ഷേ, ശബ്ദങ്ങളോ ബഹളങ്ങളോ ഒന്നുമില്ല. കുറച്ചു ബാഗുകളും സുവനീറുകളും വാങ്ങി.

അടുത്ത ദീർഘയാത്ര അവസാനിച്ചത് അലമഡെയ്‌ൻ ഗോർജിലാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തി ൽ അലമഡെയ്‌ൻ തലയുയർത്തി നിന്നു. െെമനസ് ആറു ഡിഗ്രി തണുപ്പും ചാറ്റൽ മഴയും. അലമഡെയ്‌ൻ നദിയുടെ മുകളിലെ മരപ്പാലത്തിലും വശങ്ങളിൽ കെട്ടിയുർത്തിയ കുടിലുകളിലും വഴിക്കിരുവശവും നിന്ന പൈൻ മരങ്ങളിലും എല്ലാം മഞ്ഞു വീണു കിടന്നിരുന്നു. മഞ്ഞുമലയിൽ നിന്നു താഴെ ഇറങ്ങുമ്പോഴെക്കും കോട പരന്നു റോഡ് തീരെ കാണാത്ത അവസ്ഥ. മഞ്ഞു മൂടിയ ഹെയർപിൻ വളവുകൾ, വശങ്ങളിൽ അഗാധമായ കുഴികള്‍.

അങ്ങോട്ടുള്ള യാത്രയിലും തിരിച്ചും ഐഷുലു വഴിയരികിലെ വലിയ ശ്മശാനം കാണിച്ചു തന്നു. എല്ലാ യാത്രകളുടെയും അവസാനം ഇവിടെയാണെന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണത്രേ പരസ്യമായി റോഡരികിൽ അവ പ്രദശിപ്പിച്ചിരിക്കുന്നത്.

കിർഗിസ്ഥാനിലെ അവസാന രാത്രി. ‘രാജാവ് തുള്ളി ഭൃത്യൻ തുള്ളി കൂടെയുള്ളവർ തുള്ളി’ എന്ന ടിക്‌ടോക് എടുക്കാൻ മൂന്നു ദിവസമായി വാശി പിടിച്ചു നടന്ന സൗമ്യയുടെ ആഗ്രഹം ആദ്യമേ സാധിപ്പിച്ചു. ഫാബിയുെട വികാരജീവിയായ കെ.പി.ഉമ്മറും അഞ്ജുവിന്‍റെ ഷീലയും എല്ലാവരേയും ചിരിപ്പിച്ചു. പിന്നെ നൃത്തവും പാട്ടും ബഹളവും. ഹോട്ടൽ റിസപ്ഷനിൽ നിന്നു മുന്നറിയിപ്പുകള്‍ പല തവണ വന്നു. പുലർച്ചെ കരീംക്ക എയര്‍പോര്‍ട്ടിലേക്കുള്ള വാഹനവുമായി എത്തുന്നതു വരെ തുടര്‍ന്നു, ആ ബഹളം.

travel-kyrgystan-14

എങ്ങനെ പോകാം

സമുദ്രാതിര്‍ത്തി ഇല്ലാത്തതും കുന്നുകള്‍ നിറഞ്ഞതുമായ രാജ്യമാണു കിര്‍ഗിസ്ഥാന്‍. 2000 ത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചരിത്രമാണുള്ളത്. വിവിധതരം സംസ്കാരങ്ങളും സാമ്രാജ്യങ്ങളും നിലനിന്നിരുന്നു. േസാവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷം സ്വതന്ത്രരാഷ്ടമായി തീര്‍ന്നു. തലസ്ഥാനം: ബിഷ്കെക്ക്. ഭാഷ: കിര്‍ഗിസ്/റഷ്യന്‍. നാണയം: േസാം. (ഏതാണ്ട് ഇന്ത്യൻ രൂപയുടെ മൂല്യം തന്നെയാണ് േസാമിനും) ഇന്ത്യക്കാര്‍ ഒാണ്‍െെലന്‍ വഴി ഇ വിസ എടുക്കണം. െവബ്െെസറ്റ്: www.evisa.e-gov.kg

ADVERTISEMENT